മലയാളത്തിലെ ഓവർറേറ്റഡ് ‘അന്ധ’ കഥാപാത്രമാണ് കലാഭവൻ മണിയുടെ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലേത് എന്ന അഭിപ്രായങ്ങളെ ഖണ്ഡിക്കുന്ന ഒരു പോസ്റ്റാണിത് . RJ Salim എഴുതുന്നു
RJ Salim
നടനെയും അയാളുടെ അഭിനയത്തേയും സിനിമയിൽ നിന്ന് വേർതിരിച്ചു കാണുന്നതുകൊണ്ടാണ് ഇങ്ങനെയൊരു അഭിപ്രായം രൂപപ്പെടുന്നത്. വാസന്തി പോലെ മെലോ ഡ്രമാറ്റിക് സിനിമയിൽ റിയലിസ്റ്റിക് അഭിനയം ശരിയാവില്ല. യോദ്ധയിലും ഒപ്പത്തിലും സിനിമയുടെ അവതരണ ശൈലിയോട് ചേർന്ന് നിൽക്കുന്ന അഭിനയ ഭാവമാണ് മോഹൻലാലിൽ ഉള്ളത്.
സിനിമയുടെ അവതരണ ശൈലിയോട് ചേർന്ന് നിന്ന് അഭിനയിക്കേണ്ടത് ഒരു നടന്റെ ഉത്തരവാദിത്തമാണ്. മോഹൻലാൽ ചെയ്തതും മണി ചെയ്തതും അതാണ്. ശ്യാമപ്രസാദിന്റെ ആർട്ടിസ്റ്റിലേക്ക് വരുമ്പോൾ സിനിമയുടെ നേച്ചർ തന്നെ റിയലിസ്റ്റിക് ആണ്. അവിടെ ഫഹദ് എക്സൽ ചെയ്യുകയും ചെയ്തു.
ഒരു ഉദാഹരണം പറഞ്ഞാൽ, ജൂനിയർ മാൻഡ്രേക്കിലെ ജഗതിയുടെ ഹ്യുമർ ഭാവമല്ല കിലുക്കത്തിൽ, അതിലെ അല്ല മീശ മാധവനിൽ, അതിലേത് അല്ല തന്മാത്രയിലേത്. റിയലിസ്റ്റിക് ഹ്യുമർ എന്നൊരു ഭാവം മാത്രമല്ലല്ലോ ഹ്യുമറിനുള്ളത്. അതിനു ഡെഡ് പാൻ ഹ്യുമർ മുതൽ സ്ലാപ്സ്റ്റിക് വരെയുണ്ട്. അത് ഓരോ സിനിമ അനുസരിച്ചും, സംവിധായകന്റെ ആവശ്യമനുസരിച്ചും നടന്റെ മനോധർമ്മം അനുസരിച്ചും ഒരൊറ്റ സിനിമയിലും വ്യത്യാസമുണ്ടാകും.
അങ്ങനെയാണ് ഒരു നടന്റെ വേഷപ്പകർച്ചയെ, അയാളുടെ നടനത്തെ അളക്കേണ്ടത്. അല്ലാതെ റിയലിസ്റ്റിക് എന്ന ഒരൊറ്റ മാനദണ്ഡത്തിലല്ല. നടൻ എല്ലാറ്റിൽ നിന്നും മുക്തമായ വേറിട്ട വ്യക്തിയല്ല. അയാളെ ചൂഴ്ന്നു ഒരു മുഴുവൻ വ്യവസ്ഥ തന്നെയുണ്ട്. റിയലിസ്റ്റിക് അഭിനയമാണ് ഏറ്റവും നല്ലതെന്ന് വന്നാൽ ശിവാജി ഗണേശൻ വരെ പുറത്തായിപ്പോവും.
തിലകൻ സിനിമയുടെ സ്വഭാവത്തിനനുസരിച്ചു കൃത്യമായി ഈ മാറ്റവും വ്യത്യാസവും കൊണ്ട് വരുന്നയാളാണ്. ഒരുപക്ഷെ അതിൽ അഗ്രഗണ്യൻ. മിന്നാരത്തിൽ ഒരേ സമയം കർക്കശക്കാരനും എന്നാൽ ഒരു ചെറിയ അളവിൽ കുട്ടിത്തവും അതിനോട് ചേർത്ത് ഒരു കോമിക് ബുക് ക്യാരക്റ്റർ സ്വഭാവവും, അങ്ങനെ പരസ്പരം പൊതുവിൽ ചേരാത്ത ചേരുവകൾ ഏറ്റവും ഫലപ്രദമായി ഇഴ ചേർക്കുന്നുണ്ട് തിലകൻ. സ്ഫടികത്തിലെ ചാക്കോ മാഷിന്റെ അതേ അളവിൽ മിന്നാരത്തിലെ റിട്ടയേർഡ് ഐജിയെ അവതരിപ്പിച്ചാൽ അത് സിനിമയിൽ നിന്ന് മുഴച്ചു നിന്നേനെ.
മോഹൻലാൽ ഈ സംഗതി ഏറ്റവും മനോഹരമായി ഇന്റേണലൈസ് ചെയ്യുന്ന ആളാണ്. പട്ടണപ്രവേശത്തിൽ തരം പോലെ കോമിക്കൽ ആവാനും റിയലിസ്റ്റിക് ആകാനും കാണിക്കുന്ന വൈഭവം മാത്രം മതി അത് മനസ്സിലാവാൻ. ഹോട്ടലിൽ NL ബാലകൃഷ്ണന്റെ ചോരയെടുക്കാൻ സൂചി കുത്തുന്ന രംഗമൊക്കെ ഒരു സൈലന്റ് സിനിമ ആയി തന്നെ ഇറക്കിയാലും അത്ര തന്നെ എഫക്ടീവായിരിക്കും.
സത്യത്തിൽ റിയലിസ്റ്റിക് ആയിട്ട് നോക്കിയാൽ അവിടെ അത്രയും എക്സ്പ്രഷൻ ഇടേണ്ട കാര്യമൊന്നുമില്ല, പക്ഷെ സിനിമയുടെ സ്വഭാവം അതല്ല. ഒരൊറ്റ ഡയലോഗിന്റെ പിൻബലമില്ലാതെ എത്ര അതിശയകരമായാണ് ആ സീക്വൻസ് ബിൽഡ് ചെയ്തിരിക്കുന്നത്. പ്യുവർ സിനിമ ! അതേപോലെ ചന്ദ്രലേഖ. റിയലിസ്റ്റിക് ആകേണ്ട ഇടത്തു അങ്ങേയറ്റം റിയലിസ്റ്റികും, സ്ലാപ്സ്റ്റിക് ആകേണ്ട ഇടത്ത് അത്ഭുതപ്പെടുത്തുന്ന മെയ്വഴക്കത്തോടെ അങ്ങനെയും (ആ ഹോസ്പിറ്റലിൽ ഹാൻഡ് റെയിലിന്റെ അടിയിലൂടെ ഊർന്നു വീഴുന്ന രംഗം ഓർക്കുക) ചെയ്യുന്നതൊക്കെ ടെക്സ്റ്റ് ബുക്കാണ്. ഒരു നടൻ ഫ്ലെക്സിബിൾ ആകേണ്ടത് എങ്ങനെയാണ് എന്ന് കഥാപ്രസംഗം പറയുകയല്ല, കാണിച്ചു തരികയാണ്. ഫ്ലെക്സിബിലിറ്റി എന്നത് സിനിമയിലെ ഡാൻസ് രംഗത്തേയ്ക്ക് മാത്രമായി വേണ്ട ഒരു സാധനം പോലെയാണ് പലരും പറയാറ്.
പറഞ്ഞു വന്നത് ഇത്രയേ ഉള്ളു. സിനിമയുടെ അവതരണ സ്വഭാവം മനസ്സിലാക്കാതെ, അതിനെ ചൂഴ്ന്ന് നിൽക്കുന്ന ആസ്വാദന വ്യവസ്ഥയെ തിരിച്ചറിയാതെ, ഒന്ന് മറ്റൊന്നിനേക്കാൾ മികച്ചത് എന്ന് പറയുമ്പോൾ അത് ഒരു തെറ്റായ ഇവാല്യൂവേഷൻ രീതി ആണ് എന്ന് തോന്നുന്നു.