ആർ എൽ വി രാമകൃഷ്ണൻ എന്ന കലാകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്തയോട് ജാതിയില്ലാ കേരളമെന്ന് ആർത്തു വിളിച്ചു നടക്കുന്നവർ എങ്ങനെയാകും പ്രതികരിക്കുക?

49

Sreeja Neyyattinkara

ആർ എൽ വി രാമകൃഷ്ണൻ എന്ന കലാകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്തയോട് ജാതിയില്ലാ കേരളമെന്ന് ആർത്തു വിളിച്ചു നടക്കുന്നവർ എങ്ങനെയാകും പ്രതികരിക്കുക? രാമകൃഷ്ണൻ, കേരളത്തിന്റെ ജനപ്രിയ കലാകാരൻ കലാഭവൻ മണിയുടെ സഹോദരൻ കൂടെയാണ് … ആപാദചൂഡം സവർണ്ണതയിൽ മുങ്ങി നിൽക്കുന്ന മലയാള സിനിമയ്ക്കുള്ളിൽ മണി നേരിട്ട ജാതിവിവേചനം ചെറുതല്ല എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്…

കേരള സംഗീത നാടക അക്കാദമിയിൽ നിന്ന് ജെൻഡറിന്റെ പേരിൽ താൻ മാറ്റി നിർത്തപ്പെട്ടിരിക്കുന്നു എന്ന് രാമകൃഷ്ണൻ തന്നെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വീഡിയോയിലൂടെ നമ്മളെ അറിയിച്ചതാണ്… അന്ന് തന്നെ ഞാനും പ്രിയ സുഹൃത്ത് റെനിയും തമ്മിൽ സംസാരിച്ചതോർക്കുന്നു ജെൻഡർ ആണോ ജാതി ആണോ എന്നുള്ളിടത്താണ് എനിക്ക് സംശയം എന്ന് ഞാൻ റെനിയോട് പറയുമ്പോൾ നിസംശയം അത് ജാതി വിവേചനം ആണെന്ന് റെനി പറഞ്ഞതോർമ്മയിലുണ്ട് … കേരള സംഗീത നാടക അക്കാദമിയുടേത് ജാതി വിവേചനമാണെന്നും അത് തുറന്നു പറയാനുള്ള മടിയാണ് ജെൻഡർ പ്രശ്നമായി അഡ്രസ് ചെയ്തതെന്നും ഉറപ്പാണ്…

രാമകൃഷ്ണൻ എന്ന കലാപ്രതിഭയെ അതും ഇടതുപക്ഷക്കാരനായ പു ക സ യുടെ അംഗമായ ഒരാൾക്ക് പോലും കേരളത്തിൽ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ സാഹചര്യം നില നിൽക്കുക.. എന്തൊരു കഷ്‌ടമാണിത്…. അക്കാദമിയാൽ അപമാനിതനായ ആ മനുഷ്യൻ ഉള്ളു നീറി ആത്മഹത്യക്ക് ശ്രമിച്ചത് നവോത്ഥാന കേരളത്തിലാണ്.. പുരോഗമന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ്…

വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് രാമകൃഷ്ണൻ വികസിപ്പിച്ചെടുത്ത പ്രതിഭയെ കേരള സംഗീത നാടക അക്കാദമി അംഗീകരിച്ചാൽ അക്കാദമിക്ക് വിമർശനം ഏറ്റു വാങ്ങേണ്ടി വരുമത്രെ 😠… അത് അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കുന്ന പോലാണത്രെ😠…. രാമകൃഷ്ണന് അവസരം കൊടുത്താൽ അക്കാദമിയുടെ ഇമേജ് നഷ്‌ടപ്പെടുമത്രെl😠…അഥവാ സവർണ്ണരുടെ വിമർശനം ഏറ്റു വാങ്ങി സവർണ്ണത എന്ന ‘ഇമേജ്’നഷ്‌ടപ്പെടുത്താൻ നായർ ഇമേജിൽ അഭിരമിക്കുന്ന സെക്രട്ടറി രാധാകൃഷ്ണന് പറ്റില്ലത്രെ😠 അതെ സവർണ്ണത എന്ന കുടത്തെ ഉടയാതെ സൂക്ഷിക്കുന്ന ആ ജാഗ്രതയുണ്ടല്ലോ അതിന്റെ പേരാണ് നായരേ ജാതി… ആ ജാതി അധികാരരൂപം പൂണ്ടതിന്റെ പരിണിത ഫലമാണ് ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളി… ഉത്തർ പ്രദേശിൽ കണ്ടു കൊണ്ടിരിക്കുന്നത് ആ ജാതിയുടെ പൂണ്ടു വിളയാട്ടമാണ്…

സവർണ്ണത എന്ന കുടവും കെട്ടിപ്പിടിച്ചു കേരള സംഗീത നാടക അക്കാദമിയിൽ അടയിരിക്കുന്ന സെക്രട്ടറി രാധാകൃഷ്ണൻ നായർ ഏല്പിച്ച അപമാനഭാരത്താൽ നീറിപുകഞ്ഞു ഉറക്കം പോലും നഷ്‌ടപ്പെട്ട് ഉള്ളു പൊള്ളിയെഴുതിയ രാമകൃഷ്ണന്റെ ഒരു കുറിപ്പുണ്ട് എഫ് ബിയിൽ … അതിലദ്ദേഹം താണ്ടിയ വഴികളെ കുറിച്ച് പറയുന്നുണ്ട് കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് ചിലങ്ക വാങ്ങാൻ കാശില്ലാത്തത് കാരണം മറ്റുള്ളവരുടെ ചിലങ്ക വാങ്ങി കെട്ടി താൻ നടത്തിയ അതിജീവന പോരാട്ടത്തെ അദ്ദേഹം ആ കുറിപ്പിൽ വരച്ചിടുന്നുണ്ട്…

ചിലങ്കകളെ ഹൃദയ താളമാക്കി കൊണ്ട് നടക്കുന്ന ആ മനുഷ്യന്റെ ഹൃദയത്തെ മുറിവേല്പിച്ചദ്ദേഹത്തെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച രാധാകൃഷ്ണൻ നായരെ കേരള സംഗീത അക്കാദമി സെക്രട്ടറി സ്ഥാനത്ത് നിന്ന് സർക്കാർ അടിയന്തിരാമായി നീക്കം ചെയ്യണം.രാമകൃഷ്ണൻ ഏറെ ആഗ്രഹിച്ച കേരള സംഗീത നാടക അക്കാദമി വേദിയിൽ അദ്ദേഹത്തിന് അവസരം നൽകണം
ലിംഗ – ജാതി വിവേചനങ്ങളെടുത്ത് തോട്ടിൽ കളയണം…