ശ്രീനിവാസ ഗൗഡ ബോൾട്ടിനെ തോൽപ്പിച്ചാലും ഇല്ലെങ്കിലും ഇവിടെ ഒന്നും മാറാൻ പോകുന്നില്ല, തോൽപ്പിച്ചാലും അതിൽ അഭിമാനിക്കാൻ വേണ്ടി ആരുമൊന്നും ചെയ്തിട്ടില്ല

192
RJ Salim എഴുതുന്നു 
പത്താം ക്ലാസ് വരെ സ്‌കൂളിൽ വർഷാവർഷം നടക്കുന്ന ഓട്ടമത്സരങ്ങളിൽ സ്ഥിരമായി ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തിയിരുന്നു. ഓട്ട മത്സരം എന്ന് പറയുമ്പോൾ വലിയ ഡെക്കറേഷനൊന്നും വിചാരിക്കരുത്. സ്‌കൂളിനോട് ചേർന്നുള്ള നീണ്ട റോഡിൽ സ്റ്റാർട്ടും ഫിനിഷും മാർക്ക് ചെയ്തത് അങ്ങ് ഓടും. ടാറിട്ട റോഡാണ് എന്നോർക്കണം. ചിലപ്പോ ചുട്ടു പഴുത്തു കിടക്കുകയാവും. എന്നാലും ആ ഹരത്തിൽ അങ്ങ് ഓടും. ഒരു “T” റോഡിന്റെ തുടക്കം മുതൽ അത് വളയുന്ന വരെയാണ് നൂറു മീറ്റർ. അതിന്റെ പകുതി 50 മീറ്റർ. ചുമ്മാ പറയുന്നതാണ് നൂറെന്നും അൻപതെന്നുമൊക്കെ. ഒരാളും അത് അളന്നു നോക്കിയിട്ടില്ല.
പിന്നെ മൂന്നാലു വർഷം കഴിഞ്ഞു ഒരു കോളേജ് ഓട്ട മത്സരത്തിൽ ഓടേണ്ട ഗതികേട് വന്നു. പത്തുപോലെയല്ല, ഘടാഘടിയന്മാരായ ഓട്ടക്കാർ നിരന്നു നിൽപ്പുണ്ട്. എനിക്കാണേൽ കൈയും കാലും വിറച്ചിട്ടു മേല. ഒന്ന് വെറുതെയെങ്കിലും ഓടിയിട്ട് കൊല്ലം രണ്ടു മൂന്നായി. ആറര അടി പൊക്കമുള്ള ഒരുത്തനുണ്ടായിരുന്നു കൂടെ ഓടാൻ. ജയ് ഭഗവാൻ എന്നോ മറ്റോ ആയിരുന്നു പേര്. അവനായിരുന്നു അവിടത്തെ സ്ഥിരം വിജയി. ഞാനൊക്കെ മൂന്നു കാലു വെയ്ക്കുമ്പോൾ അവനു ഒരു കാലു വെച്ചാൽ മതി.

ഓട്ടം തുടങ്ങാൻ നേരം, എന്റെ ക്ലാസിലെ ഒരു NCC പയ്യൻ അവിടെ വന്നു. എന്റെയത്ര പോലും പൊക്കമില്ല. ഓടണം എന്ന് പറഞ്ഞപ്പോ, അതിനെന്താ ഓടാല്ലോ എന്ന് അവൻ. ഭാഗ്യം, തോറ്റു നാണംകെടുമ്പോ ഒരുത്തനും കൂടിയായല്ലോ കമ്പനിക്ക് എന്ന സമാധാനം എനിക്ക്.

ഓട്ടം തുടങ്ങിയതേ ഓർമയുള്ളു, നമ്മുടെ NCC പയ്യൻ പാട്ടും പാടി ഭഗവാനെ തോൽപ്പിച്ചു കളഞ്ഞു. ഇതേതടാ ഈ മരഭൂതമെന്നു പറഞ്ഞു ഭഗവാൻ ഞെട്ടി പണ്ടാരടങ്ങി നിൽക്കുന്നു (അവസാനത്തിൽ നിന്ന് ആദ്യത്തിൽ തന്നെ ഞാൻ ഫിനിഷ് ചെയ്തു എന്ന് പ്രത്യേകം പറയണ്ടല്ലോ). അവൻ അന്ന് നടന്ന എല്ലാ ഓട്ട മത്സരവും ജയിച്ചു. ഭഗവാൻ എല്ലാറ്റിലും രണ്ടാമൻ.
പിന്നീട് അവനോടു ചോദിച്ചപ്പോഴാണ് മനസ്സിലായത്, അവൻ പ്രൊഫഷണലി ട്രെയിൻഡ് ആണ്. എങ്ങനെയാണു ഓടേണ്ടത് എന്നറിയാവുന്നവൻ. അന്നാണ് സ്പ്രിന്റ് എന്നത് വെറുതെ ഓടുക എന്ന പരിപാടിയല്ല എന്ന് മനസ്സിലായത്. കാറ്റിനെ ഭേദിച്ച് ഓടുമ്പോൾ വേഗത കൂടാനായി ഒരുപാടു ടെക്നിക്കുകൾ ഉണ്ട്. ഓടാനായി പ്രത്യേക രീതികളുണ്ട്. കാലുകളും കൈകളും പ്രത്യേക ആംഗിളിൽ, ശരീരത്തിന്റെ ചില ഭാഗങ്ങളിൽ ഊന്നൽ കൊടുത്തു ഒരു പ്രത്യേക രീതിയിൽ ബാലൻസ് ചെയ്തു വേണം ഓടാൻ. ഈ ടെക്നിക്കുകൾ ഏറ്റവും നന്നായി പ്രാക്റ്റിസ് ചെയ്തു, ശരീരം അതിനു വേണ്ടി ഇണക്കിയെടുക്കുന്നവൻ ജയിക്കും. ഓരോ സ്പോർട്ട്സിന്റെ കാര്യത്തിലും ഇങ്ങനെയാണ്. കൃത്യമായ ടെക്നിക്കുകൾ വശപ്പെടുത്തിയ, ശരീരം അതിനു വേണ്ടി ഇണക്കിയെടുത്ത ഫോക്കസ് ഉള്ള ആളാണ് ജയിക്കുക.
ശ്രീനിവാസ ഗൗഡ, ബോൾട്ടിന്റെ റെക്കോർഡ് ഭേദിച്ചോ ഇല്ലയോ എന്നത് ഒരു ചോദ്യം പോലുമല്ല. അങ്ങനെയൊരു വാർത്ത വന്നപ്പോൾ കേന്ദ്ര സ്പോർട്ട്സ് മന്ത്രി ട്വീറ്റ് ചെയ്തത് കണ്ടാൽ മനസ്സിലാവും എന്തുകൊണ്ടാണ് ഈ രാജ്യത്തു സ്പോർട്ട്സ് ടാലന്റ് ഉണ്ടാവാത്തത് എന്ന്. ശ്രീനിവാസ ഗൗഡയ്ക് ട്രെയിൻ ടിക്കറ്റ് (ശ്രദ്ധിക്കണം, എയർ ടിക്കറ്റല്ല) ഏർപ്പാടാക്കിയിട്ടുണ്ട്. വന്നാൽ ഉടനെ നാഷണൽ കോച്ചുകളെ കൊണ്ട് ഒഫിഷ്യൽ ട്രയൽ എടുപ്പിക്കും എന്നും, രാജ്യത്തെ സ്പോർട്ടിങ് ടാലന്റിനെ കണ്ടെത്താൻ ഏതറ്റം വരെയും പോകുമെന്നും മോദിയെ ടാഗ് ചെയ്തു പറഞ്ഞിട്ടുണ്ട്. ഉവ്വ !
മറ്റുള്ള രാജ്യങ്ങളിൽ സ്പോർട്ടിങ് ടാലൻസിനെ വിള പോലെ വെള്ളവും വളവും കൊടുത്തു വളർത്തിയെടുക്കുമ്പോൾ ഇവിടെ ഒരിക്കലും വളർന്നു വരാതിരിക്കാൻ മുഴുവൻ ഇന്റർ ലോക്കിടുകയും, അതിന്റെ ഇടയിലെ വിടവിലൂടെ അറിയാതെ പൊന്തി വന്ന നാമ്പിനെ വലിയ നേട്ടമാക്കി ആഘോഷിക്കുകയും ചെയ്യുന്ന പരിപാടിയാണ് നമ്മൾ കാണുന്നത്.
സ്പോർട്ട്സ് കൊണ്ട് ജീവിക്കാൻ പറ്റുന്നൊരു അന്തരീക്ഷം ഇല്ലാത്തതിന്റെ കുറവ്, സർക്കാർ പിന്തുണ ഇല്ലാത്തത്, അക്കാദമിക് മികവിന് വേണ്ടി മാത്രം പണിയെടുക്കുന്ന, മര്യാദയ്‌ക്കൊരു ഗ്രൗണ്ട് പോലുമില്ലാത്ത സ്‌കൂളുകൾ, സ്പോർട്ട്സ് ട്രെയിനിങ് എന്നത് കേട്ട് കേൾവി മാത്രമുള്ള വിദ്യാഭ്യാസ സംസ്കാരം, ഭീമമായ ചിലവുള്ള പ്രൈവറ്റ് സ്പോർട്ട്സ് അക്കാദമികൾ, സ്പോർട്ടിങ് ടാലൻസിനെ ഐഡന്റിഫൈ ചെയ്യാനോ, ഗ്രൂമ് ചെയ്യാനോ, ട്രെയിനിങ് കൊടുക്കാനോ ചാംപ്യൻഷിപ്പുകളിലേക്ക് പ്രിപ്പയർ ചെയ്യിപ്പിക്കാനൊരു പ്രോപ്പർ കോച്ചിനെ പോലും കിട്ടാത്ത അക്കാദമികൾ തുടങ്ങി എഞ്ചിനിയറിങ്ങും മെഡിസിനും എന്ന രണ്ടു വഴി മാത്രമായി ചുരുങ്ങുന്ന പേരൻസിന്റെ നിർബന്ധം, യാതൊരു വിധ സാമ്പത്തിക സഹായവും ഓഫർ ചെയ്യാത്ത ഭരണകൂടം അങ്ങനെ കാരണങ്ങൾ നിരവധി നിരവധി. അടിസ്ഥാനപരമായി ഒരു സ്പോർട്ട്സ് കൾച്ചർ എന്താണെന്നു പോലും നമുക്കറിയില്ല. ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ ഷൂട്ടർ അഭിനവ് ബിന്ദ്ര പോലും തന്റെ സമ്പന്നമായ കുടുംബ പശ്ചാത്തലം ഒരുക്കി തന്ന സൗകര്യത്തിലാണ് പരിശീലനം ചെയ്തത്.
ഒരു ആവറേജ് ഇന്ത്യൻ ശരീരം ഇന്റർനാഷണൽ സ്റ്റാൻഡേഡിൽ പരിശീലനം നേടി അതിനു വേണ്ടി സജ്ജമാവാൻ, ശക്തമാവാൻ, അതിനു വേണ്ട ഭക്ഷണ സൗകര്യമൊരുക്കാൻ നിങ്ങളൊരു സമ്പന്നനാവാതെ സാധിക്കില്ല. കേരളത്തിൽ, വാർത്തകൾ ശ്രദ്ധിച്ചാലറിയാം, ഓട്ടത്തിനും മറ്റും മെഡൽ കിട്ടുന്ന മിക്കവാറും പേര് പാവപെട്ട ചുറ്റുപാടിൽ നിന്ന് വരുന്നവരായിരിക്കും. അവരൊക്കെയും പിന്തുണയില്ലാതെ, സ്പോർട്സിനെ പഠിത്തത്തിന്റെ ഒരു “സൈഡ്” മാത്രമാക്കി പത്തിലോ പന്ത്രണ്ടിലോ വെച്ച് ഈ പരിപാടി തന്നെ നിർത്തും. പഠിക്കാനുള്ള കാശില്ലാത്തവർക്ക് പരിശീലനത്തിനുള്ള സൗകര്യം എവിടന്നാണ്‌. അതുപോലും നൽകാത്തവരാണ് കാളയോട്ടത്തിനു വന്ന ഒരാളുടെ അറിയാതെയുള്ള വേഗതയുടെ ഊറ്റം പറഞ്ഞു അഭിമാനിക്കാൻ നോക്കുന്നത്.
മഞ്ഞൾ വെള്ളം ഉച്ചഭക്ഷണത്തിനു കലക്കി കൊടുക്കുന്ന ബീഹാറും യൂപിയും പോലെയുള്ള സ്ഥലങ്ങൾ ഉള്ള രാജ്യം കൂടിയാണ് ഇന്ത്യ. നമുക്കിന്നും വിദ്യാഭ്യാസം ബ്രിട്ടീഷുകാർ ഉണ്ടാക്കിയ ക്ലർക്കുമാരെ ഉൽപ്പാദിപ്പിക്കുന്ന വ്യവസ്ഥയാണ്. അനുസരണ ശീലമുള്ള ഗുമസ്തന്മാരെ മാത്രമാണ് നമ്മുടെ സിസ്റ്റം ഉണ്ടാക്കുന്നത്. ശ്രീനിവാസ ഗൗഡ ബോൾട്ടിനെ തോൽപ്പിച്ചാലും ഇല്ലെങ്കിലും ഇവിടെ ഒന്നും മാറാൻ പോകുന്നില്ല. തോൽപ്പിച്ചാലും അതിൽ അഭിമാനിക്കാൻ വേണ്ടി ആരുമൊന്നും ചെയ്തിട്ടില്ല.