അടുത്ത വർഷവും സ്ക്കൂൾ തുറന്നില്ലെങ്കിൽ വല്ല്യ കുഴപ്പമുണ്ടോ ?

0
68

Robin K Mathew

അടുത്ത വർഷവും സ്ക്കൂൾ തുറന്നില്ലെങ്കിൽ വല്ല്യ കുഴപ്പമുണ്ടോ ?

പഠനം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ,തീർച്ചയായും സ്കൂൾ തുറന്നില്ലെങ്കിലും ഒരു കുഴപ്പുമില്ല എന്നതാണ് സത്യം.കാരണം സ്ക്കൂളുകളിൽ പോയി പഠിക്കുന്നതിലും വളരെ ഭംഗിയായി ഇന്ന് ഓൺലൈനിൽ കാര്യങ്ങൾ പഠിക്കാം.അതും വളരെ ചിലവ് കുറഞ്ഞു .ഒരു ഹോം സ്‌കൂളിങ് സംവിധാനം കൂടി ഏർപ്പെടുത്തകയാണെങ്കിൽ കാര്യങ്ങൾ ഉഷാറാകും.
ഒരു വർഷം 2 ലക്ഷം രൂപ ഫീസിനത്തിൽ മാത്രം വാങ്ങുന്ന സ്‌കൂളുകൾ കേരളത്തിൽ പോലും ഉണ്ട്.ബാംഗ്ലൂർ പോലെ ഉള്ള നഗരങ്ങളിലെ കാര്യങ്ങൾ പറയുകയും വേണ്ട.അവിടെ രാവിലെ പാലിനൊപ്പം സ്വർണം അരച്ച് കൊടുക്കുണ്ടോ,അവിടെ ഒന്നാം ക്‌ളാസിൽ പഠിപ്പുന്നത് ഓക്സ്ഫോർഡ് ,ഹാർവാർഡ് തുടങ്ങിയ സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങിയവർ ആണോ? കളിയ്ക്കാൻ പ്ലാറ്റിനം കൊണ്ടുണ്ടാക്കിയ ഫുട്ബോൾ ആണോ ഉപയോഗിക്കുന്നത് എന്നൊക്കെ തോന്നാം ഈ ഫീസ് കാണുമ്പോൾ .
ഞാൻ കോഴിക്കോട് IIM ൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ അവിടുത്തെ കുട്ടികൾ പറയുന്ന ഒരു കാര്യമുണ്ട്. IIM കൾ ,ISB തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഞങ്ങൾ എന്തെങ്കിലും സ്‌പെഷ്യൽ ആയി പഠിക്കുന്നത് കൊണ്ടോ,ഇവിടെ അധ്യാപകർ ഞങ്ങളെ എന്തെങ്കിലും പ്രതെയ്കിച്ചു പഠിപ്പിക്കുന്നത് കൊണ്ടോ അല്ല ഞങ്ങൾക്ക് നല്ല ജോലികൾ ലഭിക്കുന്നത് .പകരം ഈ ബ്രാൻഡ് മാത്രമാണ് ഞങ്ങളുടെ മിച്ചം.-(IIT ൽ പഠിച്ചവരും ,ചില വിദേശ സർവ്വകലാശാലകളിൽ പഠിച്ചവരും,മൾട്ടി നാഷണൽ കോർപ്പറേറ്റുകളിൽ ജോലി ചെയ്തവരുമൊക്കെയാണ് ഈ കുട്ടികൾ എങ്കിൽ ,ഹാർവാർഡ്,ഓക്സ്ഫോർഡ് തുടങ്ങിയ സർവകലാശാലകളിൽ പഠിക്കുകയും സ്വദേശത്തും വിദേശത്തുമായി വമ്പൻ കോർപ്പറേറ്റുകളിൽ തങ്ങളുടെ കഴിവ് തെളിയിക്കുകയും ചെയ്തവരാണ് ഈ അധ്യാപകർ എന്നോർക്കണം. )

വാസ്തവത്തിൽ ഈ ബ്രാൻഡിംഗ്,പിയർ ഗ്രൂപ്,സോഷ്യൽ സ്‌കിൽസ് ഡിവലപ്പ്മെന്റ് , ഇവയൊക്കെ തന്നെയാണ് സ്‌കൂളുകളുടെ പ്രധാന ആവശ്യം.ചിലർ പറയാറുണ്ട് ഞാനൊരു സെൽഫ് മെയിഡ് മനുഷ്യനാണ് എന്നു .വാസ്തവത്തിൽ ആരും അങ്ങനെയല്ല.നിങ്ങളുടെ വളർച്ചയുടെ ഓരോ ദിവസവും നിങ്ങൾ ആരുടെയൊക്കെ സഹായം സ്വീകരിചിട്ടുണ്ട്.ജനിച്ചു വീണ ദിവസം നിങ്ങളെ കയ്യിലെടുത്ത ഡോക്ക്റ്ററുടെ/നേഴ്സിന്റെ ഉൾപ്പെടെ..നിങ്ങളുടെ കൂടെ പഠിച്ചവർ ആരാണ്,അവർ ഇപ്പോൾ ഏതു അവസ്ഥയിലാണ് ,അവർ എത്രത്തോളം സഹായികളാണ് എന്നിവയൊക്കെ അനുസരിച്ചു തന്നെ ഇരിക്കും നിങ്ങളുടെ ജീവിത വിജയം.കഴിവ് എന്ന് പറയുന്നത് രണ്ടാമത്തെ കാര്യം മാത്രമാണ്.ആദ്യത്തെ കാര്യം സാചര്യങ്ങൾ തന്നെയാണ്.Success is the result of Accumulative Advantages that happen in our life.തീർത്തും കഴിവില്ലാത്തവർ പലരും വല്ല്യ സ്ഥാനത്തും ഉണ്ട് എന്നത് തന്നെ ഇതിന് നിദാനമാണ്. .അവരെ അവിടെ എത്തിച്ചത് അവരുടെ ആണ് ..

ഈ ബന്ധങ്ങൾ മുഴുവനാണ് ഹോം സ്‌കൂളിങ് മൂലം നഷപ്പെടുന്നത്.അത് പോരാതെ കുട്ടികൾ ഈ പ്രായത്തിൽ ആർജ്ജിച്ചെടുക്കേണ്ട ക്ഷമ,കരുതൽ,സഹാനുഭൂതി,സഹൃദം,ശാരീരീക വ്യായാമങ്ങൾ,വിനോദ യാത്രകൾ, ബന്ധങ്ങളുടെ ഊഷ്മളത ,എതിർ ലിംഗത്തിന്റെ വൈകാരികത മനസ്സിലാക്കുവാനുള്ള കഴിവ്,അവരുടെ മനശ്ശാസ്ത്രപരവും,ശാരീരികുമായ മാറ്റങ്ങളെ കുറിച്ചുള്ള അറിവുകൾ ,മറ്റുള്ളവരുടെ മുൻപിൽ തിളങ്ങുവാനുള്ള പ്രചോദനം,അവശ്യം വേണ്ട സോഷ്യൽ സ്‌കിൽസ് അങ്ങനെ നഷ്ട്ടപെടുന്ന നൂറു കൂട്ടം കാര്യങ്ങളുണ്ട് ഈ ഓൺലൈൻ വിദ്യാഭ്യാസത്തിൽ എല്ലാത്തിനും ഉപരി മാതാപിതാക്കന്മാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ,അവരുടെ സമയം കവർന്നെടുക്കൽ,പഠനത്തിലേക്ക് മാത്രമുള്ള ചുരുങ്ങൽ,ശാരീരിക വ്യായാമത്തിന്റ കുറവ്,മാനസിക ഉല്ലാസത്തിന്റെ കുറവ് ,കടുത്ത കുടുംബ സമ്മർദം ഇവയെല്ലാം കൂടി ഓൺലൈൻ സ്ക്കൂളിങ് കുട്ടികളുടെ ജീവിതം നരകമാകുന്നു,മാതാപിതാക്കന്മാരുടെയും .
മനുഷ്യൻ പരിണമിച്ചുണ്ടായത് തന്നെ ഒരു സമൂഹ ജീവിയായായാണ്.സ്ക്രീനുകൾ നമ്മുടെ പ്രാകൃത മസ്തിഷ്ക്കം ഇപ്പോഴും പൂർണമായും സ്വീകരിച്ചിട്ടില്ല.സ്ക്കൂളുകൾ തുറന്നില്ലെങ്കിൽ നമ്മുടെ നാട്ടിലെ കുട്ടികളുടെ ആത്മഹത്യ ഇനിയും ഉയരും .