അന്തരിച്ച സംഗീത സംവിധായകനും സ്ക്രിപ്റ്റ് റൈറ്ററും ഒക്കെയായ ബീയർ പ്രസാദിനെ അനുസ്മരിച്ചുകൊണ്ട് RoHith MoHan മൂവീ സ്ട്രീറ്റ് ഗ്രൂപ്പിൽ പങ്കുവച്ച സുദീർഘമായ കുറിപ്പ്.
RoHith MoHan
സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ യൂട്യൂബിൽ കണ്ടു കൊണ്ടിരിക്കുമ്പോൾ അതിലെ ഒരു കമെന്റ് കണ്ടു. ഏറ്റവും സുഖമായി ഇരിക്കുന്ന ഒരു അവതാരകരിൽ ഒരാളാണ് ഈ പരുപാടിയുടെ. കാരണം സന്തോഷ് ജോർജിന്റെ വാകുകൾക് തല അനക്കിയും മൂളിയും മാത്രം ഇരുന്നാൽ പോരേ. അപ്പോഴാണ് വീണ്ടും ഈ അവതാരകനെ പറ്റി ഓർത്തു. അറിവിന്റെ വാക്ക് ചാർത്തു നടത്തുന്ന ഒരാൾ തന്നെയല്ലേ ഇദ്ദേഹത്തിന്റെ മുന്നിൽ ഇരിക്കുന്ന ഈ അവതാരകൻ എന്ന്…ആ അവതാരകന്റെ പേരാണ് ബീയാർ പ്രസാദ്
ആസ്വാദനത്തിന്റെയും അന്വേഷണങ്ങൾക്കിടയിലും നമ്മൾ എല്ലാവരും ശ്രദ്ധിക്കാതെ വിട്ടു പോകുന്ന കുറേ പേരുകൾ ഉണ്ട് തിരശീലയിൽ.ഒരുപക്ഷേ പിന്നീട് ഒരിക്കൽ ഏതെങ്കിലും ഒരു വേളയിൽ വെച്ചോ അല്ലെങ്കിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷമോ മാത്രം നമ്മളുടെ കണ്ണിൽ ശ്രദ്ധപ്പെടുന്ന ചില പേരുകളുണ്ട്. ഒരു കാലഘട്ടം വൈകി നമ്മളെ ചിന്തിപ്പിച്ചിരുത്തുന്ന വേളയിൽ അയാളെ പറ്റി കൂടുതൽ നമ്മൾ പിന്നീട് അന്വേഷിപ്പ് തുടങ്ങും.അങ്ങനെ അധികം വേണ്ട രീതിയിൽ ചർച്ച ചെയ്യാതെ പോയ ഒരു ബഹുമുഖ പ്രതിഭയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.ബി.രാജേന്ദ്ര പ്രസാദ് എന്ന ബി.ആർ.പ്രസാദ്.
എന്നാൽ പിന്നീട് തന്റെ പേരിന്റെ ഇനീഷ്യനെ നീട്ടി വലിച്ചു പരത്തി അങ്ങനെ അദ്ദേഹം ബീയാർ പ്രസാദ് ആയി.ഗാനരചയിതാവ് എന്ന പേരിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി എങ്കിലും അവതാരകൻ,തിരക്കഥാകൃത്,പ്രാസംഗികൻ,നാടക സംവിധായാകൻ,അധ്യാപകൻ എന്നിങ്ങനെ ഒട്ടനവധി വിശേഷങ്ങൾക്ക് കൂടി അർഹനാണ് ആ വ്യക്തി…മറ്റു സോഷ്യൽ മീഡിയകളോ ഒരുപാട് ചാനലുകളോ ഇല്ലാത്ത സമയത്ത് ഏഷ്യാനെറ്റ് നമ്മുടെ പ്രിയപ്പെട്ട ഒരു ഏട് ആയി നിൽകുന്ന കാലത്തു സുപ്രഭാതം എന്ന പരിപാടിയിലൂടെ നമ്മുടെ സ്വീകരണ മുറിയിൽ പ്രിയപ്പെട്ട ഒരാളായിരുന്നു ഇദ്ദേഹം..
ഒരു അഭിമുഖത്തിൽ വയലാർ ശരത്ചന്ദ്രവർമ്മ പറഞ്ഞ പോലെ കാലം തെറ്റി ജനിച്ച അപൂർവ പ്രതിഭ തന്നെയാണ് ബിയാർ പ്രസാദ്
ആലപ്പുഴ ജില്ലയിലെ മാങ്കൊമ്പിൽ ആണ് പ്രസാദ് ജനിച്ചത്.അച്ഛൻ ദേവസ്വം ബോർഡിൽ ആയിരുന്നു ജോലി.വളരെ ചെറുപ്പത്തിൽ തന്നെ അമ്മയുടെ കൂടെയുള്ള മലയാള ക്ലാസ്റൂമിന്റെ ലോകത്തു കേട്ടു തുടങ്ങിയ കവിതകളും പിന്നീട് നാട്ടിലെ വായനശാലകളും എല്ലാം ചെറുപ്പം മുതൽ തന്നെ വായനയുടെയും എഴുത്തിന്റെയും ലോകത്ത് എത്തിക്കാൻ നല്ല സ്വാധീനം നൽകി.പിന്നീട് SD കോളേജിലെ മലയാള ബിരുദം പഠനകാലത്തെ കലാലയ അന്തരീക്ഷവും മികച്ച അധ്യാപികരും എല്ലാം അദ്ദേഹത്തിന്റെ എഴുത്തിനെ വളർത്തിയെടുക്കാൻ വളരെ സഹായിച്ചു…
പിന്നീട് പാരലൽ കോളേജ് അധ്യാപകൻ ആയി അദ്ദേഹം കുറച്ചു കാലം പ്രവർത്തിച്ചു.ആ സമയങ്ങളിൽ ഒപ്പം തന്നെ ആയിരുന്നു അദ്ദേഹം കഥകളി ഭ്രാന്തനായി നടന്നിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.രാത്രി കാലങ്ങളിൽ കഥകളി കാണാൻ ആയി അദ്ദേഹം ദൂരെ ദിക്കിലേക്ക് വരെ സഞ്ചരിക്കാറുണ്ടായിരുന്നു.കഥകളിയെ പറ്റി ആഴത്തിൽ ഉള്ള അറിവ് ഉണ്ടായിരുന്ന ഈ അനുഭവമാണ് ഇരുപത്തിയൊന്നാം വയസ്സിൽ ആട്ടക്കഥ രചനകൾ എഴുതാൻ അദ്ദേഹത്തിന് പറ്റിയത്.അതിന് ശേഷം പല നാടകങ്ങളും എഴുതി.
അങ്ങനെയാണ് ഷഡ്കാല ഗോവിന്ദ മാരാർ എന്ന നാടകത്തിന് സംസ്ഥാന അവാർഡ് ലഭിക്കുന്നത്
ഈ നാടകം കണ്ട പ്രശസ്തനായ എഴുത്തുകാരൻ എസ് ഗുപ്തൻ നായർ ആണ് സംവിധായകനായ ശിവനോട്(സന്തോഷ് ശിവൻ/സംഗീത് ശിവൻ എന്നിവരുടെ പിതാവ്) ഇതിനെ പറ്റി പറയുന്നതും അത് ഒരു സിനിമയാക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നതും.അങ്ങനെ ശിവന്റെ നർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ അടുത്ത് എത്തുകയും, അവിടെ നിന്നാണ് തിരക്കഥ ബാലപാഠങ്ങൾ ഒക്കെ കൂടുതൽ മനസിലാക്കുകയും ചെയ്യുന്നത്.ആ സമയങ്ങളിൽ തന്നെയാണ് നിർണ്ണയം ചിത്രത്തിന്റെ ചർച്ചകൾ നടക്കുകയും അതിലെ സജീവ പങ്കാളിയായി ബീയാർ പ്രസാദും ഉണ്ടായിരുന്നു അതിൽ…
അങ്ങനെ സംഗീത് ശിവൻ-സന്തോഷ് ശിവൻ എന്നിവരുമായി ചേർന്നുള്ള ചർച്ചകളിൽ ആണ് വിശുദ്ധ ജോണ് ബോസ്കോയുടെ ബാല്യം പ്രതിപാദിക്കുന്ന ഒരു ചിത്രം ചെയ്യാൻ തീരുമാനിക്കുന്നതും അതിന്റെ തിരക്കഥ-സംഭാഷണം എഴുതാൻ പ്രസാദിനോട് ആവശ്യപ്പെടുകയും ചെയ്യുന്നത്.അങ്ങനെയാണ് മാസ്റ്റർ തരുണും(തെലുങ്ക് ആക്ടർ തരൂൺ കുമാർ), ശാന്തികൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ജോണി എന്ന ചിത്രം പിറക്കുന്നു.മലയോരവും പ്രകൃതിയും ബാല്യത്തിന്റെ ലാളിത്യങ്ങളും ഒക്കെ പ്രതിപാദിക്കുന്ന ഒരു മനോഹരമായ കൊച്ചു ചിത്രമായിരുന്നു ജോണി.മികച്ച കുട്ടികൾക്കുള്ള ചിത്രത്തിന് 1993 ലെ സംസ്ഥാന അവാർഡും ആ ചിത്രത്തിന് ലഭിച്ചു.സംവിധായകൻ ടി കെ രാജീവ്കുമാറിനെ പരിചയപെടുന്നതും ഇവരുടെ സിനിമ ചർച്ച കാലഘട്ടത്തിൽ നിന്നാണ്.അങ്ങനെ അദ്ദേഹവുമായും നല്ല സൗഹൃദം രൂപപ്പെട്ടു.അതിനാൽ നിർണ്ണയം പോലെ തന്നെ പവിത്രം ചിത്രത്തിന്റെ ഷൂട്ടിലും പ്രസാദ് ഉണ്ടായിരുന്നു. അവിടെ വെച്ചു മോഹൻലാലിനെ പരിചയപെടുകയും ഷഡ്കാല ഗോവിന്ദ മാരാർ ചിത്രം മോഹൻലാലിനെ വെച്ചു സന്തോഷ് ശിവൻ സംവിധാനം ചെയ്യാൻ പോകുന്നു എന്നൊക്കെ അന്ന് ഉറപ്പിച്ചിരുന്നു.എന്നാൽ അത് നടന്നില്ല.പിന്നീട് പ്രിയദർശൻ, സിബി മലയിൽ,രാജീവ്കുമാർ ഇവരൊക്കെ ചിത്രം എടുക്കാൻ ഉള്ള ശ്രമം നടത്തിയെങ്കിലും അത് പിന്നെ മുന്നോട്ട് പോയില്ല…
സംഗീതത്തിന് ഒരുപാട് പ്രാധാന്യമുള്ള വളരെയധികം ഇമോഷണൽ രംഗങ്ങൾ ഉള്ള ഒരു സബ്ജെകറ്റ് ആയിരുന്നു ഷഡ്കാല ഗോവിന്ദമാരാർ.മോഹൻലാൽ നായകനായി ആ ചിത്രം അന്ന് ഇറങ്ങിയിരുന്നെങ്കിൽ ക്ലാസിക്ക് ചിത്രങ്ങളുടെ പട്ടികയിൽ അതും ഇന്ന് ചർച്ച ചെയ്യേണ്ട ഒന്നായേനെ.പുതുതലമുറയിൽ പെട്ട ചിലർ ഈ പ്രോജക്ട് ചെയ്യാനായി പ്രസാദിനെ സമീപിച്ചുവെങ്കിലും അതും നടന്നില്ല.പിന്നീട് സംവിധായകൻ ഭരതനുമായുള്ള അടുപ്പം കൊണ്ട് ഒരുമിച്ചു അടുത്ത ഒരു ചിത്രം ചെയ്യാൻ അവർ തീരുമാനിച്ചു .ചിത്രകലയുമായി ബന്ധപ്പെട്ട പെയിന്റർ ആയ ഒരു പെണ്കുട്ടിയുടെ കഥ എന്ന ഒരു വിഷയുമായി ബന്ധപ്പെട്ടു തിരക്കഥ എഴുതാൻ തുടങ്ങി.മനോഹരമായി ചിത്രം വരക്കുന്ന ഭരതനും ആ ചിത്രം ചെയ്യാൻ ഒരുപാട് താൽപ്പര്യൻ ആയിരുന്നുവെങ്കിലും അതു മുടങ്ങിപ്പോയി.
പിന്നീട് തിലകൻ-മനോജ് കെ ജയനും അച്ഛനും മകനുമായി വരുന്ന ഒരു ചിത്രം അവർ ചെയ്യാൻ തീരുമാനിച്ചു.തെലുങ്കിലെ സൂര്യഗാഡു എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു അത്, എന്നാൽ അതിന്റെ കഥാതന്തു മലയാളത്തിൽ വേണ്ട രീതിയിൽ സ്വീകരിക്കപ്പെടില്ല എന്ന സംശയത്താൽ അതും അവർ ഉപേക്ഷിച്ചു.ഉപേക്ഷിക്കപെടലിന്റെ ഒരുപാട് കഥകൾക്ക് സാക്ഷ്യം വഹിച്ച അവർക്കിടയിലേക്കാണ് ജോണ് പോൾ ഒരു കഥയുമായി വന്നത്.ഒരു നാടകകാരന്റെ കഥ പറയുന്ന ചിത്രം.അത് അവർക്ക് ഏററവും മനോഹരമായി ചെയ്യാൻ പറ്റി. ആ സിനിമയാണ് എക്കാലത്തെയും മികച്ച ചിത്രമായ ചമയം.
അതിൽ പ്രസാദിന്റെ ഒരുപാട് കോൻട്രിബ്യൂഷൻസ് ഉണ്ടെന്ന് പിന്നീട് ജോണ് പോൾ തന്നെ പറഞ്ഞിട്ടുണ്ട്.അങ്ങനെ ആദ്യമായി ടൈറ്റിൽ കാർഡിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രസാദിന്റെ പേരും വന്നു.പക്ഷേ പിന്നീട് ഒരു ചിത്രത്തിന്റെയും ടൈറ്റിൽ കാർഡിൽ ഇങ്ങനെ ഒരു സ്ഥാനത്ത് പ്രസാദിന്റെ പേര് വന്നില്ല.
അങ്ങനെ ഇരിക്കെയാണ് ഗാനരചന എന്ന രംഗത്തേയ്ക്കുള്ള ഒരു ചുവടുവെപ്പ് ആരംഭിക്കുന്നത്. ലാൽജോസ് രണ്ടാം ഭാവം എന്ന ചിത്രത്തിന് ശേഷം കുറച്ചു ഓണപ്പാട്ടുകൾ ചെയ്യാൻ തീരുമാനിക്കുന്നു.സുരേഷ് ഗോപി നിർമിക്കുന്ന ഏഷ്യാനെറ്റിന് വേണ്ടിയുള്ള ഓണപരുപാടിയുടെ ഭാഗം ആയിട്ടായിരുന്നു അതിൽ. അങ്ങനെ വളരെ നല്ല ഗൃഹാതുരത്വം സമ്മാനിക്കുന്ന ഓണപാട്ടുകൾ പ്രസാദ് എഴുതുന്നു.ആ സമയത്ത് തന്നെയാണ് മീശമാധവൻ ചിത്രം ആരംഭിക്കാൻ തുടങ്ങുകയും അതിൽ പ്രസാദ് ആയിരുന്നു പാട്ട് എഴുതാൻ നിന്നത്. പക്ഷേ വീണ്ടും ചില കാരണങ്ങളാൽ അത് നടന്നില്ല. പക്ഷേ തൊട്ടടുത്ത വർഷം ആണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു കാര്യത്തിന് വഴിത്തിരിയായ ഒരു കാര്യം സംഭവിക്കുന്നത്.
നിർമാതാവ് ഗുഡ്നൈറ്റ് മോഹന്റെ നിർദ്ദേശപ്രകാരം പ്രസാദ് പ്രിയദർശനെ കാണാൻ മദ്രാസിൽ എത്തുന്നു.പഴയ ദേവദാസി സമ്പ്രദായവുമായി ബന്ധപ്പെട്ട് ഒരു കഥ സംസാരിക്കുന്നു.പ്രിയദർശന് കഥ ഇഷ്ടപ്പെടുകയും അത് മറ്റൊരു ഭാഷയിൽ ചെയ്യാം എന്നും അവർ തീരുമാനിക്കുന്നു.
അതിനിടയിലെ ചർച്ചയിൽ പഴയ വയലാർ, ഭാസ്കരൻ തുടങ്ങിയവരുടെ പാട്ടുകളെ കുറിച്ചു സംസാരത്തിനിടയിൽ പ്രസാദിന്റെ ഗാനരചനയെ കുറിച്ചുള്ള അറിവും ആസ്വാദനവും മനസിലാക്കി തന്റെ തൊട്ടടുത്ത ചിത്രത്തിലേക്കുള്ള പാട്ടുകൾ എഴുതാൻ പ്രിയദർശൻ പ്രസാദിനോട് ആവശ്യപ്പെടുകയും പ്രസാദ് അത് വലിയ കാര്യമാക്കാതെ സമ്മതിച്ചു തിരിച്ചു പോന്നു.പിന്നീട് മൂന്ന് മാസത്തിന് ശേഷം വീണ്ടും പ്രിയദർശന്റെ വിളി വന്നപ്പോൾ ആണ് അത് കാര്യമായി തന്നോട് ആവശ്യപ്പെടുകയാണെന്ന് മനസിലാക്കി പ്രസാദ് പാട്ടെഴുത്തിന് ഒരുങ്ങുന്നു.അങ്ങനെ പ്രസാദ് പാട്ടുകൾ എഴുതാൻ തുടങ്ങി. മുസ്ലിം പശ്ചാത്തലമുള്ള അടുത്ത പ്രിയൻ സിനിമയിലേക്ക്.ചിത്രത്തിന്റെ പേര് കിളിച്ചുണ്ടൻ മാമ്പഴം.വിദ്യാസാഗർ അതിമനോഹരമായി തീർത്ത സംഗീതത്തിൽ പ്രസാദ് ഏഴുതി തുടങ്ങി.അതിന്റെ ചില വിശേഷങ്ങളെ കുറിച്ചു
👇👇👇👇👇👇👇👇👇👇👇👇👇
————————————
ചിത്രം തുടങ്ങുന്നത് ഒരു ഗാനത്തിലൂടെയാണ്.ഒരു മലബാർ മുസ്ലിം കല്യാണത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള ഒരു ഗാനം എഴുതണം.എഴുതി കഴിഞ്ഞതിന് ശേഷം ട്യൂണ് ഇടാം എന്നു പറഞ്ഞു പ്രസാദ് ഏഴുത്തു തുടങ്ങുന്നു.ഖുറാൻ വായിച്ചു ശീലിച്ച ഒരു കാലഘട്ടം ആയിരുന്നു അന്ന്. അങ്ങനെ ഒരു പാട്ട് എഴുതുകയും അത് പ്രിയദർശനെ കാണിക്കുന്നു. കഠിനമായ പദങ്ങൾ ഈ വരികളിൽ ഉണ്ടെന്നും വളരെ മൃദുലവും ലാളിത്യവുമായ വാക്കുകൾ മതി എന്നും പറഞ്ഞു വീണ്ടും അത് തിരുത്തി എഴുതുന്നു.അതിനോടൊപ്പം ഒരു പുഴ പശ്ചാത്തലത്തിൽ വരുന്നുണ്ടോ എന്നു ചിത്രത്തിന്റെ ലൊക്കേഷൻ കാണാൻ പോയവരോട് ചോദിക്കുകയും അപ്പോൾ അവിടെ ഒരു പുഴ ഉണ്ടെന്നും അവർ പറയുന്നു.അങ്ങനെ പ്രസാദിന്റെ പദസമ്പത്തിൽ നിന്നും ഒരു പുതിയ പുഴ പിറവിയെടുക്കുന്നു.
“കൂന്താലി പുഴ”
കൂന്താലി എന്ന വളഞ്ഞിരിക്കുന്ന തൂമ്പയെ പോലെയുള്ള ഒരു പുഴ.
നായികയ്ക്ക് ചുറ്റും ഒരുപാട് പേർ അവളെ ആശിച്ചു വന്നതിനാൽ അവളും ഒരു വളയത്തിന് അകത്തുപെട്ട പോലെ ഒരു അവസ്ഥ എന്നതിനെയും പ്രസാദ് ബന്ധിപ്പിക്കുന്നു.
അങ്ങനെ ആ പാട്ട് പിറക്കുന്നു
“കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്
പൊന്നിന്റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി
കൂന്താലി പുഴയൊരു വമ്പത്തി
കൂന്താലി പുഴയൊരു വമ്പത്തി”
അവളുടെ സൗന്ദര്യവും സ്വർണവും പണവും എല്ലാം ലക്ഷ്യമിട്ട് അവളുടെ പിന്നാലേ നടന്നവർ എല്ലാം നടന്നു തളർന്നു കൂനി കൂടി താടി വളർത്തിയ അവസ്ഥ ആയി, എന്നാൽ അവൾ ആർക്കും പിടി തരാതെ കയറൂരി പാഞ്ഞു എന്ന അർത്ഥവും പിന്നത്തെ വരികളിൽ വരുന്നു
” ഇവളുടെ മുന്നുംപിന്നും കണ്ടു കൊതിച്ചവർ
മിന്നും മെഹറും കൊണ്ടു നടന്നവർ
കൂനി കൂടി താടി വളർത്തി
കയറൂരി പാഞ്ഞു പണ്ടീ പഹയത്തി ”
അങ്ങനെ വിനീത് ശ്രീനിവാസൻ-സുജാത എന്നിവരുടെ ആലാപനത്തിൽ ഒരു മനോഹര ഗാനം പിറക്കുന്നു.
ഒരു സാങ്കൽപിക നാമമായ് ഒരു പുഴയെ എഴുതിയെന്നാലും ഒടുവിൽ ചിത്രത്തിലെ ഗ്രാമത്തിന് കൂന്താലിക്കര എന്നു പേരു കൊടുക്കുന്നു.
ഒരു അതിമനോഹരമായ വർണന പാടവത്തിൽ നിന്നും കഥയിലേക്ക് ഒരു പേര് ലഭിക്കുന്നു എന്നത് വളരെ മികച്ച ഒരു മുഹൂർത്തമായി മാറുന്നു.
———————————————————
അടുത്ത പാട്ടിന്റെ ട്യൂണ് കിട്ടിയതിന് ശേഷം പ്രസാദ് എഴുത്തു തുടങ്ങുന്നു.ചിത്രത്തിന്റെ കഥ തന്നെ ഈ പാട്ടിലൂടെ പറയുന്നുണ്ട് എന്നതാണ് ഇതിന്റെ സവിശേഷത.അതാണ് ഇന്നും എല്ലാവരും കേൾക്കാൻ ഇഷ്ടപ്പെടുന്ന ” ഒന്നാം കിളി പൊന്നാൺകിളി ” പാട്ടു ജനിക്കുന്നത്.ഇതിലെ വരികളിൽ പറയുന്നത് പോലെ വളരെ സുന്ദരമായ ഒരു കിളിച്ചുണ്ടൻ മാമ്പഴത്തോട് നായികയെ ഉപമിക്കുന്നു.ഒരുപാട് കിളികൾ ആ പഴത്തിനെ സ്വന്തമാക്കാൻ വന്നിട്ടും അവളുടെ വിവാഹം കഴിഞ്ഞിട്ടും ഭർത്താവിനെ പോലും അവൾ അകറ്റി നിർത്തുന്നു.കാരണം അവൾ ഇഷ്ടപ്പെടുന്ന ആദ്യ പുരുഷനെ തന്നെയാണ് അവൾ ഇപ്പോഴും ഇഷ്ടപ്പെടുന്നത്.
അവനെയാണ് ഒന്നാംകിളിയായി പറയുന്നത്.മറ്റു കിളികൾ വന്നു ആ മാമ്പഴത്തെ സ്വന്തമാക്കാൻ നോക്കിയെങ്കിലും അത് നടക്കാതെ അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കൊത്തി കൊണ്ടിരുന്നു.
അത് മാത്രമല്ല, അവൾ അവനു വേണ്ടിയാണ് അവളുടെ ചിരി ഒരു ചിപ്പിയിൽ കാത്തു വെക്കുന്നത്.
ചിത്രം പിന്നെ കാണുമ്പോൾ നമുക്ക് അത് കാണാം. മോഹൻലാൽ വന്നതിന് ശേഷമേ സൗന്ദര്യ ആ ചിത്രത്തിൽ ചിരിക്കുന്നുള്ളു…എത്ര മനോഹരമായിട്ടാണ് ആ വരികൾ അത് പറയുന്നത്.
“ഒന്നാം കിളി പൊന്നാൺകിളി
വന്നാൺ കിളി മാവിന്മേൽ
രണ്ടാംകിളി കണ്ടു കൊതി കൊണ്ടു വരവുണ്ടപ്പോൾ
മൂന്നാം കിളി നാലാംകിളി എണ്ണാതതിലേറെക്കിളി
അങ്ങൊടുകൊത്തിങ്ങടു കൊത്തായ്
കിളിച്ചുണ്ടൻ മാമ്പഴമേ കിളി കൊത്താ തേൻ പഴമേ
തളിർച്ചുണ്ടിൽ പൂത്തിരി മുത്തായ് ചിപ്പിയിൽ
എന്നെ കാത്തുവെച്ചോ”
അതുപോലെ അവരുടെ ബാല്യത്തിലെ നുറുങ്ങ് ഓർമകളും ഒരുമിച്ചു വളർന്ന ഗൃഹാതുരത്വത്തിന്റെ മനോഹാരിതയും ഒക്കെ ആണ് പിന്നീടുള്ള അനുപല്ലവിയിലും ചരണത്തിലും എല്ലാം.അത്ര ഭംഗിയോടെയാണ് ആ വരികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
———————————————————
ഇതിനു പുറമെയുള്ള രണ്ടു പാട്ടുക്കളും വളരെ നല്ല പാട്ടുകൾ തന്നെയാണ്. അങ്ങനെ ഔദ്യോഗികമായി ഉള്ള ഒരു അരങ്ങേറ്റം ആയിരുന്നു കിളിച്ചുണ്ടൻ മാമ്പഴത്തിലെ പാട്ടുകൾ.
👆👆👆👆👆👆👆👆👆👆👆👆👆
എന്നാൽ പിന്നീട് ഇത് കഴിഞ്ഞു ഇതേ സമയങ്ങളിൽ തന്നെ എഴുതിയതാണ് ടി. കെ രാജീവ്കുമാർ സംവിധാനം ചെയ്ത സീത കല്യാണം എന്ന ചിത്രത്തിലെ ഗാനങ്ങൾ.ഗായകൻ ശ്രീനിവാസ് ആദ്യമായി സംഗീത സംവിധായകനാകുന്ന ചിത്രം ആണ് ഇത്.കർണാടിക് സാഗീതത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള പാട്ടുകൾ അടങ്ങുന്ന നല്ലൊരു സംഗീത പ്രാധാന്യമുള്ള പാട്ടുകൾ ആണ് ഇതിൽ ഉള്ളത്.
രാഗസുധരസമായി,
സീതാരാമം കഥാസുസാരം
പോലുള്ള മനോഹരമായ പാട്ടുകൾ ആണ് ഇതിൽ.
കിളിച്ചുണ്ടൻ മാമ്പഴം ചിത്രം ഇറങ്ങിയ സമയത്ത് തന്നെ ഇറങ്ങേണ്ട ചിത്രം ആയിരുന്നു അത്.എന്നാൽ ചില കാരണങ്ങളാൽ ഈ ചിത്രം ഷൂട്ട് കഴിഞ്ഞു ഏഴു വർഷത്തിന് ശേഷമാണ് പുറത്തിറങ്ങിയത്.
രണ്ടു ഒരേ സമയത്താണ് ഇറങ്ങിയത് എങ്കിൽ ഒരു ഗാനരചയിതാവ് എന്ന രീതിയിൽ ഒരു വലിയ അംഗീകാരം കിട്ടിയേനെ പ്രസാദിന്.
കാരണം ഒരു ചിത്രം ഒരു മുസ്ലിം മാപ്പിളപ്പാട്ടിന്റെ ശൈലിയും മറ്റേത് ഒരു തമിഴ് കർണാടിക്ക് രാഗത്തിന്റെ ശൈലിയും ഉള്ള പാട്ടുകൾ, ഒരേ ആൾ തന്നെ വ്യത്യസ്ത ശൈലിയിൽ തന്റെ കഴിവിന്റെ കൈയൊപ്പ് ചാലിക്കുന്ന കാലഘട്ടമായി മാറിയേനെ.
കിളിച്ചുണ്ടൻ മാമ്പഴത്തിന് ശേഷം പ്രിയദർശന്റെ അടുത്ത ചിത്രമായ വെട്ടത്തിലും മനോഹരമായ പാട്ടുകൾ ആണ് ഉള്ളത്. അതും എഴുതിയിരിക്കുന്നത് പ്രസാദ് തന്നെയാണ്.
മുൻപ് ഒരിക്കൽ എഴുതിയ ഒരു ഓണപാട്ടിൽ, ഉണ്ണായിവാര്യരും കുഞ്ചൻ നമ്പ്യാരും പറഞ്ഞ ഒരു കഥ വെച്ചുണ്ടാക്കിയ വരിയായിരുന്നു “കാതിലോല നല്ല താളി ‘
ആ വരികൾ ഇഷ്ടപ്പെട്ട പ്രിയദർശൻ ഇതിലെ ഒരു പാട്ടിലേയ്ക്ക് ആ വരികൾ വേണമെന്ന് പറഞ്ഞു.അങ്ങനെയാണ്
“ഒരു കാതിലോല ഞാൻ കണ്ടീലാ
തിരുതാളി വെച്ചതും കണ്ടീല ”
എന്ന ഗാനം പിറക്കുന്നു.
അതുപോലെ തന്നെ മറ്റൊരു ഗാനം വേണമെന്നും അതിൽ സാധാരണകാർക്ക് മനസിലാകുന്ന വാക്കുകൾ മാത്രം മതിയെന്നും പ്രിയദർശൻ പറയുന്നു.അങ്ങനെ മറ്റൊരു മനോഹരമായ ഗാനം പിറവിയെടുക്കുന്നു.
” മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ ”
അങ്ങനെ ഒരുപാട് നല്ല ഗാനങ്ങൾ കൂടി സമ്മാനിക്കാൻ ഈ ചിത്രത്തിലൂടെ പ്രസാദിന് കഴിഞ്ഞു.
എന്നാൽ പ്രസാദിനെ ഇന്നും അടയാളപെടുത്തുന്ന ഒരു പാട്ടിന്റെ കഥയാണ് ഇനി പറയാൻ പോകുന്നത്. ഗാനരചന ജീവിതത്തിലെ ഏറ്റവും പ്രശംസ വാങ്ങി തന്ന ഗാനം.
👇👇👇👇👇👇👇👇👇👇👇👇👇
ഒരു ദിവസം മനോരമ പത്രത്തിൽ ഒരു വാർത്ത വരുന്നു.സിബി മലയിൽ സംവിധാനം ചെയ്യാൻ പോകുന്ന ജലോത്സവം എന്ന ചിത്രത്തിൽ ബിയാർ പ്രസാദ് പാട്ടുകൾ എഴുതുന്നു.അവർ അത് തീരുമാനിച്ചതോടെ പത്രത്തിൽ ആ വാർത്ത കൊടുക്കുന്നു.അങ്ങനെയാണ് പ്രസാദ് കൂടി ഇത് അറിയുന്നത്.പിന്നീട് പ്രസാദിനെ കണ്ട സിബിമലയിൽ ഈ ചിത്രത്തിലേക്ക് കുട്ടനാടിനെ കുറിച്ചു പറയുന്ന ഒരു പാട്ട് എഴുതാൻ ആവശ്യപെടുന്നു.അതായത് പുറത്തു നിന്നുള്ള ഒരാളെ ഇങ്ങോട്ട് ക്ഷണിക്കുന്ന ഒരു ഭംഗിയിൽ വേണം അത് പറയാൻ.ഈ പാട്ട് മോശം ആയാൽ നിങ്ങളെയാണ് അത് ഏറ്റവും ബാധിക്കുക എന്ന് സിബി പ്രസാദിനോട് പറയുന്നു.സ്വന്തം നാടിനെ കുറിച്ചു എഴുതാൻ കിട്ടുന്ന അവസരം.അത് ഒരിക്കലും മോശമാകാൻ പാടില്ല എന്ന ഉറപ്പിൽ പ്രസാദ് എഴുതാൻ തുടങ്ങുന്നു.
അപ്പോഴേക്കും ചിത്രത്തിന്റെ സംഗീത സംവിധായകൻ ആയ അൽഫോൻസ് ഈ പാട്ടിനായി സരസ്വതി രാഗത്തിൽ ഒരു സംഗീതം തയ്യാറാകുന്നു. സാധാരണ വെസ്റ്റേൺ മ്യൂസികിൽ പ്രഗൽപനായ അൽഫോൻസ് പക്ഷേ ക്ലാസിക്ക് ഗാനങ്ങൾക്ക് ഉപയോഗിക്കുന്ന സരസ്വതി രാഗത്തിൽ ഒരു ട്യൂണ് കമ്പോസ് ചെയ്യുന്നു..
അങ്ങനെയാണ് കേരളനാടിന്റെ സൗന്ദര്യം സങ്കല്പങ്ങളെ കുറിച് പറയുമ്പോഴും നവകേരള സൃഷ്ടിയ്ക്ക് ശേഷം ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി കണക്കാക്കുന്ന ആ ഗാനം ജനിക്കുന്നു…
” കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം ”
കുട്ടനാടൻ മണ്ണിനെയും പെണ്ണിനേയും ഒരുപോലെ താരതമ്യം ചെയ്ത് ആ നാടിന്റെ ജീവിത സംസ്കാരവും ഇടകലർന്ന് പറയുന്ന വരികൾ ആയിരുന്നു അതിലേ.
അതിലെ ചില വരിയെഴുതാൻ കാരണമാക്കിയ ഒരനുഭവം പ്രസാദിന് ഉണ്ടായിരുന്നു.
പണ്ട് പാരലൽ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്തു എന്നും ക്ലാസ്സിൽ അണിഞ്ഞു ഒരുങ്ങി വരുന്ന നന്നായിട്ട് പാടുകയും ചെയുന്ന ഒരു കുട്ടിയുണ്ടായിരുന്നു..പിന്നീട് കുറച് വർഷം കഴിഞ്ഞു ആ കുട്ടി പാടത്തു പണി കഴിഞ്ഞു വരുന്ന ആളുകളുടെ കൂട്ടത്തിൽ കണ്ടു. അങ്ങനെ കണ്ടു സംസാരിക്കുന്നതിനടയിൽ പ്രസാദ് ചോദിച്ചു
“അല്ല..ഇപ്പോ അണിഞ്ഞു ഒരുങ്ങിയിട്ടൊന്നും അല്ലേ പോകാർ ”
പാടത്തു കൊയ്യാൻ വരുമ്പോൾ ആരെങ്കിലും വളയും കൊലുസുമൊക്കെ ഇട്ട് വരുമോ എന്നു അവൾ പറയുന്നു.
ആ സംഭവം മനസ്സിൽ ഇങ്ങനെ നിൽക്കുന്നത് കൊണ്ട് പ്രസാദ് ഇതിലേയ്ക്ക് ആ ആശയം കൊണ്ടുവരുന്നു.
ഞാറിന്റെ ഓല കൊണ്ടുള്ള പച്ച വളയും
കാലിൽ പതിയുന്ന ആ ചെളിയുടെ പത സ്വർണ്ണ നിറത്തിൽ ഉള്ള ഒരു കൊലുസ്സായി കാണുന്നു. അങ്ങനെ ഓരോ കുട്ടനാടൻ കർഷക സ്ത്രീകളും ഇതുപോലെ അണിഞ്ഞു ഒരുങ്ങി പാട്ട് പാടുന്നതായി ആ കൃഷിയിടങ്ങൾ മാറുന്നു..അങ്ങനെയാണ് ഈ വരികൾ ജനിക്കുന്നത്.അതോടൊപ്പം ഇവരുടെ വിയർപ്പിന് കുട്ടനാടിന്റെ മണ്ണിന്റെ ഗന്ധവുമായിട്ടാണ് സൂചിപ്പിക്കുന്നത്.
അങ്ങനെ അനുപല്ലവിയിൽ ഈ വരികൾ ജനിക്കുന്നു
“കന്നോടു തരിയുഴും മണ്ണുതിരും മണമോ
പെണ്ണിനു വിയർപ്പാലേ മധുമണമോ
ഞാറ്റോല പച്ചവള പൊന്നുംചെളി കൊലുസ്സ്
പെണ്ണിവൾ കള മാറ്റും കളമൊഴിയായ് ”
പിന്നീട് ഉള്ള വരികളും കുട്ടനാടിന്റെ ആർജിത സംസ്കാരവും എല്ലാം പിന്നത്തെ വരികളിലൂടെ ഇതെല്ലാം പറയുന്നു.
അങ്ങനെ ഈ മനോഹരമായ ഗാനം പിറക്കുന്നു….
ഈ ഗാനം സിനിമയിൽ വളരെ കുറച്ചു ഭാഗം മാത്രമേ വന്നുള്ളൂ.പക്ഷേ പിന്നീട് പിന്നീട് കല്യാണ വീഡിയോസിലും ഒക്കെ ആദ്യം ഉപയോഗിച്ച് ഉപയോഗിച്ച് പിന്നീട് കേരളപ്പിറവി പോലെയുള്ള ദിവസങ്ങളിലും നൃത്തങ്ങൾക്കും വേണ്ടി ഒക്കെ ഉപയോഗിച്ച് ഈ ഗാനം അങ്ങനെ വല്ലാത്ത പ്രശസ്തിയിൽ എത്തി ചേരുന്നു..
👆👆👆👆👆👆👆👆👆👆👆👆👆
പിന്നീട് പല പല നല്ല പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. പക്ഷേ പല പാട്ടുകളും ഉള്ള ചിത്രങ്ങൾ വേണ്ട രീതിയിൽ വിജയിക്കാത്ത ചിത്രങ്ങൾ ആയത് കൊണ്ട് അത് പലതും പിന്നീട് ശ്രദ്ധിക്കപെട്ടില്ല..
മന്ദാരപ്പൂവെന്തേ പുലരിയോട് കിന്നാരം ചോദിച്ചു, മദനപതാകയിലിളകും മണിപോൽ ദേവാംഗന നീയാരോ (രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ഞാൻ സൽപ്പേര് രാമൻകുട്ടി എന്ന ചിത്രത്തിലെ)
തുലാമിന്നല് തൂവലുകൊണ്ടൊരു തുലാഭാരം(സർക്കാർ ദാദ)
മുത്തുമണിരാധേ മുത്തുമുത്തു രാധേ(തട്ടുപുറത്ത് അച്യുതൻ)
അങ്ങനെ അങ്ങനെ വളരെ കുറച്ചു ചിത്രങ്ങളിലെ പിന്നീട് അദ്ദേഹം ഗാനങ്ങൾ എഴുതിയിട്ടുള്ളൂ.എന്നാൽ അവയൊക്കെ നല്ല ഒരുപിടി ഗാനങ്ങൾ ആണ്…
അവസാനമിറങ്ങിയതിൽ ഏറ്റവും ശ്രദ്ധേയമായ ഗാനമാണ് തത്സമയം ഒരു പെണ്കുട്ടിയിലെ ” പൊന്നോട് പൂവായ് ശംഖോട് നീരായ് ” എന്ന ഗാനം. അതിന് ചിത്രയ്ക്ക് സംസ്ഥാന അവാർഡും ലഭിച്ചു..ഇദ്ദേഹത്തിന്റെ ഏറ്റവും മനോഹരമായ ഒരു സവിശേഷത എന്നത് അവതരണ രീതിയാണ്.അത്രയ്ക്ക് മനോഹരമായിട്ടാണ് അദ്ദേഹം ഓരോ കാര്യങ്ങൾ അവതരിപ്പിക്കുക. കുറച്ചു മസങ്ങൾക് മുൻപ് അദ്ദേഹം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്.”ഒന്നാം കിളി രണ്ടാം കിളി” എന്നതാണ് ചാനലിന്റെ പേര്. വളരെ മനോഹരമായും കൗതുകകരമായുമായിട്ടുള്ള വിവരങ്ങൾ പങ്കു വെക്കുന്നുണ്ട് അദ്ദേഹം ഇതിലൂടെ.പഴയ നല്ല പാട്ടുകളുടെ വരികളിൽ ഉള്ള അർത്ഥത്തലങ്ങളും,ശൈലികളും,ഭാഷ വൃത്തങ്ങളെ പറ്റിയും അങ്ങനെ പല വിവരങ്ങളും വീണ്ടും ആ പഴയ മലയാള അധ്യാപകനായി, ഒരിക്കൽ കൂടി അദ്ദേഹം നമുക്ക് ഒരുപാട് കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തരുന്നുണ്ട്.ആ ചാനലിന്റെ ലിങ്ക് ഇവിടെ ചേർക്കുന്നു.
https://youtube.com/channel/UCr37HlQM9p3HDNQcuYqGFuQ
അറിവിന്റെ ഒരു വിജ്ഞാനകോശം തന്നെയാണ് ബിയാർ പ്രസാദ് എന്നു തോന്നാറുണ്ട്. പാട്ടുകളിലെ കാവ്യാത്മകമായ അർത്ഥതലങ്ങളും അവയുടെ താള മേള രാഗങ്ങളെ കുറിച്ചും,ഭാഷയിലെ വൃത്ത ശാസ്ത്രങ്ങളെ കുറിച്ചും,പഞ്ചവാദ്യ-മേള രീതികളെ പറ്റിയും,ചരിത്രബോധവും അങ്ങനെ ഒരുപാട് കാര്യങ്ങളിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യം എടുത്തു പറയേണ്ടത് തന്നെയാണ്.അതൊക്കെ ഉള്ളത് കൊണ്ടായിരിക്കാം അർത്ഥതലങ്ങൾ നിറഞ്ഞ പല പാട്ടുകളും എഴുതാൻ ഇദ്ദേഹത്തിന് കഴിഞ്ഞത്.വേണ്ട രീതിയിൽ അറിയപ്പെടാത്ത അധികം ശ്രദ്ധ കിട്ടാത്ത ഒരുപാട് കലാകാരന്മാർ ഉണ്ട്.അവരിലെ മുൻപന്തിയിൽ നിൽക്കുന്ന ആൾ തന്നെയാണ് പ്രസാദും.ഒരുപാട് മേഖലയിൽ കഴിവ് തെളിയിക്കാനുള്ള പ്രാവീണ്യം ഉണ്ടായിട്ടും വേണ്ട രീതിയിൽ കൂടുതൽ പ്രശംസ കിട്ടാത്തവരുടെ ആളുകളിൽ ഒരാളായി പ്രസാദും ….
ടൈറ്റിൽ കാർഡിൽ ഗാനരചന ബീയാർ പ്രസാദ് എന്ന തലകേട്ടോടു കൂടി കൂടുതൽ നല്ല നല്ല ഗാനങ്ങൾ പ്രേക്ഷർക്ക് ലഭിക്കാൽ പ്രേക്ഷകർക്ക് ഭാഗ്യമില്ലാതായിരിക്കുന്നു. ആ വലിയ കലാകാരന് ഒരുപാട് ദുഖത്തോടെ പ്രണാമം…