റോബിന്‍ കെ മാത്യു
[email protected]
“എനിക്ക് ആർത്തിയാണ്, അഭിനയത്തോടുള്ള ആർത്തി” അതെ 71 ആം വയസ്സിലും ഇന്ത്യയിലെ ഒരു നടനും ചെയ്യാത്ത രീതിയിൽ ,കേരളത്തിലെ വിഭിന്നമായ ഭാഷ ശൈലികൾ അനുവർത്തിച്ച് ,ഒരു കഥാപാത്രത്തിന്റെ ഹാങ്ങോവർ മറ്റു കഥാപാത്രത്തിന് വരാതെ, തോട്ടി മുതൽ കേന്ദ്ര മന്ത്രി വരെയുള്ള എല്ലാ റോളുകളും, കഥാപാത്രങ്ങളായി പൂർണമായി രൂപാന്തരപ്പെട്ട്, വളരെ ഭംഗിയായി ചെയ്ത, സമാനതകളില്ലാത്ത ഒരു നടനാണ് മമ്മൂട്ടി.വളരെ അപൂർവ പ്രതിഭയുള്ള ഒരു നടനാണ് മോഹൻലാൽ. പക്ഷേ മോഹൻലാലിനു ഇന്ന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് എല്ലാവർക്കും നന്നായി അറിയാം.
ഈ കുറിപ്പ് എഴുതാൻ കാരണം ഒരു ചിത്രത്തിന്റെ പരസ്യം കണ്ടതാണ്. അല്പം വിഷമത്തോടെ തന്നെ ആണ് ഇത് എഴുതുന്നതും.
മമ്മൂട്ടി ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിൽ അണ്ടർ കവർ ഏജൻറ് ആയി വരുന്നു എന്നുള്ള വാർത്ത കണ്ടു. മോഹൻലാൽ എന്ന അതുല്യ നടനെ നശിപ്പിച്ചു നാറാണക്കൽ ആക്കിയതിൽ ഒട്ടും ചെറുതല്ലാത്ത ഒരു പങ്ക് ഉള്ള ആളുകളാണ് ഇതിന്റെ അണിയറ പ്രവർത്തകർ .മമ്മൂട്ടി ,മോഹൻലാൽ ,ജഗതി ,തിലകൻ, നെടുമുടി വേണു ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,KPSC ലളിത, സുകുമാരി തുടങ്ങി ഒറ്റയ്ക്ക് നിന്ന് ധാരാവിയിലെ ഒരു ചേരി മുഴുവൻ ഒഴിപ്പിക്കാൻ പ്രാപ്തിയുള്ള അഭിനേതാക്കളുടെ നാട്ടിൽ ഒരു കാര്യം ഊന്നി പറയട്ടെ- ഇവരുടെയൊക്കെ വിജയത്തിന് പിന്നിൽ പിന്നാമ്പുറത്ത് പണിയെടുത്ത കുറച്ച് ആൾക്കാരുണ്ട്. അപാരമായ തിരക്കഥ എഴുതിയ തിരക്കഥാകൃത്തുക്കൾ .
മലയാളത്തിലെ ക്ലാസിക് ആയ പല ചിത്രങ്ങളുടെയും അതുല്യ വിജയത്തിന് പിന്നിൽ ബഷീറിന്റെയും, MT വാസുദേവൻ നായരുടെയും, പത്മരാജന്റെയും അടൂർ ഗോപാലകൃഷ്ണന്റെയും ലോഹിത ദാസിന്റെയും, ജോൺ പോളിന്റെയും, ഡെന്നിസ് ജോസഫിന്റെയും ശ്രീനിവാസന്റെയും, ഫാസിലിന്റെയും പേനയുടെ ശക്തി തന്നെയായിരുന്നു . സുരേഷ് ഗോപി എന്ന വ്യക്തിയെ ഒരു നടൻ എന്ന നിലയിൽ ഉയർത്തിക്കൊണ്ടുവന്നത് പോലും രഞ്ജി പണിക്കരുടെ തിരക്കഥയാണ് എന്നു നിസ്സംശയം പറയാം.
മോൺസ്റ്റർ എന്ന ചിത്രത്തിൽ മോഹൻലാൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട് .” ഇപ്പഴത്തെ കുട്ടികൾക്ക് ജാക്കി വെക്കാൻ പോലും അറിയില്ല” എന്ന്. അതെ സർ, ഇപ്പോഴത്തെ കുട്ടികൾക്ക് ജാക്കി എന്താണെന്നോ ,ജാക്കി വെക്കാനോ അറിയില്ല. ഇപ്പോഴത്തെ കുട്ടികൾക്ക് അതിന്റെ ആവശ്യവുമില്ല .അവർക്ക് ഒരുപാട് അവസരങ്ങൾ വേറെയുണ്ട് .പക്ഷേ അതുപോലും മനസ്സിലാക്കാതെ ചിത്രങ്ങൾ ചെയ്യുകയും ദയാർത്ഥ പ്രയോഗങ്ങൾ അശ്ലീലമായിട്ടുള്ള ഒരു ചൊവയോടു കൂടി അവതരിപ്പിക്കുകയും ചെയ്യുന്നത് ഇപ്പോഴും മഹത്തരമായി കരുതുന്ന നിങ്ങൾ ഫാസിൽ പറഞ്ഞതുപോലെയും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞതുപോലെയും “എന്റെ പ്രതിഭ വറ്റി പോയെന്നും ഞാൻ ഈ പണി നിർത്തുകയാണ്” എന്നും പറഞ്ഞുവെച്ച് ഒഴിയുക.
മമ്മൂട്ടി എന്ന മഹാനടനോട് – ഇനി ഈ അണ്ടർ കവർ ഏജന്റ് പരിപാടിക്ക് പോകരുത്.
“അണ്ടർ കവർ ഏജന്റ്” ഒബ്സെഷനായി തലയ്ക്ക് പിടിച്ച സംവിധായകനോടും തിരക്കഥാകൃത്തിനോടും എല്ലാവിധ ബഹുമാനത്തോടെയും പറയട്ടെ.. നിങ്ങൾ വേറൊരു പാരലൽ ലോകത്തു ജീവിക്കുന്നവരാണ്. നിങ്ങളുടെ ചിത്രങ്ങളിലെ അപഹാസ്യതയും ലോജിക്കില്ലായ്മയും ഒന്നും എടുത്തു പറഞ്ഞാൽ തീരുന്നതുമല്ല.
വാസ്തവത്തിൽ അണ്ടർ കവർ ഏജന്റ് എന്ന് പറയുന്നത് നമുക്ക് ചുറ്റുമുണ്ട് ..അത് സർക്കാർ ഓഫീസുകളുടെയും എയർപോർട്ടുകളുടെയോ പോലീസ് സ്റ്റേഷൻ പരിധികളിലും നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലും ഒക്കെ ഉണ്ട് .
പക്ഷേ ഒരു അണ്ടർ കവർ ഏജന്റ് എന്ന് പറയുന്നത് നിങ്ങൾ മഹത്വവൽക്കരിക്കുന്നത് പോലെ അനേകം കമാൻഡോകളുടെ എസ്കോട്ടോടുകൂടി ബെൻസ് കാറിൽ വരുന്ന, ഡിജിപിയുടെ റാങ്കിലുള്ള ഒരു വ്യക്തിയൊന്നുമല്ല .ഏറി പോയാൽ ഒരു എസ് ഐ റാങ്ക് വരും ഇക്കൂട്ടർക്ക്. നിങ്ങൾ അതിനെ മഹത്തവൽക്കരിച്ച് അടുത്ത ചിത്രത്തിൽ അണ്ടർ കവർ ഏജന്റിനും ബ്യൂറോക്രസിയിലെ പരമോന്നതമായ പദവിയായ ക്യാബിനറ്റ് സെക്രട്ടറിക്കും ഏതാണ്ട് ഒരു റാങ്ക് ആണെന്ന് കൂടി പറഞ്ഞു വയ്ക്കും . മോഹൻലാലിനോട് ചെയ്ത ക്രൂരത മമ്മൂട്ടിയോട് ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു .മമ്മൂക്കയോടാണ്.ഇക്ക, അഭിനയത്തിനോട് ഉള്ള ആർത്തി അങ്ങയെ ചതിക്കുഴിയിൽ കൊണ്ട് വീഴ്ത്തരുത് .ഈ ചിത്രത്തിനും എല്ലാവിധ ആശംസകളും നേരുന്നു.