LIC വിൽക്കുന്നത് ഇൻഫ്രാസ്ട്രക്ച്ചർ ഉണ്ടാക്കാനാണ് എന്നാണ് നിർമ്മല സീതാരാമൻ പറയുന്നത്, കഴുക്കോലൂരി ക്രിക്കറ്റ് ബാറ്റുണ്ടാക്കുന്ന പരിപാടിയാണ്

198

RJ Salim

“ഇന്റർനെറ്റ് മുഴുവനും നിർമലാ സീതാരാമൻ പൊതു സ്ഥാപനങ്ങൾ വിൽക്കുന്നതിനെക്കുറിച്ചുള്ള ട്രോളുകളാണ്. സംഭവങ്ങളുടെ ഗ്രാവിറ്റി അറിയാഞ്ഞിട്ടാണ് ഇതിനെ ഇത്രയും ലളിതവൽക്കരിക്കാൻ സാധിക്കുന്നത്. ഇന്റർനെറ്റ് യുഗത്തിൽ ട്രോളുകൾ പ്രതിഷേധ / പരിഹാസ മാർഗ്ഗങ്ങൾ ആകുമ്പോഴും ട്രോളുകൾ കൊണ്ടും മീമുകൾ കൊണ്ടും കണ്ടെയിൻ ചെയ്യാൻ സാധിക്കാത്ത ആഴത്തിലുള്ള വിഷയങ്ങളാണ് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യത്തെ ഓരോ മനുഷ്യരുടെ ഓരോ ദിവസത്തെ ജീവിതത്തിലും മോശപ്പെട്ട മാറ്റങ്ങൾ ഉണ്ടാക്കാൻ പോന്നവയെ വെറുതെ ട്രോളുകൾ കൊണ്ട് ചിരിപ്പിച്ചു സാധാരണവൽക്കരിക്കുമ്പോൾ ഉണ്ടാകേണ്ടിയിരുന്ന പ്രതിഷേധങ്ങളുടെ ആയുസ്സാണ് കെട്ട് പോകുന്നത്. വെറും നാൽപ്പത്തഞ്ചു കോടിയുടെ ഡെഫിസിറ്റ് പറഞ്ഞാണ് JNU വിന്റെ ഫീസ് കൂട്ടിയത്. നാൽപതു ശതമാനത്തോളം ലോവർ ഇൻകം ഗ്രൂപുകളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണ് JNU എന്നോർക്കണം. അവിടെ നിങ്ങൾ കൂട്ടുന്ന ഓരോ രൂപ ഫീസും പാവപ്പെട്ട വിദ്യാർത്ഥിയെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. അടുത്ത തലമുറയിലേക്കുള്ള നിക്ഷേപമായി കണക്കാക്കേണ്ട വിദ്യാഭ്യാസത്തിനെയാണ് അവർ ഇങ്ങനെ ലാഭ നഷ്ട കണക്ക് പറഞ്ഞു കൊല്ലുന്നത്. നാൽപ്പത്തഞ്ചു കോടി രൂപയുടെ ഡെഫിസിറ്റ് കണ്ട് നികുതിപ്പണത്തിനു വേണ്ടി വാദിക്കുന്നവരുടെ മൂക്കിനടിയിലൂടെ മൂവായിരം കോടി രൂപയുടെ പ്രതിമ അവർ ഉണ്ടാക്കിയപ്പോൾ ഈ ടാക്സ് അടച്ചോളികൾക്ക് ഒരു മിണ്ടാട്ടവുമില്ല.

പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ഫീസ് കൂട്ടിയത് പത്തു ശതമാനമാണ്. ഇങ്ങനെ എത്രയോ പ്രീമിയർ ഇൻസ്റ്റിറ്റിയൂട്ടുകളിൽ അവർ ഫീസ് വർധിപ്പിച്ചു. എൻട്രി റെസ്ട്രിക്ട് ചെയ്യുക. വിദ്യാഭ്യാസം അരാഷ്ട്രീയ ധനാഢ്യരുടെ മാത്രം അവകാശമാക്കുക എന്നതാണ് നയം. പിന്നെ JNU പോലുള്ള ലെഫ്റ്റിസ്റ്റ് ഹബുകളുടെ പ്രവർത്തനം ഇല്ലാതാക്കുക.

2013- 14 ഇൽ വെറും 0.9 ശതമാനമാണ് ഇന്ത്യയുടെ മുഴുവൻ ബജറ്റിൽ നിന്ന് വിദ്യാഭാസത്തിനു വേണ്ടി നീക്കി വെച്ചത്. ഒരു ശതമാനം പോലുമില്ല. 2018 -19 ആയപ്പോൾ അത് 0.2 ശതമാനമായി ഏറക്കുറെ ഇല്ലാതായി എന്ന് തന്നെ പറയുന്ന അവസ്ഥയിലേക്ക് മാറി. എഴുപത്തഞ്ചു വർഷങ്ങൾക്ക് ശേഷവും നമ്മുടെ രാജ്യം ഒരു ദരിദ്ര്യ, അഴിമതി നിറഞ്ഞ, അനീതിയുടെ നാടായി തന്നെ നിൽക്കുന്നതിൽ അപ്പോൾ എന്താണ് അത്ഭുതം ?

നിർമലാ സീതാരാമന്റെ ഓരോ ഡിസ് ഇൻവെസ്റ്റ്മെന്റ് പ്രഖ്യാപനവും വളരെ വിഷമത്തോടെയും നിരാശയോടെയുമാണ് കേൾക്കാൻ സാധിക്കുന്നത്. പെട്രോളും ഡീസലും സ്വകാര്യ കമ്പനികൾക്ക് വില നിശ്ചയിക്കാം എന്ന അവസ്ഥ വന്നപ്പോൾ മുതൽ പൊതു ജനത്തിന്റെ എത്ര സമ്പത്താണ് നഷ്ടമായത്.?! അതുവഴി എത്ര സാധനങ്ങളുടെ വില കൂടിയിരിക്കുന്നു.

നമുക്ക് ഒരു എയർ ഇന്ത്യ ഉണ്ടായിരുന്നതുകൊണ്ടാണ് താരതമ്യേന ട്രാഫിക് കുറവായ ഇന്ത്യയുടെ നോർത്ത് ഈസ്റ്റിലേക്ക് സർവീസുകൾ ഉണ്ടായിരുന്നത്. എയർ ഇന്ത്യ ടാറ്റയോ അംബാനിയെ ഏറ്റെടുത്താൽ അവർക്ക് അത് അനായാസം റദ്ദാക്കാം. നഷ്ടമാവുന്നത് ഇന്ത്യയുടെ ഒരു ഭാഗത്തിനോടുള്ള കണക്റ്റിവിറ്റിയാണ്. ഇതുപോലെയാണ് ഓരോന്നും.

സർക്കാർ സ്ഥാപനങ്ങൾ വെറും ലാഭ നഷ്ടം എന്ന ബൈനറിയിലല്ല നടത്തപ്പെടേണ്ടത്. അത് സർക്കാർ അതിന്റെ ജനങ്ങൾക്ക് നൽകുന്ന സർവീസാണ്. LIC വിൽക്കുന്നത് ഇൻഫ്രാസ്ട്രക്ച്ചർ ഉണ്ടാക്കാനാണ് എന്നാണ് നിർമ്മല സീതാരാമൻ പറയുന്നത്. കഴുക്കോലൂരി ക്രിക്കറ്റ് ബാറ്റുണ്ടാക്കുന്ന പരിപാടിയാണ്. എന്റെയും നിങ്ങടെയും നികുതിപ്പണം കൊണ്ട് നമുക്ക് വേണ്ടി നിർമ്മിച്ച സ്ഥാപനങ്ങളെയാണ് ഇങ്ങനെ വിറ്റു തുലയ്ക്കുന്നത്. എത്ര വെള്ളാനയാണെങ്കിലും അതിനെ നന്നാക്കാനാണ് നോക്കേണ്ടത്.

ഇനി ലോ ആൻഡ് ഓർഡർ കൂടി വിൽപ്പനയ്ക്ക് വെച്ച് അംബാനി അതും ഏറ്റെടുത്തു നടത്തുന്ന കാലവും ഉണ്ടായേക്കാം. പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി കൊടുക്കുമ്പോൾ ഇത്ര കാശടയ്ക്കണം എന്ന് അവർ ആവശ്യപ്പെടും. കൂടുതൽ പേയ് ചെയ്യുന്നവന് പ്രീമിയം സർവീസ്, കാശില്ലാത്തവന് നീതിയുമില്ല, സുരക്ഷയുമില്ല. അങ്ങനെ പോലീസ് സ്റ്റേഷനും ലാഭത്തിലാക്കി എന്ന് മേനി നടിക്കാം.
തെരുവിൽ ജട്ടിക്കച്ചവടം ചെയ്യുന്നതുപോലെ നമ്മുടെ ഓരോന്നും അവർ എടുത്തു വിൽക്കുകയാണ്. അവരുണ്ടാക്കിയതല്ലാത്തതു കൊണ്ടു അവർക്ക് വേദനിക്കില്ല. പക്ഷെ നമുക്ക് വേദനിക്കേണ്ടതാണ്. ഇല്ലെങ്കിലെന്തോ പ്രശ്നമുണ്ട് എന്നാണർത്ഥം.”