ഭൂരിപക്ഷ മതം ഒരു സർക്കാർ ആയി വരുന്ന അവസരത്തിൽ അസഹിഷ്ണുതയുടെ വ്യാപ്തിയും ഭീകരതയും കൂടുമെന്ന് അംബേദ്‌കർ പറഞ്ഞിട്ടുണ്ട്

67

Robin K Mathew

ഇന്നത്തെ ഡെക്കാൻ ഹെറാൾഡിൽ അവരുടെ ഒരു മുഖപ്രസംഗം ഉണ്ട്. തലക്കെട്ട് ഇങ്ങനെയാണ് .ചോദ്യങ്ങൾ ചോദിക്കുന്നത് അത്ര വലിയ തെറ്റാണോ?

തമിഴ് നടൻ സൂര്യയ്ക്ക് എതിരെയും, പ്രശാന്ത് ഭൂഷണ് എതിരെയും കോടതിയെ വിമർശിച്ചതിന് കേസ് .ഡൽഹി കലാപത്തിൽ വ്യക്തമായി കലാപത്തിന് ആഹ്വാനം ചെയ്യുന്ന ആൾക്കാരുടെ വീഡിയോ പുറത്തുവന്നിട്ടും അവർക്കെതിരെ കേസ് ഇല്ല. പകരം സമാധാനത്തിന് ആഹ്വാനം ചെയ്യുന്നവരെയും എതിർ ആശയങ്ങൾ ഏറ്റവും മാന്യമായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെയും രാജ്യദ്രോഹക്കുറ്റം. അതിൽ സീതാറാം യെച്ചൂരിയും, ആനി രാജയും, വൃന്ദ കാരാട്ടും, ഉമർ കാലിദും എല്ലാം ഉണ്ട്.

ഭൂരിപക്ഷ ആശയത്തെ വിമർശിക്കുന്നവർക്ക് അർബൻ നക്സലുകൾ എന്നാണിപ്പോൾ പേര്. എതിർ ശബ്ദങ്ങളെ എല്ലാം പലതരം കുടക്കീഴിൽ കൊണ്ടു വന്നു കഴിഞ്ഞു.അവരിൽ നമ്മൾ കാണാതെ പോയ ഒരു പേരാണ് പ്രൊഫ ഹാനി ബാബു എന്ന മലയാളിയായ ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറുടേത്.

കഴിഞ്ഞവർഷം പ്രൊഫ ജി എൻ സായിബാബ എന്ന വീൽ ചെയറിൽ ഇരിക്കുന്ന 90% ഡിസബിലിറ്റി ഉള്ള ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറെ എതിർ ശബ്ദങ്ങൾ ഉയർത്തി എന്ന കാരണത്താൽ ഗവൺമെൻറ് അറസ്റ്റ് ചെയ്തിരുന്നു.അദ്ദേഹം ഇപ്പോൾ ഇരുമ്പഴിക്കുള്ളിൽ ആണ്.ഇന്ത്യയിൽ അസഹിഷ്ണുത ആദ്യമായി വരുന്നതാണോ? ഒരിക്കലുമല്ല.ഇതിനു മുമ്പും അത്. ഉണ്ടായിരുന്നു. പക്ഷേ അസഹിഷ്ണുത തഴ്ച്ചു വളരാനുള്ള വളക്കൂറ് ഇപ്പോഴാണ് വ്യക്തമായി ജനത്തിന് കിട്ടുന്നത് .അംബേദ്കർ പറഞ്ഞതുപോലെ ഭൂരിപക്ഷം മതം ഒരു സർക്കാർ ആയി വരുന്ന അവസരത്തിൽ അതിൻറെ വ്യാപ്തിയും ഭീകരതയും കൂടും. നെഹ്റു പറഞ്ഞിട്ടുണ്ട് .ഒരു ന്യൂനപക്ഷം അക്രമം കാണിക്കുമ്പോൾ തീവ്രവാദവും ,ഭൂരിപക്ഷവും അത് കാണിക്കുമ്പോൾ രാജ്യസ്നേഹവും ആയി മാറും എന്ന്.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളുകൾ ഒരുകാര്യം വിസ്മരിക്കരുത്..വർഷങ്ങളോളം നിങ്ങൾ ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങൾക്കും സർക്കാരിനും എതിർ ശബ്ദം തന്നെയായിരുന്നു. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിങ്ങളുടെ എതിരാളികൾ അധികാരത്തിലിരുന്ന 60 വർഷത്തോളം കാലം നിങ്ങൾ നിങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചു. എന്തുകൊണ്ടാണ് ആർ‌എസ്‌എസിന്റെ പ്രവർത്തനങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾക്കും ആത്മാവിനും വിരുദ്ധമാണെന്ന് അധികാരത്തിലിരുന്ന പലർക്കും തോന്നിയപ്പോഴും അവ നശിപ്പിക്കപ്പെടാതിരുന്നത്? പലതവണ നിരോധിക്കപ്പെട്ടു നിങ്ങൾ തിരിച്ചു വന്നില്ലേ?. മൃഗീയമായ ഭൂരിപക്ഷമുള്ള ഈ സമയത്ത് എന്തിനാണ് നിസ്സാരമായ ചില എതിർ ശബ്ദങ്ങളെ നിങ്ങൾ ഇത്ര ക്രൂരമായി പീഡിപ്പിക്കുന്നത്?

എതിർ ശബ്ദങ്ങൾ അങ്ങെയറ്റം അരോചകമായി തോന്നുകയും,അവർക്ക് തങ്ങളുടെ ഭിന്നാഭിപ്രയം തുറന്നു പറയുവാനുള്ള സ്വാതന്ത്രം അവന്റെ ജീവനെടുത്തു ഇല്ലാതാക്കുകയും ചെയ്യുക.. ഫാസിസം എന്നതും അസഹിഷ്ണുത എന്നതും ഏതെങ്കിലും ഒരു പ്രസ്ഥാനത്തിൽ മാത്രമായി ഒതുങ്ങി നിൽക്കില്ല.

ബർട്രാന്റ് റസ്സൽ പറയുന്നു
“നിങ്ങളിൽ പെടാത്തവരെകുറിച്ചുള്ള നിങ്ങളുടെ കരുതലാണ് ജനാധിപത്യം.” നാം നമ്മളെ കുറിച്ചു മാത്രം കരുതി നമ്മിൽത്തന്നെ ഭൂരിപക്ഷമായി ശക്തി തെളിയിക്കുന്നത് ജനാധിപത്യമായിയിരിക്കില്ല. അതൊരു പക്ഷേ ഫാസിസം ആയി പരിണമിക്കാം.
നിങ്ങൾ നിങ്ങൾ അല്ലാത്തവരെ കൊണ്ട് ബലിഷ്ഠരായി വലുതാകുന്നതാണ് ജനാധിപത്യം..നിങ്ങളിൽ പെടാത്തവരോടുള്ള നിങ്ങളുടെ കരുത്തലാണ് ജനാധിപത്യം.എതിർ ശബ്ദങ്ങളോടുള്ള സഹിഷ്ണുതയാണ് ജനാധിപത്യം.ഒരു രാഷ്ട്ര നിർമാണ പ്രക്രിയയിൽ മാത്രമല്ല ,ജീവിതത്തിന്റെ സമസ്ത മേഖലയിലും ആചരിക്കേണ്ട ഒന്നാണ് ഈ പറഞ്ഞ ജനാധിപത്യ സ്വഭാവം.

ഭൂരിപക്ഷത്തിന്റെ ബലിഷ്ട്ടമായ കുത്തൊഴുക്കിന് നേരെ വിരൽ ചൂണ്ടുന്ന ഒന്നാണ് ഇടത് പക്ഷ ചിന്തകൾ.അത് ഒരു പ്രസ്ഥാനത്തിന്റെ കീഴിൽ ഒതുങ്ങി നിൽക്കുന്നത് അല്ല.എതിർ ശബ്ദങ്ങളെ ആസസഹിഷ്ണുതയോടെ നോക്കി കാണൽ അല്ല.തങ്ങളിൽ പെടാത്തവർ എല്ലാം തങ്ങളുടെ ശത്രുക്കൾ ആണ് എന്ന വർഗ്ഗ ചിന്തകളും അല്ല.എതിർ ശബ്ദങ്ങൾ തന്നെയാണ് ഒരു ജനതയുടെ തിരുത്തൽ ശക്തികൾ. അതില്ലാതെ പോയ സ്ഥലങ്ങളൊക്കെ തന്നെ തകർന്നിട്ടുണ്ട്.