തമിഴിലെ പ്രശസ്ത ഇതിഹാസ നോവൽ ആണ് കൽക്കി രചിച്ച പൊന്നിയിൻ സെൽവൻ . ഓരോ തമിഴനും ആ നോവലിനോട് വളരെ വൈകാരികമായ ഒരു ബന്ധം തന്നെയുണ്ട്. ചോള രാജാക്കന്മാരുടെയുടെയും അവരുടെ അധികാര തർക്കങ്ങളെയും കുറിച്ച് പറയുന്ന നോവൽ എക്കാലവും സിനിമയാക്കാൻ പലരും ശ്രമിച്ചിരുന്നു. എംജിആറും രജനികാന്തും കമൽഹാസനും ഒക്കെ അതിൽ പരാജയപ്പെട്ടപ്പോൾ വളരെ കാലങ്ങൾക്കു ശേഷം വിജയിക്കാനുള്ള നിയോഗം മണിരത്നത്തിനായിരുന്നു. ആ ആനുകൂല്യം അദ്ദേഹം വളരെ മനോഹരമായി മുതലാക്കുകയും ചെയ്തു. എന്നാലിപ്പോൾ ചിത്രം വീണ്ടും ചർച്ചയാകുന്നത് നടി രോഹിണിയുടെ ഒരു വെളിപ്പെടുത്തൽ കൊണ്ടാണ്. പൊന്നിയൻ സെൽവൻ ചെയ്യാൻ കമൽ ഹാസൻ ചെയ്യാൻ ആഗ്രഹിച്ചപ്പോൾ പൂങ്കുഴലിയുടെ വേഷം ചെയ്യാനിരുന്നത് താനായിരുന്നു എന്നാണു രോഹിണി വെളിപ്പെടുത്തുന്നത്. മണിരത്നത്തിന്റെ സിനിമയിൽ മലയാളം നടി ഐശ്വര്യ ലക്ഷ്മി ആണ് ആ വേഷം അവതരിപ്പിച്ചത്. രോഹിണിയുടെ വാക്കുകളിലേക്ക്
“കമല്ഹാസനും ഈ ചിത്രം ഒരുക്കാൻ പദ്ധതി ഇട്ടിരുന്നു. ചിത്രത്തിൽ പൂങ്കുഴലിയായി അദ്ദേഹം മനസ്സിൽ കണ്ടത് എന്നെയായിരുന്നു. ചിത്രം പലതവണ അനൗൺസ് ചെയ്തിരുന്നു. കമൽഹാസൻ ഇത് അനൗൺസ് ചെയ്തപ്പോഴേക്കും ഞാൻ ആ നോവൽ മുഴുവനും വായിച്ചിരുന്നു. ചിത്രത്തിലെ പൂങ്കുഴലി എന്ന കഥാപാത്രത്തെ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു.ഒരു ഫിലിം മേക്കറിന്റെ അടുത്ത് ചെന്ന് ഈ ചിത്രം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്നത് തന്നെ ആദ്യമാണ് . അങ്ങനെ കമൽഹാസനോട് കാണണം എന്ന് പറഞ്ഞ് ഉച്ച സമയത്ത് എ വി എം സ്റ്റുഡിയോയിൽ പോയി. ചിത്രം പ്രൊഡ്യൂസ് ചെയ്യാൻ പോകുന്നത് കമൽഹാസനായിരുന്നു. അതിൽ പൂങ്കുഴലി എന്ന കഥാപാത്രം താൻ തന്നെ ചെയ്യും എന്ന് അങ്ങോട്ട് പറഞ്ഞു. അപ്പോൾ അദ്ദേഹം ചിരിച്ചു. പിന്നീട് എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അത് നടന്നില്ല.”
“വളരെ വർഷങ്ങൾക്കു ശേഷമാണ് മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങുന്നത്. അതിൽ വളരെയധികം സന്തോഷമുണ്ട്. നേരത്തെയും പലപ്രാവശ്യം പ്രഖ്യാപിച്ചിട്ടും ഈ സിനിമ നടന്നില്ല. അതിനുള്ള ബഡ്ജറ്റ് ലഭിച്ചിരുന്നില്ല. കാരണം അത്രത്തോളം വളരെ വലിയ ഒരു കഥയാണ് അത്. ഇപ്പോൾ സിനിമ കാണുമ്പോൾ വളരെ വേഗത്തിൽ കഥ പറയുന്നതു പോലെയാണ് തോന്നുന്നത്. കാരണം അത്രത്തോളം കഥ പറയാനുണ്ട്. ചിത്രം മൂന്ന് ഭാഗങ്ങൾ ചെയ്താൽ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്. അതുമല്ലെങ്കിൽ ഒരു സീരീസ് പോലെ ചെയ്തിരുന്നെങ്കിൽ പൂങ്കുഴലി പോലെ ഒരു കഥാപാത്രത്തിന് മികച്ച സ്പേസ് ചിത്രത്തിൽ കിട്ടുമായിരുന്നു ” – രോഹിണി പറയുന്നു