അമേരിക്കയിലെ മക്കളെ ഇന്ത്യൻ മാമൂലുകൾ പഠിപ്പിക്കുന്ന അമ്മ ഒരു പ്രത്യേകരോഗത്തിന് അടിമയാണ്

269

 

എന്റെ ഒരു പഴയ സഹപാഠി വർഷങ്ങൾക്ക് ശേഷം ഇന്നലെ എന്നെ വിളിച്ചു .അമേരിക്കയിൽ വളരെ പ്രശസ്‌തമായ ഒരു കമ്പനിയുടെ ഉന്നത നിലയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് അവൻ.. “എനിക്ക് റോബിന്റെ ഒരു സഹായം ആവശ്യമുണ്ട് ..മനശാസ്ത്രപരമായ പ്രശ്നമാണ്. ഞാൻ കഴിഞ്ഞ പത്തുകൊല്ലമായി അമേരിക്കയിലാണ്. എൻറെ അമ്മ ഈ മൂന്ന് മാസമായി വീട്ടിൽ വന്നിട്ടുണ്ട്. അമ്മയുടെ പ്രധാന പരിപാടി അമേരിക്കയെ കുറിച്ച് എനിക്ക് ക്ലാസ് എടുക്കുക എന്നതാണ്”

എന്താണ് ഏകദേശ പ്രശ്നം എന്ന് എനിക്ക് മനസ്സിലായി. പ്രായം ആകുമ്പോൾ ഉണ്ടാകുന്ന പ്രത്യേകതരം പ്രശ്നം. ഏത് പ്രായക്കാർക്കും താഴെയുള്ള പ്രായക്കാരേ കാണുമ്പോൾ ഉണ്ടാകുന്ന ഒരു രോഗം.തന്റെ മൂപ്പും, ആധികാരികതയും ബാക്കിയുള്ളവരിൽ അടിച്ചേൽപ്പിച്ചു തൻപ്രമാണിത്തം സ്ഥാപിച്ചെടുക്കാൻ ഉള്ള ഒരു ത്വര. “ഞാൻ ഇത് കുറെ കണ്ടതല്ലേ.നിന്നെക്കാൾ എത്രയോ ഓണം ഉണ്ടായാളാണ് ഞാൻ. പഴയെ ആൾക്കാർ പറയുന്ന കാര്യങ്ങൾ കേൾക്കൂ .. കാരണവന്മാരുടെ വിജ്ഞാനത്തിനു മുമ്പിൽ നീ പഠിച്ചതൊക്കെ എന്ത്. പണ്ടുള്ളവർ ഇതൊക്കെ നേരത്തെപറഞ്ഞിട്ടുണ്ട് .പണ്ടുള്ളവർക്കൊക്കെ ഭയങ്കര അറിവായിരുന്നു.”

ഇതൊരു വലിയ പ്രശ്നമാണ് സർ.. തനിക്കുശേഷം ഒരു വർഷം കഴിഞ്ഞ് കോളജിൽ പഠിക്കുവാൻ വരുന്ന കുട്ടിയെ അംഗീകരിക്കുവാൻ ഉള്ള മടിയാണ് റാഗിംഗ് എന്ന സാഡിസമായി പുറത്തു വരുന്നത്.തനിക്കുശേഷം ഒരുവർഷം കഴിഞ്ഞ് ജനിച്ചു എന്ന കാരണത്താൽ, തനിക്ക് ശേഷം ഏതാനും മാസങ്ങൾക്ക് ശേഷം കോളജിൽ ചേർന്നു എന്ന കാരണത്താൽ അവർ വെറും അടിമയാണ് എന്ന് കരുതുന്ന വികൃത മനോഭാവം .ഇതേ മനോഭാവമാണ് മദ്രാസ് സർവകലാശാല വൈസ് ചാൻസലറുടെ മകൻ നവർസുവിനെ വെട്ടിനുറുക്കി ചാക്കിലാക്കാൻ ഒരു MBBS വിദ്യാർത്ഥിയെ പ്രേരിപ്പിച്ചത്.

പാരമ്പര്യം, ആചാരങ്ങൾ, മാമൂലുകൾ , കാരണവന്മാർ എന്നി സോകോൾഡ് ബൗദ്ധിക സാംസ്കാരിക വരേണ്യവർഗ്ഗം ഉണ്ടാക്കി വയ്ക്കുന്ന വികൃത ഭാവനകൾ അനുസരിച്ചുകൊള്ളണം എന്ന് പറയുന്ന മനോഭാവവും നമ്മുടെ രാജ്യത്തെ പുറകോട്ട് പിടിച്ചു വലിച്ച കാര്യങ്ങളിൽ ഒന്നാണ്.സമസ്തമേഖലകളിലും ഈ മനോഭാവം ദൃശ്യമാണ്.തന്റെ മക്കൾ ഏതു സർവകലാശാലയിൽ നിന്ന് എത്ര ഉന്നത ബിരുദമെടുത്താലും ശരി കാർന്നവന്മാർ എന്ന ദിവ്യവർഗ്ഗം ആർജിച്ചെടുത്ത ആചാരങ്ങളുടെയും പരമ്പരാഗത അറിവുകളുടെയും മുമ്പിൽ “ഇതൊക്കെ എന്ത്, നിനക്കൊന്നും അറിയില്ല,കാരണം നീ വെറും കുട്ടിയാണ് എന്ന് മോഹൻലാലിൻറെ ഒരു അധീശത്വ മനോഭാവമുള്ള ഒരു കഥാപാത്രം പറയുന്ന അതേ ധ്വനി. പഴയതും പണ്ടുള്ള ആൾക്കാർ പറഞ്ഞതുമെല്ലാം എന്തോ സ്വർണമാണെന്ന ഓൾഡ് ഈസ് ഗോൾഡ് എന്ന ആശയം തിരുത്തുമ്പോൾ മാത്രമേ ഒരു സമൂഹം രക്ഷപ്പെടുകയുള്ളൂ. ഒരുപക്ഷേ യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ പഴയെ തെറ്റുകളിൽ നിന്ന് പാഠം പറ്റിച്ചു,അവ തിരുത്തി മുൻപോട്ടു പോയതിന്റെ ഫലമായി ആവാം മാനുഷിക മൂല്യങ്ങളിൽ അവർ ലോകത്തിനു മാതൃകയാകുന്നത്. പ്രാകൃത ഗോത്രവർഗ്ഗ സംസ്കാരത്തിൻറെ കെട്ടുകഥകൾ എഴുതിവെച്ച പുസ്തകങ്ങൾ സകല വിജ്ഞാനത്തിന്റെയും, സകല നന്മകളുടെയും Quantum മെക്കാനിക്സിന് അപ്പുറമുള്ള ശാസ്ത്ര രഹസ്യങ്ങളുടെയും ബി നിലവറയാണ് എന്ന് വിശ്വസിക്കുന്ന ഓരോ ആൾക്കാരുടെയും അടിസ്ഥാന മനോഭാവം ഇത് തന്നെയാണ് .

ജഗതി ഒരു ചിത്രത്തിൽ അബദ്ധത്തിൽ ഒരു അലമാരി നശിപ്പിക്കുന്നുണ്ട്. അപ്പോൾ ജനാർദ്ദനൻ പറയുന്നു ” നൂറ്റാണ്ടുകൾ പഴക്കമുള്ള അലമാരി ആണല്ലോ നീ നശിപ്പിച്ചത് എന്ന്.. ജഗതിയുടെ മറുപടി ഇങ്ങനെ .. “പഴയതായിരുന്നുവോ..എന്നാൽ സാരമില്ല.. ഞാനോർത്തു പുതിയത് ആയിരുക്കും എന്നു.. സാരമില്ല പോട്ടെ.. “പുതിയ കാര്യങ്ങൾ പഠിക്കാത്ത,അംഗീകരിക്കാത്ത എല്ലാവരും വെറും പഴയ ചാക്കുകൾ തന്നെയാണെന്ന് മനസ്സിലാക്കുക. ഓരൊ വ്യക്തിയും,സസൂക്ഷ്മം നിരീക്ഷിച്ചാൽ മനസിലാകും നമ്മളിൽ ഉള്ള ഈ മനോഭാവം.ബോധപൂർവ്വം നമുക്ക് ഇത് തിരുത്താം.