പോപ്പിന് എന്താണ് ഈ നാട്ടിൽ കാര്യം ?

54

റോബിൻ കെ മാത്യൂ

പോപ്പിന് എന്താണ് ഈ നാട്ടിൽ കാര്യം?

സ്വവർഗ്ഗ രതിയുമായി ബന്ധപ്പെട്ട് പോപ്പ് ഫ്രാൻസിസ് നടത്തിയ ഒരു വിജ്ഞാപനം ഇപ്പോൾ വളരെ ശ്രദ്ധ നേടുന്നുണ്ട്. ഇതിനുമുമ്പ് ദൈവവിശ്വാസം ഇല്ലെങ്കിലും നല്ലവർ സ്വർഗ്ഗത്തിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അന്യമതക്കാരുടെയും, കറുത്തവരുടെയും, സ്ത്രീകളുടെയും ഉൾപ്പെടെയുള്ള കാലുകൾ അദ്ദേഹം പെസഹാ ദിനത്തിൽ കഴുകി മാതൃക കാണിച്ചു.
എന്നാൽ ഇതിനെല്ലാം പുല്ലുവിലയാണ് സഭയിലെ മറ്റ് പുരോഹിതർ നൽകിയത്.

കന്യാസ്ത്രീകൾ അവരുടെ മഠങ്ങളിലെ പീഡിതമായ അവസ്ഥയിൽ നിന്നും പുറത്തു വരണം എന്നും ,അവർ നല്ല ഭക്ഷണം കഴിക്കുകയും, ഡാൻസ് ചെയ്യുകയും,സിനിമ കാണുകയും ഒക്കെ ചെയ്യണം എന്നുമെല്ലാം പോപ്പ് ഫ്രാൻസിസ് ആഹ്വാനം ചെയ്തിരുന്നു,.അദ്ദേഹത്തിന്റെ ആഹ്വാനമോ ,ജീവിത മാർഗ്ഗമോ കേരള സഭയിലെ ഒരു സാധാ വികാരി പോലും ചെവി കൊണ്ടതായി അറിയുമോ?

ലോകത്തിലുള്ള ഏത് മത പുരോഹിതനെയും ഞെട്ടിച്ചുകൊണ്ട് വത്തിക്കാന്റെ ഭരണാധികാരിയായ ലോകത്തിലെ ഏറ്റവും വലിയ ഓർഗനൈസേഷന്റെ തലപ്പത്തിരിക്കുന്ന അദ്ദേഹം ഒരു സാധാരണ കാറിൽ പോയി ഇറങ്ങുകയും, സ്വർണ്ണ കുരിശിനു പകരം സ്റ്റീൽ കുരിശു ധരിക്കുകയും,വത്തിക്കാൻ കൊട്ടാരത്തിന് പകരം വാടക വീട്ടിൽ താമസിക്കുകയും, സാധാരണക്കാർക്ക് കൈകൾ കൊടുക്കുകയും,സ്വന്തം ഗാർഡുമരോട് കുശലം അന്വേഷിക്കുകയും ചെയ്തു.നമ്മുടെ നാട്ടിലെ ഒരു സാധാരണ വികാരി പോലും ചെയ്യാത്ത കാര്യമാണ് ഇത്. ഒരുപക്ഷേ പോപ്പ് ഫ്രാൻസിസ് ലോകത്തിലെ ഏറ്റവും അധികം ജനസമ്മതിയുള്ള ആത്മീയ നേതാവ് തന്നെയായിരിക്കും. തീവ്ര വർഗീയവാദികൾ പോലും ചിലരെങ്കിലും അത് അംഗീകരിക്കുന്നത് കാണാം. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ സഭയിലെ പുരോഹിതരുടെ ഇടയിൽ അദ്ദേഹത്തിന് സമ്മതി കുറവാണ്.

ബിഷപ്പ് ഫ്രാങ്കോയോ പുറത്താക്കണം എന്നും, കർദിനാൾ ഉൾപ്പെട്ട ഭൂമി ഇടപാട് അന്വേഷിക്കണം എന്നും  പോപ് ഫ്രാൻസിസിനോട് ആവശ്യപ്പെടുന്ന ഒരു ഓൺലൈൻ നിവേദനം പ്രചരിചിരുന്നു. പക്ഷേ പോപ്പ്‌ ഫ്രാൻസിസ് അതിൽ കാര്യമായി ഒന്നും ചെയ്തതായി തോന്നുന്നില്ല. എന്തുകൊണ്ടാണ് ഇതൊന്നു നോക്കാം. ചില പൊതുധാരണകൾ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ആണ് പോപ്പ്.അത് കൊണ്ട് തന്നെ റോമിൽ നിന്ന് തുടങ്ങുന്ന അധികാരം കേരളത്തിലെ ഓരോ ഓണം കേറാ മൂലയിലെ ഓരോ ഇടവക വരെയും അത് നീളും..ഏതു ബിഷപ്പിനെ വേണമെങ്കിലും പോപ്പിന് എപ്പോൾ വേണെമെങ്കിലും പുറത്താക്കാം.

മറച്ചു വച്ചിരിക്കുന്ന യാഥാർത്ഥ്യങ്ങൾ

വത്തിക്കാൻ എന്നൊരു രാജ്യം ഔദ്യോഗികമായി നിലനിൽക്കുന്നില്ല.”ഹോളി സീ” എന്ന രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രമാണ് വത്തിക്കാൻ സിറ്റി.ഇന്ത്യയുടെ ഡൽഹി പോലെ.ആഗോള കത്തോലിക്കാ സഭയിലെ സകല പള്ളികളും ,വിശ്വാസികളും ഉൾപ്പെടുന്ന ഒരു സാങ്കൽപിക രാജ്യമാണ് ഹോളി സീ.ഇവരുടെ പാസ്സ്പോർട് പോലും ഹോളി സി എന്ന രാജ്യത്തിന്റെ പേരിലാണ്.
പോപ്പ് എന്നത് റോമിന്റെ ആർച്ചു ബിഷപ്പാണ്.വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന പദവിയിലുളള കർദിനാൾ ആണ് ഭരണകാര്യത്തിൽ പോപ്പിന് രണ്ടാമനായിട്ടുള്ളത്.

ഹോളി സി യുടെ പ്രധാനമന്ത്രിയാണ് അദ്ദേഹം എന്നു വേണമെങ്കിൽ പറയാം. ഇനിയും പ്രസിഡണ്ടിനെ സ്ഥാനത്ത് മറ്റൊരു ആലങ്കാരിക പദവിയുണ്ട്- President of the Pontifical Commission for Vatican City State. റോമൻ കുറിയ എന്ന വളരെ ശക്തമായ ഒരു സെനറ്റും കൂടെയുണ്ട്.ഇനി സീറോ മലബാർ സഭയുടെ കാര്യം എടുക്കാം -റോമിനെ അംഗീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ശക്തമായ സഭയാണ് ഇത് .പോപ്പ് തങ്ങളുടെ മേലധികാരിയാണ് എന്ന് അംഗീകരിക്കുന്ന നൂറു കണക്കിന് സഭകളിൽ ഒന്ന്.ഇങ്ങനെയുള്ള ഓരോ സഭയിലെയും ഏത് ബിഷപ്പിനെയും വിചാരണ ചെയ്യുവാൻ പോപ്പിന് അധികാരമുണ്ടോ ? ഇവരെ പുറത്താക്കുവാൻ റോമൻ കൂറിയക്ക് അധികാരമുണ്ടോ ?

ഇല്ല എന്നതാണ് സത്യം..ഒരു ഘടക കക്ഷി സംവിധാനത്തിൽ ഒരു വല്യേട്ടൻ പാർട്ടിയുടെ മേധാവിക്ക് മറ്റുള്ള പാർട്ടി മേധാവികളുടെ മേലുള്ള അധികാരം മാത്രമേ പോപ്പിന് കേരത്തിലെ ഒരു ബിഷപ്പിന് മേൽ ഉള്ള.ഓരോ ബിഷപ്പും ഓരോ ജില്ലയുടെ കളക്ടർ ആയി കണക്കാക്കിയാൽ ,കോട്ടയം കളക്റ്ററേ ശിക്ഷിക്കുവാനോ മാറ്റി നിർത്തുവാനോ തിരുവനന്തപുരം കളറ്റർക്ക് സാധ്യമല്ലാത്തത് പോലെയുള്ള ഒരു അവസ്ഥ.കളക്ക്ടറുടെ മുകളിൽ ഒരു റവന്യു സെക്കട്ടറി ഉണ്ടെങ്കിൽ ഇവിടെ സഭയിലെ റവന്യു സെക്രട്ടറിയും,ചീഫ് .സെക്രട്ടറിയും യഥാക്രമം ആർച്ച് ബിഷപ്പും ,മേജർ ആർച്ബിഷപ്പും ആണ്.പക്ഷെ അവർക്ക് താഴോട്ട് യാതൊരു അധികാരവുമില്ല എന്നതാണ് സത്യം.ആർക്കും ആരെയും പുറത്താക്കുവാൻ സാധ്യമല്ല.

ഇവരുടെ ആരുടെ മേലും പോപ്പിന് യാതൊരു അധികാരവുമില്ല. ഒരു രൂപതയിലെ പൂർണ്ണമായ അധികാരം ഉള്ള നാട്ടുരാജാവ് തന്നെയാണ് ഓരോ ബിഷപ്പും. ബിഷപ്പുമാർ തമ്മിലുള്ള ഒരു പ്രശ്ന പരിഹാര കോടതി വത്തിക്കാൻ ആണ്.
പോപ്പിന് പരമമായ അധികാരമുണ്ട് എന്നാണ് ഓരോ വിശ്വാസിയും മറ്റുള്ള സമുദായക്കാരും ഒക്കെ വച്ചിരിക്കുന്നതും,അവരെ മനപ്പൂർവം തെറ്റിദ്ധരിപ്പിച്ചു വച്ചിരിക്കുന്നതും,.വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ്,റോമൻ കുറിയ തുടങ്ങിയ അധികാര കേന്ദ്രങ്ങളുടെ മുൻപിൽ പോലും പോപ്പിന് പലപ്പോഴും ഒന്നും ചെയ്യുവാൻ സാധിക്കില്ല.

സഭയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാൻ പോപ്പ് ഫ്രാൻസിസ് ശ്രമിച്ചിട്ടും അതിന്റെ യാതൊരു പ്രഭാവും ഇവിടെ എത്താത്തത് ഈ കാരണങ്ങളാണ്.( സ്ഥാനമേറ്റ ഉടനെ പോപ്പ് ഫ്രാൻസിസിന് വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റിനെ മാറ്റുവാൻ സാധിച്ചു എന്നത് നിസ്സാര കാര്യമല്ല.)ശാസ്ത്രവും ആർട്ടിഫിഷ്യൽ ഇൻറലിജൻസും എല്ലാം മനുഷ്യനെ ചൊവ്വയിൽ എത്തിക്കുമ്പോൾ പ്രാകൃത നൂറ്റാണ്ടിലെ മതങ്ങൾ അതിവേഗം ബഹുദൂരം മനുഷ്യനെ ഒരു പടക്കുതിരയുടെ വേഗത്തിൽ ഇരുണ്ട് കാലത്തിലേക്ക് വലിച്ച് കൊണ്ടുപോകുന്നു. തങ്ങളുടെ മതത്തിൻറെ കിരാതമായ ഗോത്രവർഗ്ഗ സംസ്കാരങ്ങൾ തിരിച്ചുകൊണ്ടുവരാൻ വേണ്ടി ഓരോ മതവും ലോകം മുഴുവൻ ശ്രമിക്കുകയാണ്.

തങ്ങൾ ആരാധിക്കുന്ന പശുവിനെ കൊന്നു തിന്നുന്ന ആളുകളെ ഓടിച്ചിട്ട് കൊല്ലുന്നവരെ എതിർക്കുന്നവർ തന്നെ ഒരു വശത്ത് അവൾ ആരാധിക്കുന്ന വ്യക്തിയുടെ ചിത്രം വരച്ചതിന് തല വെട്ടുമ്പോൾ ,അതിനെ ഫേസ്ബുക്കിലൂടെ ന്യായീകരിക്കുമ്പോൾ ഓർക്കുക നമ്മുടെ സമൂഹം എത്ര ഗോത്രിയമായെന്ന്. അധികാരത്തന്റെയും ആഡംബരത്തിന്റെയും ധൂർത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും എല്ലാം ദുർമാതൃക കാണിക്കുന്ന സഭാപിതാക്കന്മാർ ഒരുവശത്ത് ഉള്ളപ്പോഴാണ് പോപ്പ് ഫ്രാൻസിസിന്റെ വില നമ്മൾ മനസ്സിലാക്കേണ്ടത്.
കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മതം മുമ്പോട്ട് വെക്കുന്ന പ്രാകൃത കിരാത ഗോത്ര സംസ്കാരത്തിൻറെ പുഴുക്കുത്തുകൾകൾക്കുള്ളിൽ നിന്ന് ജനം കുളിച്ചു കയറി മുമ്പിൽ എത്തുമ്പോൾ അവർക്ക് ചൂണ്ടിക്കാണിക്കാൻ കാലത്തിനുമുമ്പേ സഞ്ചരിച്ച ഒരു നേതാവ് ഉണ്ടാവും. അത് പോപ്പ് ഫ്രാൻസിസ് ആയിരിക്കും.