പാപ്പനിൽ ജ്യൂവൽ മേരി ചെയ്ത കഥാപാത്രത്തെ കുറിച്ച് ചിത്രത്തിന്റെ രചന നിർവഹിച്ച ആർ ജെ ഷാൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പ്
ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !
ആരായിരുന്നു പ്രിയ നളിനി . സിനിമയിൽ അവരുടെ ചിന്തകൾക്ക് ആഴമുണ്ട് എന്ന് ഒരുപക്ഷെ പ്രേക്ഷകന് കൃത്യമായും മനസിലായിരിക്കണം . പക്ഷെ , അതെവിടെ തുടങ്ങി .എന്തിനോടും പൂർണ വ്യക്തത ഉള്ള ഒരു എഴുത്തുകാരി , ദ്രൗപതി എന്ന ഡോക്ടർ പ്രിയ നളിനി !
ആദ്യ കാലത്തെ മനുഷ്യൻ നരൻ ആണോ നരഭോജി ആയിരുന്നോ എന്ന ചോദ്യം ഉള്ളിൽ കത്തിയപ്പോൾ ആണ് ഒരു ഡോക്ടർ ആയ പ്രിയ നളിനി , ദ്രൗപദി എന്ന എഴുത്തുകാരി ആവാൻ തീരുമാനിക്കുന്നത് . ‘മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതു എന്തിനു’ , എന്ന ചോദ്യത്തിനു ഉത്തരം തേടി ഉള്ള ഒരു അന്വേഷണം കൂടി ആണ് പാപ്പൻ . ആ ചോദ്യത്തിന് അറിഞ്ഞോ അറിയാതെയോ സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ പലപ്പോഴായി അവരവരുടെ കാഴ്ചപ്പാടുകളിൽ ഉത്തരം കൊടുക്കുന്നുണ്ട് . എന്നാൽ , ഏറ്റവും ശ്രദ്ധേയമായ ഉത്തരങ്ങളിൽ ഒന്ന് നൽകുന്നത് ദ്രൗപദി ആണ് .
പണ്ട് ഒരു റേഡിയോ ഷോയിൽ അഥിതി ആയി വന്നപ്പോൾ , കേരളത്തിലെ അതി പ്രശസ്തനായ ഒരു ഡോക്ടർ എന്നോട് പറഞ്ഞിരുന്നു , “കണ്മുന്നിൽ ജീവൻ ശരീരത്തിൽ നിന്ന് അടർന്നു പോകുന്നത് കാണുമ്പോൾ , ഉള്ളിൽ ഭയം കലർന്ന ഒരു അത്ഭുതം ഉണ്ടാകാറുണ്ട് ! ആ സെക്കന്റിന്റെ ഒരു അംശത്തെ പിടിച്ചു നിർത്താൻ വേണ്ടി ആണല്ലോ ഞങ്ങൾ ഒക്കെ ജീവിക്കുന്നത് എന്ന്.”
എന്റെ ഉള്ളിൽ ഉടക്കിയ ഈ ചിന്തയിൽ നിന്നാണ് ഡോക്ടർ പ്രിയ നളിനി ജനിക്കുന്നത് . ദ്രൗപദിയെ ഇഷ്ടമായി എന്നറിയുമ്പോൾ സന്തോഷം . സിനിമയിൽ ഈ രംഗം സംഭവിക്കുന്ന മർമ്മ പ്രധാനമായ ഒരു സാഹചര്യത്തിൽ ആണ് . സംഭവിക്കാൻ പോകുന്നത് എന്ത് എന്നറിയാൻ ആളുകൾ ത്രസിച്ചിരിക്കുമ്പോളും , മനുഷ്യനും മരണവും കൊലപാതകവും തമ്മിൽ ഉള്ള കൗതുകം നഷ്ടമാവരുത് എന്ന് ജോഷി സാറിന് നിർബന്ധമായിരുന്നു . അത് കൊണ്ട് ജീവിതം ഒരിടത്തു ഭയപെടുത്തുമ്പോൾ മറ്റൊരിടത്തു നർമ്മം സമ്മാനിക്കും എന്ന തിരക്കഥയിലെ ചിന്തയെ , ജോഷി സർ മനോഹരമായി വിജയരാഘവനിലൂടെയും (കുട്ടേട്ടൻ) സുരേഷേട്ടനിലൂടെയും സമ്മാനിക്കുന്നുണ്ട്.
ആ രംഗം ഒരുപക്ഷെ ഇനി ഓർക്കുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലായേക്കാം . സുരേഷേട്ടനും കുട്ടേട്ടനും മത്സരിച്ചു അഭിനയിച്ച രംഗമാണ് ഇതെങ്കിലും , ഉള്ളിൽ എവിടെയോ ഒരു ആളൽ ,സമ്മാനിച്ചത് പ്രിയ നളിനി ആണ് . ജ്യൂവൽ മേരി അതിനെ മനോഹരമാക്കി .രഹസ്യ , ദി കില്ലർ ഹാസ് എ പാസ്ററ് !എന്ന്
എഴുത്തുകാരിയെ സൃഷ്ടിച്ച എഴുത്തുകാരൻ.