വികസനം വേണോ ആരാധനാലയം വേണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരു 90 % ആളുകളും ആരാധനാലയങ്ങൾ വേണമെന്ന് പറയുന്ന രാജ്യം

116

Robin K Mathew

വിന്ധ്യയാ തലത്തിലെ മഹാ സിദ്ധൻ

വിന്ധ്യയാ പർവ്വതത്തിന്റെ കൊടുമുടിയിൽ ഒരു സിദ്ധൻ തപസ്സ് ചെയ്തിരുന്നു. അപാരമായ സിദ്ധികളും ജ്ഞാനവും ഉള്ള ഒരു സിദ്ധൻ. അദ്ദേഹം ഇടയ്ക്കിടെ മലയിറങ്ങി വന്നു ഗ്രാമവാസികളുമായി സംസാരിച്ചിരുന്നു .അവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു .

ഒരിക്കൽ അദ്ദേഹത്തിന് ഒരു ബോധോദയം ഉണ്ടായി. നദിയിലെ വെള്ളത്തിൽ അടുത്തമാസം ആദ്യം ഒരു വിഷം കലരും.ആ വിഷം ഒരു മാസം നീണ്ടുനിൽക്കും . ആ വെള്ളം കുടിച്ചാൽ ആളുകളുടെ സ്വബോധം നഷ്ടപ്പെടും .അദ്ദേഹം ഗ്രാമവാസികളെ ആ വിവരം അറിയിക്കുവാൻ വേണ്ടി വേഗം മലയിറങ്ങി. അദ്ദേഹം അവരോട് പറഞ്ഞു . അടുത്ത ഒരു മാസം നദിയിൽ വിഷം കലരും. നിങ്ങൾ ആ വെള്ളം കുടിച്ചാൽ നിങ്ങൾക്ക് സ്വബോധം നശിക്കുകയു, ഉന്മാദികളെ പോലെ പെരുമാറുകയും ചെയ്യും. അതുകൊണ്ട് ഒരു മാസം നദിയിൽ നിന്ന് വെള്ളം കുടിക്കാതെ ഇപ്പോൾതന്നെ വെള്ളം കരുതുക. എന്നാൽ ഗ്രാമവാസികൾ അതൊന്നും ചെവിക്കൊണ്ടില്ല. സിദ്ധൻ മാത്രം ഒരു മാസത്തേക്കുള്ള വെള്ളവും കരുതി പർവ്വതം കയറി.

മാസപ്പിറവി കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം നാട്ടിലെത്തി, ഗ്രാമവാസികളുമായി സംസാരിച്ചു. ആർക്കും തന്നെ സ്വബോധം ഇല്ലെന്നും എല്ലാവരും ഉന്മാദികളെ പോലെ ഒരു മോഹവലയത്തിൽ ആണെന്നും സിദ്ധന് മനസിലായി. സിദ്ധൻ പറയുന്നത് ഒന്നും അവർക്ക് മനസ്സിലാവുന്നില്ല. സിദ്ധന് എന്തോ പ്രശ്നമുണ്ട് എന്ന് അവർ പറയുന്നു. എന്നാൽ ഇവർ തമ്മിൽ യാതൊരു പ്രശ്നവുമില്ല. അവർ പറയുന്നത് അങ്ങോട്ടുമിങ്ങോട്ടും അവർക്ക് നന്നായിട്ട് മനസ്സിലാവുന്നുണ്ട്. സിദ്ധന്റെ മുമ്പിൽ പിന്നീട് ഒരു മാർഗമേ ഉണ്ടായിരുന്നുള്ളൂ. അയാളും നദിയിലെ വെള്ളം കുടിച്ചു അവരെ പോലെയായി .

പ്രൊഫസർ ടി ജെ ജോസഫിന്റെ അറ്റുപോവാത്ത ഓർമ്മകൾ എന്ന പുസ്തകത്തിലെ ഒരു കഥയാണിത്.

ഇന്ത്യ അടിസ്ഥാനപരമായി ഒരു മതമൗലിക രാഷ്ട്രമാണ്. അതായത് മതവും ജാതിയും തന്നെ ഏറ്റവും പ്രധാനമായി കരുതുന്ന ഒരു ജനത. ഇന്ത്യയിലെ എല്ലാ മതങ്ങളിലും ഈ മതമൗലിക ചിന്ത ഊട്ടിയുറപ്പിച്ച് തന്നെയാണ് പഠിപ്പിക്കുന്നത് . അവയുടെ തീവ്രത ഏറിയും കുറഞ്ഞും ഇരിക്കുമെന്ന് മാത്രം. ഇപ്പോഴും നിങ്ങൾ ഇന്ത്യയിൽ ഒരു സർവേ നടത്തി നോക്കൂ .വികസനം വേണോ ആരാധനാലയം വേണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒരു 90 % ആളുകളും ആരാധനാലയങ്ങൾ വേണമെന്ന് പറയും. . മറ്റു മതങ്ങളോടുള്ള അസഹിഷ്ണുത ,വെറുപ്പ് ഇവ ഓരോ മതങ്ങളുടേയും അടിസ്ഥാന പരമായ ചോദനയാണ്. കോടാലിയുടെ കൈപിടി മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് കൊണ്ട് കോടാലി തങ്ങളിൽ ഒരാളാണ് എന്ന് മറ്റു മരങ്ങൾ കരുതുന്നതുപോലെ ഓരോ മരം വീഴുമ്പോഴും നമ്മൾ സന്തോഷിക്കും കാരണം വെട്ട് എനിക്ക് കിട്ടിയിട്ടില്ല. മതമൗലിക വാദത്തിനു ദൈവത്തിൽ വിശ്വസിക്കണം എന്നില്ല. അതൊരു ഒരു ഗോത്ര വർഗ ചിന്താഗതിയാണ്. ഏതെങ്കിലും ഒരു ആശയത്തോടുള്ള കഠിന പ്രതിബദ്ധതയും മതചിന്ത തന്നെയാണ്.
ആ നദിയിൽ നിന്ന് വെള്ളം കുടിച്ചാൽ പിന്നെ നിങ്ങളുടെ സ്വബോധം നഷ്ടപ്പെടും എന്നുള്ള ഉറപ്പ്. മതത്തിൻറെ ആചാരങ്ങളെ തള്ളിക്കളഞ്ഞ് അതിൻറെ മൂല്യങ്ങൾ പുണരാൻ ശ്രമിക്കൂ..