ചേട്ടാ എൻറെയും ചേട്ടൻറെയും പോസ്റ്റുകൾ ഒരു പോലെ ഇരിക്കുന്നല്ലോ

88

Robin K Mathew

നാട്ടിലെ ഒരു കട ഉദ്ഘാടനം ചെയ്യാൻ ഷാരൂഖാൻ വന്നാൽ നിങ്ങൾ എന്തു കരുതും?ഷാരൂഖാന് ആ കടയോടുള്ള പ്രതിബദ്ധത കൊണ്ടുവന്നതാണെന്ന് കരുത്തുമോ? ഒരിക്കലുമില്ലല്ലോ..കടക്കാരൻ എത്രയോ രൂപ കൊടുത്തിട്ടാണ് ഷാരൂഖ് ഖാൻ അവിടെ വരുന്നത് . അത്‌ ഒരു പക്ഷെ ലക്ഷങ്ങളോ ഒരുപക്ഷേ കോടികൾ തന്നെയോ ആയിരിക്കാം. സർക്കാരിൻറെ പരസ്യത്തിൽ അഭിനയിക്കാനും, മറ്റു പരസ്യത്തിൽ അഭിനയിക്കാനും കട ഉദ്ഘാടനം ചെയ്യാനും ,ബർത്ത് ഡേ പാർട്ടിക്ക് വരുവാനും,ആളെ അനുമോദിക്കാനും ഒക്കെ ഇവർ പണം മേടിക്കും. നമ്മുടെ മത നേതാക്കന്മാർ പോലും ഇതു തന്നെയാണ് ഇപ്പോൾ ചെയ്യുന്നത്. നമ്മുടെ പല സാംസ്കാരിക നേതാക്കൻമാരും എഴുത്തുകാരും അറത്തു മേടിക്കുന്നവരാണ് എന്നു നേരിട്ട് തന്നെ അറിയാം.

ഇതുപോലെ തന്നെ പല സെലിബ്രിറ്റീസുകളും സർക്കാരിനോടും രാഷ്ട്രീയ പാർട്ടികളോടും നടത്തുന്ന ഒരു വിലപേശൽ ഉണ്ട്.സർക്കാറിന് അനുകൂലമായി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു കൃത്യമായ രീതിയിൽ പല ആൾക്കാർ ഒരേ രീതിയിലുള്ള ട്വീറ്റ് ചെയ്യുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? വരികളും വാക്കുകളും എല്ലാം കൃത്യമായി ആരോ എഴുതി കൊടുത്തതുപോലെ . “ചേട്ടാ എൻറെയും ചേട്ടൻറെയും പോസ്റ്റുകൾ ഒരു പോലെ ഇരിക്കുന്നല്ലോ.”ഇത് തികച്ചും യാദൃശ്ചികം ആണെന്ന് കരുതരുത്. ഇതിനുപിന്നിൽ ഐടി സെല്ലുകളുടെ മസ്തിഷ്കം തന്നെയാണുള്ളത്. ഇന്ത്യയിലെ ഉയർന്ന നിലയിലുള്ള 10 താരങ്ങൾ. അതിൽ നാലു പേർ കൃത്യമായി സർക്കാറിന് അനുകൂലമായി ട്വീറ്റ് ചെയ്യുന്നു. സർക്കാറിന് അനുകൂലമായി ബ്ലോഗുകൾ എഴുതുന്നു.

മനസ്സ് പൂർണമായും മലിനപ്പെടാത്ത ഒരു കൂട്ടം ജനം ആലോചിക്കും. എങ്ങനെ ഇവർക്ക് ഇത്ര സെലക്ടീവായി വിലപിക്കാൻ സാധിക്കുന്നു. ഒരു കൊച്ചു കുട്ടിയെ നാലുപേർകൂടി ആരാധനാലയത്തിൽ വെച്ച് ബലാത്സംഗം ചെയ്തു കൊന്നപ്പോൾ, ഒരു ഗർഭിണിയുടെ വയർ പിളർന്ന് കുട്ടിയെ പുറത്തെടുത്തു വാളിൽ തൂക്കിയപ്പോൾ ഒരു തുള്ളി കണ്ണുനീരും പൊഴിക്കാത്ത ആൾക്കാർ ഗർഭിണിയായ ഒരു കൊമ്പനാനയെ പടക്കം വെച്ച് കൊന്നു എന്ന് പറഞ്ഞു വിലപിക്കുന്നു. എവിടുന്ന് വരുന്നു ഈ സെലേക്റ്റിവ് മുതലക്കണ്ണീർ?

അന്നം തരുന്ന കർഷകനോട് ഒരു ഭരണകൂടം ചെയ്യുന്ന ക്രൂരകൃത്യം കാണുമ്പോൾ ഇന്ത്യയുമായി ഒരു ബന്ധം ഇല്ലാത്തവർ പോലും പ്രതികരിച്ചു പോകുന്നു. മറ്റുള്ള രാജ്യങ്ങളുടെ സോഫ്റ്റ്‌വെയറിന്റെ പണം കൊണ്ട് മാത്രം ജീവിക്കുന്ന ഇന്ത്യയിലെ ആൾക്കാർ പറയുകയാണ് അവർ നമ്മുടെ കാര്യത്തിൽ ഇടപെടേണ്ട. നമ്മൾക്ക് ആരുടെ കാര്യത്തിൽ എപ്പോൾ വേണമെങ്കിലും ഇടപെടാൻ സാധിക്കും.
ഒരു പ്രശ്നം ഉണ്ടാവുമോൾ എല്ലാ അനുഭവികളുടെയും സ്വരം എങ്ങനെയാണ് ഒരേ പോലെ ഇരിക്കുന്നത്?.അവർ എല്ലാവരും എങ്ങനെയാണ് ഒരേ ഭാഷയിൽ പ്രതികരിക്കുന്നത് ?

അതിനൊരു ഉത്തരമേയുള്ളൂ.അത് രാഷ്ട്രീയമല്ല പണമാണ്.ഐടി സെല്ലുകളുടെ പ്രവർത്തനം , സൂക്ഷ്മമായ വിലപേശലുകൾ, ഉന്നം തെറ്റാത്ത ഭീഷണികൾ കൂടാതെ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.ഒരു ബ്ലോഗ് ഉണ്ടോ ചേട്ടാ ഒരു ട്വിറ്റെർ എടുക്കാൻ?