പ്രതിഷേധിക്കുന്നത് അവനവന്റെ ആവശ്യങ്ങൾക്കല്ല, ഇന്നിപ്പോൾ പുച്ഛിക്കുന്ന ഓരോ മൂരാച്ചി തന്തയ്ക്കും തള്ളയ്ക്കും അവരുടെ പിള്ളേർക്കും കൂടി വേണ്ടിയിട്ടാണ്

633

RJ Salim

JNU വിദ്യാർഥികൾ അടി കൊള്ളുന്നത് എന്തിനാണ് എന്നറിയാമോ ? കണിശപ്പെടുത്തിയ ഹോസ്റ്റൽ വ്യവസ്ഥകൾക്കും കൂട്ടിയ ഫീസിനുമെതിരെ പ്രതിഷേധിച്ചതിനാണ്. രാജ്യത്തെ എണ്ണം പറഞ്ഞ യൂണിവേഴ്‌സിറ്റികളിൽ ഒന്നിൽ വിദ്യാർത്ഥി സ്വാതന്ത്ര്യത്തിനു വിലങ്ങിടുമ്പോൾ, പഠനച്ചിലവ് വർദ്ധിപ്പിച്ചു അവിടേക്കിനി ദരിദ്രൻ കയറരുത് എന്നുറപ്പിക്കുമ്പോൾ അതാരുടെ നഷ്ടവും ആരുടെ നേട്ടവുമാണ് എന്നറിയാമല്ലോ അല്ലെ ?

JNU വിനോട് സംഘത്തിനും അവരുടെ സർക്കാരിനും കലിപ്പ് തോന്നാൻ ഒരുപാടു കാരണങ്ങളുണ്ട്. രാജ്യത്തിൻറെ ഇടതുപക്ഷ ചിന്താ ധാരയുടെ ഒരു പ്രധാന കേന്ദ്രമാണ് JNU. രണ്ടാമത്തേത് കോൺഗ്രസിനെപ്പോലെ സ്വയം ഓടക്കച്ചവടം ചെയ്യാൻ അവരെ ഒരിക്കലും കിട്ടില്ല എന്നറിയാവുന്നതിന്റെ ദേഷ്യത്തിൽ. സംഘികളുടെ സ്വന്തം എബിവിപി ചംച്ചകളെ ആരുമവിടെ മുഖവിലയ്ക്കുപോലുമെടുക്കില്ല..

ലോകം ഉറ്റുനോക്കുന്ന ഇന്ത്യയുടെ അപൂർവ്വം കേന്ദ്രങ്ങളിൽ ഒന്നാണ് JNU. ഭരണത്തിന്റെ ഓരോ നൂലിഴയും ഇഴ കീറി പരിശോധിച്ചാണ് അവർ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നത്. കൻഹയ്യ ആവട്ടെ, ഒമർ ഖാലിദ് ആവട്ടെ, ചിന്തയിലെ ഈ തെളിമയും വ്യക്തതയും വരുന്നത് JNU വിന്റെ ഈ അടിസ്ഥാനത്തിൽ നിന്നാണ്. കോൺഗ്രസ് നേതാക്കന്മാരെപ്പോലെ വെറുതെ ചപ്പടാച്ചി അടിക്കലല്ല അവരുടെ രീതി. സർക്കാരിന് ഭയം തോന്നിയില്ലെങ്കിലാണ് അതിശയം.

അതുകൊണ്ടു തന്നെ ലാത്തിക്ക് എത്ര നീളം കൂട്ടി അടിച്ചാലും സംഘിപ്പോലീസ് ഇത്തവണ ഒന്ന് വിറയ്ക്കും. തല്ലുമേടിച്ചു അങ്ങനെ ചുമ്മാ പോകുന്ന കൂട്ടരല്ലിത്. പ്രതിഷേധിക്കുന്നത് മുഴുവനായും അവനവന്റെ ആവശ്യങ്ങൾക്കുപോലുമല്ല. ഇന്നിപ്പോൾ പുച്ഛിക്കുന്ന ഓരോ മൂരാച്ചി തന്തയ്ക്കും തള്ളയ്ക്കും അവരുടെ പിള്ളേർക്കും കൂടി വേണ്ടിയിട്ടാണ്. ഇവർക്കൊന്നും വിദ്യാഭ്യാസം സൗജന്യമാവണം, നിലവാരമുള്ളതാവണം എന്ന് തോന്നിയിട്ടില്ലാത്തത് അങ്ങനെയൊന്ന് ലഭിക്കാത്തത് കൊണ്ടുകൂടിയാണ്.

പാരാമിലിട്ടറിയെയാണ് നിരായുധരായ വിദ്യാർത്ഥികളെ നേരിടാൻ ഇറക്കിയിരിക്കുന്നത്. ലക്ഷണമെല്ലാം വ്യക്തമാണ്. അവസരം കാത്തിരുന്നതാവണം. ഇതിനകം തന്നെ ഡൽഹിയുടെ തെരുവുകൾ ചോര വീണു ചുവന്നു കഴിഞ്ഞു. പക്ഷെ JNU വീഴില്ലെന്നുറപ്പുണ്ട്. ഇവരുടെ ശരീരത്തിനെ മാത്രമാണ് നിങ്ങൾക്ക് മുറിവേൽപ്പിക്കാനാവുക. അവരുടെ ലക്ഷ്യങ്ങളെ നിങ്ങൾക്ക് തൊടാനാകില്ല.

**

Advertisements