RJ Salim
വർഷം 2050, അന്ന് രചിക്കപ്പെട്ടേക്കാവുന്ന ഒരു ചരിത്ര പുസ്തകം ഇങ്ങനെ പറഞ്ഞേക്കാം.
*********
ഹിന്ദുത്വം അതിന്റെ ഭൂരിപക്ഷ ഹുങ്കിന്റെ ബലത്തിൽ അഴിഞ്ഞാടിയിരുന്ന കാലം കടന്നു പോയിരിക്കുന്നു എന്നത് മനുഷ്യകുലത്തിനു തന്നെ ആശ്വാസകരമാണ്. ചരിത്രത്തിൽ എന്നും വെറുപ്പിന് അൽപ്പായുസ്സാണ്. ഇന്ത്യ എന്ന ജനാധിപത്യ മതേതര റിപ്പബ്ലിക് എന്ന അത്ഭുത സൃഷ്ടി ഉണ്ടായ സകല പ്രക്രിയകളെയും സ്ഥാപനങ്ങളെയും ഭരണഘടനേയും തന്നെ ഒന്നൊന്നായി തച്ചുടച്ചുകൊണ്ടു ജനങ്ങളിൽ നുണയും വെറുപ്പും വർഗീയതയും കുത്തിവെച്ചു വളർന്ന ഹിന്ദുത്വ എന്ന പ്രത്യയ ശാസ്ത്രം ഇന്ത്യ എന്ന ബൃഹത്താശയത്തിനെ വർഷങ്ങളോളം മുൾമുനയിൽ നിർത്തിയത് ലോക ചരിത്രത്തിലെ തന്നെ ഒരു ദൗര്ഭാഗ്യകരമായ ഏടായി കണക്കാക്കപ്പെടുന്നു. ഇന്നത്തെ എല്ലാ ആധുനിക ജനാധിപത്യങ്ങളും ആദ്യമേ പഠിച്ചു മനസ്സിലാക്കി ചെറുക്കേണ്ടുന്ന ഒന്നായി അത് അവശേഷിക്കുന്നു.
ഹിന്ദുത്വയുടെ തകർച്ചയുടെ വീഴ്ച്ചകളിൽ ആദ്യത്തേത് എന്ന് ഇന്ന് കണക്കാക്കുന്നത് അവരുടെ മാനസ ഗുരുക്കന്മാരായ നാത്സികൾ നടപ്പിലാക്കിയ ന്യൂറംബർഗ് നിയമത്തിന്റെ ഇന്ത്യൻ പതിപ്പാണ്. ലോകത്തിലെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഹിന്ദുത്വ സർക്കാർ തകർത്തത് ആദ്യമേ തന്നെ ജനജീവിതത്തെ താറുമാറാക്കിയിരുന്നു. അതിലേക്കാണ് ഈ പൗരത്വ നിയമം വരുന്നത്.
Image result for manushya maha sringalaമനുഷ്യനെ മതത്തിന്റെ പേരിൽ വിഭജിച്ചു പൗരത്വം എന്ന ഏറ്റവും അടിസ്ഥാന അവകാശം ലംഘിച്ചതിന്റെ പേരിൽ ഇന്ത്യയിലുണ്ടായ പ്രതിഷേധങ്ങൾ ആ രാജ്യം മുൻപ് കണ്ടിട്ടില്ലാത്ത വിധമായിരുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പ്രതിഷേധങ്ങൾ കൊടുമ്പിരി കൊണ്ടു. ലക്ഷങ്ങൾ തെരുവുകളിലിറങ്ങി. ഡൽഹിയിലെ ഷഹീൻ ബാഗ് പ്രതിഷേധങ്ങളുടെ തലസ്ഥാനമായി ഉയർന്നു വന്നു. ലക്ഷക്കണക്കിന് വിദ്യാർഥികൾ രാജ്യമൊട്ടാകെ ക്ലാസുകൾ ബഹിഷ്കരിച്ചു സമരങ്ങൾ നയിച്ചു.
പൗരത്വ നിയമ വിരുദ്ധ പ്രതിഷേധങ്ങളിലൂടെ കടന്നുപോകുമ്പോൾ ഏറെ പ്രത്യേകതകളോടെ ജ്വലിച്ചു നിൽക്കുന്നത് ഇന്ത്യയുടെ ഒരു സംസ്ഥാനമായ കേരളത്തിലുണ്ടായ സമരങ്ങളാണ്. കേരളം ഇന്ത്യയുടെ തെക്കേ അറ്റത്തെ, താരതമ്യേന വളരെ ചെറിയൊരു സംസ്ഥാനമാണ്. അന്ന് കമ്മ്യുണിസ്റ്റുകളാണ് കേരളം ഭരിച്ചിരുന്നത്. ഈ കരിനിയമത്തെ എതിർത്ത് ആദ്യമായി പ്രമേയം പാസാക്കിയ ഇന്ത്യൻ സംസ്ഥാനം കേരളമായിരുന്നു. ഇന്ത്യയുടെ പരമോന്നത കോടതിയിൽ പൗരത്വ നിയമത്തിനെതിരെ ആദ്യമായി ഒരു ഇന്ത്യൻ സംസ്ഥാനം കേസിനു പോയതും കേരളമായിരുന്നു. പൗരത്വ നിയമം ഒരു കാരണവശാലും നടപ്പാക്കില്ല എന്ന് കേരളം അന്ന് ശക്തമായ നിലപാടെടുത്തു. ഹിന്ദുത്വ പാർട്ടികൾ ഒഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും കേരളത്തിൽ ഒറ്റക്കെട്ടായി നിന്ന് ഈ നിയമത്തെ എതിർത്തു.
തുടർന്ന് വന്നത് പ്രതിഷേധങ്ങളുടെ സുവർണ്ണ ദിനങ്ങളായിരുന്നു. ജനുവരി 26 എന്ന ഇന്ത്യൻ ഭരണഘടനാ വാർഷിക ദിനത്തിൽ കേരളം ലോകത്തിനു തന്നെ ചെറുത്തു നിൽപ്പിന്റെ ഉജ്ജ്വല മാതൃക കാട്ടി. അറുനൂറ്റി ഇരുപതു കിലോമീറ്ററുകളിൽ എഴുപതു ലക്ഷത്തോളം ജനങ്ങൾ ഒറ്റക്കെട്ടായി ജാതിയും മതവും വർഗ്ഗവും ഭാഷയും ലിംഗവും കക്ഷി രാഷ്ട്രീയ ഭേദങ്ങളും മറന്നു ഒന്നായി തെരുവിലിറങ്ങി കൈ ചേർത്ത് പിടിച്ചു ഇന്ത്യൻ ഭരണഘടന ഉറക്കെച്ചൊല്ലി. വെറും മൂന്നരക്കോടി ജനസംഖ്യയുള്ള സംസ്ഥാനത്തു നിന്നാണ് ഇത്ര വലിയ ഒരളവിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കായത്.
കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ കണ്ണി മുറിയാതെ അവർ മഹാ മനുഷ്യച്ചങ്ങല തീർത്ത് ഇന്ത്യൻ ഭരണഘടനയെ ഉയർത്തിക്കാട്ടി പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു. കുട്ടികൾ മുതൽ വൃദ്ധർ വരെ ഈ ചങ്ങലയിൽ സ്വയം കണ്ണി ചേർന്നു. അക്രമത്തിന്റെ ഒരു സംഭവവും റിപ്പോർട്ട് ചെയ്യപ്പെടാതെ ഇത്ര വലിയൊരു പ്രതിഷേധം ആധുനിക ജനാധിപത്യത്തിൽ തന്നെ അപൂർവ്വമാണ്. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനായിരുന്നു. പ്രതിഷേധ സമരങ്ങൾക്ക് ഒരു ദിശ നൽകി അവയെ അതിശക്തമായി ഏകലക്ഷ്യത്തിലേക്ക് നയിക്കാനുള്ള പിണറായി വിജയൻറെ നേതൃ പാടവം ജനങ്ങളെ ഒരുമിപ്പിച്ചു നിർത്തി.
മുൻ വർഷങ്ങളിൽ കേരളത്തിൽ വലിയ ജീവ നാശത്തിനും നാശ നഷ്ടങ്ങൾക്കും കാരണമായ ഒന്നാം പ്രളയത്തിലും രണ്ടാം പ്രളയത്തിലും ഒറ്റക്കെട്ടായി നിന്ന് മനുഷ്യകുലത്തിന്റെ തന്നെ ഏറ്റവും മികച്ച അതിജീവന മാതൃക സമ്മാനിച്ച കേരള ജനതയുടെ പോരാട്ട വീര്യത്തിന്റെ മറ്റൊരു ഉദാഹരണമായി ഇത് വിലയിരുത്തപ്പെടുന്നു. ഇന്നും അധികാരവും പണവും അഴിമതിയും ഒറ്റക്കെട്ടായി ലോകത്തെവിടെ നീതിയുടെ സമവാക്യങ്ങൾ അട്ടിമറിക്കപ്പെടുന്നുവോ അവിടങ്ങളിലൊക്കെ ചെറുത്തുനിൽപ്പിന്റെ മാതൃകയായി കേരളമെന്ന ചെറിയ ദേശത്തിന്റെ പേര് ഉയർന്നു കേൾക്കാം.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.