മനോരോഗങ്ങൾ പകരുമ്പോൾ
റോബിൻ കെ മാത്യു
Behavioural Psychologist/Cyber Psychology Consultant
തന്നെ കോളജിലെ പലരും പ്രണയിക്കുന്നു എന്നും അവർക്ക് തന്നെ ലൈംഗികമായി കിഴടക്കുവാൻ സാധിക്കാത്തതിനാൽ തന്റെ പെൺമക്കളെ കുടുക്കുവാൻ അവർ നോക്കിയിരിക്കുകയാണ് എന്നും വിശ്വസിച്ചിരുന്ന ഒരു കോളേജ് പ്രൊഫസർ എന്നെ കാണുവാൻ എത്തിയിരുന്നു. അവരുടെ ചിന്തകളെ മാറ്റിയെടുക്കാൻ കുറച്ചു കാലങ്ങൾ വേണ്ടി വന്നു .എന്നാൽ അമ്മ പറയുന്നത് സത്യമാണ് എന്ന് വിശ്വസിച്ചു ഭയത്തിന്റെ മുൾമുനയിൽ ജീവിച്ചിരുന്ന ആ പെൺകുട്ടികളെ രക്ഷിച്ചെടുക്കുവാൻ എനിക്ക് സാധിച്ചു .2018 ജൂലൈ 1-ന് ഡല്‍ഹിക്കടുത്തുള്ള ബുരാരിയില്‍ നിന്നുള്ള ചുണ്ടാവത്ത് കുടുംബത്തിലെ പതിനൊന്ന് കുടുംബാംഗങ്ങളെയാണ് അവരുടെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പത്ത് കുടുംബാംഗങ്ങളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഈ സംഭവത്തെ കൂട്ട ആത്മഹത്യ എന്നു പോലീസ് വിലയിരുത്തി.
സംസ്ഥാന മുഖ്യമന്ത്രിയുടെ വീടിന് സമീപം Apr 12, 2017 ന് കേരളത്തെ ഞെട്ടിച്ച ഒരു ദാരുണ കൂട്ടകൊലപാതകം അരങ്ങേറി. തിരുവനന്തപുരത്തു കേഡല്‍ ജിന്സണ് രാജ എന്ന യുവാവ് തന്റെ മാതാപിതാക്കള്‍ അടക്കം നാലു പേരെ കൂട്ടക്കൊല ചെയ്തു ചുട്ടുകരിച്ചു.മനോരോഗങ്ങൾ ഒരു വ്യക്തിയിൽ തുടങ്ങി കൂടെ ഉള്ളവരിലേയ്ക്ക് പകർന്നു നൽകുന്ന ഒരു സാമൂഹിക പ്രതിഭാസമുണ്ട്. “ഷെയേർഡ് സൈക്കോസിസ്” എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.രണ്ടു വ്യക്തികളുടെ മനോവിഭ്രാന്തികൾ എന്ന (ഫോലി അദു ) എന്ന ഫ്രഞ്ച് പദമാണ് ഈ രോഗാവസ്ഥയുടെ യഥാർത്ഥ പേര്.
ഏറ്റവും ലളിതമായി പറഞ്ഞാൽ ഒരു വ്യക്തിക്ക് ഒരു പ്രത്യേകതരം മിഥ്യാഭ്രമം ഉണ്ടാകുന്നു എന്ന് കരുതുക. ഉദാഹരണം തന്നെ അപായപ്പെടുത്തുവാൻ ഒരു പ്രത്യേക സംഘടനയോ വ്യക്തിയോ ശ്രമിക്കുന്നു എന്ന ചിന്ത.വളരെ നോർമൽ ആയി ജീവിതം നയിക്കുന്ന ഇയാൾക്ക് ഒരു പ്രശ്നവും ഉള്ളതായി പുറത്തുള്ളവർ കരുതില്ല. വളരെ സൗഹാർദ്ദപരമായി ,മാന്യമായി പെരുമാറുന്ന ആളായിരിക്കും ഇവർ.എന്നാൽ തൻറെ കൂടെ ജീവിക്കുന്ന ഒരു സുഹൃത്തിനോടോ , ജീവിതപങ്കാളിയോടോ മാത്രമയാൾ ഇക്കാര്യം തുറന്നു പറയുന്നു. ഇയാൾ പറയുന്ന കാര്യം തികച്ചും സത്യമാണെന്നു വിശ്വസിക്കുന്ന ഈ സുഹൃത്ത്/ പങ്കാളി ഇതേ സംശയങ്ങൾ മനസ്സിൽ കൊണ്ട് നടക്കുകയും അത് വിശ്വസിക്കുകയും ക്രമേണ അതൊരു മിഥ്യാഭ്രമത്തിന്റ അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുവാനുള്ള സാധ്യതയുണ്ട് . ചില സന്ദർഭങ്ങളിൽ കുടുംബങ്ങൾ ഒന്നിച്ചു തന്നെ അദൃശ്യനായ ഈ വ്യക്തിയെ ഭയന്ന് ഒളിച്ചോടുകയോ ആത്മഹത്യ ചെയ്യുകയോ ഒക്കെ ചെയ്യാം.
ഇന്ത്യ പോലെയുള്ള സമൂഹത്തിൽ ഭൂരിപക്ഷം പേരും ഭർത്താവ്/അച്ഛൻ/ ഗുരുക്കന്മാർ/ പുരോഹിതർ എന്നിവരൊക്കെ പറയുന്നത് വേദവാക്യമായി പരിഗണിക്കുന്നവരാണ്. തങ്ങൾക്ക് ഭാവി മുൻപിൽ കാണാൻ കഴിയുമെന്നും ദൈവത്തിൻറെ രുചി തിരിച്ചറിയാൻ സാധിക്കും എന്നും ഒക്കെ പറയുന്ന ചില വ്യക്തികളെയും അവർ പറയുന്നത് മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്നു കുടുംബങ്ങളും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ചിലർ ലോകാവസാനത്തിൽ വിശ്വസിക്കുമ്പോൾ ചിലർ തങ്ങളെ അപായപ്പെടുത്തുവാൻ കാത്തിരിക്കുന്ന ശക്തികളെ ഭയപ്പെടുന്നു. ചിലർ തങ്ങൾക്ക് മനശക്തി കൊണ്ട് രോഗം മാറ്റാൻ സാധിക്കും എന്നും ചിലർക്ക് മരിച്ചുപോയവർ നൽകുന്ന സന്ദേശങ്ങൾ വായിച്ചെടുക്കാൻ സാധിക്കും എന്ന് കരുതുന്നു. അവരുടെ കൂടെയുള്ളവർ അത് വിശ്വസിക്കുന്നു
പീപ്പിള്‍സ് ടെമ്പിള്‍
1955-ല്‍ ജിം ജോണ്‍സ് അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തില്‍ ആരംഭിച്ച ആത്മീയ പ്രസ്ഥാനമായിരുന്നു പീപ്പിള്‍സ് ടെമ്പിള്‍ അല്ലെങ്കില്‍ ജനങ്ങളുടെ ക്ഷേത്രം. ജിം ജോണ്‍സ് ക്രിസ്തുവിന്റെ ഒരു അവതാരം എന്ന നിലയിലേക്ക് മാറുകയും നിയമവിരുദ്ധമായ പല പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുകയും അവസാനം അമേരിക്കന്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തു.
ഈ സമയം കൊണ്ട് ഗയാനയിലെ ജോണ്‍സ് ടൌണ്‍ എന്ന സ്ഥലത്തേക്ക് ജിം തന്റെ കമ്മ്യുണ്‍ മാറ്റിയിരുന്നു. താന്‍ നിയമത്തിന്റെ മുമ്പില്‍ കീഴടങ്ങേണ്ടി വരും എന്ന ഘട്ടം എത്തിയപ്പോള്‍ ജിം അറ്റകൈ പ്രയോഗിച്ചു.തനിക്കൊപ്പം താന്‍ പറയുന്ന രീതിയില്‍ മരിക്കുന്ന എല്ലാവര്ക്കും ജിം ആകര്‍ഷകമായ പറുദീസ ഉറപ്പ് നല്കി.1978 നവംബര്‍ 17ല്‍ തന്റെ അനുയായികളോട് സയനൈഡ് കലര്‍ത്തിയ മുന്തിരിച്ചാറിന്റെ ചുവയുള്ള വിശുദ്ധ പാനീയം കുടിക്കുവാന്‍ ജിം ആവശ്യപ്പെട്ടു.918 പേരാണ് അന്ന് ആ വിശുദ്ദ പാനിയം കുടിച്ചു കൂട്ട ആത്മഹത്യ ചെയ്തത്. അതും ഒരാളുടെ വിഭ്രാന്തിയുടെയും അയാളോടുള്ള വിശ്വാസത്തിന്റെയും പേരില്‍ മാത്രം.
കൂടെ താമസിക്കുന്ന ആൾ Delusional Disorder ഉള്ള ആളാണെങ്കിൽ ഈ ചിന്തകൾ അതുപോലെതന്നെ കൂടെയുള്ളവരുടെയും വിഭ്രാന്തിയായി തീരാം .ചിന്തിക്കുക എന്ന പ്രക്രിയ തന്നെ പരിണാമ പരമായി നോക്കുമ്പോൾ പ്രകൃതി വിരുദ്ധമായ ഒരു കാര്യമാണ്.അതിന് ഊർജ്ജവും സമയവും നഷ്ട്ടമാകും.അത് കൊണ്ട് തന്നെ ആരെങ്കിലും “ഗുരുക്കന്മാരോ ,അധികാരികളോ,whatsapp സർവ്വകലാശാലയോ മതങ്ങളോ ഒക്കെ പറയുന്നത് അന്ധമായി വിശ്വസിക്കാൻ ആണ് നമ്മുടെ മസ്തിഷ്ക്കത്തിന് ഇഷ്ട്ടം.

ഇത്തരത്തിൽ മനോരോഗങ്ങൾ എങ്ങനെ പകരുന്നു എന്നും അതിന്റെ തീവൃതയും അത് നിങ്ങളെ തേടിയെത്താനുമുള്ള സാധ്യതെയും കുറിച്ച് “ഡിജിറ്റൽ നാഗവല്ലിമാർ” എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.ഈയിടെ നടന്ന നരബലി ഇത് പോലെയുള്ള ഒരു ഷെയേർഡ് സൈക്കോസിസ് ആണ്.അത് ഒരു കുറ്റകൃത്യത്തിലേയ്ക്ക് എത്തിയപ്പോൾ ആണ് ആളുകൾ വേവലാതിപ്പെടുന്നത്.
ഈ നരബലി നമ്മെ ഭയപെടുത്തിയപ്പോൾ ബബിയ എന്ന മുതലയുടെ ശവമടക്ക് നമ്മെ ഭയപെടുത്തിയില്ല.ഓർക്കുക, എല്ലാ മനോവിഭ്രാന്തികളും ഇങ്ങനെ ബബിയെ പോലെ നിഷ്കളങ്കമായി, ലളിതമായി, നിയമ സംവിധാനങ്ങളെ ഒന്നും വെല്ലുവിളിക്കാതെ ,ആർക്കും ഉപദ്രവും ഇല്ലാതെ, ഒരാളിൽ നിന്ന് നിരുപദ്രവകരമായി തുടങ്ങി, മറ്റുള്ളവരിലേക്ക് പടർന്നു പിടിക്കുന്നതാണ്.