ഇന്ത്യൻ നിരത്തിലെ കീലേരി അച്ചുമാർ

45

Robin K Mathew

ഇന്ത്യൻ നിരത്തിലെ കീലേരി അച്ചുമാർ

പണ്ട് കാലത്തെ ഒരു നാട്ടിൻപുറ സീനാണ്:നഗരത്തിൽ നിന്നു വന്ന അരോഗദൃഢഗാത്രനായ ഒരു യുവാവിനെ നാട്ടിലെ ചട്ടമ്പി ഒന്ന് ഭയപെടുത്തുവാൻ ശ്രമിക്കുന്നു. യുവാവിന് യാതൊരു ഭയവുമില്ല.കുറച്ചു കഴിഞ്ഞപ്പോൾ ചട്ടമ്പി തൻറെ ഷർട്ട് ഊരി നെഞ്ചു പ്രദർശിപ്പിക്കുന്നു. ശരീരം മുഴുവൻ വെട്ടിയതിന്റെയും കുത്തിയതിൻറെയും , തുന്നലിന്റെയും ഒക്കെ പാടുകളാണ്.. അയാൾ പറഞ്ഞു നോക്കൂ ഒരുപാട് കത്തികുത്തു കണ്ടവനാണ് ഈ കീലേരി അച്ചു .ഇത് കണ്ട യുവാവ് ആകട്ടെ തൻറെ ഷർട്ട് ഊരി അയാളുടെ നെഞ്ചു കാണിച്ചു. ഒരു കുത്ത് പോയിട്ട് ഒരു പോറൽ പോലും ഇല്ല .അയാൾ പറഞ്ഞു . നോക്ക് എന്റെ ശരീരത്തിൽ ഒരുപാട് പോലും ഇല്ല. ഇങ്ങനെയാണ് നമ്മുടെ ശരീരം സൂക്ഷിക്കേണ്ടത് .അല്ലാതെ മറ്റുള്ളവരുടെ കൈ പാടുകൾ നമ്മുടെ നെഞ്ചത്ത് കൊണ്ട് നടന്നല്ല.
ഈ കഥ തൽക്കാലം ഇവിടെ നിൽക്കട്ടെ

നമ്മുടെ നാട്ടിൽ വാഹനം ഓടിക്കുവാൻ ഒരാൾ പ്രാപ്തനായോ എന്നറിയുവാൻ നടത്തുന്ന ചില പരീക്ഷങ്ങൾ തികച്ചും വിചിത്രം ആണ്. വാഹനം കൊണ്ട് എട്ട് എടുത്തു കാണിക്കുക. H എടുത്തു കാണിക്കുക തുടങ്ങിയ രസകരമായ ചില ആചാരങ്ങൾ .
ഒരു വാഹനവുമായി റോഡിൽ അപകടമുണ്ടാക്കാതെ ഒരാൾക്ക് ഓടിക്കുവാൻ സാധിക്കുമോ എന്നല്ലേ ഇവർ പരീക്ഷിക്കേണ്ടത്.അല്ലതെ ഈ എട്ടും എല്ലും ഒക്കെ എടുത്തു നേരെ സർക്കസിൽ മരണക്കിണറ്റിൽ വാഹനം ഓടിക്കുവാൻ പോകുന്നവർ കുറവല്ലേ?
വിദേശരാജ്യങ്ങളിൽ ഡ്രൈവിങ് ടെസ്റ്റിന് പോയിട്ടുണ്ട്. ചിലപ്പോൾ അവർ ഒരു പാലത്തിൽ കയറുമ്പോൾ വണ്ടി നിർത്താൻ ആവശ്യപ്പെടും. നമ്മൾ വാഹനം നിർത്തിയാൽ അവർ പറയും ..വാഹനം നിർത്തി അല്ലെ.ഒരിക്കലും ഇവിടെ നിർത്തുവാൻ പാടില്ലായിരുന്നു കാരണം ഇതൊരു പാലമാണ് -നിനക്ക് ലൈസൻസ് തരില്ല മകനെ.(salim kumar.jpg)

നിങ്ങൾ നല്ലൊരു ഡ്രൈവർ ആണോ എന്നറിയുവാൻ മറ്റു ചില പരീക്ഷണങ്ങൾ കൂടി ഉണ്ട് അവിടെ.വാഹനം തിരിക്കുമ്പോൾ ഇൻഡിക്കേറ്റർ സിഗ്നൽ വ്യക്തമായി ഇടുന്നുണ്ടോ ?മറ്റ് സിഗ്നൽ ശരിയായി വിധത്തിൽ നൽകുന്നുണ്ടോ ?കയറ്റം കയറി വരുന്ന വാഹനത്തിന് പരിഗണ നൽകുന്നുണ്ടോ ? ബ്രൈറ്റ് ലൈറ്റ് ഡിം ആക്കുന്നുണ്ടോ? സ്പീഡ് ലിമിറ്റ് പാലിക്കുന്നുണ്ടോ? ഓവർ ടേക്ക് ചെയ്യുന്നത് ശരിയായ രീതിയിലാണോ ? പാരലൽ പാർക്ക് ചെയ്യുവാൻ അറിയുമോ ?സൈഡിൽ നിർത്തിയിട്ടിക്കുന്ന വാഹനം നിരത്തിലേക്ക് എടുക്കുമ്പോൾ 360 ഡിഗ്രി ചെക്ക് ചെയ്യുന്നുണ്ടോ?അങ്ങനെ പ്രായോഗികവുമായ പല കാര്യങ്ങളും അവിടെ ടെസ്റ്റ് ചെയ്യുന്നു.അതുകൊണ്ടുതന്നെ അവിടെ ആളുകൾ ശാസ്ത്രീയമായി വാഹനം ഓടിക്കുന്നു .

നമ്മുടെ നാട്ടിൽ വാഹനം വാങ്ങിയാൽ ആദ്യം ചെയ്യുന്നത് ഒരു പ്രൊട്ടക്ഷൻ പ്ലാൻ എടുക്കുക എന്ന ആചാരമാണ്.ഒരു പരലോക ഇൻഷുറൻസ് പ്ലാൻ ആണത്. പൂജിച്ച വസ്തുക്കൾ വാഹനത്തിൽ തൂക്കിയിടുക.വാഹനത്തിന്റെ ബോണറ്റ് പൊക്കി,അതിനെ വസ്ത്രാക്ഷേപം ചെയ്തു അതിൽ ചില ക്രിയകളൊക്കെ ചെയ്തു ,കുറച്ചു വെള്ളമൊക്കെ തളിച്ച് ഭദ്രമാക്കും. അതിനുശേഷം എത്ര തോന്നിയവാസം കാണിച്ചും വണ്ടി ഓടിക്കാം .ഒരു അപകടവും ഉണ്ടാവില്ല..സ്വർഗീയ ഇൻഷുറൻസ് കമ്പനി നോക്കിക്കോളും ബാക്കിയുള്ള കാര്യങ്ങൾ.

പണ്ട് ഏറ്റവും കൃത്യതയോടെ അപകടം ഉണ്ടാക്കാതെ സൂക്ഷിച്ചു വാഹനമോടിച്ചരുന്നത് സ്ത്രീകളാണ്. എന്നാൽ സ്ത്രീകളും ഇപ്പോൾ മൈക്കിൾ ഷൂമാക്കറിന്റെ ആത്മാവിനെ ശരീരത്തിലെ ആഗ്രഹിച്ചാണ് വണ്ടി ഓടിക്കുന്നത് .. കഴിഞ്ഞ വർഷം ഒരു സ്ത്രീയുടെ വാഹനത്തിൽ ഞാനും ഭാര്യയും യാത്ര ചെയ്തു. ആ രണ്ടു മണിക്കൂർ യാത്രയിൽ മരണത്തെ പറ്റി മാത്രമാണ് ഞങ്ങൾ ചിന്തിച്ചത് . ഇന്ത്യൻ ട്രാഫിക്ക് നിയമങ്ങൾ എന്ന പുസ്തകം തുറന്ന് വച്ച് ഓരോ നിയമങ്ങളും കൃത്യമായി ലംഘിച്ചു പഠിക്കുകയാണ്പ അവർ എന്ന് തോന്നി.. നല്ല ഒഴുക്കുള്ള ഒരു നദിയിൽ മറ്റു മീനുകളെ ഒന്നും തട്ടാതെ ഒരു വരാലിനെ പോലെ അവർ ഓതിരം മറിഞ്ഞു ഇടതു ചരിഞ്ഞു മുന്നേറി.

ഇനി ആദ്യം പറഞ്ഞ കഥയിലേക്ക് വരാം .നല്ല ഒരു ഡ്രൈവർ എന്ന് പറഞ്ഞാൽ അവൻ എത്ര സ്പീഡിൽ ,മറ്റു വാഹനങ്ങളെ ഒക്കെ മുട്ടി മുട്ടിയില്ല എന്ന രീതിയിൽ റോഡിൽ മരണ പാച്ചിൽ നടത്തുന്നവർ അല്ല.പകരം നല്ലയൊരു ഡ്രൈവർ എത്ര മാന്യമായി ,ഉള്ളിൽ ഇരിക്കുന്ന യാത്രക്കർക്ക് മരണഭയം തോന്നാതെ ,നിയമങ്ങൾ ഒക്കെ അനുസരിച്ചു വാഹനം ഓടിക്കുന്നവരാണ്. കേരളത്തിന്റെ KSRTC യുടെ അന്തർസംസ്ഥാന ബസ്സിൽ പോകുമ്പോൾ നമ്മൾക്ക് മുൻപ് പറഞ്ഞ ഓതിരം മറിച്ചിലും,നടുക്കടലിൽ കൊടും കാറ്റിൽ ഉലയുന്ന കെട്ടു വള്ളവും , അതിൽ ഇരിക്കുന്ന നിസ്സഹായരായ യാത്രക്കാരെയും കുറിച്ചുമൊക്കെ ഓർമ്മ വരും ,.എന്നാൽ കർണാടകത്തിന്റെ kSRTC ബസുകൾ അവർ റോഡിലൂടെ ഒരു തൂവൽ പോലെ ഒഴുക്കും.

ഈ മാന്യത സ്‌കൂൾ മുതൽ കുട്ടികളെ പഠിപ്പിക്കുക.രാവിലെ വീട്ടിൽ നിന്ന് വാഹനവുമായി ഇറങ്ങുന്ന മക്കളോട് അമ്മമാർ പറയുക മോനെ/മോളെ മാന്യമായി, നിയമങ്ങൾ അനുസരിച്ചു വാഹനം ഓടിക്കണം.നല്ലയൊരു പൗരൻ ആവുക.കാരണം വീട്ടിൽ നിന്നിറങ്ങിയാൽ തിരിച്ചു വരും എന്നുറപ്പില്ലാത്ത ഒരു അഡ്വെഞ്ചർ സ്പോർട്സ് ആണ് നമ്മുടെ നിരത്തിലെ വാഹനം ഓടിക്കൽ.

Previous articleഅച്ഛന്റെ കൊലയാളി – ആസ്ബസ്റ്റോസ്
Next articleചാരായം ഉണ്ടാക്കുന്നതെങ്ങനെ ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.