അടിയന്തരാവസ്ഥക്കാലത്തു ലോക്കപ്പിലിട്ടു ഇടിച്ചു ചോര തുപ്പിച്ച ആ പോലീസുകാരനെ പിന്നീട് കണ്ടപ്പോൾ എന്തായിരുന്നു താങ്കളുടെ പ്രതികരണം ?

101
RJ Salim
അടിയന്തരാവസ്ഥക്കാലത്തു ലോക്കപ്പിലിട്ടു ഇടിച്ചു ചോര തുപ്പിച്ച ആ പോലീസുകാരനെ പിന്നീട് കണ്ടപ്പോൾ എന്തായിരുന്നു താങ്കളുടെ പ്രതികരണം ? പ്രതികാരം ചെയ്യാൻ തോന്നിയിട്ടില്ലേ ?
ചോദ്യം പിണറായി വിജയനോടാണ്.
വളരെ ലാഘവത്തോടെ, സഖാവിന്റെ മറുപടി, “ഏയ് അങ്ങനെയൊന്നുമില്ല. പിന്നെയും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. പക്ഷെ പ്രതികാരം ചെയ്യാനൊന്നും തോന്നിയിട്ടില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വഴി, നമുക്ക് നമ്മുടെ വഴി.”
ആ ലോക്കപ്പ് മർദ്ദനത്തിന്റെ ക്രൂര ശേഷിപ്പുകൾ ഇന്നും തന്റെ ശരീരത്തിൽ കൊണ്ട് നടക്കുന്നയാളാണ്‌ എന്നോർക്കണം. ഒരുപക്ഷെ മനസ്സ് മറന്നുപോയാലും ശരീരം ഓരോ അനക്കത്തിലും അത് ഓർമ്മിപ്പിക്കുന്നുണ്ട്. പക്ഷെ അതൊന്നും അദ്ദേഹത്തെ എവിടെയും തൊടാത്ത പോലെ. ഇവിടെ, നടന്നു പോകുമ്പോൾ അറിയാതെ ചവുട്ടുന്ന ഒരുത്തനെപ്പോലും തിരിച്ചു ചവിട്ടാതെ സമാധാനം കിട്ടാറില്ല, അപ്പോഴാണ് !
Image result for KERALA POLICE THIRD DEGREEപിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയോടുള്ള ഏറ്റവും വലിയ ആദരവും എന്നാൽ ചില നേരങ്ങളിൽ ഏറ്റവും കൂടുതൽ അമർഷവും ഉണ്ടാക്കിയിട്ടുള്ളത് ഒരേ കാരണമാണ്. അദ്ദേഹത്തെ സംബന്ധിച്ച് നാളെയുടെ രാഷ്ട്രീയ നേട്ടത്തേക്കാൾ പ്രാധാന്യം ഇന്നത്തെ മനുഷ്യരുടെ പ്രശ്നങ്ങളാണ്.
ഇല്ലാത്ത ഒരു കേസിന്റെ പേരിൽ, ഒന്നരപ്പതിറ്റാണ്ട്, പതിനാലു വർഷം, അകമേയും പുറമെയും, പ്രിന്റിലും ടീവിയിലും നുണ മാത്രം പ്രചരിപ്പിച്ചു അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ച ഒരു പക്ഷമാണ് അപ്പുറത്തുള്ളത്. കേരളത്തിന്റെ ഏറ്റവും പഴക്കമുള്ള പത്രമൊരെണ്ണം കക്ഷത്തിലിരിക്കുന്നതിന്റെ ഹുങ്കും രണ്ടാമത്തെ പഴക്കമുള്ള പത്രം വിളിച്ചാൽ വിളിപ്പുറത്തുണ്ട് എന്നതിന്റെ അഹങ്കാരവും കൊണ്ട് മാത്രം ചെയ്തു കൂട്ടിയത്.
ചിലർ മുടി ചീകാത്തതും, ഷർട്ട് ഇസ്തിരിയിടാത്തതും, ട്രെയിനിൽ അരച്ചന്തി വെച്ചിരുന്നതും, ഒരു കണ്ണടച്ച് കിടന്നുറങ്ങിയതുമൊക്കെ അവർക്ക് നൂറ്റാണ്ടിന്റെ വാർത്തകളാവുന്നതും അങ്ങനെയാണ്.
ഭരണം കിട്ടി മുഖ്യമന്ത്രിയായി ആഭ്യന്തരം കൈയ്യിലിരുന്നിട്ടും, പക എന്ന് വിളിക്കാവുന്ന ഒന്നും ആ കസേരയിലിരുന്ന് പിണറായി ചെയ്തിട്ടില്ല. നേരത്തെ പറഞ്ഞ അമർഷവും അതിനാണ്. അതല്ല വേണ്ടത്, പതിനാലു വർഷം അകാരണമായി വേട്ടയാടിയവരെ, അതിനു പിമ്പിങ് ചെയ്ത പത്രങ്ങളെ, അതിനു കൂട്ട് നിന്ന സകലവന്മാരെയും പുട്ടുപോലെ പൂട്ടണം എന്നാണ് വ്യക്തിപരമായ അഭിപ്രായം. അതിനായുള്ള കേസുകൾ അവർ തന്നെ ആവോളം ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ.
പക്ഷെ പിണറായി അതിന്റെ പുറകെ പോയിട്ടില്ല. ഒരായുസ്സിലേക്ക് വേണ്ടി ഇവരെ പെടുത്താമായിരിന്നിട്ടും, ഇനി രാഷ്ട്രീയത്തിൽ കാണാത്ത വിധം ഇല്ലാതാക്കാമായിരിന്നിട്ടും അത് ചെയ്തിട്ടില്ല. എനിക്കിന്നുമറിയില്ല, അത് നല്ലതാണോ മോശമാണോ എന്ന്. അതിനു ഗുണവും ദോഷവും ഉണ്ടായിട്ടുണ്ട്. അഴിമതിയായിട്ടും പീഡനമായിട്ടും എത്രയോ കേസുകൾ. പക്ഷെ ഒരിടപെടലും നടത്തില്ല. കേസിനു കേസിന്റെ വഴി. രാഷ്ട്രീയത്തിന് അതിന്റെ വഴി. ഈ മനുഷ്യൻ വേറെന്തോ ട്യൂണിങ്ങാണ്.
അതേ നിലപാടിന്റെ തുടർച്ച തന്നെയാണ് പ്രതിപക്ഷത്തോട് ഓരോ ഘട്ടത്തിലും കാണിച്ചിട്ടുള്ളത്. പ്രളയ സമയത്തു നമ്മൾ കണ്ടതാണ് മുഖ്യമന്ത്രിയോളം പ്രാധാന്യമുണ്ട് പ്രതിപക്ഷ നേതാവിനും എന്ന് നമ്മളൊക്കെ സ്‌കൂൾ പുസ്തകങ്ങളിൽ മാത്രം കണ്ടിട്ടുള്ള അടിസ്ഥാന ജനാധിപത്യ പാഠം പാലിക്കപ്പെട്ടത്.
ബാധിക്കപ്പെട്ടവരെ മുഖ്യമന്ത്രി സന്ദർശിച്ചത് പ്രതിപക്ഷ നേതാവിനെയും കൂട്ടിയാണ്. അത് പ്രളയ ബാധിതരിൽ നമ്മുടെ രാഷ്ട്രീയത്തെക്കുറിച്ചുയർത്തിയ ട്രസ്റ്റ് ഭീമമായിരുന്നു. പിണറായി ഒരു പുതിയ രാഷ്ട്രീയ സംസ്കാരമാണ് തുടങ്ങി വെച്ചത്.
പക്ഷെ പ്രളയം കഴിഞ്ഞപ്പോൾ പ്രതിപക്ഷം തനിക്കൊണം കാണിച്ചു. കേന്ദ്ര സഹായം മുടക്കിയ ബിജെപിയെക്കാളും അവർക്ക് പ്രശ്നം പിണറായി സർക്കാരായിരുന്നു. ഇല്ലാക്കഥകൾ പത്രക്കാരെ വിളിച്ചിരുത്തിപ്പറഞ്ഞു സ്വയം നാണം കെട്ടുകൊണ്ടേയിരുന്നു.
പിണറായി പക്ഷെ ഓരോ സന്ദർഭത്തിലും അവരോടുള്ള മര്യാദ കാണിച്ചു തന്നെ പോന്നു. ലോക കേരളസഭ, പ്രളയ പുനർനിർമാണം, നിക്ഷേപസംഗമം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭം അങ്ങനെ എല്ലാറ്റിലും അവരെ ആദരവോടെ തന്നെ ക്ഷണിച്ചു കൊണ്ടേയിരുന്നു. പക്ഷെ നാറിയ രാഷ്ട്രീയകളി മാത്രമായിരുന്നു പ്രതികരണം. പ്രളയ പുനർ നിർമാണത്തിൽ നിന്ന് അവർ മാറി നിന്നു. നിക്ഷേപ സംഗമം ബഹിഷ്കരിച്ചു. ലോക കേരള സഭയിൽ പ്രവാസികളെ അപമാനിച്ചു.
അടുത്ത തിരഞ്ഞെടുപ്പ് ജയം എന്ന ചിന്ത പിണറായിയെ എത്ര തൊടാതെ മാറി നിൽക്കുന്നുവോ പ്രതിപക്ഷം അതിൽ അത്രയധികം പേടിക്കുന്നു. ചെന്നിത്തലയുടെ പത്ര സമ്മേളനങ്ങൾ ചിരിപ്പിക്കുന്നത്ര കോമഡി ഷോകൾ പോലും ചിരിപ്പിക്കുന്നില്ല. മുല്ലപ്പളിയുടെ പല പ്രസ്താവനകളും അദ്ദേഹത്തിന്റെ സമനില തെറ്റിയോ എന്ന് തന്നെ സംശയം ജനിപ്പിക്കുന്നതാണ്. അത്രയധികം പ്രതികരണ വൈകല്യങ്ങൾ കോൺഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായപ്പോഴാണ് പിണറായി കഴിഞ്ഞ ദിവസം ചോദിച്ചത്, ഇത്ര ഇടുങ്ങിയ മനസ്സുകൊണ്ട്‌ ഒരു രാഷ്‌ട്രീയ പാർടിക്ക്‌ നിലനിൽക്കാനാകുമോ എന്ന്.
അതിന്റെ ഏറ്റവുമൊടുവിലെ ചീഞ്ഞ രാഷ്ട്രീയമാണ് ലൈഫ് മിഷൻ പ്രഖ്യാപന സമ്മേളനത്തിൽ അവർ കാണിച്ചത്.
2,14,262 വീടുകളാണ്‌ ലൈഫിൽ നിർമിച്ചത്‌. ഇത്ര ബൃഹദ് പദ്ധതി ആധുനിക കേരളത്തിൽ തന്നെ ചുരുക്കമാണ്. പക്ഷെ പ്രതിപക്ഷം ചടങ്ങു ബഹിഷ്കരിച്ചു.
ആരോടാണ് അവർക്ക് പിണക്കം ? ആരെയാണ് അവർ ബഹിഷ്കരിച്ചത് ? പിണറായി വിജയനെയോ ? അല്ലേയല്ല. നിങ്ങൾ ബഹിഷ്ക്കരിച്ചത് ആ രണ്ടു ലക്ഷം കുടുംബങ്ങളെയാണ്. പാവപ്പെട്ട മനുഷ്യരെയാണ്. നിങ്ങൾ ആരെ പ്രതിനിധീകരിക്കാനാണോ വെള്ളയും വെള്ളയുമിട്ടു നടക്കുന്നത്, അവരെത്തന്നെയാണ് നിങ്ങൾ ബഹിഷ്കരിച്ചപമാനിച്ചത്.
ഏത് ആത്മാഭിമാനമുള്ള നേതാവും ഒന്ന് രണ്ടു തിക്താനുവം കിട്ടുമ്പോൾ ഒന്ന് പഠിക്കും. പിണറായിയ്ക്ക് ആ കൺസേൺ പോലുമില്ല. ഇപ്പോൾ പൂർത്തീകരിച്ച വീടുകളുടെ അവകാശം നിങ്ങൾ വേണമെങ്കിൽ എടുത്തോളൂ എന്നാണ് യൂഡിഎഫാണ് വീട് പണിഞ്ഞത് എന്ന പച്ചക്കള്ളതിനു മറുപടിയായി പിണറായി പറഞ്ഞത്.
ഇനിപറഞ്ഞതാണ് അതിലും വിറ്റ് – ഒരുപാട്‌ അഭ്യർഥന പരസ്യമായി മുന്നോട്ടുവച്ചതാണ്‌. എങ്കിലും നന്നാകുമെങ്കിൽ ഇനിയും അഭ്യർഥിക്കുന്നു. സമയം നഷ്‌ടമായിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ഒന്നിച്ചുനിൽക്കാം.
ഇതെന്ത് മനുഷ്യനാണ് ? ആത്മാഭിമാനം പോലും വിഷയമല്ലാത്തവരുണ്ടോ ?
അറിയില്ല. ജീവിച്ചു തെളിഞ്ഞ പതിറ്റാണ്ടുകളുടെ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളാവും പിണറായിയെ പിണറായി ആക്കിയത്.
വീടിനു ലേബലുകളിടരുത് എന്ന് പറഞ്ഞത് മഹാമനസ്‌കതയായി കണ്ടവരുണ്ട്. അതങ്ങനെയല്ല. അത് വർഗ്ഗ രാഷ്ട്രീയം എങ്ങനെ പ്രവർത്തിക്കുന്നു എന്ന ബോധ്യത്തിന്റെ തിരിച്ചറിവാണ്. അർഹതപ്പെട്ടത്‌ കിട്ടിയതിന്റെപേരിൽ ഒരിക്കലുമൊരു രണ്ടാം തരം വർഗീകരണം ഉണ്ടാകരുത് എന്ന കമ്മ്യൂണിസ്റ്റ് വാശിയുടെ തീരുമാനമാണത്. അത് പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ തീരുമാനമല്ല, പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റിന്റെ ബോധ്യമാണ്. അത് മനുഷ്യരുടെ ആത്മാഭിമാനത്തിനു കൊടുക്കുന്ന വിലയാണ്.
ആ ഒരേയൊരു കാരണം കൊണ്ടാണ് അഞ്ചു തവണയും കാണാൻ അനുവാദം നിരസിച്ചിട്ടും പിന്നെയും അതുപയോഗിച്ചു ഒരു രാഷ്ട്രീയ ഗിമ്മിക്കിനും നിൽക്കാതെ തന്റെ ജനതയ്ക്കു വേണ്ടി വീണ്ടും ഗഡ്കരിയെക്കണ്ടു ദേശീയപാത വിഷയം സംസാരിച്ചു പരിഹരിച്ചത്.
നേരത്തെ പറഞ്ഞില്ലേ.. ഇത് വേറെന്തോ ട്യൂണിംഗാണ്.