ദീർഘചുംബനത്തിനിടക്ക് രണ്ടിടങ്ങളിലേക്ക് വേർപ്പെട്ട ചുണ്ടുകളുടെ വേദനയാണ് മായാനദി

0
135

Robin Oommen

മായാനദി

മാത്തനെ ഞാൻ കണ്ടിട്ടുണ്ട്. സോഡിയാക്കിലെ ഇരുട്ടുമുറിയുടെ ആളൊഴിഞ്ഞ വടക്കേയറ്റത്ത് ഒഴിഞ്ഞഗ്ലാസിലേക്കു മുഖം പൂഴ്ത്തി കിടക്കുന്ന, ചോര തൂവിയ തിര നേരങ്ങളിലെ നനഞ്ഞ തരികളിൽ കൊട്ടാരം തീർത്ത് മഴകാത്തിരിക്കുന്ന, പാതിരാ തട്ടു മേശയിൽ കട്ടൻ കാപ്പിയിലെ മധുരം തിരയുന്ന.. മാത്തനെ ഞാൻ കണ്ടിട്ടുണ്ട്..!

തോറ്റു തോറ്റു തൊപ്പിയിട്ടവനാണ്. ഓടിയോടി കാല് തേഞ്ഞവനാണ്. കാരണങ്ങളൊന്നുമില്ലാതെ കാത്തിരുന്നവനാണ്. നിന്നെ മാത്രം ധ്യാനിച്ചവനാണ്. ഒറ്റകൊടുക്കപ്പെട്ട വേട്ടമൃഗമാണ്. കാറ്റുപോലെ കാണാതായവനാണ്.. മാത്തൻ ഞാൻ തന്നെയാണ്..! അപ്പുവിന് പൂർവ്വാശ്രമത്തിലെ ദേവിയുടെ മുഖമാണ്. ശപിച്ചുകൊണ്ട് കൊഞ്ചാനും ചിരിച്ചുകൊണ്ട് കരയാനും നേരമില്ലാത്തവളാണ്. വെറുപ്പ് മോഹത്തിന്റെ ബാക്കിപത്രമായതിലാവാം മോഹിച്ചുകൊണ്ട് വെറുക്കാറുണ്ട് ഇടക്കെങ്കിലും. വിദൂരമായ ഏതൊക്കെയോ സാധ്യതകളിൽ മനസ്സുടക്കി അതിജീവനം സാധ്യമാക്കിയവളാണ്. എന്റെ ജീവനദിയാണ്..
×××
നിറഞ്ഞ കേൾവിയും തെളിഞ്ഞ കാഴ്ചയുമർഹിക്കുന്ന ചില സിംഫണികളുണ്ട്. ‘മായാനദി’ അങ്ങനെയൊന്നാണ്. നിർവ്വചിക്കാനൊക്കാത്ത, അനുഭവിക്കാൻ മാത്രമായുള്ള രസക്കാഴ്ചകളുടെ മൊണ്ടാഷാണത്. ചുഴികളും ചുഴറ്റിയേറും നിറഞ്ഞ തീനദിയാണ്. തിരസ്കൃതരായ പ്രണയികളുടെ വേദപുസ്തകമാണ്, പരേതന്റെ മരണക്കുറിപ്പുപോലെ സത്യസന്ധവുമാണത്. ഒരു ദീർഘചുംബനത്തിനിടക്ക് രണ്ടിടങ്ങളിലേക്ക് വേർപ്പെട്ട ചുണ്ടുകളുടെ വേദനയാണ് മായാനദി. അമ്പരപ്പിക്കുന്ന ലാളിത്യവും മോഹിപ്പിക്കുന്ന സൗന്ദര്യവുമുണ്ടാവുമ്പോഴും അത് തീവ്രമായി മുറിപ്പെടുത്തുകയും നിശബ്ദമായി കരയിക്കുകയും ചെയ്യുന്നു.