നാടിനെ കാക്കുന്നതുപോലെ തന്നെ പ്രിയങ്കരമാണ് റോജിക്ക് സ്വന്തം ശരീരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതും

314

Sarath Sarathlal Lal

കാക്കിക്കുള്ളിലൊരു ബോഡി ബിൽഡർ; മിസ്റ്റർ ഇന്ത്യ പൊലീസ് കേരളത്തിൽനിന്ന് ആദ്യം; അടുത്ത ലക്ഷ്യം മിസ്റ്റർ വേൾഡ് പൊലീസ്

Roji_police body builder
കാക്കിയിട്ടു നാടുകാക്കുന്നയാളാണ് റോജി. കേരള പൊലീസിൽ സിവിൽ പൊലീസ് ഓഫീസർ. നാടിനെ കാക്കുന്നതുപോലെ തന്നെ പ്രിയങ്കരമാണ് റോജിക്ക് സ്വന്തം ശരീരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതും. കേരള പൊലീസിലെ ബോഡി ബിൽഡറാണ് റോജി.

കാഞ്ഞിരംകുളത്തുനിന്ന് മിസ്റ്റർ ഇന്ത്യ പൊലീസ്

തിരുവനന്തപുരത്തിന്റെ തീരദേശഗ്രാമമായ കാഞ്ഞിരംകുളത്തുനിന്നാണ് റോജിയുടെ കഥ ആരംഭിക്കുന്നത്. അതിസാധാരണമായ കുടുംബം. കൗമാരത്തിലെത്തിയപ്പോഴെ ബോഡിബിൽഡിംഗ് ഹരമായി മനസിൽ ഇടം പിടിച്ചു. പക്ഷേ, പ്രതിസന്ധികൾ എന്നും വഴിമുടക്കി. ബോഡി ബിൽഡിംഗ് അല്ലാതെ മറ്റു വലിയ സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പഠനം കഴിഞ്ഞ് പൊലീസ് കാക്കിയിട്ടപ്പോഴാണ് ആഗ്രഹത്തിന് വീണ്ടും ജീവൻ വച്ചത്.

നാലു വർഷമേ ആയിട്ടുള്ളൂ പഴയ സ്വപ്നത്തിൽ കൈയെത്തിപ്പിടിച്ചിട്ട്. നിരവധി മത്സരങ്ങളിൽ പങ്കെടുത്തു. 2018ൽ മിസ്റ്റർ കേരള പൊലീസ് സ്വർണമെഡൽ നേടി. 2019ലും ആവർത്തിച്ചു. മിസ്റ്റർ തിരുവനന്തപുരം (2018,19), മിസ്റ്റർ കേരളം (2018), മിസ്റ്റർ കേരളം റണ്ണർ അപ്പ് (2019) എന്നിവയാണ് കാക്കിയിട്ട ഈ ബോഡി ബിൽഡറുടെ നേട്ടങ്ങൾ. ഒടുവിൽ ഇന്ത്യയിലെ പൊലീസുകാർക്കായി നടത്തിയ മിസ്റ്റർ ഇന്ത്യ പൊലീസും റോജിക്കു തന്നെ. മിസ്റ്റർ ഇന്ത്യ പൊലീസ് സമ്മാനം ആദ്യമായി കേരളത്തിലേക്ക് എത്തിച്ചതും റോജിയാണ്.

വയർലെസ് റൂമിലെ ബോഡി ബിൽഡർ

കേരള പൊലീസിൽ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലാണ് റോജിയുടെ സേവനം. സാധാരണ പൊലീസ് ഉദ്യോഗസ്ഥനായി എട്ടുവർഷത്തോളം വയർലെസ് റൂമിൽ കഴിഞ്ഞപ്പോഴാണ് റോജി കുട്ടിക്കാലത്തെ സ്വപ്നം പൊടി തട്ടിയെടുത്തത്. കാര്യമറിഞ്ഞപ്പോൾ കൂടെയുള്ള പൊലീസുകാർക്കും കുടുംബത്തിനും മൊത്തം സമ്മതം. അവരുടെ പൂർണ പിന്തുണ കൂടിയായപ്പോൾ സ്വപ്നം പിടിച്ചുകെട്ടാൻ റോജിക്ക് വേറൊന്നും ചിന്തിക്കേണ്ടിവന്നില്ല.

തിരുവനന്തപുരം സിറ്റി സബ് യൂണിറ്റിലെ വയർലെസ് വിങിലാണ് റോജി ഇപ്പോൾ. ജോലിക്കൊപ്പംതന്നെയാണ് പരിശീലനത്തിന് സമയം കണ്ടെത്തുന്നത്. കാട്ടാക്കട ക്രിസ്ത്യൻ കോളജിലും കോട്ടയം നാട്ടകം പോളി ടെക്നിക്കിലുമായിരുന്നു വിദ്യാഭ്യാസം. ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ നേടി കെഎസ്ഇബിയിൽ ചേരാനിരിക്കേയാണ് പൊലീസിൽ കിട്ടിയത്. കെഎസ്ഇബിയിലെ ജോലി വേണ്ടെന്നുവച്ചു പൊലീസിലേക്ക്. കാക്കിയിട്ടതിനു പിന്നിലും ബോഡി ബിൽഡിംഗിനോടുള്ള ഇഷ്ടം തന്നെയായിരുന്നു.

കായികതാരമായി പരിഗണനയില്ല

ബോഡി ബിൽഡിംഗിനെ ഒരു കായിക ഇനമായി കണക്കിലെടുത്തിട്ടില്ലാത്തതിനാൽ ജോലിക്കൊപ്പം സമയം കണ്ടെത്തി വേണം പരിശീലനം നടത്താൻ. ദിവസവും രാവിലെയും വൈകിട്ടും മൂന്നു മണിക്കൂർ വീതമാണ് പരിശീലനം. സ്കൂളിൽ റോജിക്കൊപ്പം പഠിച്ച ജെ പി പ്രദീപാണ് പരിശീലകൻ. പരിശീലകന് പുറമേ റോജിയുടെ ഉറ്റചങ്ങാതിയുമാണ് പ്രദീപ്. ബോഡി ഫിറ്റ്നെസിനു വേണ്ടി ചെറിയ രീതിയിൽ പരിശീലനം നടത്തിയിരുന്ന റോജിയെ മത്സരത്തിൽ പങ്കെടുക്കുന്ന നിലയിലേക്കു കൊണ്ടുവന്നത് പ്രദീപാണ്. നിരവധി കുട്ടികൾ പ്രദീപിന്റെ ശിക്ഷണത്തിലുണ്ട്.

ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും സ്വന്തം നിലയിലാണ് പങ്കെടുത്തത്. സ്പോർട്സ് ക്വാട്ടയിലുള്ള നിയമനം അല്ലാത്തതിനാൽ പൊലീസിൽനിന്ന് അത്തരം സഹായങ്ങളൊന്നും ഇല്ല. നിരവധി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചെങ്കിലും പണം തടസമായി. പ്രോത്സാഹനമായി സുഹൃത്തുക്കളും കുടുംബവും ഒക്കെയുണ്ടെങ്കിലും പൊലീസുകാരന്റെ വരുമാനം ആ സ്വപ്നത്തിലേക്ക് എത്താവുന്നതായിരുന്നില്ല.

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറയും എഡിജിപി മനോജ് ഏബ്രഹാമും റോജിയുടെ നേട്ടങ്ങളെ അംഗീകരിക്കുന്നുണ്ട്. സ്വന്തമായി കേരള പൊലീസിന് ബോഡി ബിൽഡിംഗ് ടീമില്ലാത്തതാണ് തടസം. അതിനുള്ള മാർഗം ഉണ്ടാകുമെന്നാണ് റോജിയുടെ പ്രതീക്ഷ. പൊലീസ് മേധാവി ബെഹറയുടെയും മനോജ് ഏബ്രഹാമിന്റെയും പിന്തുണ കൊണ്ടാണ് കഴിഞ്ഞ ദേശീയ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞതെന്നും റോജി പറയുന്നു.

സഹായത്തിനാളുണ്ടെങ്കിൽ ഇനിയും നേട്ടങ്ങൾ

നിരവധി സുഹൃത്തുക്കളുടെ പിന്തുണയാലാണ് ഇതുവരെ എത്തിയത്. പക്ഷേ, അവരും റോജിയെപ്പോലെ സാധാരണക്കാർ മാത്രം. പലർക്കും അന്നത്തെ നിത്യച്ചെലവിനുള്ള പണം കണ്ടെത്താനാവുന്ന ജോലികളുള്ളവർ. അവർ അതിൽനിന്നു മിച്ചം പിടിച്ചാണ് റോജിയെ സഹായിക്കുന്നത്. വലിയ വലിയ മത്സരങ്ങളിൽ പങ്കെടുക്കാൻ സാമ്പത്തികം ഒരു തടസമായി നിൽക്കുകയാണ്. അതിനുള്ള പരിഹാരമാണ് റോജി ഇപ്പോൾ തേടുന്നത്.

മിസ്റ്റർ വേൾഡ് പൊലീസ് മത്സരമാണ് റോജിയുടെ ലക്ഷ്യം. ഒരു സ്പോൺസറെ കിട്ടിയാൽ തനിക്കു സ്വപ്നത്തിലേക്ക് കുതിച്ചെത്താനാകുമെന്ന് ഈ നാൽപതുകാരൻ കരുതുന്നു. ആഗ്രഹിക്കുന്നതും അതുതന്നെ