സവർണ്ണ മേധാവിത്വം വാണ മോഹിനിയാട്ടരംഗത്ത് ഒരു പുരുഷൻ പുരുഷ വേഷത്തിൽ എത്തിയത് ഈ രംഗത്തെ ചില അമ്മമാർക്ക് കല്ലുകടിയായി

278

Rlv Ramakrishnan 

ഞാൻ ഒരു പറയ കുടിയിൽ ജനിച്ച പറയ ചെക്കനാണ് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങട്ടെ.ജാതി, മതം എന്നുള്ളത് നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ഒരു വസ്തുത തന്നെയാണ്. എന്നാൽ വിവേചനങ്ങൾ ഈ നൂറ്റാണ്ടിലും നിലനിൽക്കുന്നു എന്നുള്ളതാണ് അടുത്തിടെ നടന്നു കൊണ്ടിരിക്കുന്ന പ്രധാന സംഭവങ്ങൾ ചൂണ്ടി കാണിക്കുന്നത്.ഈ വിവേചനം ഏറെ കൂടുതൽ ഉള്ളത് കലാ രംഗത്താണ്. നൃത്തരംഗത്തേക്ക് എത്തുമ്പോൾ വർണ്ണവും വർഗ്ഗവും കൂടി അതിന്റെ ആധിക്യം വർദ്ധിപ്പിക്കും. ശാസ്ത്രീയ നൃത്തരംഗത്ത് നിരവധി പ്രതിഭകൾ ഈ കാരണം കൊണ്ട് അരങ്ങൊഴിഞ്ഞു പോയവരുണ്ട്. ചിലർ അവിടെ ഇവിടെ കഷ്ടിച്ച് പിടിച്ചു നിൽക്കുന്നു .കല പ്രധാന വിഷയമായി പഠിപ്പിക്കുന്ന പല സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള വിവേചനങ്ങൾ ഏറെയാണ്. എന്റെ അനുഭവവും ഏറെ വ്യത്യസ്തമല്ല.

Image may contain: 3 people, people smiling, people eating, food and indoorകല ഐച്ഛിക വിഷയമായി പഠിക്കാൻ തുടങ്ങിയ കാലം തൊട്ട് തുടങ്ങിയതാണ് എന്റെ പോരാട്ടങ്ങൾ. ഒരു പക്ഷെ അതിന് ശക്തി പകരാൻ എന്റെ സഹോദരൻ കലാഭവൻ മണി എനിക്കൊപ്പം നിന്നിരുന്നു എന്നത് ഒരു ആശ്വാസമായിരുന്നു. കലാഭവൻ മണി നേരിട്ട വിവേചനങ്ങൾ എന്തായിരുന്നു എന്നുള്ളത് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാവുന്നതാണല്ലോ..ഒരു യഥാർത്ഥ കലാകാരൻ ജനഹൃദയങ്ങളിൽ ജീവിക്കും എന്നുള്ളത് യാഥാർത്ഥ്യം തന്നെ എങ്കിലും ആ കലാകാരൻ /കാരി ജീവിച്ചിരുന്നു എന്നതിന്റെ അടയാളപ്പെടുത്തലാണ് അവന്/അവൾക്ക് കിട്ടുന്ന അംഗീകാരങ്ങൾ. നൃത്തരംഗത്ത് ഉന്നത വിദ്യാഭ്യാസം വേണം എന്ന ആഗ്രഹമാണ് എന്നെ ഉപരിപഠനത്തിനായി പ്രേരിപ്പിച്ചത്. പക്ഷെ പട്ടികജാതി/വർഗ്ഗക്കാർക്കായി നീക്കിവച്ച സീറ്റ് പോലും കിട്ടാതെ പലയിടങ്ങളിലും സമരത്തിനും പ്രശ്നത്തിനും ഇറങ്ങേണ്ടി വന്നിട്ടുണ്ട്. ഒടുവിൽ സീറ്റ് വാങ്ങി പഠനം തുടർന്ന് ഒന്നാം റാങ്ക് വന്നപ്പോൾ റാങ്ക് മാറ്റി മറ്റൊരാൾക്കായി പ്രഖ്യാപിച്ചു. അവിടെയും സമരം ചെയ്തും തർക്കിച്ചും ആ റിസൾട്ട് തിരിച്ചുപിടിച്ചു. തുടർന്നിങ്ങോട്ട് ഈ രംഗത്ത് തുടരാൻ അടിമുടി പോരാട്ടങ്ങളാണ് നടത്തിയത്.

Image may contain: 6 people, people smiling, people standingചരിത്രത്തിൽ സവർണ്ണ മേധാവിത്വം വാണ മോഹിനിയാട്ടരംഗത്ത് ഒരു പുരുഷൻ പുരുഷ വേഷത്തിൽ എത്തിയത് ഈ രംഗത്തെ ചില അമ്മമാർക്ക് കല്ലുകടിയായി .ഞാൻ പഠിച്ച സ്ഥാപനത്തിലെ പല പ്രധാന പരിപാടികളിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു. ഇവിടെ പെണ്ണുങ്ങൾക്കെ കാര്യമുള്ളൂ നീ എന്തിനാണ് ഇവിടെ കയറി വന്നതെന്ന് ചോദിച്ചു. സ്ത്രീകളുടെ മോഹിനിയാട്ടം മാത്രം കണ്ട് തൃപ്തിയടയുന്ന ചില ഏമാൻമാർക്കും ഞാൻ കണ്ണിലെ കരടായി.ഇവരുടെ ഉള്ളിലിരിപ്പെല്ലാം കൃത്യമായി മനസ്സിലാക്കി കൊണ്ടു തന്നെ ഞാൻ മുന്നോട്ടു നീങ്ങി. പ്രതിസന്ധികൾ ഏറെ ഏറെ മറി കടന്നു. എന്റെ പി.എച്ച്.ഡി തീസീസ് റിജക്റ്റ് ചെയ്യിക്കും എന്ന് പറഞ്ഞും എന്നെ ഭീഷണിപ്പെടുത്തി. എങ്കിലും ഞാൻ പോരാടി കൊണ്ടു തന്നെ സ്ത്രീകളുടെ കുത്തകയായ മോഹിനിയാട്ടത്തിൽ എന്റെ പഠനം പൂർത്തിയാക്കി. സ്ത്രീകളുടെ മാത്രം അരങ്ങായി മാറിയ മോഹിനിയാട്ടത്തിൽ ഞാൻ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും എം.എ യും എം.ഫിലും, പി.എച്ച്.ഡി.യും യു.ജി.സിയും എല്ലാം നേടാനായത് പോരാട്ടങ്ങൾ കൊണ്ടു തന്നെയാണ്.ഇതിനായി ഞാനെന്റെ വൈരികളോട് നന്ദി പറയുകയാണ്. നിങ്ങൾ ഓരോ തടസ്സങ്ങൾ ഉണ്ടാക്കുമ്പോഴും അത് വെട്ടിപിടിക്കാനുള്ള ത്വര ഞങ്ങൾക്ക് കൂടും.കാരണം ഞങ്ങൾ അടിസ്ഥാന വർഗ്ഗക്കാരാണ്.കലകൾ ഉരുവം കൊണ്ടത് ഞങ്ങളുടെ വർഗത്തിൽ നിന്നാണ്. കൊട്ടാനും പാടാനും ആടാനുമുള്ള കഴിവ് ഞങ്ങളോളം ആർക്കും ഉണ്ടാവില്ല എന്ന് തെല്ല് അഹങ്കാരത്തോടെ തന്നെ പറയട്ടെ.

ഹേ… കാലമേ നിങ്ങൾക്ക് ഞങ്ങളെ ഒഴിവാക്കാം ഇറക്കിവിടാം. കള്ള കേസുകളിൽ പെടുത്താം ,ജയിലിൽ അടക്കാം, പീഢിപ്പിക്കാം, വിഷം കൊടുക്കാം, കെട്ടി തൂക്കാം, തല്ലി കൊല്ലാം.അക്കാദമി തലങ്ങളിലെ അംഗീകാരങ്ങളിൽ നിന്നും സർക്കാർ ജോലികളിൽ നിന്നും ഞങ്ങളെ മാറ്റിനിർത്താം. പക്ഷെ ഞങ്ങൾ ഞങ്ങളുടെ ആട്ടകളത്തിൽ നിറഞ്ഞാടും. ചങ്ക് പൊട്ടി പാടും അതിന്റെ അലയടികൾ ഇവിടെ ഉയർന്നു കൊണ്ടിരിക്കും. ഞങ്ങളുടെ കലാ പാരമ്പര്യത്തിനു മുൻപിൽ നിങ്ങൾക്ക് പതർച്ച സംഭവിക്കും. അങ്ങിനെ ഒരു കാലം വരും. … റിസർവേഷൻ പട്ടികജാതിക്കാരെക്കാൾ കൂടുതൽ മറ്റു ജാതിക്കാർക്കാണ്. എന്നിട്ടും പട്ടികജാതി/വർഗ്ഗക്കാർക്കാണ് എല്ലാം ഉള്ളത് എന്ന വെളിപാടുകളാണ് ഇവിടെയുള്ളത്. വസ്തുതകൾ പറയുമ്പോൾ ആർക്കും വിഷമം തോന്നരുത്.

അനുഭവം കൊണ്ടുള്ള ജീവിതം ഇവിടെ വരെ എത്തി നിൽക്കുന്നു. അവകാശങ്ങൾക്കായി ശബ്ദിക്കാൻ പാടില്ലാത്ത ഒരു കാലമായിരിക്കുന്നു. പറയനും പുലയനും ശബ്ദമുയർത്തിയാൽ അത് വിവരക്കേടുകൊണ്ടാന്നെന്ന് പറയുന്ന സാംസ്കാരിക നായകൻമാരെ നിങ്ങളുടെ സംസ്കാരം ഇതുവരെ വളർന്നില്ലെ. ഞങ്ങളെ ഇല്ലായ്മ ചെയ്യുന്നത് കണ്ടില്ലെ. അടിസ്ഥാന വർഗ്ഗക്കാരായ നമ്മുക്ക് മുൻപേ കഴിഞ്ഞ് പോയ രാമായണം എഴുതിയ വാല്മീകിയും മഹാഭാരതം എഴുതിയ വ്യാസനും ഇന്ത്യൻ ഭരണഘടന എഴുതിയ ഡോ. അംബേദ്ക്കറും പാവങ്ങളുടെ പടത്തലവൻ അയ്യങ്കാളിയും പുനർജനിക്കട്ടെ എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് നിർത്തുന്നു’