RJ Salim
പുസ്തക പരിചയം
രാഷ്ട്രീയം ഒട്ടുമില്ലാത്ത ഒരു പുസ്തകം പരിചയപ്പെടുത്താം എന്ന് കരുതുന്നു. ഈ തീവ്ര രാഷ്ട്രീയ ചേരി തിരിവുകളുടെ കാലത്തു നമുക്ക് കുറച്ചു നേരം മനസ്സ് തുറന്ന് ഉല്ലസിക്കാനൊരു പുസ്തകം. അതാണ് വിചാരധാര. എഴുതിയത് മഹാത്മാ ഗുരുജി ഗോൾവാൾക്കർ. പച്ചയായ ജീവിത ഗന്ധിയായ അവതരണം കൊണ്ട് വായനക്കാരന്റെ ഇടനെഞ്ചു കിനിയുന്ന അക്ഷരോപാസന. ചിന്തയുടെ ഔന്നത്യത്തിന്റെ ഉത്തുംഗശൃംഗ ഗിരിരാജപർവം.
ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ച് ഒരു നുറുങ്ങു ഹാസ്യം വായിക്കുന്ന ലാഘവത്തോടെ വായിച്ചു തീർക്കാമെങ്കിലും മനസ്സിന്റെ ഏതോ കോണിലൊരു സ്നേഹസുരഭില സായന്തനാനുഭവം സമ്മാനിക്കുന്നു വിചാരധാര. ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദു ജനത മുസ്ലിമുകളെ ഭൂരിപക്ഷത്തിലേക്ക് ഉൾച്ചേർക്കേണ്ടത് മുസ്ലിമുകളുടെ വിശ്വാസത്തിൽ സൗജന്യം അനുവദിച്ചുകൊണ്ടാകരുത് എന്ന് ഗുരുജി അരുൾ ചെയ്യുന്നു. എത്ര മഹത്തരമായ ദർശന സംഹിത.
നാം ഹിന്ദുക്കൾ ജനിക്കുന്നതിന് മുൻപേ അമ്മയുടെ ഗർഭപാത്രത്തിൽ വെച്ച് തന്നെ ഹിന്ദുക്കളാകുന്നു. പക്ഷെ മറ്റുള്ളവർ നാമമില്ലാത്ത മനുഷ്യരായി ജനിച്ചു സുന്നത് ചെയ്യപ്പെടുകയോ മാമോദീസ മുക്കപ്പെടുകയോ ചെയ്തു മുസ്ലിമോ ക്രിസ്ത്യാനിയോ ആവുന്നു എന്ന് ഗുരുജി പറയുമ്പോൾ നമ്മുടെ ഹൃദയം സ്നേഹം കൊണ്ട് നിറയുന്നു.
കമ്മ്യൂണിസ്റ്റുകളോട് ഒരു പ്രത്യേക മാതൃ വാത്സല്യ കനിവോടെ ഗുരുജി സംസാരിക്കുന്നു. കേരളത്തിൽ പാശ്ചാത്യ ശക്തികൾ ക്രിസ്തീയമതം പ്രചരിപ്പിക്കുക വഴി തകർന്ന് ശിഥിലമായ വിശ്വാസത്തിന്റെ സാഹചര്യത്തിലാണ് കേരളമൊരു കമ്മ്യുണിസ്റ്റ് കേന്ദ്രമായതെന്നു ഗുരുജി തേനൂറും അലിവോടെ നിരീക്ഷിക്കുന്നു.മാത്രമല്ല ആഭ്യന്തര ശത്രുക്കളായി ഗുരുജി കൽപ്പിച്ചിരിക്കുന്നത് മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും കമ്യുണിസ്റ്റുകാരെയുമാണല്ലോ എന്നതും ഗുരുജിക് ഇവരോടുള്ള സ്നേഹ വാത്സല്യങ്ങൾ വെളിവാക്കുന്നു.
വിചാരധാരയുടെ പാരായണ മനനം വഴി രാജ്യസ്നേഹ വികാരങ്ങൾ നമ്മുടെ ഹൃദയത്തിന്റെ ദയാവായ്‌പിൽ അനുശ്ശതം വർദ്ധിക്കുകയും അനന്തരം കാണാനിടയുള്ള മുസ്ലിമുകളെയും കമ്മ്യുണിസ്റ്റുകളെയും ക്രിസ്ത്യാനികളെയും നാം വടി കൊണ്ടോ ശൂലം കൊണ്ടോ ദണ്ഡ് കൊണ്ടോ സ്നേഹിക്കാനും ഇടയാക്കുന്നു. വെറും ചീഞ്ഞ രാഷ്ട്രീയം മാത്രം ചർച്ച ചെയ്യുന്ന നമ്മുടെ കാലത്തു കൽപാന്ത കാലത്തോളം നിലനിൽപുള്ള, പൂർണ്ണമായും രാഷ്ട്രീയ മുക്തമായ ഒരു അനന്യ സൃഷ്ടിയാണ് ഈ പുസ്തകം. ഒരു രാഷ്ട്രീയ മുക്ത വായന ആശംസിക്കുന്നു.
ജെയ് ഭാരതാംബ
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.