ഇടതുപക്ഷത്തെ വിമർശിക്കണം, തെറ്റുകൾ തിരുത്തപ്പെടണം, പക്ഷെ അഴിമതിക്കാരും വർഗീയവാദികളുമാണോ ഇടതിന്റെ ബദൽ ?

64

RJ Salim

ഇനിയുള്ള ദിവസങ്ങളിലും പ്രതിപക്ഷവും ബിജെപിയും കേന്ദ്ര ഏജൻസികളും കൂടി ശൂന്യതയിൽ നിന്ന് വിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കും. അതിന്റെ തോത് കൂടിക്കൂടി വരും. ശ്രീകണ്ഠൻ നായരും അരുണും അഭിലാഷും വിനുവിജോണും വേണുവും നിഷയും ഷാനിയുമൊക്കെ മൈക്കും കൊണ്ട് നിങ്ങളുടെ കവലകളിലേക്ക് ഇറങ്ങിയാലും അതിൽ ഞെട്ടാനില്ല.

പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് പഴയ ജോസ് പ്രകാശിന്റെ സിനിമയിലെ പച്ചയും ചുവപ്പും ബൾബുകൾ മിന്നുന്ന കൊള്ള സങ്കേതമായും അധോലോകമായും ചിത്രീകരിക്കപ്പെടും. അവിടെ പൊതുജനത്തിനറിയാത്ത നിഗൂഡതകളുടെ കലവറയാണ് എന്ന് തെറ്റിദ്ധരിപ്പിക്കും. അതിനായി അവരുടെ വാലാട്ടിപട്ടികളായി സ്വയം വില്പനയ്ക്ക് വെച്ചിരിക്കുന്ന പത്ര – ടീവി മാധ്യമങ്ങൾ എല്ലാ ഒത്താശയും ചെയ്തു കൊടുക്കും.

അതുകൊണ്ടു തന്നെ ഇനി വരുന്ന ദിവസങ്ങൾ, വരുന്ന മാസങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചും LDF നെ സംബന്ധിച്ചും അങ്ങേയറ്റം ക്രൂഷ്യലാണ്. കേരളം ഇടതുപക്ഷം കുളം തോണ്ടി, കേരളം തകർന്നു, കേരളം അവസാനിക്കുന്നു, വേഗം രക്ഷിക്കൂ എന്നിങ്ങനെയുള്ള തോന്നലുകളാണ് നിരന്തരം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

ഇവർ ഇത് ചെയ്യുന്നത് നാല് കാരണങ്ങൾ കൊണ്ടാണ്

 1. ഇടതുപക്ഷത്തിന്റെ ഭരണം എന്ത് വില കൊടുത്തും, ആരെ ബലി കൊടുത്തും, എന്ത് വൃത്തികേട് കാണിച്ചും അവസാനിപ്പിക്കണം. കാരണം പതിറ്റാണ്ടുകളായി കേരളത്തിൽ ഒരു ഭരണ തുടർച്ച ഉണ്ടായിട്ട്. പക്ഷെ ഈ സർക്കാരിന്റെ ഇന്നുവരെയുള്ള ട്രാക് റെക്കോർഡ് അനുസരിച്ചു ഒരു ഭരണ തുടർച്ച വലിയ രീതിയിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കേരളാ കോൺഗ്രസ് പോവുകയും കൂടി ചെയ്തതോടെ കോൺഗ്രസ് ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്.
 2. ഇടതുപക്ഷം ഇനി ഭരണത്തിൽ വന്നാൽ കേരളത്തിലെ കോൺഗ്രസ് തന്നെ ഒരുപക്ഷെ പൊട്ടി ചിതറിയേക്കാൻ സാധ്യതയുണ്ട്. കാരണം അഞ്ചു വർഷങ്ങൾ തന്നെ അധികാരത്തിന്റെ മണമടിക്കാതെ കോൺഗ്രസിന് നിലനിൽക്കാൻ വലിയ പാടാണ്, അപ്പോഴാണ് പത്തു വർഷം. അധികാരത്തിന്റെ പ്രിവിലേജിൽ അഞ്ഞൂറും അറുനൂറും കോടി മോഷ്ടിക്കുക, ഒരു പാലം തന്നെ വിഴുങ്ങുക, തുടങ്ങിയ കൃസൃതികൾ കാണിക്കാതെ കോൺഗ്രസ് നേതാക്കൾക്ക് നിലനിൽക്കാനാവില്ല.
  അധികാരം സമം അഴിമതി എന്നതാണ് അവരുടെ പാർട്ടി ആദർശം തന്നെ. അതുകൊണ്ടാണ് കോൺഗ്രസ് നേതൃത്വത്തിന് റിസോർട്ടുകൾ ബുക്ക് ചെയ്തു എമ്മെല്ലെമാരെ പൂഴ്ത്തിവെയ്‌ക്കേണ്ട ഗതികേടുണ്ടാക്കുന്നത്.
 3. മൂന്നാമത്തെ കാര്യം, ഇത് ബിജെപിയുടെ ദീർഘ ദൂര പ്ലാനാണ്. ബിജെപിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് ഏറ്റവും അനുകൂല സമയമാണ്. അതുകൊണ്ടു തന്നെ ഒരു ഇടതുപക്ഷ കൂപ്, അഥവാ അട്ടിമറി നടത്താനുള്ള ഏറ്റവും മികച്ച അവസരമാണിത് ബിജെപിയെ സംബന്ധിച്ച്.
  കൂടാതെ കേരളത്തിലുള്ള കോൺഗ്രസ് ബിജെപി അണ്ടർ ഗ്രൗണ്ട് ബന്ധം വലിയ രീതിയിൽ അതിനെ സഹായിക്കുകയും ചെയ്യും. അതിനായി അവർ കേന്ദ്ര ഏജൻസികളെയും കോൺഗ്രസിനെയും ലീഗിനെയും ഉപയോഗിക്കുന്നു എന്നേയുള്ളു.
  ഇടതുപക്ഷ അട്ടിമറി സാധ്യമായി കേരളത്തിൽ ഒരു കോൺഗ്രസ് ഭരണം വരുത്തുക എന്നത് തന്നെയാവും ബിജെപിയും ഉദ്ദേശിക്കുന്നത്. കോൺഗ്രസ് ബിജെപിയുടെ ഏറ്റവും രഹസ്യ കാമുകനും ഏറ്റവും ഇഷ്ടപ്പെടുന്ന ശത്രുവുമാണ്.
  കേരളത്തിൽ ചെന്നിത്തലയുടെ നേതൃത്വത്തിൽ ഒരു കോൺഗ്രസ് സർക്കാർ വന്നാൽ അടിത്തട്ടിലെ RSS വൽക്കരണം അതിശകതമായി നടപ്പിലാക്കാനാവും എന്നതുകൊണ്ടും കോൺഗ്രസ് തന്നെയാണ് ബിജെപിയുടെ ഫേവറിറ്റ്.

ഇനി കോൺഗ്രസ് വന്നില്ല, ഇടത് സർക്കാർ തന്നെ വീണ്ടും വന്നാലും ബീജെപിക്ക് ലാഭമാണ്. കാരണം അതോടെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരും. രണ്ടായാലും 2026 തിരഞ്ഞെടുപ്പിലാണ് ബിജെപി കണ്ണ് വെച്ചിരിക്കുന്നത്.
ഇത് ഒരുപക്ഷെ ചെന്നിത്തലയ്ക്കും അറിയാവുന്ന കാര്യമാവും. പക്ഷെ തൊട്ടടുത്ത ഭാവിയിൽ അധികാരം കിട്ടിയേക്കും എന്ന പ്രതീക്ഷ അവരുടെ ബുദ്ധിയെ നിർജീവമാക്കുന്നു. അതിനപ്പുറം കാണാനുള്ള ആദർശമോ സത്യസന്ധതയോ കോൺഗ്രസ് രാഷ്ട്രീയത്തിനില്ല.

 1. ഇനി പറയാൻ പോവുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇന്ത്യയുടെ ഭരണം തന്നെ ചുരുക്കം ചില കോർപറ്റേറ്റുകളുടെ കൈയിലാണ്. ഈ വമ്പൻ കോർപൊറേറ്റുകൾക്ക് ചൂഷണം ചെയ്യാനായി കേരളത്തെ തുറന്നു വയ്ക്കുന്നില്ല എന്നതാണ് ഇന്ത്യൻ മുതലാളിത്തത്തിന് ഇടതിനോടുള്ള ദേഷ്യത്തിനു കാരണം.
  ഉദാഹരണത്തിന് കെ ഫോൺ എന്ന മെഗാ പദ്ധതി. കേരളത്തിലുടനീളം 52000 കിലോമീറ്റർ നീളത്തിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ പാകുന്ന പദ്ധതിയാണ് KFON. കേരളത്തിൽ സമഗ്രവും സമ്പൂർണവുമായ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കാനുള്ള സർക്കാരിന്റെ പദ്ധതിയാണ് കെ-ഫോൺ.

അതിന്റെ ഇമ്പാക്ട് ഉണ്ടാകാൻ പോകുന്നത് റിലയൻസിന്റെ ജിയോക്കും ഏഷ്യാനെറ്റ് ബ്രോഡ്ബാന്റിനുമാണ്. അവരുടെ മാർക്കറ്റിലെ മേധാവിത്വം നിയന്ത്രിക്കപ്പെടും. അത് മാത്രം മതി റിയലൻസിന്റെ ഉടമസ്ഥതയിലുള്ള ചാനലുകളും ഏഷ്യാനെറ്റും ഇടതിനെതിരെ തിരിയാൻ.
കൂടാതെ ചെന്നിത്തലയും സുരേന്ദ്രനും പോലും കെഫോണിനെ ഉന്നം വെച്ച് വിവാദങ്ങൾ ഉണ്ടാക്കുന്നതും വേറൊന്നിനല്ല. കെഫോണിനെ തകർത്തു ഈ വമ്പൻ കുത്തകകളെ സഹായിക്കണം.
അതേപോലെ ഇടത് സർക്കാർ നവീകരിച്ച സ്‌കൂളുകൾ. അഞ്ചു ലക്ഷത്തോളം പുതിയ കുട്ടികളാണ് ഇത്തവണ സർക്കാർ സ്‌കൂളുകളിൽ പുതുതായി ചേർന്നത്. ഇത് സർവ്വകാല റെക്കോർഡാണ്. അങ്ങനെ നഷ്ടത്തിലായ വമ്പൻ പ്രൈവറ്റ് സ്‌കൂൾ ഗ്രൂപ്പുകളും സർക്കാരിനെതിരെയുണ്ട്.

കഴിഞ്ഞ നാലര വർഷം കൊണ്ട് പൊതുജനാരോഗ്യ രംഗത്ത് വന്ന മാറ്റങ്ങളുടെ ഫലമായി വർധിച്ച സർക്കാർ ആസ്പത്രിയുടെ വിശ്വാസ്യത, സൗകര്യങ്ങൾ, മെഡിക്കൽ കോളേജുകൾ ഒക്കെയും പ്രൈവറ്റ് ഹെൽത് സെക്റ്ററിന്റെ ലാഭത്തിലെ വലിയ പങ്കാണ് ചോർത്തിക്കളഞ്ഞത്. ഹെൽത് സെക്റ്ററിലെ വമ്പൻ ഗ്രൂപ്പുകൾ പ്രതിപക്ഷത്തിന്റെ പ്രധാന ഫണ്ടേഴ്‌സാണ്
ഇതൊന്നും കൂടാതെ കഴിഞ്ഞ നാലര വർഷം പട്ടി വില കിട്ടിക്കിടന്ന നായർ പോപ്പ് സുകുമാരൻ നായരെപ്പോലുള്ള സമുദായ പ്രമാണികൾക്ക് ഭരണം മാറേണ്ടത് അവരുടെ അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്. കോൺഗ്രസ് ഭരണത്തിൽ താലത്തിൽ കൊണ്ട് നടന്ന ആളുകളാണ് ഇതൊക്കെയും.
സാമുദായിക തൂക്കം നോക്കിയുള്ള മന്ത്രിക്കസേര വാഗ്‌ദാനമെല്ലാം തിരികെ വരണമെങ്കിൽ ഇടതുപക്ഷം മാറിയേ തീരു. അതുകൊണ്ടു തന്നെ സാമുദായിക ശക്തികളും ഇടത്തിനെതിരെ പ്രവർത്തിക്കും. അതിനായി അവരുടെ കൈയ്യിലെ ആയുധം വർഗീയതയാണ്. പീസി ജോർജ് കഴിഞ്ഞ ദിവസം നടത്തിയ വർഗീയ പരാമർശമൊക്കെ അതിന്റെ ഭാഗമാണ്.

==================
അങ്ങനെ ഏറ്റവും ചുരുക്കത്തിൽ പറഞ്ഞാൽ ഒരു വശത്തു ഇടതുപക്ഷവും ജനങ്ങളും, മറുവശത്തു കോൺഗ്രസ് ബിജെപി ലീഗ്, NSS തുടങ്ങിയവരും
അവരെ ഫണ്ട് ചെയ്യുന്നത് കോർപറേറ്റ് ഭീമന്മാർ.
അതിനായി അവർ ഉപയോഗിക്കുന്നത് മീഡിയയെയും.
മീഡിയ ചെയ്യുന്നതോ ദിനം പ്രതി വ്യാജ ആരോപണങ്ങൾ, ഇടത് നേതാക്കളുടെ വേട്ടകൾ, പാർട്ടിയുടെ ഒരധികാര സ്ഥാനവും വഹിക്കാത്ത അവരുടെ മക്കളെ മുന്നിൽ നിർത്തിയുള്ള അറ്റാക്, അതിന്റെ ഇരുകാലിലും പിടിച്ചു നാറിയ രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസും ബിജെപിയും.
തീരുമാനിക്കേണ്ടത് ജനങ്ങളാണ്.

ഇത് നൂറിൽ നൂറു മാർക്ക് നേടിയ സർക്കാരാണ് എന്നല്ല. പക്ഷെ രണ്ടു പ്രളയങ്ങൾ, നിപ്പ, ഓഖി, കോവിഡ്, ലാഭത്തിലായ പൊതു മേഖല, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നിങ്ങനെ ചരിത്ര നേട്ടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ സംവിധാനത്തിന്റെ പുരസ്‌കാരം കഴിഞ്ഞ നാല് വർഷവും നേടിയത് നമ്മളാണ്. അതൊക്കെ നമ്മൾ കാണേണ്ടതല്ലേ ?
സാമ്പത്തിക സംവരണം, പോലീസ്, തുടങ്ങിയ മേഖലകളിൽ ഇടതിന് പാളിയിട്ടുണ്ട്. ശരിയാണ്. പക്ഷെ അപ്പുറത്തു വരാൻ വെമ്പി നിൽക്കുന്നവർ അഴിമതിക്കാരും, വർഗീയവാദികളും കള്ളന്മാരുമാണ്. അവർക്കു സംവരണത്തിൽ ഇതിനേക്കാൾ മോശം നിലപാടാണ്.
സാമ്പത്തിക സംവരണത്തെ വിമർശിക്കുക തന്നെ വേണം. സംശയമൊന്നുമില്ല. അതിലെ ദളിത് ആശങ്ക അഡ്രസ് ചെയ്യപ്പെടണം. പക്ഷെ അതിന്റെ താപ്പിൽ ലിബറൽ നിഷ്കളങ്കരെ വലയിലാക്കുന്ന മൗദൂദി രാഷ്ട്രീയത്തെക്കൂടി കാണണം. അതിനെ ഒറ്റപ്പെടുത്തി വേണം ഈ വിഷയത്തിൽ ഇടപെടാൻ.

ഇടതുപക്ഷത്തെ വിമർശിക്കണം. തെറ്റുകൾ തിരുത്തപ്പെടണം. പക്ഷെ അഴിമതിക്കാരും വർഗീയവാദികളുമാണോ ഇടതിന്റെ ബദൽ എന്നതാണ് നമ്മൾ ആകെ ചോദിക്കേണ്ട ചോദ്യം. ഇപ്പോൾ നടക്കുന്ന നാടകം കൃത്യമായും അതിനുള്ള കോപ്പ് കൂട്ടലാണ്.
ജനങ്ങൾ തീരുമാനിക്കുക. അല്ലെങ്കിലും നമ്മൾ എന്ത് അർഹിക്കുന്നു എന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണല്ലോ.