ഇവരിൽ നിന്നൊന്നും നമ്മൾ കൂടുതൽ പ്രതീക്ഷിക്കരുത്, അതിനു ചില കാരണങ്ങളുണ്ട്

141

RJ Salim

അഭിനേതാക്കൾക്ക് സ്‌പെഷ്യൽ പൗരത്വമൊന്നുമില്ല. എന്തെങ്കിലും അധികമുണ്ടെങ്കിൽ അത് അവരുടെ കഴിവിന്റെ ആസ്വാദനത്തിൽ നിന്നുള്ള സ്നേഹത്തിന്റെ പുറത്തു നമ്മൾ കൽപ്പിച്ചു കൊടുക്കുന്ന ചില അധിക പ്രിവിലേജുകൾ മാത്രമാണ്. അത് നമ്മുടെ മൗഢ്യം. ഇങ്ങനെയൊരു സാഹചര്യത്തിൽ അവർ പ്രതികരിക്കണമോ വേണ്ടയോ എന്നത് മറ്റേതൊരു തൊഴിൽ ചെയ്യുന്നവരും ചെയ്യുന്നത് പോലെയേ കാണാവൂ എന്നാണ് അഭിപ്രായം.

റിഗ്രസീവ് പൊളിറ്റിക്സ് പറയുന്ന മോഹൻലാലും മൗനി ആയിരിക്കുന്ന മമ്മൂട്ടിയും വിമർശന വിഷയങ്ങൾ ആകുമ്പോൾ തന്നെ അവരെ എടുത്തു തലപ്പത്തു വെച്ച്, അവരിൽ നിന്നൊരുപാട് പ്രതീക്ഷിച്ചു നിരാശപ്പെട്ടു, പിന്നെയും പ്രതീക്ഷകൾ വളർത്തുന്ന തരം വിമർശനങ്ങൾ ദോഷമേ ചെയ്യൂ.

ഉറപ്പായും അവർക്ക് വിസിബിലിറ്റിയും ഇൻഫ്ലുവെൻസും കൂടുതലുള്ളതുകൊണ്ടു അവർക്ക് വരുത്താൻ സാധിക്കുന്ന ഡാമേജ്ഉം വലുതായിരിക്കും. അതുകൊണ്ടു തന്നെ വിമർശനങ്ങൾ ഉണ്ടാവേണ്ടത് തന്നെയാണ്. അത് പക്ഷെ അവരുടെ തലയ്ക്ക് പുറകിലെ ഹാലോ എടുത്തു ഒടിച്ചു കളയുന്ന തരത്തിലാവണം.അതവിടെ നിലനിർത്തിയിട്ടല്ല. അവരും നമ്മളെപ്പോലെ ഈ സമൂഹത്തിൽ നിന്ന് വന്നവരാണ്. സകല ഊളത്തരങ്ങളും അവരിലുമുണ്ട്. അത് മനസ്സിലാക്കി വേണം അവരെ അഡ്രസ് ചെയ്യാൻ. ഒരു അരാഷ്ട്രീയ സമൂഹത്തിൽ നിന്ന് വരുന്നവർ ആ നിലവാരമേ കാണിക്കൂ.

ഇന്നലെ അമല പോൾ, രജീഷ് വിജയൻ, പൃഥ്വിരാജ്, ഇന്ദ്രജിത്, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രതികരിച്ചതൊക്കെ ആഘോഷിക്കുന്നതും ഒരേപോലെ അപകടം പിടിച്ചതാണ്. കലാകാരന്മാരാണ് അവർക്ക് സമൂഹത്തിനോട് അധികച്ചുമതല ഇല്ലേ എന്നൊക്കെ ചോദിച്ചാൽ ഇവർ ചെയ്യുന്ന സിനിമകൾ ഏതാണ് കലയുടെ പരിധി ഒരു ആയിരം കിലോമീറ്റർ വിശാലമാക്കി വെച്ചാൽ പോലും അതിനകത്തു വരുന്നത് എന്ന് തിരിച്ചു ചോദിക്കേണ്ടി വരും.

ക്രിക്കറ്റേഴ്‌സ്, ബാഡ്മിന്റൺ പ്ലെയേഴ്സ്, തുടങ്ങിയ സ്പോർട്സ് താരങ്ങൾ, ബിസിനസുകാർ ഇവരിലാരാണ് ഇതുവരെ ശരിക്ക് പ്രതികരിച്ചത് ? ഫിലിം സ്റ്റാറുകൾക്ക് പ്രത്യേക പ്രതിബദ്ധത തോന്നണം എന്ന് വാശി പിടിച്ചിട്ടു കാര്യമുണ്ടോ ? അത് അവരുടെ സിനിമയിലെ ഹീറോയിസത്തിലേക്ക് അവരുടെ റിയൽ ലൈഫ് ചേർത്ത് വെച്ച് ആവശ്യപ്പെടുന്നത് പോലെയല്ലേ ? അത്രയ്‌ക്കൊക്കെ ഉണ്ടോ നമ്മുടെ താരങ്ങൾ ?

ഇവർക്കെല്ലാം നമ്മൾ സാധാരണക്കാരേക്കാൾ സ്റ്റെയ്ക്ക് കൂടുതലാണ്. സംഘിനെതിരെ മിണ്ടിയാൽ കട കത്തിക്കാനും, ഗൗഡൗണിനു തീയിടാനും, സിനിമ ബഹിഷ്കരിക്കാനും, വീടിനു കല്ലെറിയാനും തയ്യാറായി ഇവിടെയൊരു കൂട്ടമുണ്ട് എന്നത് സത്യമാണ്. അഭിപ്രായം പറഞ്ഞാൽ അതിന്റെ പേരിൽ മാത്രം ജീവിതം കൈയാലപ്പുറത്തിരിക്കും. അഭിപ്രായങ്ങളോട് സഹിഷ്ണുതയില്ലാത്ത ഒരു സമൂഹത്തിൽ അഭിപ്രായ സ്വാതന്ത്ര്യം ഒരു വകയാണ്.

പ്രതികരിച്ച നടീനടന്മാരോട് നിങ്ങൾ പെരുമ്പാവൂർ വിഷയത്തിൽ മിണ്ടിയില്ലല്ലോ, UAPA വിഷയത്തിൽ മിണ്ടിയില്ലല്ലോ, ഹൈദരാബാദ് റേപ് കേസിന്റെ സമയത്തു അനങ്ങിയില്ലല്ലോ എന്ന് തുടങ്ങുന്ന ചോദ്യങ്ങൾ ചാണകങ്ങൾ വാരി എറിയുന്നുണ്ട്. അതായത് പ്രതികരിക്കുന്നവനും അല്ലാത്തവനും എല്ലാം നഷ്ടപ്പെടുത്തി മാത്രം അത് ചെയ്യാനൊക്കുക എന്ന ഗതികേടിലേക്കാണ് നമ്മളവരെ ക്ഷണിക്കുന്നത്. ഇറങ്ങാൻ പോകുന്ന അടുത്ത സിനിമ, അതിന്റെ പ്രൊഡ്യുസർ, സ്വന്തം കരിയർ എന്നിവയൊക്കെ അപകടപ്പെടുത്തി വേണം നമ്മുടെ സമൂഹത്തിൽ അവർക്കൊരു അഭിപ്രായം പറയാൻ. അത്രയ്ക്കും ഹോസ്റ്റയിൽ ആയൊരു അവസ്ഥയാണ് പ്രതികരിക്കുന്നവർക്കുവേണ്ടി നമ്മൾ ഒരുക്കി വെച്ചിരിക്കുന്നത്.

രാജ്യം കത്തുമ്പോൾ അവനവന്റെ കാര്യം മാത്രം നോക്കുന്നത് ശരിയാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണുത്തരമെങ്കിലും എല്ലാവർക്കും അത് തിരഞ്ഞെടുക്കാൻ സാധിച്ചെന്നു വരില്ല.

താരങ്ങളെ നമുക്ക് പിന്നെ നോക്കാം. അതിന്റെ കണക്കു നമുക്ക് പിന്നെയെടുക്കാം. അവരേത് മേഖലയിൽ നിന്നായാലും. ഇപ്പോൾ അവരെ ചുമക്കുന്നത് വലിയ ബാധ്യതയാണ്. കൂടെക്കൂടുന്നവർ കൂടെക്കൂടട്ടെ. അതൊരു ബോണസായി കരുതാം.