Lifestyle
SSLC പരീക്ഷ തോറ്റതിനെ ആഘോഷിക്കുന്ന ‘പ്രചോദന’ പോസ്റ്റുകളുടെ അപകടം എന്തെന്നെറിയാമോ ?

SSLC പരീക്ഷ തോറ്റതിനെ ആഘോഷിക്കുന്ന ഒരു പാട് പോസ്റ്റ്കൾ കണ്ടു.ജീവിത വിജയത്തിന്റെ ഏക നാഴിക കല്ല് ഈ പരീക്ഷയൊന്നുമല്ല എന്നത് സത്യമാണ് എന്നിരിക്കെ ഈ നിസ്സാരവൽക്കരണത്തിന് പിന്നിൽ ചില അപകടങ്ങളുണ്ട്.
റോബിൻ കെ മാത്യു
Behavioural Psychologist
Cyber Psychology Consultant
ഇന്നത്തെ നിരവധി ശതകോടീശ്വരന്മാർ – ഉദാഹരണത്തിന്, ബിൽ ഗേറ്റ്സും മാർക്ക് സക്കർബർഗും യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയില്ല .എന്നിട്ടും അവർ വിജയം കൈവരിച്ചു എന്നും നമ്മൾ സ്ഥിരം കേൾക്കാറുണ്ട് . ഇത് ഗണ്യമായ മാധ്യമ ശ്രദ്ധ ആകർഷിച്ചു.ഇതേ തുടർന്നു സർവ്വകലാശാലയിൽ പോകേണ്ടെന്ന്തീരുമാനിച്ച യുവാക്കളുടെ കണക്ക് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. 2011-ൽ, സിലിക്കൺ വാലിയിലെ സംരംഭകനായ പീറ്റർ തെയിൽ ഒരു തുടർച്ചയായ ഒരു പരിപാടി ആരംഭിച്ചു. സ്കൂൾ പഠനം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന യുവ സംരംഭകർക്ക് $100,000 അവാർഡ് നൽകുന്നു.ഒരുപാട് പേരുടെ ഭാവിയാണ് ഇങ്ങനെ നശിച്ചത്.സർവകലാശാല പഠനം ഉപേക്ഷിച്ചു ജീവിതത്തിൽ വൻ പരാജയമായി പോയ ലക്ഷകണക്കിന് ആളുകളുടെ വിവരങ്ങൾ ആരും റിപ്പോർട്ട് ചെയ്തു മിനക്കെടില്ല .അതിന് വാർത്താ പ്രാധാന്യം ഇല്ലല്ലോ.
ലോകത്തിലെ ഓരോ വലിയ വിജയത്തിനും ആയിരക്കണക്കിന്, പതിനായിരക്കണക്കിന് പരാജയങ്ങളുടെ കഥ പറയാനുണ്ടാവും. വിജയത്തിന്റെ ഓരോ കഥയും നമ്മൾ ആവർത്തിച്ച് പറയുമ്പോൾ , ജയ പരാജയങ്ങളുടെ യഥാർത്ഥ സ്ഥിതി വിവര കണക്കുകൾ നമ്മൾ മറക്കുകയും ജീവിതത്തിൽ വിജയത്തിന്റെ സാധ്യതകൾ അമിതമായി വിലയിരുത്തുകയും ചെയ്യുന്നു
ജിമ്മിൽ പോവുകയും എക്സർസൈസ് ചെയ്യുകയും ചിട്ടയായ ജീവിതം നയിക്കുകയും ചെയ്ത പുനീത് രാജ്കുമാറിനെ പോലെ എത്ര പേര് നല്ല പ്രായത്തിൽ മരിക്കുന്നു.അത് കൊണ്ട് വ്യായാമവും ചിട്ടയായ ജീവിതവും ഒന്നും നയിക്കേണ്ട എന്ന് പറയുന്ന പല അരാജകത്വ വാദ പോസ്റ്റുകൾക്കും ഇപ്പോൾ നല്ല സ്വീകാര്യത ഉണ്ട്.നീന്തൽ നല്ലയൊരു വ്യായാമം ആണെങ്കിൽ എന്ത് കൊണ്ടാണ് തിമിംഗലത്തിന്റെ വണ്ണം കുറയാത്തത് എന്ന ന്യായ വൈകല്യം പോലെയൊന്ന്.
പണ്ടൊക്കെ ഉള്ള ആളുകൾക്ക് നല്ല ആരോഗ്യമായിരുന്നു എന്നും എന്റെ മുത്തച്ഛൻ നൂറ് വയസ് വരെ ജീവിച്ചു എന്നും പറയുമ്പോൾ ഓർക്കുക ,1947 ൽ നമ്മുടെ ഇന്ത്യയിലെ ആയുർ ദൈർഘ്യം വെറും 31 വയസായിരുന്നു.ഇന്നത് 70 ആണ്. നമ്മുടെ ലോകത്തെക്കുറിച്ചുള്ള ധാരണയെ വികലമാക്കുന്ന ഒരു സാധാരണ ധാരണ പിശകാണ് അതിജീവന പക്ഷപാതം .(Survivalship Bias). പ്രചോദന ഗുരുക്കന്മാർ ,സ്വയം സഹായ പുസ്തകങ്ങൾ ഒക്കെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ധാരണാ വൈകല്യമാണ് Survivalship Bias. നമ്മൾ ജീവിതത്തിൽ വിജയിച്ച വ്യക്തികളിലേക്ക് മാത്രം ശ്രദ്ധ തിരിക്കുമ്പോൾ ഈ ബൗദ്ധിക പക്ഷപാതത്തിന് അടിപ്പെടുകയാണ് ചെയ്യുന്നത് .
ശരിയായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങൾ മനസ്സിലാക്കുക. അവിടെയുമിവിടെയും വിജയിച്ചവരുടെയോ ഒറ്റപ്പെട്ട കണക്കുകളോ എടുത്തിട്ട് ഇതാണ് വിജയം എന്നോ ഇതാണ് വിജയ കാരണം എന്നോ വിശ്വസിക്കുന്നത് ജീവിതത്തിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കും. സമൂഹത്തിനും സ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും രാഷ്ട്രത്തിനും ഇത് ബാധകമാണ്.
2,707 total views, 4 views today