കറിവേപ്പിലയുടെ മനശാസ്ത്രം
Robin K Mathew
Behavioural Psychologist/Cyber Psychology Consultant
ഇന്നലെവരെ നിങ്ങളോട് സംസാരിച്ചുകൊണ്ടിരുന്ന ഒരു സുഹൃത്തു പെട്ടെന്ന് നിങ്ങളുടെ ഫോണ് അറ്റൻഡ് ചെയ്യാതിരിക്കുകയോ, വാട്സാപ്പിൽ ബ്ലോക്ക് ചെയ്യുകയോ, മെസ്സേജുകൾ കണ്ടില്ലെന്ന് നടിക്കുകയോ ഒക്കെ ചെയ്യാറുണ്ടോ? അല്ലെങ്കിൽ നിങ്ങൾ വളരെയേറെ സഹായിച്ച ഒരാൾ നിങ്ങളെ തിരിഞ്ഞു നോക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ടോ? എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമാണ് ആളുകൾ നിങ്ങളുമായി ബന്ധം പുലർത്തുന്നതെന്നും ആളുകൾ സൗഹൃദം എന്ന ഒന്നിന് വില കൽപ്പിക്കുന്നില്ലെന്നും നിങ്ങൾക്ക് തോന്നാറുണ്ടോ?
ഇതിനാണ് കറിവേപ്പിലയുടെ മനശാസ്ത്രം എന്ന് ഞാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടിൽ പൊതുവേ കണ്ടുവരുന്ന ഒരു പ്രത്യേകതയാണിത്. അവനവന് ആവശ്യമുള്ളപ്പോൾ മാത്രം ബാക്കിയുള്ളവരുമായി സൗഹൃദം പുലർത്തിക്കൊണ്ടു പോവുകയും, മെസ്സേജിന് റിപ്ലൈ അയക്കുകയും ,ഫോൺ എടുക്കുകയും ഒക്കെ ചെയ്യുക.
നമ്മുടെ നാട്ടിലെ വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ചെയ്യുന്ന ഒരേ പരിപാടിയാണ്- ഉത്തരം പറയുവാൻ ഇല്ല എന്നുണ്ടെങ്കിൽ ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുക. വാട്സ്ആപ്പ് മെസ്സേജ് കണ്ടില്ലെന്ന് ആക്കുക . ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുക.ആളുകളുടെ പ്രതികരണം എന്തെന്ന് അറിയാൻ വയ്യാത്ത അവസ്ഥ മനുഷ്യരിൽ വല്ലാത്ത anxiety ഉണ്ടാക്കും. എല്ലാ കാര്യങ്ങളും നിങ്ങളെക്കൊണ്ട് സാധിക്കില്ലായിരിക്കാം. പക്ഷേ നിങ്ങളുടെ മനസ്സിൽ ഉള്ളത് പ്രോപ്പർ ആയിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യുക. ഒരു യെസ് പറയുന്നതുപോലെ തന്നെയാണ് ഒരു നോ പറയാനുള്ള ചങ്കൂറ്റവും.
പണ്ടുള്ളതിലും ഈ അവസ്ഥ ഇന്ന് വളരെ കൂടുതലാണ് എന്നുള്ളതാണ് സത്യം. അതിന്റെ പ്രധാനകാരണം പണ്ട് എല്ലാ ആൾക്കാർക്കും പരസ്പരം സഹായിച്ചും സഹകരിച്ചും മാത്രമേ മുൻപോട്ട് പോകുവാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഇന്ന് അവസ്ഥ മാറി. എല്ലാ കാര്യത്തിനും- സൗഹൃദവും സെക്സും ഭക്ഷണവും ഉൾപ്പെടെ എല്ലാ കാര്യത്തിനും കയ്യിലിരിക്കുന്ന സെൽഫോണിനെ ആശ്രയിച്ചാൽ മതി എന്ന് അവസ്ഥയായി. സാമ്പത്തികമായി പുരോഗതി പ്രാപിച്ചതോടുകൂടി എന്തും വാങ്ങാൻ പറ്റും എന്ന് അവസ്ഥ. ഇതൊക്കെ കാലത്തിന്റെ ഒരു മാറ്റമാണെന്നും ടിവി വന്നപ്പോഴും ഇതിനെയൊക്കെ ആൾക്കാർക്ക് എതിർത്തിരുന്നുവെന്നും ഒഴുക്കിനൊത്ത് മുന്നോട്ടു പോകണമെന്നും പറയുന്ന ആൾക്കാർ ഉണ്ട്. പണ്ട് ഉണ്ടായിരുന്നതെല്ലാം നല്ലതും ഇപ്പോൾ ഉള്ളതെല്ലാം ചീത്തയാണെന്നും പറയുന്ന അതേ കുയുക്തി തന്നെയാണ് ഇപ്പോഴുള്ളത് എല്ലാം നല്ലതും പണ്ടുള്ളത് എല്ലാം മോശമായിരുന്നുവെന്നും പറയുന്നത്. 100 കൊല്ലം മുമ്പും ആയിരം കൊല്ലം മുമ്പും ആ കാലത്ത് ആ സംഭവം ന്യൂജനറേഷൻ തന്നെയായിരുന്നു. അന്നും അതൊക്കെ വളരെ നല്ലതായിരുന്നു എന്നാണ് ഭൂരിപക്ഷം പറഞ്ഞിരുന്നത്. ഇന്ന് നമ്മൾ അനാചാരം എന്ന് വിളിക്കുന്ന പല കാര്യങ്ങളും ഒരുകാലത്ത് ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെട്ടിരുന്ന ആചാരമായിരുന്നു. ഒഴുക്കിനെതിരെ നീന്താൻ നല്ല പ്രയാസമാണ്.
വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് ശരിക്കുമുള്ള കൾച്ചറൽ ഷോക്ക് എനിക്ക് നാട്ടിൽ ആണ് ശരിക്കും ഉണ്ടായത്. ആർക്കും ആരെയും കേൾക്കണ്ട.ഭാവിയിൽ റോഡിൽ ഒരുപക്ഷേ വഴി ചോദിച്ചാൽ പോലും അതിന് കമ്മീഷൻ മേടിക്കുന്ന രീതി വന്നേക്കാം.അൾട്രൂയിസം എന്നത് മറ്റ് ആളുകൾക്ക് വേണ്ടി നമ്മൾ നടത്തുന്ന നിസ്വാർത്ഥമായ സേവനമാണ്. അവരെ സഹായിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് ആളുകൾ ഇതൊക്കെ ചെയ്യുന്നത്.മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടി കയ്യും മെയ്യും മറന്നു പ്രവർത്തിക്കുന്നത് അതിൽ ഉൾപ്പെടുന്നു.അല്ലാതെ കടമ, വിശ്വസ്തത, അല്ലെങ്കിൽ മതപരമായ കാരണങ്ങൾ തുടങ്ങിയവയൊന്നും കൊണ്ടല്ല. ചില സന്ദർഭങ്ങളിൽ, അൾട്രൂയിസം തങ്ങളെത്തന്നെ അപകടത്തിലാക്കുന്ന അവസ്ഥ വരെ എത്താം. അത്തരം പെരുമാറ്റങ്ങൾ പലപ്പോഴും നിസ്വാർത്ഥമായും പ്രതിഫലം പ്രതീക്ഷിക്കാതെയും ചെയ്യപെടുന്നവയാണ്.. ന്യൂറോ സയൻസ് ഗവേഷണത്തിലെ സമീപകാല പുരോഗതി കാണിക്കുന്നത് അൾട്രൂയിസം മസ്തിഷ്ക്കത്തിലെ ലിംബിക് പ്രദേശങ്ങളിലെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
പരോപകാരം ,പരസ്പ്പര സഹകരണം, നിസ്വാർത്ഥ സേവനങ്ങൾ പോലുള്ള അനുബന്ധ നിർമ്മിതികൾ കൂടുതലും സവിശേഷമായ മനുഷ്യ സ്വഭാവങ്ങളായി വീക്ഷിക്കപ്പെടുന്ന ഒന്നാണ്.; എന്നിരുന്നാലും, ഈ നിർമ്മിതികളുടെ ചില വശങ്ങൾ മറ്റ് സ്പീഷീസുകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, തങ്ങൾ ഭക്ഷണം കഴിച്ചാൽ മറ്റൊരു കുരങ്ങന് ഒരു ഇലട്രിക്ക് ഷോക്ക് കിട്ടുമെന്ന് അറിയുമ്പോൾ കുരങ്ങുകൾ ഭക്ഷണം നിരസിക്കും. വലയിൽ കുടുങ്ങിയ മറ്റ് ഡോൾഫിനുകളെയും മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളെയും ഡോൾഫിനുകൾ സഹായിക്കുന്ന കേസുകളെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സാമൂഹിക പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രയോജനം ചെയ്യുമെങ്കിലും, അൾട്രൂയിസത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും പ്രയോജനം ലഭിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, സന്നദ്ധസേവനം നടത്തുന്ന മുതിർന്നവർ ജീവിതത്തിൽ കൂടുതൽ സംതൃപ്തി പ്രകടിപ്പിക്കുന്നു.ഇവരിൽ വിഷാദ രോഗങ്ങളും കുറവാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ഇവരുടെ ശാരീരിക മാനസിക ആരോഗ്യവും ആയുർദൈർഘ്യം വളരെ കൂടുതലുമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്
മറ്റുള്ളവരെ സഹായിക്കുവാനുള്ള ത്വര മനസ്സിൽ ഉണ്ടെങ്കിലും ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ പലരും ആൾക്കാരെ സഹായിക്കുന്നത് മൂന്നു തരത്തിലാണ്. ബാക്കിയുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് പറയുക, ഭിക്ഷാടന മാഫിയിലെ ആൾക്കാർക്ക് ചില നാണയത്തുട്ടുകൾ കൊടുക്കുക, വാട്സാപ്പിൽ ഫോർവേഡുകൾ തള്ളി സായൂജ്യം അടങ്ങുക. ഇതൊക്കെ ചെയ്യുന്നവർക്ക് തങ്ങൾ എന്തോ നന്മ പ്രവർത്തികൾ ചെയ്യുന്നു എന്നുള്ള സന്തോഷം ലഭിക്കുന്നു.ഈ സന്ദർഭത്തിൽ മദർ തെരേസയുടെ ഒരു വചനം മാത്രം ഓർക്കാം.
“ബാക്കിയുള്ളവരോട് ക്ഷമിക്കാൻ വളരെ പ്രയാസമാണ്. എന്നാലും നമ്മൾക്ക് ക്ഷമിക്കാം. നന്മ ചെയ്യുന്നത് എളുപ്പമല്ല. എന്നാലും നമ്മൾക്ക് നന്മ ചെയ്യാം. നമ്മൾ കത്തിച്ചു വെക്കുന്ന നന്മയുടെ ഓരോ മെഴുകുതിരി നാളത്തിൽ നിന്നുമാണ് മാനവരാശിയുടെ മനസ്സിൽ പ്രകാശം പരക്കുന്നത്.”