മൂന്നു കൂട്ടർ നമ്മുടെ മതിലിനു പുറത്തു വെകിളിപിടിച്ചു പുറകിൽ വാക്കത്തിയും പിടിച്ചു മണ്ടി നടപ്പുണ്ട്

72
RJ Salim
കൃത്യമായിപ്പറഞ്ഞാൽ മൂന്നു കൂട്ടർ നമ്മുടെ മതിലിനു പുറത്തു വെകിളിപിടിച്ചു പുറകിൽ വാക്കത്തിയും പിടിച്ചു മണ്ടി നടപ്പുണ്ട്.
മൂവരുടെയും പ്രശ്നം, വീട് സർവ്വ സജ്ജമായി ഒരു വിപത്തിനെ നേരിടുന്നു, വീട് സംരക്ഷിക്കാൻ ചുമതലയുള്ളവൻ അത് ഏറ്റവും ഫലപ്രദമായി ചെയ്യുന്നു, അതിന്റെ തുടർച്ചയായി ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത ഇടത് വലത് മധ്യപക്ഷ മനുഷ്യരുടെ ഐക്യമുണ്ടാവുന്നു എന്നതാണ്. അയാളുടെയും അയാളുടെ കൂട്ടത്തിന്റെയും സൽപ്പേരും മികവും ഇവരെ ഭ്രാന്ത് പിടിപ്പിക്കുന്നു. അത് നശിപ്പിക്കാൻ അവർ ഒറ്റ തിരിഞ്ഞും ഒരുമിച്ചും പണിയെടുക്കാൻ തയ്യാറാണ്. അതിനു വീട് തന്നെയാക്രമിക്കാനും അവർക്ക് മടിയില്ല.
.
1. കൊങ്ങിപ്പട –
കേരള സർക്കാർ കാര്യക്ഷമമായി ഈ വിപത്തിനെ നേരിടുന്നതിൽ ഏറ്റവും അസ്വസ്ഥർ ഇക്കൂട്ടരാണ്. ഇതിനകം തന്നെ പലവിധ ക്യാമ്പെയിനുകൾ അവർ നടത്തിക്കഴിഞ്ഞു.
ഷൈജ ടീച്ചറെ താറടിക്കാൻ അവരുടെ നേതാവ് പൗഡർ കുട്ടപ്പൻ തന്നെയിറങ്ങി തുടക്കം കുറിച്ച് കൊടുത്തു, തുടർന്ന് തമിഴ്‌നാടുമായുള്ള അസംബന്ധ താരതമ്യം, അടുത്തത് ഭവിഷ്യത്തും സാമൂഹിക ദുരന്തങ്ങളും ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകിയിട്ടും ബിവറേജസ് പൂട്ടണമെന്നു പറഞ്ഞു കുത്തിത്തിരുപ്പുണ്ടാക്കിയത്, കേരളത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള സൽപ്പേരിനെ വരെ ഇവർ പിണറായിയുടെ PR ക്യാംപെയിൻ എന്നാണ് പ്രചരിപ്പിക്കുന്നത്.
അതായത് സ്വന്തം മനുഷ്യരുടെ വെൽബിയിങ്ങിനെക്കാൾ വലുത് ഇവർക്ക് ഇവരുടെ രാഷ്ട്രീയ നേട്ടമാണ്. അടുത്ത തിരഞ്ഞെടുപ്പിൽ എടുത്തു പ്രയോഗിക്കാൻ പറ്റുന്ന ഒരു ആയുധമാണ് ഇപ്പോൾ അവർക്ക് വേണ്ടത്.
പ്രശ്നം നടന്ന ഉടനെ അതിനെ വലുതാക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കന്മാരെ നമ്മൾ കണ്ടതാണ്. മാത്രമല്ല വ്യാജപ്രചരണം പ്രശ്നത്തിൽ ഒരു യൂത്ത് കോണ്ഗ്രസ് സെക്രട്ടറി അറസ്റ്റിലുമായിട്ടുണ്ട്. അല്ലെങ്കിലും ചത്തത് കീചകനാണെങ്കിൽ കൊന്നത് ഭീമനാണ് എന്നറിയാൻ മഹാഭാരതം മുഴുവൻ വായിക്കണ്ടല്ലോ.
അവർ ഒരു പായിപ്പാടോടെ നിർത്താനും പോകുന്നില്ല. മനുഷ്യർ ജാഗ്രതയോടെ ഇരിക്കുക. KSU ലെവൽ തറപരിപാടികളുമായി കഞ്ഞിക്കുഴിമാർ ഇനിയും ഇനിയും വരും.
.
2. സംഘിപ്പട –
കോൺഗ്രസുകാരുടെ കാരണങ്ങളൊക്കെ തന്നെ ഇവിടെയും. കോൺഗ്രസിന്റെ കോറസ് പാടലാണ് കുറച്ചു നാളായി പണി തന്നെ. ബിവറേജസിന്റെ കാര്യത്തിൽ, കേരളത്തിന്റെ സൽപ്പേരിന്റെ കാര്യത്തിലെ അസൂയയുടെ കാര്യത്തിൽ, വർദ്ധിക്കുന്ന ഇടതുപക്ഷ ജനപ്രിയതയിൽ അരിശം കൊള്ളുന്ന കാര്യത്തിലൊക്കെ സയാമീസ് ഇരട്ടകൾ. ആശുപത്രികളിൽ ഇതിനകം ആരും വാരിയെറിയാൻ വരാത്തത് ലോക്‌ഡോൺ പ്രഖ്യാപിച്ചത് മോഡി ആയതുകൊണ്ടാവണം.
ഇപ്പൊ ഏറ്റവും പ്രധാനപ്പെട്ട ട്രിഗർ, ഉത്തരേന്ത്യയിൽ നടക്കുന്ന തൊഴിലാളി പലായനമാണ്. ആയിരക്കണക്കിന് മനുഷ്യർ ഇരുനൂറു മുന്നൂറും കിലോമീറ്റർ നടക്കുകയാണ്, ഭക്ഷണവും വെള്ളവുമില്ലാതെ. അമേരിക്കൻ മാധ്യമങ്ങളിൽ വരെ അത് വാർത്തയാവുന്നു. 22 പേരാണ് ഇതിനകം ഈ നടത്തത്തിൽ മാത്രമായി മരിച്ചത്.
മോദിയുടെ ലോക് ഡൌൺ പ്രഖ്യാപനം യാതൊരുവിധ പ്ലാനിങ്ങും ഇല്ലാതെ ആയതാണ് കാരണം. അപ്പോൾ അതേപോലെ ഒന്ന് കേരളത്തിലും ഉണ്ടെന്ന് തെളിയിക്കണം. പായിപ്പാട് വാർത്ത ഷെയർ ചെയ്ത സംഘി പ്രൊഫൈലുകളെ നോക്കിയാൽ കാണാം, നിങ്ങൾ ഡെൽഹിയെപ്പറഞ്ഞില്ലേ, ഇപ്പോൾ കേരളത്തിലും പ്രശ്നമായില്ലേ എന്നാണ് ചോദ്യം.
അതായത് കേരളത്തിലെ പ്രശ്നമല്ല ഇവരുടെ വിഷയം, ഡൽഹിയിൽ പ്രശ്നം നടന്നു മോഡിയുടെ കഴിവില്ലായ്മ വിമർശിക്കപ്പെടുന്നതാണ്. ഇവരും വെട്ടാൻ അവസരം നോക്കി നടക്കുകയാണ്. ഏത് അവസരത്തിൽ വേണമെങ്കിലും ഇനിയും സ്റ്റേറ്റ് സംവിധാനങ്ങളെ തുള വീഴ്ത്താൻ ഇവർ നോക്കും. ജനം ടീവി ഇപ്പോഴേ അതിനുവേണ്ടിയൊരു വിങ് പോലും റെഡിയാക്കിക്കാണും.
.
3. മൗദൂദിപ്പട –
നാൽപ്പത്തെട്ട് മണിക്കൂർ ഷട്ട് ഡൌൺ കിട്ടിയപ്പോൾ കേന്ദ്ര സർക്കാരിന്റെ കാലിൽ വീണു നക്കി വെളുപ്പിച്ചു പന്ത്രണ്ടു മണിക്കൂർ കൊണ്ട് ഊരിപ്പോന്ന മൗദൂദി ജനം ടീവിയായ മീഡിയ വണ്ണിന്റെ നേതൃത്വത്തിൽ നടക്കുന്ന അട്ടിമറി ശ്രമം.
സംഘപരിവാർ പ്രീണനവും ഒരു ലക്ഷ്യമായിരിക്കണം. ആ ഉറപ്പിന്റെ പേരിൽക്കൂടി ആയിരിക്കും കഴിഞ്ഞ തവണ ഊരിപ്പോന്നത്. കേരളത്തിൽ വർധിച്ചു വരുന്ന ഇടതുപക്ഷ അനുഭാവിത്വം നേരിട്ട് ചോർച്ചയുണ്ടാക്കുന്ന പോക്കറ്റുകളിൽ ഒന്നാണ് മൗദൂദി സെന്ററുകൾ.
ഇടതുപക്ഷത്തിന്റെ ഏത് തളർച്ചയും ഇവർക്ക് തീർച്ചയായും ലോങ്ങ് റണ്ണിൽ പ്രയോജനകരമാണ്. അതുകൊണ്ടു അത്തരം ഏത് പ്രശ്നത്തിലും വേസ്റ്റ് ഗ്ലാസും കൊണ്ട് സുടാപ്പി – മൗദൂദികളെ കാണാം. സെക്കുലർ ഇസ്ലാം വോട്ടുകളിൽ പേടി വിതച്ചു വെടക്കാക്കി തനിക്കാക്കുകയാണ് സ്ട്രാറ്റജി. അവരും ഇറങ്ങിയിട്ടുണ്ട് കൈയ്യിൽ കിട്ടുന്ന ആയുധവുമായി. ഉറപ്പായും ഇനിയും പണിയാൻ നോക്കും.
******************
പായിപ്പാട് വിഷയം അന്വേഷണം നടത്തി ഇവരെ പബ്ലിക്കായി തന്നെ ഷെയിം ചെയ്യണം. അതിഥി തൊഴിലാളികൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിലെ അവർക്ക് വേണ്ടുന്ന കാര്യങ്ങൾ ഹിന്ദിയിലോ അവരുടെ മറ്റു ഭാഷകളിലോ ഡബ് ചെയ്ത അവരിലേക്കെത്തിക്കണം. കാരണം കേരളത്തിനിത് ജീവന്മരണ പോരാട്ടമാണ്.
മാത്രമല്ല, ഈ മൂവരുടെയും ടാർഗ്ഗറ്റ് അതിഥി തൊഴിലാളികൾ പോലെ എപ്പോഴുമൊരു വൾനറബിൾ പോപ്പുലേഷനായിരിക്കും. അതുപോലുള്ള വൾനറബിൾ പോക്കറ്റുകളെ കേന്ദ്രീകരിച്ചു പ്രവർത്തനം ശക്തമാക്കി, മറ്റു അട്ടിമറി നുഴഞ്ഞുകയറ്റങ്ങൾ ആദ്യമേ തന്നെ തടയണം. അതോടെ മൂവർ സംഘം വല്ല നിരാശയും ബാധിച്ചു, വിഷമം മറക്കാൻ കുടിക്കാൻ കള്ളും കിട്ടാതെ ഏതെങ്കിലും ആശുപത്രിയിൽ അഡ്‌മിറ്റായിക്കോളും.
Advertisements