വിവാഹം, ആണിനും പെണ്ണിനും പൂർണ്ണമായും രണ്ട് കാര്യങ്ങളാണ്

0
91

RJ Salim

വിവാഹം, ആണിനും പെണ്ണിനും പൂർണ്ണമായും രണ്ട് കാര്യങ്ങളാണ്. പൊതുവിൽ, ആണിന് വിവാഹം അയാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗകര്യങ്ങളിൽ ഒന്നാണ്. പെണ്ണിന് അത് ചുറ്റുപാടിന്റെ പ്രെഷറിനെ താങ്ങാനാകാതെ ചെയ്തു പോകുന്ന ഒന്നും. ആണിന് വിവാഹം അവന്റെ പരമ്പരകൾ സൃഷ്ടിക്കാനുള്ള മാർഗമാകുമ്പോൾ പെണ്ണിനത് അവളോട് അനുവാദം പോലും ചോദിക്കാത്ത ഏറ്റവും വലിയ ജോലിയുടെ ഉത്തരവാദിത്തം ഏറ്റടുക്കലാണ്.

ആണിന് പിള്ളേരെ ഉണ്ടാക്കുന്നത് മിനിറ്റുകളുടെ പണിയാവുമ്പോൾ പെണ്ണിനത് പീഡനാനുഭവങ്ങളുടെ വെറും തുടക്കം മാത്രമാണ്.
ഒൻപതു മാസത്തെ ശാരീരിക/ മാനസിക പീഡനം മുതൽ പെറ്റു – പോറ്റി – നോക്കി ഒരു ജീവിതകാലം മുഴുവൻ സ്ത്രീ ജീവിതം ഹോമിക്കേണ്ട പണിയായാണ് ശിശു പരിപാലനത്തെ സമൂഹം ഡിസൈൻ ചെയ്തിരിക്കുന്നത്.ആണിന് ചിലവിന് കൊടുക്കൽ എന്ന അധികാര ചുമതലയുടെ ഉത്തരവാദിത്വവും പെണ്ണിനത് വീടിനെയും പിള്ളേരെയും പുരുഷനെയും നോക്കേണ്ട വിട്ടൊഴിയാൻ പറ്റാത്ത കടമയാകുന്നു.

പുരുഷന്റെ അച്ഛൻ സ്ഥാനം അധികാരത്തിന്റേതും സ്ത്രീയുടെ അമ്മ സ്ഥാനം ഒരു മറുചോദ്യം സാധ്യമല്ലാത്ത സഹനത്തിന്റെയും ത്യാഗത്തിന്റെയും കടമയുടേതുമാകുന്നു. പുരുഷന് വിവാഹത്തിലൂടെ ഭാര്യയെന്ന അടിമയെ ലഭിക്കുമ്പോൾ സ്ത്രീയ്ക്ക് സ്വയം വിൽപ്പന ചരക്കായി നിന്നുകൊടുത്തുകൊണ്ടു ഭർത്താവെന്ന പുതിയ ഉടമയെ ആണ് ലഭിക്കുന്നത്. പുരുഷൻ സ്വീകർത്താവും സ്ത്രീ പ്രോപർട്ടിയും, വിവാഹം ട്രാൻസ്‌ഫർ ഓഫ് ഓണർഷിപ്പുമാകുന്നു.ഭാര്യ / അമ്മ എന്നത് ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന വ്യക്തി / തൊഴിൽ സ്ഥാനങ്ങളാണ്. അതും അഞ്ചു പൈസയുടെ മിച്ചമില്ലാതെ, എടുക്കുന്ന ജോലിയുടെ റെക്കഗ്നിഷൻ പോലുമില്ലാതെ
അതുകൊണ്ടു തന്നെ ഒരു ആണ് വിവാഹം വേണ്ടെന്ന് വെയ്ക്കുന്നത് ത്യാഗവും പെണ്ണ് വിവാഹം വേണ്ടെന്നു വെയ്ക്കുന്നത് വിപ്ലവവുമാണ്.

ആണ് അവന്റെ പ്രിവിലേജിനെ / ലക്ഷ്വറിയെ വേണ്ടെന്ന് വെയ്ക്കുമ്പോൾ പെണ്ണ് നിരസിക്കുന്നത് ഒരു ജയിലിനെയാണ്.
പക്ഷെ സമൂഹം അങ്ങനെയൊരു ബോധം സ്ത്രീകളിൽ ഉണ്ടാകാതിരിക്കാനുള്ള എല്ലാ പണിയും ഇവിടെ ആദ്യമേ ചെയ്തു വെച്ചിട്ടുണ്ട്. സ്ത്രീ സ്വയം അതിനെ തിരഞ്ഞെടുക്കുന്ന ചുറ്റുപാടുകൾ നിരവധി നിരവധി.വിവാഹം രണ്ടു ജെൻഡറുകൾ എന്നതിൽ നിന്ന് രണ്ടു തുല്യ സ്വതന്ത്ര വ്യക്തികൾ തമ്മിലുള്ള ഏർപ്പാടാവണം . കൂട്ട് ജീവിതത്തിന്റെ കൂട്ടുത്തരവാദിത്തം ദയ കൊണ്ടല്ല പങ്കിടേണ്ടത്. തുല്യതാ ബോധത്തിൽ നിന്ന് വേണം.

രണ്ടു പേർ ഒരുമിക്കുമ്പോൾ ഒരാൾക്ക് മാത്രം നരകവും ഒരാൾക്ക് സ്വർഗ്ഗവും ലഭിക്കാതെ, രണ്ടു പേർക്കും ഉയർച്ച ഉണ്ടാവണം. അല്ലെങ്കിൽ ഒരാളുടേത് പെട്ടുപോകലും അടുത്തയാളുടേത് കണ്ണടച്ചുള്ള മുതലെടുപ്പുമാകും. അങ്ങനെയാണ് സ്ത്രീകളുടെ ശവപ്പറമ്പായി വിവാഹം മാറുന്നത്. വെറുതെ തോന്നിയപ്പോൾ പറഞ്ഞന്നേ ഉള്ളു.