1000 രൂപയ്ക്കു തൃശ്ശൂരിൽ നിന്നും ഊട്ടിയിലേക്ക് പോയി വന്നാലോ…?
Roby M Sadanandan
അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രാച്ചെലവും ഭക്ഷണവും ഊട്ടിയിലെ പ്രധാന സ്ഥലങ്ങളിലേക്കുള്ള യാത്രയും അടക്കം…..അതും എയർ ബസ്സിൽ… KSRTC -യുടെ K -സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്സിൽ കഴിഞ്ഞ ദിവസം ഞങ്ങൾ പോയിവന്നു. അഞ്ചുദിവസം മുമ്പാണ് KSRTC പ്രസ്തുത പാക്കേജ് ആരംഭിച്ചത്. 18 -05 -2022 ബുധനാഴ്ച്ചയാണ് KSRTC തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്കും ചെന്നൈയിലേക്കും K -സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് സർവീസ് ആരംഭിച്ചത്. വൈകീട്ട് 6 .30 നു തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ബസ് അർദ്ധരാത്രി 12.45 നു തൃശ്ശൂരിൽ എത്തിച്ചേരും. അവിടെനിന്നും ഷൊർണുർ, പട്ടാമ്പി, പെരിന്തൽമണ്ണ, വഴിക്കടവ്, നിലംബൂർ, നാടുകാണിച്ചുരം, ഗൂഡല്ലൂർ വഴി രാവിലെ 5.30 നു ഊട്ടിയിൽ എത്തിച്ചേരും. രാത്രി 8.00 മണിക്കും മറ്റൊരു ബസ് ഇതേ റൂട്ടിലൂടെ സർവീസ് നടത്തുന്നുണ്ട്. ഒരേ ദിവസം 2 ബസ്സുകൾ തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്ക് പുറപ്പെടുന്നു.
തിരിച്ചു ഊട്ടിയിൽ നിന്നും രാത്രി 7.00 നും 8.00 നും പ്രസ്തുത ബസ്സുകൾ തിരുവനന്തപുരത്തേക്കു പുറപ്പെടുന്നു. രാത്രി 12.30 നു തൃശ്ശൂരും പിറ്റേദിവസം രാവിലെ 6.30 നു തിരുവനന്തപുരത്തും എത്തിച്ചേരുന്നു.പണം അടയ്ക്കുന്നതിന് മുമ്പും പിമ്പുമായി അഞ്ചാറ് പ്രാവിശ്യം വായിച്ചുനോക്കിയിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്തതു. ശനിയാഴ്ച്ച രാത്രി പുറപ്പെട്ടു ഞായറാഴ്ച വെളുപ്പിന് അവിടെ എത്തിച്ചേരുന്നു. അന്നേദിവസം രാത്രി തിരിച്ചു പുറപ്പെട്ടു ഞായറാഴ്ച അർധരാത്രി തൃശ്ശൂരിൽ എത്തിച്ചേരുന്നു. 24 മണിക്കൂർ കൊണ്ട് ഊട്ടിയിൽ പോയി തിരിച്ചു വരുന്നു. പക്ഷെ, ഒരബദ്ധം പറ്റി .
21 -05 -2022 ശനിയാഴ്ച 00 .45 നു തൃശ്ശൂരിൽ നിന്നും പുറപ്പെടുമെന്നാണ് ടിക്കറ്റിൽ പറഞ്ഞിരുന്നത്. വെള്ളിയാഴ്ച്ച അർധരാത്രി കഴിഞ്ഞു രണ്ടു മണിയായപ്പോൾ ഒരു ഫോൺ കാൾ.. ഈ സമയത്തു ആരുവിളിക്കാൻ,,,? എന്തെങ്കിലും ആക്സിഡണ്ടോ , അല്ലെങ്കിൽ മരണമോ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചു ഫോൺ അറ്റൻഡ് ചെയ്തപ്പോൾ അപ്പുറത്തു നിന്നും പറയുന്നു…” സർ , KSRTC-യിൽ നിന്നുമാണ്.. താങ്കൾ എവിടെയാണ് നിൽക്കുന്നതെന്ന്.?”.
ഉറക്കത്തിലായിരുന്നതിനാൽ ഒന്നു പകച്ചു….. പക്ഷെ, പെട്ടന്ന് കാര്യം മനസ്സിലായി. ഞങ്ങൾ ബുക്ക് ചെയ്ത തീയതി ഇന്ന് തന്നെയാണ്. (ട്രെയിൻ ടിക്കറ്റ് & എയർ ടിക്കറ്റ് ബുക്ക് ചെയ്യാറുള്ളവർക്കു കാര്യം മനസ്സിലാകും).. 24 മണിക്കൂർ എന്ന ടൈം ടേബിൾ പറ്റിച്ചതാണ്.ഞങ്ങളെ കാണാതായപ്പോൾ കണ്ടക്ടർ വിളിച്ചതാണ്.കൊടുങ്ങല്ലൂർ നിന്നും തൃശ്ശൂർക്ക് 38 കിലോമീറ്റര് യാത്രയുണ്ട്. അവരോടു സോറി പറഞ്ഞു, ഞങ്ങൾ എത്തില്ല, പൊക്കോളാൻ പറഞ്ഞു….
ഇനിയിപ്പോ എന്ത് ചെയ്യും ?? ഉറക്കവും പോയി. യാത്രയും നഷ്ടം…ഊട്ടിയിൽ ഞങ്ങൾ രണ്ടുപേരും 8 -9 തവണ പോയിട്ടുള്ളതിനാൽ വിഷമം ഇല്ല. പക്ഷെ മകൾ ആദ്യമായിട്ടാണ് ഊട്ടിയിലേക്ക് പോകുന്നത്. കൂടാതെ റിട്ടേൺ ടിക്കറ്റ് കൺഫേം ആണ്. അധികം ചിന്തിച്ചില്ല, വെളുപ്പിന് രണ്ടരക്ക് തന്നെ വീണ്ടും അന്നത്തെ ബസ്സിൽ ഊട്ടിക്ക് 2 ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷെ, അവസാനത്തെ ലോങ്ങ് സീറ്റിനു തൊട്ടു മുമ്പിലത്തെ സീറ്റ് ആണ് കിട്ടിയത്. KSRTC ബസ് ആണല്ലോ, ബാക്കിൽ ഇരുന്നാൽ മര്യാദക്ക് യാത്ര ചെയ്യാൻ സാധിക്കില്ലല്ലോ എന്ന് ആലോചിച്ചു ഉറങ്ങാൻ കിടന്നു.
ശനിയാഴ്ച്ച വൈകീട്ട് രണ്ടാമതായി പുറപ്പെടുന്ന ബസ്സിലാണ് സീറ്റ് ലഭിച്ചത്. ആ ബസ് വെളുപ്പിന് 2 .30 നു തൃശ്ശൂരിൽ എത്തിച്ചേരും. രാത്രി 12 .00 ആയപ്പോൾ മെസ്സേജ് വഴി ലഭിച്ച നമ്പറിൽ വിളിച്ചു ബസ് ഓൺ -ടൈം ആണോയെന്ന് അന്വേഷിച്ചപ്പോൾ അതെയെന്ന് മറുപടി കിട്ടി. കാറുമായി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ചെന്ന് പാർക്ക് ചെയ്തു… ഇരുപത്തിയഞ്ചു മിനിറ്റ് വൈകി 2 .55 നു ബസ് എത്തിച്ചേർന്നു.ആഹാ… അന്തസ്സ്… KSRTC -യുടെ K -സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്…!!! പുത്തൻ വണ്ടി….!! .ഏകദേശം 130 -140 ഡിഗ്രിയിൽ പുറകിലേക്ക് വരുത്താവുന്ന പുഷ്ബാക്ക് സീറ്റ് ..!! മുമ്പിലത്തെ സീറ്റിന്റെ പുറകിലായി ബോട്ടിൽ ഹോൾഡർ & മാഗസിൻ ഹോൾഡർ ..!! ഓരോ സീറ്റിനരികിലും മൊബൈൽഫോൺ USB ചാർജർ ..!! കാൽ വെക്കുവാനായി പ്രത്യേക സംവിധാനം…!! തലയ്ക്കു മുകളിൽ വലിയ ബാഗുകളോ പെട്ടികളോ വെക്കാവുന്ന റാക്ക് ..!! നിരക്കി നീക്കാവുന്ന വിൻഡോ ഗ്ലാസ്സുകൾ…!! വളരെ മികച്ച ലൈറ്റുകൾ..!!
മുമ്പിലും പുറകിലും വശങ്ങളിലുമായി നാല് കാമറകൾ…!! അവയുടെ വിഷ്വലുകൾ ഡ്രൈവറുടെ മുമ്പിൽ വെച്ചിട്ടുള്ള സ്ക്രീനിലൂടെ കാണാം…!! കൂടാതെ LCD ടെലിവിഷൻ..!! ഏറ്റവും പുറകിലേക്കും മികച്ച രീതിയിൽ എത്തിച്ചേരുന്ന ശബ്ദസംവിധാനം….!! ഏറ്റവും പുറകിൽ രണ്ടു സീറ്റ് ഒഴിവാക്കി എമർജൻസി എക്സിറ്റ് ..!! മുകളിൽ തൂങ്ങിക്കിടക്കുന്ന ഹാൻഡിലുകൾ..!! അതും അതിന്റെ കവർ പോലും കളഞ്ഞിട്ടില്ല…!! ആകെ 42 സീറ്റുകളാണ് ഉള്ളത്. എയർ ബസ് ആയതു കൊണ്ട് യാത്ര വളരെ സൗകര്യപ്രദം… ഏറ്റവും പുറകിലായിട്ടും യാതൊരുവിധ പ്രശ്നങ്ങളുമില്ല. ദൂരയാത്രകളിൽ KSRTC നടപ്പിലാക്കിയ പുതിയ പരിഷ്കാരം – കണ്ടക്ടർ കം ഡ്രൈവർ…!! അതായത് രണ്ടുപേരും വാഹനം ഓടിക്കും. അതുകൊണ്ടു ഡ്രൈവർ ഒറ്റയ്ക്ക് വാഹനം ഓടിച്ചു തളരുകയില്ല…. നമുക്കും അത് സുരക്ഷിതത്വം നൽകുന്നു.
കൊല്ലത്തു നിന്നും കയറിയ സഹയാത്രികർക്കു ഒരനുഭവം പറയാനുണ്ടായിരുന്നു..അതായത്, അവർ ബസ് കാത്തുനിന്നതു കൊല്ലം KSRTC സ്റ്റാൻഡിൽ ആയിരുന്നു. പക്ഷെ ബസ് അവിടേക്കു വരില്ല എന്ന അവരോടു വിളിച്ചു പറഞ്ഞു. കുട്ടികളടക്കം അവർ 6 പേരുണ്ടായിരുന്നു. KSRTC സ്റ്റാൻഡിൽ നിന്നും ആറു കിലോമീറ്റര് അകലേയുള്ള സ്ഥലത്തുകൂടിയാണ് ബസ് പോകുന്നത്. ബസ്സിൽ നിന്നും വിളിച്ചയാൾ പറഞ്ഞത്, സ്റ്റേഷൻ മാസ്റ്ററോട് പറഞ്ഞാൽ അവർ സൗകര്യം ചെയ്തുതരുമെന്നാണ്…
അതനുസരിച്ചു അവർ സ്റ്റേഷൻ മാസ്റ്ററോട് പറഞ്ഞപ്പോൾ ഉടനെ തന്നെ അവർക്കു എത്രയും പെട്ടന്ന് ലഭിക്കാവുന്ന വാഹനം അറേഞ്ച് ചെയ്തു കൊടുത്തു… തികച്ചും സൗജന്യമായിത്തന്നെ…!! ഏതാണ് ആ വാഹനമെന്നു അറിയണ്ടേ..??? അതെ….. മറ്റൊരു KSRTC ബസ് ആ ആറുപേരെയും മാത്രം വഹിച്ചു കൊണ്ട് നമ്മുടെ സ്വിഫ്റ്റ് ബസ് വരുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.
ഇതിലെ ലാഭവും നഷ്ടവും കണക്കുമൊക്കെ അവിടെ നിക്കട്ടെ… അതിശയോക്തി പറയുകയല്ല, പണ്ട് ബസ്സിനുള്ളിലെ മണി അടിക്കുന്ന ചരട് പൊട്ടിയാൽ അന്നത്തെ സർവീസ് അവിടെ വെച്ചുതന്നെ അവസാനിപ്പിച്ചു ജനങ്ങളെ ഇറക്കിവിടുന്ന ആളുകൾ ആയിരുന്നു. ആ ചരട് കൂട്ടിക്കെട്ടാൻ മെക്കാനിക് തന്നെ വരണമത്രേ..!! അവിടെ നിന്നും ഇങ്ങിനെയുള്ള മാറ്റങ്ങൾ വളരെ, വളരെ നല്ലതാണ്.. ഇങ്ങിനെയാണ് എല്ലാ ജീവനക്കാരും പെരുമാറുന്നതെങ്കിൽ KSRTC രക്ഷപെടാൻ സാധ്യത കാണുന്നുണ്ട്…അവരിൽ നിന്നും അറിഞ്ഞ മറ്റൊന്ന്, ഊട്ടിയിൽ ഇപ്പോൾ ”ഫ്ലവർ ഷോ” നടക്കുന്നുണ്ടത്രേ…ഹോ…ഒരുപാടു നാളത്തെ ആഗ്രഹമായിരുന്നു ഫ്ലവർ ഷോ കാണണമെന്നുള്ളത്… അതും ഈ യാത്ര കൊണ്ട് സാധിക്കുന്നു…… ഗംഭീരം..!!
രാവിലെ 6.00 മണിക്ക് നിലംബൂർ എത്തിച്ചേർന്നു.. അവിടം മുതൽ കോടമഞ്ഞു കൂടെ വന്നു. ഊട്ടിയിലെത്തിയപ്പോൾ രാവിലെ 9 .30 ആയി. സെൻട്രൽ ബസ്സ് സ്റ്റാൻഡ്,-ൽ നിന്നും എല്ലാ പ്രധാന സ്ഥലത്തേക്കും ബസ് സർവീസ് ഉണ്ട്.. ബൊട്ടാണിക്കൽ ഗാർഡനിലേക്കു രണ്ടുകിലോമീറ്ററും ദൊഡ്ഡബേട്ട പീക് 11 കിലോമീറ്റർ അകലെയും സ്ഥിതി ചെയ്യുന്നു. അതിനുള്ളിലാണ് ബാക്കി എല്ലാ പ്രധാന സ്ഥലങ്ങളും.
പതിനഞ്ച് ഡിഗ്രിയുടെ മികച്ച തണുപ്പ്. കൂടെ ചെറിയ ചാറ്റൽ മഴയും.. ഇതെല്ലാം ”ഗൂഗിൾ” നേരെത്തെ പറഞ്ഞുതന്നിട്ടുണ്ടായിരുന്നു. മകളാണെങ്കിൽ ഒരു തൊപ്പിപോലും വെക്കാൻ സമ്മതിക്കുന്നില്ല.. തണുപ്പും ചാറ്റൽ മഴയും ആസ്വദിക്കുകയാണ്… അവളുടെ ഇഷ്ടം നടക്കട്ടെ…
ഊട്ടി ഔദ്യോഗികമായി അറിയപ്പെടുന്നത് ”ഉദഗമണ്ഡലം” എന്നാണ്.തമിഴ്നാട്ടിലെ ”നീലഗിരി” ജില്ലയിലെ ഒരു മുൻസിപ്പാലിറ്റി ആണ് ”ഉദഗമണ്ഡലം”അഥവാ ഊട്ടി. ”ഹിൽ സ്റ്റേഷനുകളുടെ റാണി” എന്നാണ് ഊട്ടി അറിയപ്പെടുന്നത്. ജോൺ സള്ളിവൻ എന്ന ബ്രിട്ടീഷുകാരൻ 1819 -ൽ കഷ്ടപ്പെട്ട് ഊട്ടിയിലെത്തി ചേർന്നു .. അവിടെ നിന്നും അദ്ദേഹം മേലധികാരികൾക്ക് എഴുതിയ എഴുത്തിൽ പറഞ്ഞത്…” ഈ സ്ഥലം സ്വിറ്റ്സർലാന്റ് പോലെ ഇരിക്കുന്നു…. യൂറോപ്പിലെ മറ്റു സ്ഥലങ്ങളെക്കാൾ മികച്ചത്” എന്നാണ്. അതെ വർഷം തന്നെ ഊട്ടിയിലേക്കുള്ള റോഡ് പണി ആരംഭിച്ചു. 1823 -ൽ പണി പൂർത്തിയായി. അതോടുകൂടി അവിടം ബ്രിട്ടീഷുകാരുടെ ഒഴിവുകാല താമസസ്ഥലമായി മാറി. ഊട്ടിയിൽ വർഷത്തിൽ എല്ലാ മാസവും തണുപ്പ് ഉണ്ടാകാറുണ്ട്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നു.
ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ തന്നെ പ്രഭാതകൃത്യവും നടത്തി, മകളെ മാത്രം ഡ്രസ്സ് മാറ്റി പുറത്തേക്കിറങ്ങി. ഒരു ദിവസം കൊണ്ട് കാറിൽ കയറി പ്രധാന ടൂറിസ്റ്റു പ്ലേസുകളിൽ പോകാൻ 2000 -2500 രൂപയാണ് ഓൺലൈനിലും മറ്റും പറയുന്നത്…. അപ്പോഴാണ് മറ്റൊരു അത്ഭുതം ….!!
ഫ്ലവർ ഷോ-യും മറ്റുമായി കഴിഞ്ഞ ഒരുമാസമായി ഊട്ടിയിൽ പലതരം പരിപാടികൾ നടക്കുകയാണ്. തമിഴ്നാട് ട്രാൻസ്പോർട് കോർപറേഷൻ ഊട്ടിയിൽ മാത്രം 20 ഓളം ബസ്സുകൾ ”സർക്യൂട്ട് ബസ്സ് ” എന്ന പേരിൽ പ്രധാന ടൂറിസ്റ്റു സ്ഥലങ്ങളെ മാത്രം ബന്ധപ്പെടുത്തി ഓടിക്കുകയാണ്. ആകെ ഒരാൾക്ക് 100 രൂപയുടെ ടിക്കറ്റ് എടുത്താൽ ഒരു ദിവസം രാവിലെ 7 .00 മുതൽ വൈകീട്ട് 7.00 വരെ എവിടേക്കു വേണമെങ്കിലും പോകാം . എവിടേയും ഇറങ്ങാം. കാഴ്ചകൾ കണ്ടു തിരിച്ചു വരുമ്പോൾ അവിടെ കിടക്കുന്ന അടുത്ത ബസ്സിൽ കയറാം…മറ്റൊരിടത്തു ഇറങ്ങി കാഴ്ചകൾ കാണാം.
അതായത് എവിടെയും നമ്മൾ കാത്തുനിൽക്കണ്ട. ഒരു ബസ് പോയാൽ 5 -6 മിനുട്ടിനുള്ളിൽ അടുത്ത ബസ്സ് വരും .”സർക്യൂട്ട് ബസ്സ് എന്നെഴുതിയ ഏതു ബസ്സിലും നമുക്ക് കയറാം. എവിടെയും ഇറങ്ങാം…സെൻട്രൽ ബസ്സ് സ്റ്റാൻഡ്, തണ്ടർ വേൾഡ്, ഊട്ടി ലേക്, ബൊട്ടാണിക്കൽ ഗാർഡൻ, ടി പാർക്ക്, ദൊഡ്ഡബേട്ട പീക്, ടീ മ്യൂസിയം, റോസ് ഗാർഡൻ തുടങ്ങിയ എട്ടു സ്ഥലങ്ങളെ ബന്ധപ്പെടുത്തിയാണ് ഈ സർവീസ്.. ഓരോന്നിൻെറയും മുമ്പിൽ കൊണ്ട് നിർത്തിത്തരും.. ഞങ്ങൾക്കു ഇത്രയും സ്ഥലങ്ങളിൽ പോകാൻ ആകെ ചെലവായത് 200 രൂപ മാത്രം..നന്ദി തമിഴ്നാട് ട്രാൻസ്പോർട് കോർപറേഷൻ..!!
എല്ലായിടത്തും നല്ല തിരക്ക് ഉണ്ടായിരുന്നു. ”ഫ്ലവർ ഷോ” നടക്കുന്നതിനാൽ ഗാർഡനിൽ തിരക്ക് വളരെ കൂടുതൽ ആയിരുന്നു. നല്ല തണുപ്പും, വീശിയടിക്കുന്ന കാറ്റും ചെറിയ ചാറ്റൽ മഴയും കൂടി വളരെ മികച്ച അനുഭവമാണ് ഈ യാത്ര സമ്മാനിച്ചത്…
വൈകീട്ട് 7.00 മണിക്ക് തന്നെ തിരിച്ചു പോകാനുള്ള ബസ്സ് സെൻട്രൽ ബസ്സ് സ്റ്റാൻഡ്-ൽ എത്തിച്ചേർന്നു. ആറു മണിയോടെ നല്ല തണുപ്പായി. ബസ്സിനുള്ളിൽ എല്ലായിടവും തണുത്തു വിറങ്ങലിച്ചിരിക്കുന്നു. തണുത്ത കാറ്റ് വീശിയടിക്കുന്നു. കുറച്ചധികം വൈകി വെളുപ്പിന് 3.00 മണിക്ക് ബസ്സ് തൃശൂർ എത്തിച്ചേർന്നു. സുഖകരമായ യാത്രയുടെ വിരാമം…!!
പ്രത്യേക ശ്രദ്ധയ്ക്ക്.
www.online.keralartc.com എന്ന സൈറ്റിൽ കയറിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാം.ബസ്സിന്റെ ലേ -ഔട്ട് ഉള്ളതിനാൽ നമുക്ക് ഇഷ്ടപെട്ട സീറ്റുകൾ തെരഞ്ഞെടുത്തു ബുക്ക് ചെയ്യാം.ഓൺലൈൻ വഴി ബുക്ക് ചെയ്യാതെ പോകാൻ സാധിക്കില്ല. കാരണം സിറ്റിംഗ് യാത്ര മാത്രമേ അനുവദിക്കൂ. ഭാഗ്യമുണ്ടെങ്കിൽ ആരെങ്കിലും പെട്ടെന്ന് യാത്രെ ക്യാൻസൽ ചെയ്താൽ ചിലപ്പോൾ ബുക്ക് ചെയ്യാതെ സീറ്റ് ലഭിക്കാം.ഒരാൾക്ക് തിരുവനന്തപുരത്തു നിന്നും ഊട്ടിയിലേക്കു 691 രൂപയാണ് ടിക്കറ്റ് നിരക്ക്.
തൃശ്ശൂർ നിന്നും ഊട്ടിയിലേക്ക് 351 രൂപ. തിരിച്ചും സൈറ്റിൽ കാണിച്ചിരിക്കുന്ന പുറപ്പെടുന്ന സമയം കൃത്യം ആയിരിക്കുമെങ്കിലും എത്തിച്ചേരുന്ന സമയത്തിനു രണ്ടു മണിക്കൂറെങ്കിലും വ്യത്യാസം ഉണ്ടായിരിക്കും.മുതിർന്ന ഉദ്യോഗസ്ഥർ വെറുതെ ഒരു മനക്കണക്ക് ഉണ്ടാക്കി സൈറ്റിൽ അപ്ലോഡ് ചെയ്തതാണ്…. ബസ്സ് ഓടിവരുന്ന സമയം അതിൽ കൂടുതൽ വേണമെന്ന് ന്യായമായും നമുക്ക് മനസ്സിലാകും.
ട്രെയിൻ പോലെ ട്രാക്ക് ചെയ്യാൻ GPS ഇല്ലെങ്കിലും, യാത്ര ചെയ്യുന്ന ദിവസം നമുക്ക് ലഭിക്കുന്ന ബസ്സിലെ ക്രൂവിന്റ് നമ്പറിൽ വിളിച്ചാൽ ബസ്സ് എവിടെ എത്തി എന്നറിയാം. (ബസ്സിന്റെ സർവീസ് നടക്കുന്ന ഏതു സമയത്തും വിളിക്കാം) വളരെ മികച്ച വാഹനം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, സുന്ദരമായ യാത്ര