ആദ്യമായാണ് ഒരു മലയാള സിനിമയിൽ കോടതി സീനിൽ ‘മച്ച് ഒബ്‌ളൈജ്ഡ്’ എന്ന വാക്കുപയോഗിക്കുന്നത്

444

Rohith Kp

എൽ എൽ ബി കഴിഞ്ഞ് പ്രാക്‌സ്റ്റീസ് ചെയ്യാനായി കോടതിയിൽ പോയി തുടങ്ങിയിട്ട് ഒരു രണ്ട് ദിവസം കഴിഞ്ഞു കാണണം . റെപ്രസെന്റ് ചെയ്യാനായി ഒരു കൂട്ടുകാരൻ ഏൽപ്പിച്ച ഒരു കേസുണ്ട് . അതിന്റെ നമ്പർ വിളിച്ചപ്പോൾ പറയാനുള്ള കാര്യങ്ങൾ ഒക്കെ ജഡ്ജിനോട് പറഞ്ഞ് കേസ് അടുത്ത മാസം 12 ന് വെക്കാമോ യുവർ ഓണർ എന്ന് ഞാൻ ചോദിച്ചു . ആ ഡേറ്റ് തന്നെ ജഡ്ജ് അനുവദിച്ചു തന്ന സന്തോഷത്തിൽ ഞാൻ അറിയാതെ ” താങ്ക് യു യുവർ ഓണർ ” എന്ന് പറഞ്ഞു പോയി (പാടില്ല എന്ന് എനിക്ക് അറിയാമായിരുന്നു .എന്ത് ചെയ്യാനാ, എത്തിയിട്ട് 2 ദിവസമോ മറ്റോ ആയിട്ടുള്ളൂ ). ”ഏതാടാ ഇവൻ ” എന്ന ഭാവത്തിൽ ജഡ്ജ് എന്നെ നോക്കി .

ഇത് കഴിഞ്ഞ് ഞാൻ ഞാൻ സീറ്റിൽ ഇരുന്നപ്പോൾ തൊട്ടടുത്ത് കോടതിയിലെ ഒരു പരിചയക്കാരനായ സീനിയർ വക്കീൽ ഇരിക്കുന്നു.”എന്തുവാടെ ” എന്ന ഭാവമായിരുന്നു മാസ്ക് താഴ്ത്തിയ ആ മുഖത്ത് ഉണ്ടായിരുന്നത് .ശകാര സ്വരത്തിൽ അങ്ങേര് എന്നോട് പറഞ്ഞു ” താങ്ക് യു ,സോറി എന്നൊക്കെ കോടതിയിൽ വക്കീലന്മാർ പറയുന്നത് നിനക്ക് സിനിമയിലേ കാണാൻ പറ്റൂ . കുറച്ചു ദിവസം കഴിയുമ്പോൾ ശരിയായിക്കോളും .ഇനി മേലാൽ ആവർത്തിക്കരുത് കേട്ടോ ”

ഈ അനുഭവം ഇപ്പോൾ ഓർക്കാൻ കാരണം ദൃശ്യം 2 എന്ന സിനിമയിലെ ഒരു രംഗമാണ് . ആദ്യമായിട്ടാണ് ഒരു മലയാള സിനിമയിൽ ”മച്ച് ഒബ്‌ളൈജ്ഡ് (Much Obliged) ” എന്ന വാക്ക് കേൾക്കുന്നത് .കോടതിയിൽ താങ്ക് യൂ എന്ന് പറയുന്നതിന് പകരം പറയുന്ന ഒരു വാക്കാണത് .കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കൂടാതെ നല്ല മുന്നൊരുക്കം നടത്തി സ്ക്രിപ്റ്റ് എഴുതിയ ജിത്തു ജോസഫിനോട് ബഹുമാനവും . ദൃശ്യം 2 ൽ ഉള്ള കോടതി രംഗങ്ങൾ മറ്റുള്ള മലയാള സിനിമകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്നുള്ളതിന് മറ്റു ചില ഉദാഹരങ്ങൾ കൂടി ഉണ്ട് .

ചില മലയാള സിനിമകളിൽ കോടതിയിൽ തെളിവ് ഹാജരാക്കുന്നത് പെറ്റിഷൻ ഒന്നും ബോധിപ്പിക്കാതെ നേരെ പോക്കറ്റിൽ നിന്ന് എടുത്ത് ‘ഇന്നാ പിടിച്ചോ’ എന്നും പറഞ്ഞ് ജഡ്ജിന് കൊടുക്കുന്നതായിട്ടാണ് .ഏത് സാധനവും ബെഞ്ച് ക്ലർക്ക് മുഖാന്തരമാണ് ജഡ്ജ് / മജിസ്‌ട്രേറ്റിന് കൊടുക്കേണ്ടത് .(പല സിനിമകളിലും കോടതി രംഗങ്ങളിൽ ബെഞ്ച് ക്ലർക്ക് എന്ന സാധനമേ ഉണ്ടാകാറില്ല ) . ഈ സിനിമയിൽ ഫോറൻസിക് റിപ്പോർട്ട് കൊടുക്കുന്നത് ബെഞ്ച് ക്ലർക്ക് ആണ് . അതുപോലെ കോടതിയിൽ വക്കീലന്മാർ ”ഒരു കാര്യം കൂടി യുവർ ഓണർ ” എന്ന് സാധാരണ ഗതിയിൽ പറയാറില്ല .പകരം ‘ഹമ്പിൾ സബ്മിഷൻ ‘ എന്ന് പറഞ്ഞാണ് എന്തെങ്കിലും ആവശ്യങ്ങൾ ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ അത് പറയുക . അതും ഈ സിനിമയിൽ കണ്ടു . സന്തോഷം ..

ഈ സിനിമയിൽ കണ്ടതാണ് യഥാർത്ഥ കോടതിയും അവിടുത്തെ രീതികളെന്നൊന്നും പറയുന്നില്ല . എങ്കിലും ഒരുപാട് നല്ല മാറ്റങ്ങൾ ഈ സിനിമയിൽ കാണാനായി . ഒരു ക്രിമിനൽ കേസ് ചാർജ് ഫ്രേമിങ്ങും പ്രോസിക്യൂഷൻ എവിഡൻസും ഒന്നും ഇല്ലാതെ വെറും ക്രോസ് വിസ്താരവും ഫൈനൽ ഹിയറിങ്ങും മാത്രം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ വിധി വരുന്ന പരിപാടി കാണിക്കാറുണ്ടായിരുന്ന ഒരവസ്ഥയിൽ നിന്ന് ചെറിയ രീതിയിലെങ്കിലും മാറ്റം വരുന്നുണ്ടല്ലോ … സന്തോഷം