ക്വാഡന്റെ പ്രശ്നം ക്വാഡൻ അല്ലാത്ത എല്ലാവരുമാണ് എന്ന് നമുക്കെന്താണ് മനസ്സിലാവാത്തത് ?

0
195
RJ Salim writes
ഡ്വാർഫിസം എന്ന കണ്ടീഷനുള്ള ഓസ്‌ട്രേലിയൻ ബാലൻ ക്വാഡന്റെ വീഡിയോയുടെ പ്രതികരണങ്ങൾ ശ്രദ്ധിക്കുക. പലരും ക്വാഡന് റോൾ മോഡലുകളെ സജസ്റ്റ് ചെയ്യുന്നു. ചിലർ സിമിലർ കണ്ടീഷനുണ്ടെന്നു തോന്നിക്കുന്ന ഗെയിം ഓഫ് ത്രോൺസ് താരം പീറ്റർ ഡിങ്ക്ലേജിനെ കാണിച്ചു ജീവിത വിജയം ആശംസിക്കുന്നു. മലയാളികളിൽ ചിലർ ഗിന്നസ്പ്പക്രുവിനെ റോൾ മോഡലായി സജസ്റ്റ് ചെയ്യുന്നു. അങ്ങനെ ആ കുട്ടിയെ അവൻ ബോധം വെച്ച നാൾ മുതൽ നേരിടേണ്ടി വന്ന ട്രോമയോട് ഉള്ളു പൊള്ളയായ മോട്ടിവേഷനും ഇൻസ്പിറേഷനും നൽകി സമാധാനിപ്പിക്കാൻ നോക്കുന്നു.
ഒരിക്കലെങ്കിലും മറ്റുള്ളവരോട് ചൂണ്ടുന്ന വിരലുകൾ സ്വയം ചൂണ്ടി നോക്കാറുണ്ടോ ?
ക്വാഡന്റെ പ്രശ്നം ക്വാഡൻ അല്ലാത്ത എല്ലാവരുമാണ് എന്ന് നമുക്കെന്താണ് മനസ്സിലാവാത്തത് ? അത് ക്വാഡൻ അല്ലാത്തവർ ചേർന്നുണ്ടാക്കിയ ലോകമാണ് എന്ന് ഇതിനേക്കാൾ പച്ചയ്ക്ക് എങ്ങനെയാണു ഒരു ഒൻപതു വയസ്സുകാരൻ പറയുന്നത്. ജീവിതകാലം മുഴുവൻ അവൻ നേരിട്ടതിൽ നിന്നുള്ള നിന്നുള്ള പുറത്തുവരൽ അതി കഠിനമായിരിക്കും.
എനിക്കൊരു കത്തി തരൂ, എനിക്ക് കുത്തിമരിക്കണം എന്ന് ഒരു കുട്ടി പറയുന്നത് അവനു മോട്ടിവേഷന്റെ കുറവുള്ളതുകൊണ്ടല്ല. അവനെ ഒരു നിമിഷം പോലും സെൽഫ് കോൺഷ്യസല്ലാതെ ഇരുത്താൻ എനിക്കും നിങ്ങൾക്കും സാധിക്കാത്തതു കൊണ്ടാണ്. അങ്ങനെ ഒരു ഒൻപതു വയസ്സുകാരൻ പറയുമ്പോൾ ആ അവസ്ഥ ഒരുപക്ഷെ അവനല്ലാതെ ആർക്കും ചിന്തിക്കാൻ കൂടി സാധിക്കില്ല. നമ്മുടെ ഭാവനയുടെ അപ്പുറത്തായിരിക്കും അത്.
അതിന്റെ കുറ്റം അവനല്ല, നമുക്കാണ്. അവനല്ല മാറേണ്ടത്. നമ്മളാണ്. അവന്റെ ചുറ്റിനും നിന്ന് അവന്റെ ലോകം ദുഷ്കരമാക്കിയത്‌ നമ്മളാണ്. നമ്മളതിൽ നിന്ന് പിൻവാങ്ങുമ്പോഴാണ് അവന്റെ പ്രശ്നം അവസാനിക്കുന്നത്. അങ്ങനെയേ അവന്റെ ജീവിതം എളുപ്പമാകൂ.
അല്ലാതെ നമ്മൾ മാറില്ല, നീ വേണമെങ്കിൽ കൂടുതൽ മോട്ടിവേഷനോടെ ഇതൊക്കെ നേരിട്ടോളൂ എന്ന് പറയുന്നതുകൊണ്ട് എന്ത് കാര്യമാണെന്ന് ശരിക്കും മനസ്സിലാകുന്നില്ല.
പീറ്റർ ഡിങ്ക്ലേജിനെയോ ഗിന്നസ്പ്പക്രുവിനെയോ അറിയാത്തതല്ല അവന്റെ പ്രശ്നമുണ്ടാക്കിയത്. നമ്മൾ വിജയിച്ച ഒരു ഗിന്നസ്പ്പക്രുവിന്റെ കാര്യം പറയുമ്പോൾ ജീവിക്കാൻ പോലും അവസരം ലഭിക്കാതെപോയ കോടിക്കണക്കിനു ഗിന്നസ്പ്പക്രുമാർ അതിന്റെ പുറകിൽ നിന്ന് നമ്മളെ നിശബ്ദരായി നോക്കുന്നുണ്ട്.
പക്ഷെ ഏറ്റവും എളുപ്പം കാശു കൊടുത്തു ഈ സംഭവം തന്നെ അങ്ങ് മറക്കുന്നതാണ്. ലോകം മുഴുവൻ നിന്നും ക്വാഡനെ ഡിസ്‌നി ലാൻഡിലേക്ക് എത്തിക്കാനുള്ള പ്രയത്‌നത്തിനായി കോടിക്കണക്കിനു പണം അവന്റെ പേരിലേക്ക് അയക്കപ്പെടുന്നുണ്ട്. അങ്ങനെ ഒരു ക്വാഡനെ നമുക്ക് ഈ ലോകത്തിൽ നിന്ന് രക്ഷിക്കാം.
പക്ഷെ വൈറൽ ആകാത്ത, നമുക്ക് ദൃശ്യപ്പെടാത്ത, ജനിച്ചതിന്റെ പേരിൽ ദിവസവും നരകിക്കുന്ന കോടിക്കണക്കിനു ക്വാഡന്മാർ ഇപ്പോഴും അവിടെ തന്നെ നിൽക്കുകയല്ലേ ? അതൊഴിവാക്കാൻ നമ്മളെന്ത് ചെയ്തു ?
നമ്മളൊഴികെയുള്ളവരല്ല പ്രശ്നം ഉണ്ടാക്കുന്നത് എന്നാദ്യം അറിയണം. ഞാനും നിങ്ങളും തന്നെയാണ് ഈ ലോകം. ബുള്ളിയിങ് ശരിയല്ല എന്നും, വ്യത്യാസങ്ങൾ അപമാനിക്കപ്പെടേണ്ടതല്ല എന്നും, ഏറ്റവും നല്ല കുറച്ചു രൂപങ്ങൾ മാത്രമല്ല ഉള്ളതെന്നും, അതിനു പുറത്തുള്ളതെല്ലാം മോശമാണ് എന്ന് കരുതരുതെന്നും നമ്മളും നമുക്ക് ചുറ്റുമുള്ളവരും മനസ്സിലാക്കുമ്പോഴല്ലാതെ ഇത് അവസാനിക്കില്ല.
ഇനി ഇങ്ങനെയൊരു തമാശ പറയില്ലെന്നും ആസ്വദിക്കില്ളെന്നും തീരുമാനിക്കേണ്ടത് നമ്മളാണ്. The world has enough laughter without insults. അത് ചാരിറ്റിയല്ല, ഉത്തരവാദിത്തമാണ്. അത് നമ്മളിൽ നിന്നാണ് തുടങ്ങേണ്ടത്.
വീഡിയോയുടെ അവസാനം അവർ അത് കൃത്യമായി പറയുന്നുണ്ട്. പക്ഷെ അത് മാത്രം നമ്മൾ കേട്ടില്ല എന്ന് തോന്നുന്നു.
“Can you please educate your children, your families, your friends?”