രംഗബോധമില്ലാതെ ഒരു അതിഥി.
റോബിൻ കെ മാത്യു
Behavioural Psychologist
Cyber Psychology Consultant
വർഷങ്ങൾക്ക് ശേഷം മായാറാണി എന്ന ഞങ്ങളുടെ പ്രീഡിഗ്രി കൂട്ടുകാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട ഒരു വോയിസ് മെസ്സേജ് ആണ് സുനിതയെക്കുറിച്ചു എന്നെ ഓർമിപ്പിച്ചത്.ആ ശബ്ദ സന്ദേശം ഏതാണ്ട് ഇങ്ങനെ ആയിരുന്നു .”നമ്മുടെ കൂടെ പഠിച്ച സുനിതയുടെ മകൻ മരിച്ചു പോയി.എന്തോ അപകടമാണ്. മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത് .അവളെ കാണുവാൻ ഞാൻ അടുത്തദിവസം പോവുകയാണ്.”
ഞങ്ങൾക്കെല്ലാവർക്കും ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു അത് .മായാറാണി അവളെ കാണുകയും സംസാരിക്കുകയും ചെയ്തു. മാസങ്ങൾക്കുശേഷം മായറാണി സുനിതയെ whatsapp ഗ്രൂപ്പിൽ ചേർത്തു.മകന്റെ കാര്യം മാത്രം ആരും ചോദിക്കരുത് എന്ന നിബന്ധനയോടെ.

ഏതാനം ആഴ്ചകൾ കഴിഞ്ഞപ്പോൾ ഞാൻ സുനിതയുടെ നമ്പറിൽ വിളിച്ചു സൗഹൃദം പുതുക്കി. ഏതാണ്ട് ഒരു മണിക്കൂർ സംസാരിച്ചു .അവൾ മകന്റെ കാര്യവും പറഞ്ഞു .ഞാൻ എല്ലാം ശ്രദ്ധയോടെ കേട്ടു . എന്തു പറഞ്ഞാണ് ഞാൻ അവളെ ആശ്വസിപ്പിക്കുന്നത് ? ഒരു പക്ഷേ ക്ഷമയോടെ ബാക്കിയുള്ളവരെ ശ്രവിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല ആശ്വസിപ്പിക്കൽ എന്നെനിക്കറിയാം.സുനിത ഒരുകാര്യം എന്നോട് ആവശ്യപ്പെട്ടു, വളരെ വിചിത്രവും സങ്കീർണവുമായ ചില ജീവിതാവസ്ഥകളിലൂടെയാണ് അവൾ കടന്നു പോയത് .ഞാൻ അതിനെ കുറിച്ച് എഴുതണം എന്ന് അവൾ ആവശ്യപ്പെട്ടു.
മാർക്ക് ട്വെയിൻ പറയുന്നുണ്ട് , ‘സത്യം കെട്ടുകഥകളേക്കാൾ വിചിത്രമാണ്. “ഡിജിറ്റൽ നാഗവല്ലിമാർ” എന്ന പുസ്തകത്തിൽ അതി വിചിത്രമായ ഇത്തരം 31 അധ്യായങ്ങൾ ഉണ്ട്.അതിലൊന്നാണ് സുനിതയുടെത്.അവൾ പറഞ്ഞ തീവ്ര അനുഭവങ്ങളുടെ ചില ഭാഗങ്ങൾ താഴെ സംഗ്രഹിച്ചിരിക്കുന്നു.
സുനിതയുടെ മൂത്തമകൻ റിജോ അൽപ്പം ഹൈപ്പർ ആക്റ്റിവ് ആയിട്ടുള്ള ഒരു കുട്ടിയായിരുന്നു .ഏഴാം ക്ലാസിൽ പഠിക്കുമ്പോഴേ അവൻ ജൂഡോ ചാമ്പ്യൻ ആയിരുന്നു . സ്കേറ്റിംഗ് , ശാസ്ത്രീയ സംഗീതം , ഡ്രംസ് , കീബോർഡ് , ഗിറ്റാർ , നീന്തൽ , ഫുട്ബാൾ , വര , ഗ്ലാസ് പെയിന്റിങ് , ന്രത്തം ,പാശ്ചാത്യ സംഗീതം തുടങ്ങിയ മേഖലകളിലെല്ലാം അവൻ ഒന്നും രണ്ടും സ്ഥാനത്ത് ഉണ്ടായിരുന്നു. മാതാപിതാക്കന്മാർ രണ്ടുപേരും മുത്തശ്ശനും മുത്തശ്ശിയും പരിചാരകരും ഒക്കെ സഹായിക്കുവാൻ ഉള്ള സ്ഥലങ്ങളിൽ പോലും കുട്ടിയെ ഇത്രയധികം സ്ഥലങ്ങളിൽ കൊണ്ട് പോയി ട്രെയിനിങ് കൊടുക്കുക ദുഷ്‌കരമാണ് എന്നോർക്കുക.പക്ഷെ സുനിത ഇതെല്ലം ഒറ്റയ്ക്ക് തന്നെ ചെയ്തു.. ഇതിനിടയിൽ പാചകവും വീട് വൃത്തിയാക്കലും ഇളയ കുട്ടിയുടെ കാര്യവും അവൾ ഭംഗിയായി തന്നെ നോക്കി. അവന്റെ ഹൈപ്പർ ആക്റ്റിവിറ്റി കൊണ്ടുള്ള ചില ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ റിജോ വളരെ നല്ല മിടുക്കനായ കുട്ടിയായിരുന്നു .അവനെ കൊണ്ട് കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല .റിജോക്ക് അനിയത്തി കുട്ടിയെ ജീവനായിരുന്നു .
റിജോക്ക് റോപ്പ് ഡാൻസ് വളരെ ഇഷ്ടമായിരുന്നു .ജനലിൽ കയർ കെട്ടി ,അതിൽ തൂങ്ങി വിവിധ അഭ്യാസങ്ങൾ കാണിക്കാൻ വിരുതനായിരുന്നു അവൻ .വായനാ പ്രിയനായ അവനു വേണ്ടി ഏതാണ്ട് ആയിരത്തോളം പുസ്തകങ്ങൾ തന്നെ സുനിത വാങ്ങിയിട്ടുണ്ട്.അങ്ങനെയിരിക്കെ ഒരു ദിവസം ചില മുതിർന്ന കുട്ടികൾ റിജോയെ ഉപദ്രവിച്ചു.മലയാളം സംസാരിക്കുന്നതിന് പേരെഴുതി ടീച്ചറെ ഏൽപ്പിച്ചു എന്നതാണ് അവൻ ചെയ്ത തെറ്റ്.അവർ അവന്റെ കഴുത്തിൽ മുറുകെപിടിച്ച് ശ്വാസംമുട്ടിച്ചു. താൻ മരിച്ചു പോകുമെന്നു റിജോ കരുതിയ നിമിഷം. എന്നാൽ കഴുത്തിൽ നിന്ന് പിടിവിട്ടപ്പോൾ അവൻ പഴയപടിയായി.
കഴുത്തിലെ ജുഗലാർ നാഡി ബ്ലോക്ക് ആവുകയും മസ്തിഷ്കത്തിലേക്കുള്ള ഓക്സിജൻ നിലയ്ക്കുകയും ചെയ്ത ആ നിമിഷം ഒരു പ്രത്യേകതരം അവസ്ഥയിലൂടെ റിജോ കടന്നു പോയിട്ടുണ്ടാവാം. അപ്പോഴുണ്ടാകുന്ന അവസ്ഥ മരണവെപ്രാളം അല്ല ,ഒരുതരം മയക്കം പോലത്തെ അനുഭൂതിയാണ്.കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ചാലും മരിച്ചു പോവുകയില്ല എന്ന് അവന് മനസ്സിലായി .അങ്ങനെ റിജോ അമ്മയോട് പറയുകയും ചെയ്തു. എന്നാൽ കഴുത്തിൽ കയർ കുരുങ്ങിയാൽ അപകടമാണെന്നും ,മരിച്ചുപോകും എന്നും ഉള്ള അറിവ് അവൻ അമ്മയുമായി പങ്കു വെച്ചു.
2018 സെപ്റ്റംബർ 20 .അടുത്തദിവസം റിജോയുടെ അച്ഛൻ അഹമ്മദാബാദിൽ നിന്നും വരുന്നുണ്ട് .അപ്പനെ വിസ്മയിപ്പിക്കാൻ വേണ്ടി ചില നമ്പറുകൾ ഒക്കെ അവൻ പ്ലാൻ ചെയ്തിട്ടുണ്ട്.സ്കൂളിൽ നിന്ന് വന്ന ഭക്ഷണവും കഴിച്ച് അവൻ മുറിയിലേക്ക് കയറി. കതകടച്ചിരുന്നാണ് റിജോ സാധാരണ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നത്. അനിയത്തിയുമായി കളിച്ച ശേഷം പഠിക്കാൻ പോകുകയാണെന്ന് പറഞ്ഞ് അവൻ അകത്തേക്ക് കയറി .പഠനം കഴിഞ്ഞു കുറച്ചു നേരം ഉറങ്ങും. അതിനുശേഷം സംഗീതത്തിന് പോകണം എന്ന് പറഞ്ഞിരുന്നു.
സമയം ഏതാണ്ട് നാല് മണിയായി .സുനിതയും ഒരു ഉറക്കം കഴിഞ്ഞ് ശേഷം ഡോറിൽ മുട്ടുന്നു.അതിന് ശേഷം അവൾ അടുക്കളയിലേക്ക് പോയി.എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും അവൻ വാതിൽ തുറക്കാത്തത് കൊണ്ട് സുനിത വാതിലിൽ ശക്തിയായി ഇടിച്ചു. ശബ്ദം കേട്ട് അടുത്ത വീട്ടിൽ ഉള്ള ആളുകൾ വന്നു . എന്നാൽ കുട്ടി ഉറങ്ങുകയായിരിക്കും എന്ന് പറഞ്ഞ് അവർ തിരിച്ചു പോയി. വീണ്ടും ഏറെനേരം ശ്രമിച്ചിട്ടും വാതിൽ തുറക്കാത്തത് കൊണ്ട് സുനിത വാതിൽ തല്ലി പൊളിക്കുവാൻ ശ്രമിച്ചു .അയൽപക്കത്തുനിന്ന് ആളുകൾ വീണ്ടും എത്തി.മോൻ വഴക്ക് ഉണ്ടാക്കിയിട്ട് ആണോ അകത്തേക്ക് കയറിപ്പോയതെന്ന് അവർ ചോദിച്ചു .എന്നാൽ അല്ല എന്നും ഉറങ്ങിയിട്ട് സംഗീത ക്ലാസ്സിൽ പോകണം എന്നും പറഞ്ഞാണ് അവൻ കതകടച്ചത് എന്ന് അവൾ മറുപടി പറഞ്ഞു. എല്ലാവർക്കും സംശയമായി. പുറത്തുനിന്ന് രണ്ടുപേർ വന്നു കല്ല് ,കമ്പിപ്പാര തുടങ്ങിയത് വച്ച് വാതിൽ കുത്തിത്തുറന്നു. വാതിൽ തുറന്ന് അകത്തു കയറിയവർ കണ്ട കാഴ്ച ഭയാനകമായിരുന്നു. ഒരു ബെൽറ്റിൽ തൂങ്ങി കിടക്കുകയാണ് റിജോയുടെ നിശ്ചലമായ ശരീരം.
സുനിതയുടെ സമനില തെറ്റി .അവൾ നേരെ പോയി മെയിൻ റോഡിൽ പോയി കിടന്നു .നല്ല ട്രാഫിക് ഉള്ള നേരം. മകൻ പോയ വഴിയേ പോകുവാനുള്ള മാതാവിൻറെ അവസാനശ്രമം .പുറകെ വന്നവർ തക്കസമയത്ത് അവളെ അവിടെ നിന്ന് മാറ്റി. പെട്ടെന്നാണ് തന്റെ ഇളയമകൾ ഒറ്റയ്ക്കാണോ എന്ന് സുനിത ഓർക്കുന്നത്. മോളെ നോക്കണം എന്ന് പറഞ്ഞ് അവൾ കരഞ്ഞു. ഈ സമയം കൊണ്ട് നാട്ടുകാർ റിജോയുടെ ശരീരം ബെൽറ്റിൽ നിന്ന് ഊരിമാറ്റി എടുത്തു ആശുപത്രിയിൽ കൊണ്ടുപോയി. പക്ഷെ അവൻ പണ്ടേ ഈ ലോകം വിട്ടുപോയിരുന്നു.. തന്റെ മകൻ പോയെന്ന് അറിഞ്ഞ സുനിത അതുവരെ വിശ്വസിച്ചിരുന്ന സകല ദൈവങ്ങളെയും ശപിച്ചു.പോലീസ് വന്ന് മുറിപൂട്ടി. ശവ സംസ്ക്കാരം കഴിഞ്ഞു പോലീസ് വീണ്ടും വന്ന് മുറി തുറന്ന് പരിശോധിച്ചു.കുട്ടി ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നത് .ജനലിൽ മുൻപ് ഒരു കയർ കെട്ടിയിരുന്നു.ആ കയർ കെട്ടിയത് കുട്ടിയാണെന്നും അവനു മുൻപ് തന്നെ അങ്ങനെ ഒരു ചിന്ത മനസ്സിൽ ഉണ്ടായിരുന്നുവെന്നും ഉള്ള നിഗമനത്തിലാണ് പോലീസ് എത്തിച്ചേർന്നത്. എന്നാൽ ആ കയർ നേരത്തെതന്നെ വാഴക്കുല തൂക്കുവാൻ വേണ്ടി സുനിതയുടെ സഹോദരൻ കെട്ടിയതായിരുന്നു.
പിന്നീട് പോലീസ് വീണ്ടും സമഗ്രമായി അന്വേഷിച്ചിട്ടും ആത്മഹത്യ ചെയ്യുവാനുള്ള ഒരു കാരണവും അവർക്ക് കണ്ടെത്താനായില്ല. .ശരീരത്തിൽ ബെൽറ്റ് കെട്ടി പുതിയ ഏതോ ഒരു ട്രിക്ക് പരിശീലിച്ചതാണ് റിജോ . അപ്പൻ വരുമ്പോൾ പുതിയ അഭ്യാസം കാണിച്ചു വിസ്മയിപ്പിക്കുവാൻ ഉള്ള ഒരു ശ്രമം.പക്ഷേ സംഗതി ഒരു ദുരന്തത്തിലാണ് കലാശിച്ചത്.കുട്ടിയുടെ കഴുത്തിലെ ജുഗുലാർ നാഡി അമർന്ന് ബ്രെയിൻലേക്കുള്ള ഓക്സിജൻ നിന്ന് പോവുകയും,ഒരു മയക്കത്തിൽ നിന്നും അവൻ ക്രമേണ മരണത്തിലേക്ക് നീങ്ങുകയും ചെയ്തു.
സുനിതയും ദിലീപും ഇളയ കുട്ടിയും ഇപ്പോൾ ഈ ഷോക്കിൽ നിന്ന് കരകയറി വരുന്നതേ ഉള്ളു. തികച്ചും പ്രതീക്ഷിക്കാത്ത സമയത്ത് വന്നുകയറിയ വിളിക്കാത്ത അതിഥിയായ രംഗബോധമില്ലാത്ത കോമാളി അവരുടെ ജീവന്റെ ഒരു ഭാഗമാണ് എടുത്തു കൊണ്ടുപോയത്.ഇക്കാര്യങ്ങളൊക്കെ ലോകം അറിയണമെന്ന് സുനിത ആഗ്രഹിക്കുന്നത് കൊണ്ടു മാത്രമാണ് ഇതെഴുതിയത്.(സുനിത ,ദിലീപ് എന്നീ പേരുകൾ യാഥാർതമല്ല)

***