Roby Kurian
സ്ഫടികം റീറിലീസിംഗ് നടക്കുന്നുവെന്നറിഞ്ഞു, സന്തോഷം. മറ്റ് പോപ്പുലർ സിനിമകളുടെ കാര്യത്തിലും ഇത് വേണ്ടതാണ് എന്നൊരു അഭിപ്രായമാണെനിക്ക്. കേരളത്തിലെ ഫിലിം കൾച്ചറിൽ സാധാരണമല്ലെങ്കിലും മറ്റ് നാടുകളിലൊക്കെ ഇത് സാധാരണമാണ്. ഇവിടെ മിക്കവാറും എല്ലാ തിയറ്റർ ചെയിനുകളും മൾട്ടിപ്ലെക്സിലെ ഒരു തിയറ്ററിലെങ്കിലും ആഴ്ചയിൽ രണ്ട് ദിവസം പഴയ സിനിമകൾ കാണിക്കും. മിക്കവാറും റിലീസ് ചെയ്ത് 25, 30, 40, 50, 60, 75 വർഷമൊക്കെയായ സിനിമകൾ. ഹിറ്റുകളും കൾട്ട് മൂവികളുമൊക്കെ ഇങ്ങനെ കാണിക്കാറുണ്ട്.
സ്ഫടികം റിലീസായ സമയത്ത് രണ്ടോ മൂന്നോ തവണ തിയറ്ററിൽ കണ്ടതായാണ് ഓർമ്മ. ആ സിനിമ എന്തുകൊണ്ട് ഇന്നും പ്രേക്ഷകരുമായി റെസൊണേറ്റ് ചെയ്യുന്നു എന്നത് നറേറ്റീവുകളും ജോണറുകളും ശ്രദ്ധിക്കുന്നയാളെന്ന രീതിയിൽ എനിക്ക് രസകരമാണ്. മോഹൻലാലിന്റെ സ്റ്റാർ പവറും, തിയറ്ററിനെ ജീവൻ വെപ്പിക്കുന്ന സംഘട്ടനങ്ങളും ഡയലോഗുകളും മാസെന്ന് ആളുകൾ വിളിക്കുന്ന സീനുകളും ഒക്കെയാണെന്നാണ് ആളുകൾ കരുതുന്നത്. ഞാൻ കരുതുന്നത് അതിലെ അന്തർലീനമായ നറേറ്റീവാണ് ഇന്നും ആളുകളുമായി കണക്ട് ചെയ്യുന്നതെന്ന്.
സ്ഫടികം പലരും കരുതുന്നതുപോലെ ആക്ഷൻ മൂവിയല്ല. Action movies are about success, സ്ഫടികം success-നെ പറ്റിയല്ല. സിനിമയുടെ ബേസിക് ഐഡിയ ഇതാണ്. ഒരു ഓതോറിറ്റേറിയൻ അധികാരവ്യവസ്ഥയിൽ (തിലകന്റെ ഫാമിലി) വളരുന്ന വ്യക്തി, സിസ്റ്റം അടിച്ചേൽപ്പിക്കുന്ന നിബന്ധനകളാൽ തന്റെ ആഗ്രഹങ്ങൾ ലക്ഷ്യങ്ങളും സാധിക്കാനാകാതെ ജീവിതത്തിൽ പരാജയപ്പെടുന്നു. (ഹീറോയുടെ വ്യക്തിപരമായ ഈ പരാജയമാണ് മലയാളി പ്രേക്ഷകർ വൈകാരികമായി കണക്ട് ചെയ്യുന്ന ആദ്യത്തെ സംഗതി.) ആ പരാജയത്തിൽ നിന്ന് അയാൾക്ക് ഒരിക്കലും രക്ഷപെടാനാവില്ല എന്ന് നമുക്കറിയാം. ആ പരാജയത്തെ മറച്ച് വെക്കാനും അപ്പനെന്ന അധികാരവ്യവസ്ഥയോട് കലഹിക്കാനുമായി അയാളൊരു റൌഡിയുടെ വേഷമിടുന്നു.
ആട് തോമയുടെ വയലൻസ് ഒരുതരം എസ്കേപ്പിസമാണ്. സിനിമയുടെ അവസാനഭാഗത്ത് അയാൾ തന്റെ കുറവുകളും തോൽവികളും അംഗീകരിക്കാൻ പഠിക്കുന്നു, തന്റെ തന്നെ കഴിഞ്ഞകാല അനുഭവങ്ങളുമായി പൊരുത്തപ്പെടുന്നു, ജീവിതത്തെ അതായിത്തന്നെ അംഗീകരിക്കാനുള്ള ഉൾക്കാഴ്ചയിലേക്ക് വളരുന്നു. ചുരുക്കത്തിൽ, ഒരു ‘കമിംഗ് ഓഫ് ഏയ്‌ജ്’. അതാണ് സ്ഫടികത്തിന്റെ ജോണർ. ഈ ഇന്റേണൽ ഫിലോസഫിയാണ് ആളുകൾ ഇന്നും കണക്ട് ചെയ്യുന്നത്. (മോഹൻലാൽ ഗുണ്ടായിസവും ഹീറോയിസവും കാണിച്ച ഒരുപാട് പടങ്ങളുണ്ട്, അതെല്ലാം സ്ഫടികം പോലെ ഇന്നും പ്രേക്ഷകരുമായി കണക്ട് ചെയ്യില്ല).
സമീപകാലത്തെ മോഹൻലാൽ സിനിമകളൊന്നും നിലംതൊടാതെ പോകുന്നതിന്റെ പ്രധാനകാരണം അയാളിപ്പോൾ അഭിനയിക്കുന്ന കഥാപാത്രങ്ങൾ flawed അല്ലെന്നതാണ്. പല കുറവുകളും പരിമിതികളുമുള്ള കഥാപാത്രങ്ങളുടെ ഇമോഷണൽ ദുർബലത അവതരിപ്പിക്കാനുള്ള കഴിവാണ് ലാലിനെ വലിയ താരമാക്കിയത്. ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്നവർ അത് തിരിച്ചറിയുന്നതുവരെ ലാലിനു രക്ഷയില്ല.