മഞ്ജുവിനെ വർണ്ണവും വണ്ണവും വച്ച് കളിയാക്കുന്നവർ വീണയെ കളിയാക്കാറില്ല , കാരണം വീണ കുലസ്ത്രീയും സവർണ്ണയും ആണല്ലോ

235
RJ Salim
കോളനി വാണം !
ഒരു മനുഷ്യനോട് നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത എന്താന്നെന്നറിയാമോ ?
അവനിൽ / അവളിൽ നിന്ന് മനുഷ്യൻ എന്ന പദവിയെ അപഹരിക്കുക എന്നതാണ്. അതിനേക്കാൾ വലിയ ഒരു പീഡനവും നിങ്ങൾക്ക് ഒരാൾക്കും നൽകാനാവില്ല. അവനെ മനുഷ്യ സമൂഹത്തിൽ നിന്ന് തന്നെ ചവിട്ടിപ്പുറത്താക്കുക വഴി അവനോടുള്ള സർവ്വ പീഡനവും അതിന്റെ ഉച്ച കോടിയിലെത്തുന്നു. അയാൾ പിന്നെ പേരില്ലാത്ത, മാനുഷിക പരിഗണനയ്ക്ക് അർഹമല്ലാത്ത, ചവിട്ടി അരയ്ക്കപ്പെടാൻ സർവഥാ യോഗ്യമായ ഒരു നീച ജീവിയായി മാറുന്നു.
അയാളെ കൊല്ലാം, വെള്ളം പോലും കൊടുക്കാതെ നിരന്തരം പണിയെടുപ്പിക്കാം, പടികൾക്ക് പകരം ചവിട്ടിക്കയറാം, തുണിയുരിപ്പിച്ചു തുട അടിച്ചു പൊട്ടിക്കാം , ശരീരത്തിൽ കടന്നു കയറി വൈകൃതങ്ങൾ കാണിക്കാം. അവൻ/ അവൾ പിന്നെ മനുഷ്യക്കോലമുള്ള വെറും മൃഗമാണ്.ഒരു മനുഷ്യനെ വാക്ക് കൊണ്ടെങ്ങനെ ആ അവസ്ഥയിലെത്തിക്കാം എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോളനി വാണം എന്ന തെറി വാക്ക്. ഒരാളെ എങ്ങനെയൊക്കെ അപമാനിക്കാമോ അതിന്റെ പാരമ്യമാണ് ഈ പ്രയോഗം.
ഒരേ സമയം നിങ്ങളുടെ നിറത്തേയും, ജാതിയെയും, വർഗ്ഗത്തേയും വംശത്തെയും കൂട്ടിക്കെട്ടി പച്ചയ്ക്ക് ആട്ടുന്ന ഏറ്റവും പുതിയ സോഷ്യൽ മീഡിയ ആവിഷ്കാരം. FFC യിൽ ഇത് ആദ്യമായി തുടങ്ങുന്നത് വയനാടുകാരെ പറഞ്ഞാണ്. അവിടെ ആദിവാസി എന്നതൊരു തെറിയാണ്. ഈ നാടിന്റെ ഏറ്റവുമാദ്യത്തെ സ്വന്തക്കാരെയാണ് ഒരു തെറിയാക്കി ഉപയോഗിക്കുന്നത്. ഇന്നും കേരളീയ പൊതുബോധത്തിൽ ആദിവാസി എന്നത് അധിക്ഷേപ പദം തന്നെയാണ്. ഒരിഞ്ചു നമ്മളവിടെ നിന്ന് മാറിയിട്ടില്ല.
ശാരീരിക ശക്തിയിൽ വെള്ളക്കാരനെക്കാൾ മുൻപിൽ നിൽക്കുന്ന അടിമകളും, ജന്മിയേക്കാൾ ബലമുള്ള, എണ്ണത്തിൽ അധികമായ അടിയാളരും ദളിതരും അവർണ്ണരും എന്തുകൊണ്ട് അവരുടെ മുൻപിൽ ഒരു ബലപ്രയോഗം പോലും നടത്താതെ ഓച്ഛാനിച്ചു നിൽക്കുന്നു എന്നാലോചിച്ചിട്ടുണ്ടോ ?
അവർക്ക് സ്വയം തങ്ങൾ മാനുഷികാവകാശങ്ങൾക്ക് അർഹരാണ് എന്ന് തോന്നിയാലല്ലേ അവർ ഒരു ചെറുത്തു നിൽപ്പിനെങ്കിലും തുനിയുള്ളൂ. മനുഷ്യരാണ് എന്ന ബോധം അവരിൽ നിന്ന് എന്നേ കവർന്നെടുത്തു കഴിഞ്ഞു.ഹ്യൂമൻ റെസ്‌പെക്ട് എന്നത് അവർക്ക് ഒരിക്കലും തോന്നാതിരിക്കാനാണ് അവരെ നിലത്തു കുഴി കുത്തി, അതിൽ ഇല വെച്ച് കഞ്ഞി കൊടുത്തിരുന്നത്, പൊതു കിണറിൽ നിന്ന് വെള്ളമെടുക്കാൻ സമ്മതിക്കാതിരുന്നത്. ആദ്യമായി ഒരു പുലയ പെൺകുട്ടി പഠിച്ച സ്‌കൂൾ കത്തിച്ചു കളഞ്ഞത് അവരിൽ ഈ ബോധം ഒരിക്കലും ഉണ്ടാവാതിരിക്കാനാണ്.
കോളനി എന്നത് ലക്ഷം വീട് കോളനി എന്നതിലെ കോളനിയാണ്. വീടില്ലാത്ത നിർധനർക്ക് വേണ്ടി അച്യുതമേനോൻ സർക്കാർ നടപ്പിലാക്കിയ പദ്ധതി ആണിത്. സ്വാഭാവികമായും ദളിതർ ആയിരുന്നു അതിന്റെ ആദ്യ അവകാശികൾ. അങ്ങനെ കേരളത്തിലെ ലക്ഷം വീട് കോളനികൾ ദളിതർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളായി മാറി. അവിടെ ദളിതർ മാത്രമായി മാറിയപ്പോൾ അതൊരു സ്വാഭാവിക ഭ്രഷ്ട് പോലെയായി. പൊതു സമൂഹം കോളനികളെ പുറമ്പോക്കുകളായി കണ്ടു ദൂരെ മാറ്റി നിർത്തിത്തുടങ്ങി. ഇന്നും ആ വിഭജനം കേരള സമൂഹത്തിൽ അതേപോലെ തുടരുന്നുണ്ട്. ആ വംശീയതയുടെയും ജാതീയതയുടെയും ഏറ്റവും പുതിയ പച്ചത്തെറിയാവിഷ്കാരമാണ് കോളനി വാണമെന്നത്.
വർഗ്ഗവും ജാതിയും ഇഴചേർന്നു കിടക്കുന്നൊരു പ്രയോഗമാണ് ഈ സന്ദർഭത്തിൽ കോളനി എന്നത്. അത്തരം ദളിത് കോളനികളിൽ നിന്ന് വരുന്ന ദാരിദ്ര്യം പിടിച്ച, കറുത്ത നിറമുള്ള, ചുരുണ്ട മുടിയുള്ള, തടിച്ച ചുണ്ടുകളുള്ള, കഷണ്ടിയുള്ള, പൊക്കം കുറഞ്ഞ, മെലിഞ്ഞ / തടിച്ച ശരീരമുള്ള, മുഖക്കുരുവുള്ള, നിരയൊപ്പിച്ച പല്ലുകൾ ഇല്ലാത്ത; അങ്ങനെ ആറടിക്കും അതിനൊപ്പിച്ച ശരാശരി തടിക്കും വെളുത്ത നിറത്തിനും പുറത്തുള്ള ശാരീരിക വ്യത്യാസമുള്ള നീ എന്ന ജന്തു ഇവിടെവേണ്ട. യു ഡോണ്ട് ബിലോങ് ഹിയർ യു ആനിമൽ – അതാണ് മെസ്സേജ്.
നിന്നെ വേണ്ടാത്തതുപോലെ നിന്റെ കഴിവും അഭിപ്രായവും ഒന്നും വേണ്ട. അതാണ് “നീ ഏതാടാ കോളനി വാണമേ ? ” എന്ന വിളി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ഫേക്ക് പ്രൊഫൈലും കൂടിയുണ്ടെങ്കിൽ മുൻപിൽ കാണുന്ന ആരെയും ഇത് വിളിച്ചു നിശ്ശബ്ദനാക്കാം. അനോണിമിറ്റിയുടെ സ്വാതന്ത്ര്യത്തിലിരുന്ന് കഴപ്പിന്റെ ആവിഷ്കാരങ്ങൾ പ്രകടിപ്പിക്കുന്നവർ വിളിക്കുന്ന തെറികളിൽ ഏറ്റവും നീചമായത്.
ഇന്നലെ രജത് കുമാർ ഒരു സാമൂഹിക ദുരന്തമാണെന്നു പറഞ്ഞ പോസ്റ്റിൽ അതിനോട് യോജിച്ചവരെ രജത് കുമാർ ഫാൻസ്‌ എന്ന സാമൂഹിക ദുരന്തങ്ങൾ ആക്ഷേപിച്ചത് അവരെ കോളനി വാണങ്ങൾ വിളിച്ചായിരുന്നു. പിന്നെ അയാൾ പറയുന്നതിന് മറുപടി കൊടുക്കുക പോയിട്ട് അയാൾ പറയുന്നത് കേൾക്കുക കൂടി വേണ്ടല്ലോ. ഒരാളുടെ ഭാര്യയെ തന്നെ ഇങ്ങനെ അധിക്ഷേപിച്ചിരുന്നു.
ഇവരുടെ ഗ്രൂപ്പുകളിൽ ചെന്നാൽ അറിയാം ബിഗ് ബോസിലെ മറ്റൊരു പാർട്ടിസിപ്പന്റായ മഞ്ജുവിനെ ഇതേ തെറി കൊണ്ട് മൂടുന്നത്. കാരണമോ ? അവരുടെ നിറവും വണ്ണവും, അതുവെച്ചു ഊഹിക്കുന്ന അവരുടെ വർഗ്ഗവും !
വീണ നായർക്ക് ഈ ഗതികേടില്ല. കാരണം സവർണ്ണയാണല്ലോ. പവന് ഒട്ടുമില്ല.- കാരണം “ഒത്ത” പുരുഷനാണല്ലോ. കേരളത്തിലെ സകല സെപ്റ്റിക് ടാങ്കുകളെയും രജത് കുമാർ സ്വാഭാവികമായി ആകർഷിക്കുന്നുണ്ട് എന്നത് അത്ഭുതകരമാണ്.
Advertisements