മലയാളികളുടെ ഉള്ളിൽ ഒഴുകുന്ന രക്തം സായിപ്പിന്റേതാണ്

റോബിൻ കെ മാത്യു
Behavioural Psychologist
Cyber Psychology Consultant

ഇന്ത്യയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. കനേഡിയൻ പൗരന്മാരായ എന്റെ ബന്ധുവിന്റെ വീട്ടിൽ ഞാൻ രാവിലെ ചെല്ലുകയാണ്. ഒരു രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന വൈകാരികത. ഭർത്താവ് ടിവിയിൽ കണ്ണും നട്ടിരിക്കുകയാണ്. എന്നെ കണ്ട ഉടനെ അദ്ദേഹത്തിൻറെ ഭാര്യ ചോദിച്ചു.

“റോബിൻ നിങ്ങളുടെ നാട്ടിൽ എന്തൊക്കെയാണ് ഈ നടക്കുന്നത്”
ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു എന്ന കാരണം കൊണ്ട് അവർക്ക് ഞാൻ അന്യനാട്ടുകാരനായി.അവർ വിദേശിയും.
മറ്റൊരു മലയാളി മാന്യൻ ഒരിക്കൽ എന്നോട് പറഞ്ഞതാണ്.
” ഈ കുടിയേറ്റക്കാർ എല്ലാം വന്ന് കാനഡ നശിപ്പിക്കും”
ഞാൻ ചോദിച്ചു.
” അങ്കിൾ ഇവിടെ ഇമിഗ്രന്റ് ആയിട്ട് വന്നതല്ലേ? ഇവിടെയുള്ള സായിപ്പന്മാർ എല്ലാം ഇമിഗ്രന്റ് ആയിട്ട് വന്നതല്ലേ? അതിൽ പലരും അതിക്രമിച്ചുകയറിവരും അല്ലേ? ഇവിടെ ആകപ്പാടെ ഉണ്ടായിരുന്നത് ആദിവാസികൾ മാത്രമല്ലേ?

ഈ ചോദ്യത്തിന് പെട്ടെന്ന് മറുപടി പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ വെറുപ്പ് പിന്നീട് പലപ്പോഴായി പ്രകടമായിട്ടുണ്ട്. ക്യാനഡയിലെ ഒരു ബ്രിട്ടീഷ് ഗൈനക്കോളജിസ്റ്റിന്റെ മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തെ പറ്റി ഞാൻ അവിടുത്തെ ഒരു മലയാളി നേഴ്സിനോട് പറഞ്ഞപ്പോൾ അവർ പറഞ്ഞതാണ്.
“നാട്ടിൽ നിന്ന് കയറി വന്നിട്ടാണോ ഇമ്മാതിരി വർത്തമാനം പറയുന്നത്”

മറ്റൊരു മലയാളി ബിസിനസുകാരന്റെ അടുത്ത് ചെന്നപ്പോൾ അയാൾ ഇന്ത്യക്കാരെയും പ്രത്യേകിച്ച് മലയാളികളേയും അടച്ചാക്ഷേപിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് പോലും തോന്നി ഞാൻ സ്കൂളിന്റെ പടി പോലും കാണാത്ത ഒരു പ്രകൃതനാണെന്ന്. അത്രത്തോളം ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപവും പരിഹാസവും.

സായിപ്പ് എന്ന് പറഞ്ഞാൽ ദൈവത്തിന്റെ തലയിൽ നിന്ന് ഉണ്ടായ അവതാരമാണ് എന്ന അതേ സിദ്ധാന്തം.ഇതൊക്കെ ഒറ്റപ്പെട്ട സംഭവം ആയിട്ട് കാണണ്ട. മലയാളികൾ പലരും പറയുന്ന ഒരു കാര്യമാണ്. ഞങ്ങൾ വീട് വച്ചപ്പോൾ ഇന്ത്യക്കാർ താമസിക്കുന്ന സ്ഥലത്ത് നിന്നും മാറി താമസിക്കാൻ വേണ്ടിയാണ് ശ്രമിച്ചത്.വെള്ളക്കാർ മാത്രമുള്ള ഏരിയ ആണ് ഞാൻ നോക്കിയത്.

തമിഴനും പഞ്ചാബിയും തെലുങ്കനും ലോകത്തുള്ള മറ്റുള്ള എല്ലാ രാജ്യക്കാരും തങ്ങളുടെ പാരമ്പര്യത്തിൽ അഭിമാനിക്കുമ്പോൾ മലയാളികൾക്ക് മാത്രം എങ്ങനെയാണ് ഇത്രത്തോളം പിതൃശൂന്യത അനുഭവപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല.നിങ്ങൾ ലോകത്തിലെ ഏറ്റവും അപരിഷ്കൃതമായ ഒരു രാജ്യത്തുനിന്നാണ് വരുന്നെങ്കിൽ പോലും അത് തുറന്നു പറയാനുള്ള ആർജ്ജവം കാണിക്കണം. അന്നത്തെ കാലത്ത് വെറും പട്ടിണി രാജ്യമായ ബംഗ്ലാദേശികൾ, സോമലിയക്കാർ,എട്യോപിയക്കാർ തുടങ്ങിയവർ പോലും വളരെ അഭിമാനത്തോടെയാണ് അവരുടെ നാടിനെ പറ്റി സംസാരിച്ചു കൊണ്ടിരുന്നത്.

നിങ്ങൾ എവിടെ ഉണ്ടായി എന്നുള്ളതല്ല, നിങ്ങൾ നല്ലൊരു മനുഷ്യൻ ആയി രൂപാന്തരം പ്രാപിച്ചൊ ,നിങ്ങളിൽ മനുഷ്യത്വം എത്രത്തോളം വളർന്നോ എന്നുള്ളതൊക്കെയായിരിക്കണം പരമമായ മാനദണ്ഡം.സായിപ്പിനെ കാണുമ്പോൾ മലയാളി ഗ്ളാസ് ഡോർ തുറന്നുപിടിച്ചു മാന്യത കാണിക്കും .ഇവൻ എത്ര മാന്യനാണ് എന്ന് കരുതി നമ്മൾ പുറകെ ചെന്നാൽ ആ കതക് നമ്മുടെ മുഖത്ത് അടിക്കും എന്ന് ഉറപ്പ് . സായിപ്പിന് ഉള്ള നീതി നമുക്കില്ല.

ഉന്നത വിദ്യാഭ്യാസവും ലോകപരിചയവും മനുഷ്യന്റെ അടിസ്ഥാനപരമായ സ്വഭാവങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല എന്നാണ് എന്റെ അനുഭവം. കോഴിക്കോട് ഐഐഎമ്മിൽ വച്ചാണ് എനിക്ക് ഈ അനുഭവം ശരിക്കും ഉണ്ടാവുന്നത്. ഓക്സ്ഫോർഡ് ഹാർവാർഡ് സ്റ്റാൻഡ്ഫോഡ് കേംബ്രിഡ്ജ് തുടങ്ങി ലോകത്തിലെ എല്ലാ ഉന്നത സർവകലാശാലയിലും പഠിച്ച പ്രൊഫൈസേഴ്‌സ് എല്ലാവരോടും ഒരേ മനോഭാവമല്ല പുലർത്തിയിരുന്നത്. ഇവർക്കൊക്കെ ഇത്രയും താഴാൻ പറ്റുമോ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

ഈ പല വ്യക്തികളുമായി ഇപ്പോഴും അടുത്ത ബന്ധം പുലർത്തുന്നുണ്ട് എന്നുള്ളത് കൊണ്ട് ഒരു സംഭവത്തെ പറ്റിയും എഴുതുന്നില്ല. കാരണം ഇവർ പലരും ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തികൾ ആണ് .ഫേസ്ബുക്കിലും ഇതു തന്നെ കാണാം. പുറമേ കാണിക്കുന്ന മാന്യത ഒന്നും ഉള്ളിൽ ഇല്ല.
വിദ്യാഭ്യാസം എന്ന് പറയുന്നത് ഗാന്ധിജി വീവക്ഷിച്ചത് പോലെ ഒരു മനുഷ്യനിലെ ഏറ്റവും നല്ല നന്മകളെ പുറത്തുകൊണ്ടുവരുന്ന പ്രക്രിയയായിരിക്കണം. ഒരു മനുഷ്യത്വത്തെയും മാനവികതയും ഉദ്ദീപിപ്പിക്കുന്ന ഒന്ന്.

വളരെ നല്ല മാന്യമായി പെരുമാറി നല്ല രീതിയിൽ കുടുംബം കൊണ്ടുപോവുകയും നല്ല രീതിയിൽ കുട്ടികളെ എല്ലാവിധ മൂല്യങ്ങളോടുകൂടി പഠിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് വെള്ളക്കാരെ ഞാൻ കാനഡയിൽ അമേരിക്കയിലും യൂറോപ്പിലും കണ്ടിട്ടുണ്ട്. പക്ഷേ അവർ ഒരു ന്യൂനപക്ഷം മാത്രമാണ്. നമ്മൾ മലയാളികൾ മക്കളെ വളർത്തുന്നത് ഇവിടുത്തെ കുത്തഴിഞ്ഞ സമൂഹത്തിന്റെ സംസ്കാരത്തിലാണ്. മലയാളി കുട്ടികൾ വളർന്നുവരുമ്പോൾ സായിപ്പിന്റെ നല്ല ഗുണവുമില്ല ഇന്ത്യക്കാരന്റെ നല്ല ഗുണവുമില്ല. എന്നാൽ അവിടുത്തെയും ഇവിടുത്തേയും ദോഷവശങ്ങൾ ഉണ്ട് താനും.

ഒരു ഉപഭോക്താവിനോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിന് ഏറ്റവും നല്ല നിർവചനം നൽകിയത് ഗാന്ധിജിയാണ്. മിഷിഗൺ സർവകലാശാലയിലെ അവരുടെ വെബ്സൈറ്റിലെ ഹോം പേജിൽ തന്നെ ഒരുപാട് നാൾ ഈ വചനമാണ് കൊടുത്തിരുന്നത്. പണ്ട് എല്ലാ സർക്കാർ ഓഫീസുകളിലും ഇത് ഉണ്ടായിരുന്നു. ഇപ്പോഴും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഇത് കാണാം. പാവം ഗാന്ധിജി ലജ്ജിക്കുന്നുണ്ടാവും.

Leave a Reply
You May Also Like

നോഹയുടെ വെള്ളപ്പൊക്കം വിവിധ സംസ്‌കാരങ്ങളിൽ

Shanavas S Oskar നോഹയുടെ വെള്ളപ്പൊക്കം വിവിധ സംസ്‌കാരങ്ങളിൽ നോഹയുടെ വെള്ളപ്പൊക്കം എന്നത് ഏവർക്കും അറിയുന്ന…

ചുംബനത്തിന്റെ ജന്മ സ്ഥലം ഇന്ത്യ- “ചുംബനത്തിന്റെ ഇന്ത്യന്‍ ചരിത്രം” (ചുംബന സമര വിരുദ്ധര്‍ അറിയേണ്ടത് )

ഈ ചുംബനം എങ്ങനെ ഇന്ത്യയിലെത്തി ? ഇന്ത്യന്‍ ചുംബനത്തിന്റെ ചരിത്രം പരിശോധിക്കുകയാണ് ഇവിടെ

ഗൾഫ് നാടുകളിൽ കാണാൻ കഴിയുന്ന അറബികൾ ഇന്നും കൈവിടാതെ കൂടെ പൊറുപ്പിക്കുന്ന ശീലങ്ങളിൽ ഒന്നായ മജ്‌ലിസുകൾ എന്നാൽ എന്താണ് ?

ഒരു സാധാരണ അറബി ജീവിതത്തിന്റെ ചര്യയാണ് മജ്ലിസുകൾ. പതിറ്റാണ്ടുകളായി തുടർന്ന് പോരുന്ന തനിയാവർത്തനങ്ങൾ. വൈകുന്നേരം വെടിപറയാനും, സമയം കൊല്ലാനുമൊരിടം എന്നതിലപ്പുറം കുടുംബ സംഗമത്തിന്റെയും, സൗഹൃദം പുതുക്കലിന്റെയും കൂടി വേദിയാണ് മജ്ലിസുകൾ

നാക്ക് നീട്ടി കാണിക്കുന്നത് മുതല്‍ പരസ്പരം തുപ്പുന്നതുവരെ ആചാരങ്ങള്‍…

നേപ്പാള്‍, ഇന്ത്യ തായിലാണ്ട് പോലെയുള്ള രാജ്യങ്ങള്‍ കൂപ്പുകയ്യുമായി ആണ് അതിഥികളെ സ്വീകരിക്കുന്നത്.