മിന്നു കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

36

റോബിൻ കെ മാത്യു

മിന്നു കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

“ആചാരങ്ങൾ തന്നെയാണ് മനുഷ്യരെ മതത്തിൽ ഇണക്കി നിർത്തുന്നത്. നിങ്ങൾ മറ്റു മതസ്ഥരെ കണ്ടിട്ടില്ലേ ?അവരുടെ സങ്കീർണമായി ആചാരമാണ് അവരെ ഒരുമിച്ചു നിർത്തുന്നത്.”എൻറെ ഒരു വൈദിക സുഹൃത്താണ് ഇപ്രകാരം എന്നോട് പറഞ്ഞത്.ഒരു കാലത്തു ആചാരങ്ങൾക്കും,ഇതര മതങ്ങളുടെ അന്ധവിശ്വാസങ്ങൾക്കും എതിരെ നിന്നിരുന്ന പലരും ഇപ്പോൾ ഇതിന്റെ വലിയ ആരാധകരാണ്.രാഹു, കേതു ,ഗുളികൻ, വാസ്തു, ജ്യോതിഷം ഇവയൊക്കെ മതേതര മൂല്യങ്ങളായി മാറിയിട്ടുണ്ട്.ഒരു വിവാഹത്തലേന്ന് എന്റെയൊരു ബന്ധു വീട്ടിൽ ഞാൻ പോയി. അവിടെ താലി കെട്ടുന്ന ആചാരങ്ങളെ പറ്റി ഘോരഘോരം ചർച്ച നടക്കുകയാണ്.
ചുറ്റും ആചാര സംരക്ഷകരായ കുറച്ചു കാരണവന്മാർ ഉണ്ട്.സ്ത്രികളും ഉണ്ട്.

താലി എങ്ങനെ കെട്ടണം “എത്ര നൂലിൽ വേണം താലി കോർക്കുവാൻ?
ഇടത്തുനിന്നും വലത്തോട്ട് ആണോ, വലത്തുനിന്ന് ഇടത്തോട്ട് ആണോ, അതോ ചുറ്റിപ്പിടിച്ച് ആണോ താലി കെട്ടേണ്ടത് ?
മുടിയിൽ എത്രനേരം താങ്ങിപ്പിടിച്ച് പ്രാർത്ഥിക്കണം ?
ഏതു തരം കെട്ട് വേണം ?ആൺകെട്ട് ,പെൺകെട്ട് ,കടുംകെട്ട് ?
ഇതിലെ ശാസ്ത്രീയമായ ആത്മീയത എന്താണ് ?
ഇങ്ങനെയുള്ള ഗഹനമായ കാര്യങ്ങളാണ് ഇവർ ചർച്ച ചെയ്യുന്നത് .
മിഥുനം സ്റ്റൈൽ ഇന്നസെൻറ് മാതൃകയിൽ ഒരു വശത്തുനിന്ന് എല്ലാം ഞാൻ വീക്ഷിക്കുകയാണ് .
“എന്താണ് മനശാസ്ത്രജ്ഞന്റെ നിർദേശം?.വെറുതെ നിന്ന എന്നെ ഒരു കേശവമാമി ചൊറിഞ്ഞു .
സത്യസന്ധമായി പറയട്ടെ ഞാൻ ചോദിച്ചു?
“പറഞ്ഞോളൂ .താങ്കൾക്ക് എന്തും പറയാമല്ലോ നിങ്ങളുടെ സഹോദരൻ തന്നെയല്ലേ ചെക്കൻ.”
കൂടെയുള്ളവർ പറഞ്ഞു.
ഞാൻ പറഞ്ഞു. മിന്ന് എന്ന് പറയുന്നത് തന്നെ ഒരു ലൈംഗിക ചിഹ്നം ആയിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്.സ്ത്രീക്ക് മാത്രം ചാപ്പയടിക്കുന്ന ഒരു പുരുഷകേന്ദ്രികൃത സമൂഹത്തിന്റെ അടിച്ചേൽപ്പിക്കൽ.
അവർ അത് പുച്ഛിച്ചു തള്ളിയോ എന്നൊന്നും എനിക്കറിയില്ല. അടുത്തതായി ഞാൻ പറഞ്ഞു .
എന്നിരുന്നാലും താലി കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ആ അത് പറയൂ”
ആളുകൾക്ക് താൽപ്പര്യമായി .
ഒന്ന്. ശക്തിയുള്ള നൂലിൽ വേണം മിന്ന് കെട്ടുവാൻ.കാരണം മിന്ന് സ്വർണമാണ് .
രണ്ട് .താലി കെട്ടുമ്പോൾ വല്ലാതെ മുറുകി പെൺകുട്ടിക്ക് ശ്വാസം മുട്ടാതെ നോക്കണം.
മൂന്ന് താലി വല്ലാതെ അയഞ്ഞിരുന്നാൽ മിന്ന് താഴെ വീണു പോകും.
നാല്.താലി കെട്ടാൻ എടുക്കുമ്പോൾ മിന്ന് ഒരിക്കലും താഴെ വീണ് പോകാതെ ശ്രദ്ധിക്കണം.
“അയ്യോ മിന്ന് താഴെ പോയാൽ വല്ല പ്രശ്നവും ഉണ്ടോ”? രണ്ടുമൂന്ന് ശബ്ദങ്ങൾ ആകാംക്ഷയോടെ ചോദിച്ചു.

ഞാൻ പറഞ്ഞു .തീർച്ചയായുമുണ്ട് .മിന്ന് സ്വർണം അല്ലേ? ഒരുപാടുപേർ ഉണ്ടാവുമല്ലോ പള്ളിയിൽ . താഴോട്ട് പോയാൽ ഒരു പക്ഷേ പിന്നീട് കിട്ടിയെന്നുവരില്ല .ചെറിയ സാധനം അല്ലേ.കണ്ടു പിടിക്കുവാൻ ബുദ്ധിമുട്ടും.വെറുതെ നിന്ന എന്നെ അഭിപ്രായം ചോദിക്കുവാൻ വിളിച്ച ആ ആന്റിയുടെ പിതാവിനെ എല്ലാവരും സ്മരിക്കുന്നത് ഞാൻ കണ്ടു.കൂട്ടത്തിൽ എന്റെ പിതാവിന്റെ ഒരു സാന്നിദ്ധ്യവും എനിക്ക് അനുഭവപെട്ടു.