സ്വന്തം കഥ അമ്പതിനായിരത്തിന് വാങ്ങിയ കഥാകൃത്ത്
എഴുതിയത് : റോമു(രമണൻ കെ.ടി.)
കടപ്പാട് : Malayalam Movie & Music DataBase (m3db)
“കാരൈക്കുടി” നാരായണൻ – ഇന്നത്തെ തലമുറ ഈ പേര് കേട്ടിരിക്കാൻ വഴിയില്ല, എന്നാൽ പഴയ തലമുറയിലെ ചിലരെങ്കിലും ഈ പേര് കേട്ടിരിക്കാൻ സാധ്യതയുണ്ട് – എങ്കിലും, ഈ വ്യക്തി ആരാണെന്നോ, എപ്പോൾ/ എവിടെ ഈ പേര് കണ്ടു/ കേട്ടു എന്നതിന് ഒരു വ്യക്തത ഇല്ലാതിരിക്കാം. ചിലർക്ക് ഈ പേര് ഒരു സിനിമയുമായി ബന്ധിപ്പിക്കാൻ സാധിച്ചെന്നിരിക്കും. അതേ, എ.വിൻസെന്റിന്റെ സംവിധാനത്തിൽ നസീർ, നന്ദിത ബോസ്, വിൻസെന്റ്, സുജാത, സുധീർ മറ്റു പലരും അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായ “അച്ചാണി”-യുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയവർ ചുരുക്കം ചിലരെങ്കിലും കാണും. “അച്ചാണി”-യുടെ കഥ “കാരൈക്കുടി നാരായണൻ”ന്റേതാണ്. “അച്ചാണി” തമിഴിൽ റീമേക് ചെയ്യാൻ ഉദ്ദേശിച്ചപ്പോഴുണ്ടായ രസകരമായ സംഭവമാണ് ഈ ലേഖനത്തിനു ഇങ്ങിനൊരു ശീർഷകം നൽകാനുള്ള കാരണം.
“കാരൈക്കുടി” നാരായണൻ തമിഴ് ചലച്ചിത്ര രംഗത്ത് തനതായ ഒരു സ്ഥാനം നേടിയെടുത്തത് ഒരൊറ്റ രാത്രി കൊണ്ടല്ല. യാതനകളും, വേദനകളും സഹിച്ചുകൊണ്ടുള്ള ഒരു ദീർഘയാത്രയിലൂടെയാണ് അദ്ദേഹം ആ സ്ഥാനം കരസ്ഥമാക്കിയത്. ശീർഷക സംഭവത്തിലേക്ക് കടക്കുന്നതിന് മുൻപ്, അദ്ദേഹത്തിന്റെ സങ്കീർണ്ണമായ ആ യാത്ര ചുരുക്കത്തിൽ :-
പേരിലെ ആദ്യവാക്കായ “കാരൈക്കുടി” എന്ന സ്ഥലത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് ഇദ്ദേഹം. “ചെട്ടിനാട്” പാരമ്പര്യത്തിന് പേര് കേട്ട സ്ഥലമാണല്ലോ തമിഴ്‌നാട്ടിലെ”കാരൈക്കുടി” – കൊട്ടാരങ്ങൾ തോൽക്കുന്ന പ്രൗഢഗംഭീരമായ സൗധങ്ങൾ നിറഞ്ഞ ഒരു പ്രദേശം. “കാരൈക്കുടി” മറ്റൊരു കാരണം കൊണ്ടും പ്രസിദ്ധമാണ്- തമിഴ് സിനിമ മേഖലയിലെ പ്രസിദ്ധരായ കണ്ണദാസൻ, AVM Studio owner മെയ്യപ്പ ചെട്ടിയാർ, സംവിധായകൻSP മുത്തുരാമൻ പോലുള്ളവരുടെ ജന്മനാട് “കാരൈക്കുടി”യാണ്. ഹൈസ്കൂൾ പഠിക്കുമ്പോൾ തന്നെ കവിതകൾ എഴുതാൻ തുടങ്ങിയിരുന്നു അദ്ദേഹം. സ്കൂളിലെ അധ്യാപകരിൽ നിന്നും പ്രോത്സാഹനത്തിനു പുറമെ, കവിതാ സമാഹാര പുസ്തകങ്ങൾ നൽകി വായിക്കാനും പ്രേരിപ്പിച്ചിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജ് പഠന കാലത്ത് ഒരിക്കൽ പ്രശസ്ത തമിഴ് ചലച്ചിത്ര ഗാനരചയിതാവ് കണ്ണദാസൻ പങ്കെടുത്ത വേദിയിൽ സംഘാടകരുടെ കാലുപിടിച്ച് കവിത ചൊല്ലാനുള്ള സന്ദർഭം നേടിയെടുത്തു.
ആ സദസ്സിൽ വെച്ച് കണ്ണദാസനിൽ നിന്നും പ്രശംസാ വാക്കുകൾ ഏറ്റുവാങ്ങിയ നാരായണൻ, കണ്ണദാസൻ തിരിച്ചു പോവുന്ന സമയത്ത് അദ്ദേഹത്തിന്റെ കാറിനരികിൽ ചെന്ന് താൻ എഴുതിയ കവിതകൾ അടങ്ങിയ ഒരു കൊച്ചു പുസ്തകം കണ്ണദാസനു നേരെ നീട്ടി, അതൊന്ന് വായിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം കൈപ്പടയിൽ എഴുതിത്തരാൻ മൊഴിഞ്ഞു. തീവണ്ടി പിടിക്കാനുള്ള ധൃതിയിലിരുന്ന കണ്ണദാസൻ, ഇദ്ദേഹത്തെ നിരുത്സാഹപ്പെടുത്തേണ്ടെന്ന് കരുതി കാറിൽ കേറിക്കൊള്ളാൻ പറഞ്ഞു. റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടയിൽ ചില കവിതകൾ ഒന്നോടിച്ചു നോക്കിയ ശേഷം, നല്ലൊരു ഭാവിയുണ്ടെന്ന് കൈപ്പടെ എഴുതിയത് നാരായണനെ സംബന്ധിച്ചിടത്തോളം ലോകം കീഴടക്കിയ പ്രതീതിയായിരുന്നു.
കണ്ണദാസന്റെ ആ വാക്കുകൾ നൽകിയ പ്രചോദനം നാരായണനെ സിനിമ എന്ന മായിക ലോകത്തേക്ക് കടക്കാൻ പ്രേരിപ്പിച്ചു. മദ്രാസിൽ ചെന്നാൽ തനിക്ക് തമിഴ് സിനിമാ ലോകത്തിൽ അറിയപ്പെടുന്ന ഗാനരചയിതാവി പ്രകാശിക്കാൻ കഴിയും എന്ന് സ്വപ്നം കണ്ടു. ആയതിനാൽ, അമ്മയോട് കണ്ണദാസൻ തന്നെ മദ്രാസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും, അവിടെ ചെന്നാൽ പാട്ടെഴുത്തിന്Rs.10,000/- സന്മനമായി ലഭിക്കുമെന്നും നുണ പറഞ്ഞ്, യാത്രക്കുള്ള കൂലിയായി പത്തു രൂപയും വാങ്ങിച്ച് മദ്രാസിലേക്ക് തിരിച്ചു. മദ്രാസിൽ ചെന്ന് അവിടെ ഒരു പരിചയക്കാരനെക്കണ്ട്, അയാളോടൊപ്പം താമസിച്ച്, പതുക്കെ സിനിമയിൽ പാട്ടെഴുതാനുള്ള പ്രയത്നം നടത്താം എന്നായിരുന്നു നാരായണന്റെ തീരുമാനം.

എന്നാൽ, മദ്രാസിലെത്തിയപ്പോഴാണറിയുന്നത് ആ പരിചയക്കാരൻ കുറച്ചു ദിവസത്തേക്ക് വേണ്ടി മദ്രാസിന് പുറത്തു പോയിരിക്കുകയാണ് എന്ന്. എന്ത് ചെയ്യണമെന്നറിയാതെ വലയുമ്പോൾ, യാദൃശ്ചികമായി മറ്റൊരു പരിചയക്കാരനെ കണ്ടുമുട്ടുന്നു. അദ്ദേഹം മറ്റേ പരിചയക്കാരൻ മടങ്ങി വരുന്നത് വരെ തന്റെ കൂടെ നാരായണനെ രാത്രിയിൽ മാത്രം താമസിക്കാൻ അനുവദിക്കുന്നു. ഈ സമയത്തിനുള്ളിൽ നാരായണന്റെ കാശെല്ലാം ചിലവഴിഞ്ഞിരുന്നു. പരിചയക്കാരൻ തിരിച്ചു വരുന്നത് വരെ ആഹാരത്തിന് എന്ത് ചെയ്യും? മറ്റു മാർഗ്ഗമില്ലാതെ അദ്ദേഹം ചിലരോട് ചോദിച്ച് അഞ്ചു രൂപ കൈപ്പറ്റി.
നമുക്കിവിടെ ശരിപ്പെട്ടു വരില്ല, തിരിച്ചു പോയേക്കാം എന്ന തീരുമാനിക്കുന്ന നേരത്ത് മറ്റൊരു പരിചയക്കാരനെ കണ്ടുമുട്ടുന്നു – അത് മറ്റാരുമല്ല, പിൽക്കാലത്തു പ്രശസ്ത ഹാസ്യനടനായിത്തീർന്ന എസ്.എസ്.ചന്ദ്രനായിരുന്നു. എസ്.എസ്.ചന്ദ്രൻ അന്ന് അല്ലറ ചില്ലറ നാടകങ്ങളിൽ അഭിനയിച്ചു കാലുറപ്പിക്കാൻ ശ്രമിക്കുന്ന നേരം. അദ്ദേഹത്തിന്റെ ശുപാർശയിൽ അദ്ദേഹം അഭിനയിക്കുന്ന നാടകങ്ങളിൽ പാട്ടെഴുതാനുള്ള സന്ദർഭം ലഭിക്കുമോ എന്നാശിച്ചതും വിഫലമായി. മനം നൊന്ത് എസ്.എസ്.ചന്ദ്രന്റെ പരിചയക്കാരിൽ ഒരാളുടെ ചരക്ക് ലോറിയിൽ കേറി, കറങ്ങിത്തിരിഞ്ഞ് അവസാനം നാരായണൻ സ്വഗൃഹത്തിലേക്ക് മടങ്ങി.
അപ്പോഴും നാരായണനെ സിനിമാ മോഹം വിട്ടുപോയിരുന്നില്ല. ഇനി മദ്രാസിൽ നിൽക്കണമെങ്കിൽ കൈയ്യിൽ കുറച്ചെങ്കിലും പണമില്ലാതെ പറ്റില്ല എന്നത് കൊണ്ട്, പരിചയക്കാരനിൽ നിന്നുംRs.500/- കടം വാങ്ങി നാരായണൻ വീണ്ടും മദ്രാസിലേക്ക് വണ്ടി കയറി. ഇത്തവണ Rs.35/- ക്ക് ഒരു മുറി വാടകയ്‌ക്കെടുത്തായി നാരായണന്റെ ചാൻസ് കിട്ടാനായുള്ള വേട്ട. കൂടാതെ, ഒരടുത്ത സുഹൃത്തിൽ നിന്നും കടമായി മാസം Rs.75/- ഓരോ മാസത്തിനുള്ള ചിലവിനുമായി കൈപ്പറ്റാനുള്ള ഏർപ്പാടും ചെയ്തു – സ്ഥിരമായി ഒരു ജോലി കിട്ടുന്നത് വരെ- ആ സഹായം ഒന്നര വർഷത്തോളം തുടർന്നു. അങ്ങിനെ നാരായണൻ അന്ന് അറിയപ്പെട്ടിരുന്ന പി.നീലകണ്ഠൻ എന്ന സംവിധായകനെക്കണ്ടു. അദ്ദേഹം നാരായണനെ പ്രശസ്ത സംഗീത സംവിധായകൻS M സുബ്ബയ്യാ നായിഡുവിന്റടുത്തേക്ക് പറഞ്ഞയച്ചു. അദ്ദേഹം തനിക്കിപ്പോ കൈവശം പടമൊന്നും ഇല്ലെന്ന് പറഞ്ഞ് സംഗീത സംവിധായകൻ കെ.വി.മഹാദേവന്റെ പക്കൽ പറഞ്ഞയച്ചു. അദ്ദേഹം നാരായണനെ ആ സമയത്ത് എം.ജി.ആർ ചിത്രമായ താഴമ്പൂ എന്ന ചിത്രത്തിന് സംഗീതം നൽകാൻ ചുമതലപ്പെടുത്തിയ സംവിധായകൻ എൻ.എസ്.രാമദാസിന്റെ പക്കൽ പറഞ്ഞയച്ചു. നാരായണനും അദ്ദേഹത്തെ ഒന്ന് രണ്ടു പ്രാവശ്യം കണ്ടെങ്കിലും ഒന്നും നടന്നില്ല. നാരായണൻ വീണ്ടും ഒരു സുഹൃത്തു വഴി നാടക രംഗത്ത് വല്ല പണിയും കിട്ടുമോ എന്ന് നോക്കി അതും വർക്ക് ഔട്ട് ആയില്ല. പിന്നീട് പലരുടെയും ഉപദേശാനുസരണം എഡിറ്റിംഗ് പഠിക്കാൻ തീരുമാനിച്ചു, അതും തന്നെക്കൊണ്ടാവില്ലെന്ന് പറഞ്ഞ് വേണ്ടെന്നു വെച്ചു.
പിന്നീട് നാരായണൻ രണ്ടും കല്പിച്ച് കണ്ണദാസനെച്ചെന്നു കണ്ടു. നിങ്ങൾ അന്നെനിക്ക് നൽകിയ പ്രോത്സാഹനമാണ് എന്നെ ഇവിടേക്ക് എത്തിച്ചത്, താങ്കൾ ആരോടെങ്കിലും പറഞ്ഞ് ഒരു സന്ദർഭം വാങ്ങിത്തരണം എന്ന് പറഞ്ഞ നാരായണനെ കണ്ണദാസൻ പ്രശസ്ത നടൻ ചന്ദ്രബാബുവിനെ ചെന്ന് കാണാൻ പറഞ്ഞു. ചന്ദ്രബാബു അപ്പോൾ ഒരു ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലായിരുന്നു. ചന്ദ്രബാബുവിന്റെ കൂടെക്കൂടി വല്ലതും ചെയ്തു മുന്നോട്ടു പോവാം എന്നു വിചാരിച്ചെങ്കിലും, ചന്ദ്രബാബുവിന്റെ രീതിയുമായി പൊരുത്തപ്പെടാൻ കഴിയാത്ത കാരണം അതും ഉപേക്ഷിക്കുകയാണുണ്ടായത്.
അദ്ദേഹത്തിന്റെ സങ്കടം മനസ്സിലാക്കിയ”നട്ടു” നടരാജൻ എന്ന നടൻ നാരായണനെ ആർ.ജി.ഗോപു എന്ന എഡിറ്ററിന്റെ പക്കൽ പറഞ്ഞയച്ചു. ഗോപുവിന്റെ ഉപദേശപ്രകാരം നാടകങ്ങളിൽ നല്ല പരിചയം ഉണ്ടെന്ന് നുണ പറഞ്ഞ് അന്ന് അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന, പിന്നീട് ഡയറക്ടർ ആയ, എസ്.രാമനാഥൻ വഴി ഡയറക്ടർ എ.ഭീംസിംഗിനെ കണ്ടു. അദ്ദേഹം ആദ്യം ഡയലോഗ്സ് മോഡുലേഷനോടുകൂടി വായിക്കാൻ പറഞ്ഞതിൽ തൃപ്തനായില്ലെങ്കിലും, നാരായണനോട് മമത തോന്നിയത് കൊണ്ട് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിക്കാൻ അനുമതിച്ചു. “പട്ടത്ത് റാണി” എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ (അസിസ്റ്റന്റ് ഡയറക്ടർ ആയിട്ട്”കാരൈക്കുടി” നാരായണന്റെ പേര് ആദ്യം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട ചിത്രം “പട്ടത്ത് റാണി” എന്ന ചിത്രമാണ്), ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജാവർ സീതാരാമന്റെ അഭാവത്തിൽ, അദ്ദേഹം തിരിച്ചു വരുന്നത് വരെ കാത്തിരിക്കാനുള്ള സമയമില്ലാത്തതിനാൽ അടിയന്തിരമായി തിരക്കഥയിൽ കുറെ മാറ്റങ്ങൾ വരുത്താനുള്ളത് നാരായണൻ ചെയ്തു കൊടുത്തത് കണ്ട ജാവർ ആദ്യം നാരായണനോട് ദേഷ്യപ്പെട്ടെങ്കിലും, പിന്നീട് നാരായണന് എഴുതാനുള്ള കഴിവുണ്ടെന്ന് മനസ്സിലാക്കി അസിസ്റ്റന്റ് ഡയറക്ടർ പണി നിർത്തലാക്കി പരിചയമുള്ള ഒരു നാടക ട്രൂപ്പിലേക്ക് പറഞ്ഞയച്ചു. അവിടെ അവർ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ഒരു കഥയ്ക്ക് സംഭാഷണം എഴുതി നാടക രംഗത്തേക്ക് കാലെടുത്തു വെച്ചു. ആ അനുഭവം നാടക/ സിനിമാ നടനായAVM രാജനു വേണ്ടി “പാശദീപം” എന്നൊരു നാടകം എഴുതാനുള്ള സന്ദർഭം ഒരുക്കി.
ആ നാടകം സിനിമയാക്കുന്നതിനെ ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസം കാരണം നാരായണന് AVM രാജനുമായി തുടർന്നു പ്രവർത്തിക്കാൻ കഴിയാതെ പോയി. അതേ നാടകം കാണാനിടയായ മറ്റൊരു പ്രശസ്ത നാടക / സിനിമാ നടനായ “മേജർ” സുന്ദർരാജൻ നാരായണനെ തന്റെ നാടക ട്രൂപ്പിനുവേണ്ടി കഥയെഴുതാൻ ക്ഷണിച്ചു. അങ്ങിനെ, നാരായണൻ”മേജർ” സുന്ദർരാജനുവേണ്ടി എഴുതിയ ആദ്യ കഥയാണ് “അച്ചാണി”.
“അച്ചാണി” നാടകം വൻ വിജയം നേടി. ആ കഥ പ്രശസ്ത സംവിധായകൻ കെ.ബാലചന്ദർ അടക്കം പലരും സിനിമയാക്കാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. അങ്ങിനെയിരിക്കെ, ആ നാടകം കാണാനിടയായ പ്രശസ്ത ഛായാഗ്രാഹകൻ / സംവിധായകൻ എ.വിൻസെന്റ് നാരായണനെയും, സുന്ദർരാജനെയും കണ്ട് ആ കഥ മലയാളത്തിലും, തമിഴിലും സിനിമയാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ച് നാരായണന് പത്തായിരം രൂപ നൽകി കരാർ ഒപ്പിട്ടു കഥ വാങ്ങിച്ചു. “അച്ചാണി” മലയാളത്തിൽ വൻ വിജയവും നേടി. നല്ല കഥയ്ക്കുള്ള ബഹുമതിയായി കേരള സർക്കാർ അദ്ദേഹത്തെ പ്രത്യേക സമ്മാനം നൽകി ആദരിച്ചു എന്നാണ്”കാരൈക്കുടി” നാരായണൻ രേഖപ്പെടുത്തുന്നത്.
മേജർ സുന്ദർരാജന് നാരായണൻ അടുത്തതായി എഴുതിയ നാടകമാണ് “സൊന്തം”. ആ നാടകം അതേ പേരിൽ സിനിമയാക്കപ്പെട്ടു. അങ്ങിനെ”കഥാ – സംഭാഷണം” കാരൈക്കുടി നാരായണൻ എന്ന് തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുന്നത് “സൊന്തം” എന്ന ചിത്രത്തിലൂടെയാണ്. 1962 – 63 ൽ തുടങ്ങിയ കഠിനയത്നത്തിന്റെ ഫലം കണ്ടു തുടങ്ങിയത്1971 – 72 ൽ നിന്നാണ്. പിന്നീട് നാരായണന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തുടർന്ന് നാരായണന് “ദീർഘസുമംഗലി”, “തേൻ സിന്ത്തേ വാനം” (മലയാളത്തിലെ”ലേഡീസ് ഹോസ്റ്റൽ”-ലിന്റെ തമിഴ് റീമേക്), “ഒണ്ണേ ഒണ്ണ് കണ്ണേ കണ്ണ്”, “തൂണ്ടിൽ മീൻ”, “ദിക്കട്ര പാർവ്വതി” എന്നിങ്ങനെ കുറെ ചിത്രങ്ങൾക്ക് സംഭാഷണം എഴുതി. നാടക രചനയും തുടർന്നു കൊണ്ടിരുന്നു. രാജാജി (രാജഗോപാലാചാരി) വക്കീലായിരിക്കുമ്പോൾ നടന്ന ഒരു കേസിനെ ആധാരമാക്കി എഴുതിയ”ദിക്കട്ര പാർവ്വതി” എന്ന കഥ സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ സംഭാഷണം എഴുതാനുള്ള ചുമതല മാത്രമല്ല നാരായണന്റെ ചുമലിൽ വീണത്- നടീ-നടന്മാരെ ബുക്ക് ചെയ്യുന്നതിൽ തുടങ്ങി ചിത്രത്തിന്റെ നിർമ്മാണ ചുമതല മുഴുവനും നാരായണനാണ് നിർവ്വഹിച്ചത്.
ഇനി, ശീർഷകത്തിലെ സംഭവത്തിലേക്ക് കടക്കാം :
തന്റെ ആദ്യ നാടകമായ”അച്ചാണി” തമിഴിൽ സിനിമയാവാതിരുന്നതിൽ നാരായണന് അതീവ ദുഃഖമുണ്ടായിരുന്നു. എ.വിൻസെന്റ് തമിഴിലും ആ കഥ ചിത്രമാക്കും എന്ന് കരാറിൽ സൂചിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് അതിൽ തമിഴിൽ ചെയ്യാൻ താല്പര്യമില്ലെന്ന് മനസ്സിലാക്കിയ നാരായണൻ അദ്ദേഹത്തെ ചെന്നു കണ്ട്, തനിക്ക് ആ കഥ തമിഴിൽ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ, വിൻസെന്റ് അതിന് എതിർപ്പൊന്നും പറഞ്ഞില്ലെന്ന് മാത്രമല്ല, കരാർ ഒപ്പിട്ട് കഥ വിറ്റിരുന്നതിനാൽ അന്നത്തെ നിരക്ക് പ്രകാരം ഒരു ലക്ഷം രൂപ പ്രൊഡ്യൂസഴ്സ് ആയ ജനറൽ പിക്ഛേഴ്‌സിന് നൽകി റൈറ്സ് വാങ്ങിക്കാൻ പറഞ്ഞു. കരാർ പ്രകാരം കഥാകൃത്തിന് ഒരു ലക്ഷവും, പ്രൊഡ്യൂസർസിന് ഒരു ലക്ഷവും ചേർന്ന് രണ്ടു ലക്ഷം കൊടുത്താണ് റൈറ്സ് വാങ്ങേണ്ടത്. ഇവിടെ കഥാകൃത്ത് തന്നെ സ്വന്തം കഥ വാങ്ങുന്നതിനാൽ ഒരു ലക്ഷം കൊടുക്കേണ്ട ആവശ്യം വരുന്നില്ലല്ലോ, അത് കൊണ്ട് പ്രൊഡ്യൂസർസിന് മാത്രം ഒരു ലക്ഷം കൊടുത്താൽ മതിയാവും എന്നദ്ദേഹം മൊഴിഞ്ഞു. പത്തായിരം രൂപയ്ക്ക് വിറ്റ കഥ ഒരു ലക്ഷം കൊടുത്തു വാങ്ങിക്കേണ്ടിവരുമല്ലോ എന്ന് വിഷമിച്ച നാരായണൻ, വിൻസെന്റിനോട് തന്റെ സ്ഥിതി മനസ്സിലാക്കി വല്ല ഇളവും ചെയ്തു തരണം എന്നപേക്ഷിച്ചു. അപ്രകാരം, വിൻസെന്റ് ആ ഡീൽ അമ്പതിനായിരത്തിന് ഒത്തുതീർപ്പാക്കിക്കൊടുത്തു.
സിനിമാ ചരിത്രത്തിൽ തന്നെ ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കും ഒരു കഥാകൃത്ത് സ്വന്തം കഥ വിറ്റതിന്റെ നാലു മടങ്ങ് കൊടുത്ത് റൈറ്സ് തിരിച്ചു വാങ്ങിയത്.റൈറ്റ്സ് നേരത്തെ വാങ്ങിയെങ്കിലും അഞ്ചാറു വർഷങ്ങൾക്ക് ശേഷമാണ് നാരായണൻ അത് തമിഴിൽ നിർമ്മിക്കുന്നത്. അദ്ദേഹം തന്നെ നിർമ്മിച്ചു സംവിധാനം ചെയ്ത ചിത്രമായിരുന്നു “അച്ചാണി”. അച്ചാണിയുടെ സംഗീത സംവിധാനത്തിന് നാരായണൻ ഇളയരാജയ്ക്ക് നൽകിയ തുക ഏഴായിരം രൂപയായിരുന്നു എന്ന് നാരായണൻ രേഖപ്പെടുത്തുന്നു. ചിത്രത്തിലെ ഗാനങ്ങൾ സ്റ്റീരിയോവിൽ റെക്കോർഡ് ചെയ്യണം എന്നായിരുന്നു ഇളയരാജയുടെ ആഗ്രഹം എന്നും, എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ കാരണം അത് നടക്കാതെ പോയും എന്നാണ് നാരായണൻ പറയുന്നത്. അരുണാചലം സ്റുഡിയോവായിരുന്നു അതിനായി തിരഞ്ഞെടുത്തത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ് ഉടൻ തന്നെ “താലാട്ട്, പിള്ളൈ ഉണ്ട് താലാട്ട്”, “മാതാ ഉൻ കോവിലിൽ” എന്നീ രണ്ടു ഗാനങ്ങൾ റെക്കോർഡ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ, പെട്ടെന്ന് ശരിചെയ്യാൻ കഴിയാത്ത ചില സാങ്കേതിക തടസ്സങ്ങൾ വന്നതുകൊണ്ട് കുഴങ്ങി നിന്ന നാരായണനെ ഇളയരാജ ആശ്വസിപ്പിച്ചു(കാരണം, പൂജ ദിവസം തന്നെ ചില ഗാനങ്ങൾ റെക്കോർഡ് ചെയ്യുന്നത് അന്നത്തെ ഒരു പതിവായിരുന്നു, അത് മുടങ്ങിയാൽ ദുശ്ശകുനമായും കരുതിയിരുന്നു) – നമുക്ക് പെട്ടെന്ന് തന്നെ പ്രസാദ് സ്‌റ്റുഡിയോവിലേക്ക് വിടാം, അവിടെ നമുക്ക് ഉച്ചക്കുള്ള കാൾ ഷീറ്റ് വാങ്ങിക്കാം, ഇപ്പോൾ മുടങ്ങിയ കാൽ ഷീറ്റിന്റെ ചെലവ് മുഴുവൻ (ടെക്‌നീഷ്യന് കൊടുക്കാനുള്ള തുക) ഞാൻ ഏറ്റെടുക്കാം, ഉച്ചക്ക് പ്രസാദിൽ വെച്ച് ഗാനങ്ങൾ റെക്കോർഡ് ചെയ്യാം.
അതനുസരിച്ച് കാര്യങ്ങൾ ദ്രുതഗതിയിൽ നടന്നു – പ്രസാദിൽ അപ്പോൾ വേറാരുടെയോ റെക്കോർഡിങ് നടക്കുകയായിരുന്നു. അവരോട് ഉച്ചക്കുള്ള സ്ലോട്ട് ഒരുവിധം വാങ്ങിയെടുത്തു- മൂന്നു മണിക്കൂർ.
ഡ്യുയറ്റ് ഗാനമായ “താലാട്ട്, പിള്ളൈ ഉണ്ട് താലാട്ട്” പെട്ടെന്ന് തന്നെ റെക്കോർഡ് ചെയ്യപ്പെട്ടു. അടുത്തതായിട്ട് റെക്കോർഡ് ചെയ്യേണ്ടത് എസ്. ജാനകി പാടിയ “മാതാ ഉൻ കോവിലിൽ” എന്ന സോളോ ഗാനമാണ്. അതിന്റെ റെക്കോർഡിങ് വൈകിക്കൊണ്ടിരുന്നു. ഏഴ്- എട്ട് ടേക്ക് കഴിഞ്ഞിട്ടും ഗാനം ഓക്കേ ആവാതെ മുടങ്ങിക്കൊണ്ടിരുന്നു. ടെൻഷൻ ആയ രാജാ, ബൂത്തിൽ നിൽക്കുന്ന ജാനകിയോട് പുറത്തു നിന്നുകൊണ്ട് തന്നെ എന്താ കാര്യം എന്ന് ഉച്ചത്തിൽ ചോദിച്ചപ്പോൾ, അകത്തു നിന്ന് ജാനകിയുടെ മറുപടി “തെറ്റൊക്കെ എന്റേതാണ് രാജാ, ഒരു പ്രത്യേക ഭാഗം വരുമ്പോൾ വികാരഭരിതയാവുന്നത് കാരണം എനിക്ക് പാടാൻ കഴിയാതെയാവുന്നു, വിങ്ങൽ കാരണം വീർപ്പുമുട്ടൽ അനുഭവപ്പെടുന്നു. ഒരു പത്തു നിമിഷം വെയിറ്റ് ചെയ്യൂ, ഞാൻ ഒന്ന് റിലാക്സ് ആയ ശേഷം റെക്കോർഡ് ചെയ്യാം”. അപ്രകാരം, അല്പനേരത്തെ വിശ്രമത്തിന് ശേഷം ഗാനം വീണ്ടും റെക്കോർഡിങ് തുടങ്ങി തടസ്സമില്ലാതെ ഓക്കേയായി. എല്ലാം ഒന്നര മണിക്കൂർ കൊണ്ട് തീർന്നു എന്നും നാരായണൻ പറയുന്നു.
അച്ചാണിയുടെ സംവിധാന മേൽനോട്ടം നിർവ്വഹിച്ചത് എ.വിൻസെന്റ് ആയിരുന്നു. “അച്ചാണി”യുടെ വിജയം നാരായണനെ തുടർന്നും ചിത്രങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചു. അങ്ങിനെ അദ്ദേഹം “എന്നടി മീനാക്ഷി”, “മീനാക്ഷി കുങ്കുമം”, “അൻപേ സംഗീതാ”, “ഉന്നിടം മയങ്കുകിറേൻ”, “നല്ലത് നടന്തേ തീരും” എന്നിങ്ങനെ കുറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. അവയിൽ മിക്കതും നിർമ്മിച്ചത് അദ്ദേഹം തന്നെയായിരുന്നു. ആദ്യത്തെ ഒന്ന് രണ്ടു ചിത്രങ്ങൾ വിജയം നേടിയെങ്കിലും മറ്റു ചിത്രങ്ങൾ വൻ പരാജയമായിരുന്നതിനാൽ നാരായണന് തുടർന്ന് ചിത്രങ്ങൾ ചെയ്യാൻ കഴിയാതെ പോയി. തന്റെ തകർച്ചക്ക് കാരണം നിർമ്മാണച്ചുമതലയും താൻ ഏറ്റെടുത്തത് കൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്. പിന്നീടദ്ദേഹം ചില ടെലിവിഷൻ സീരിയലുകൾ ചെയ്തുവെങ്കിലും അതിലും ഒരു നീണ്ട യാത്ര ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
“അച്ചാണി” മികച്ച ചിത്രമായി തമിഴ്നാട് സർക്കാർ തിരഞ്ഞെടുത്തെങ്കിലും, അവാർഡ് ദാനച്ചടങ്ങിന്റെ മൂന്നോ നാലോ ദിവസങ്ങൾക്ക് മുൻപ് അത് നിഷേധിച്ചിരിക്കുന്നു എന്നു കാണിച്ചുകൊണ്ടുള്ള ഒരു കത്ത് കിട്ടിയ നാരായണൻ കാര്യമെന്തെന്നറിയാതെ കുഴങ്ങിപ്പോയി. അന്വേഷിച്ചപ്പോൾ മനസ്സിലായി, ചിത്രം റീമേക് ചിത്രമായതുകൊണ്ട് അവാർഡ് കൊടുക്കാൻ പാടില്ലെന്ന് പറഞ്ഞ് ആരോ എതിർപ്പ് അറിയിച്ചതാണെന്നുള്ള വസ്തുത. റീമേക് ആണെങ്കിലും, സർക്കാരിനോട് അത് സ്വന്തം കഥയാണെന്ന് സ്ഥിരീകരിക്കാൻ നാരായണന് കുറെ വെള്ളം കുടിക്കേണ്ടി വന്നു. ഭാഗ്യത്തിന് അദ്ദേഹത്തിന്റെ ഒരു അധ്യാപകൻ ആ സമയത്ത് മന്ത്രിസഭയിലുണ്ടായിരുന്നതിനാൽ അദ്ദേഹം വഴി നാരായണൻ വസ്തുതകൾ നിരത്തിയെങ്കിലും, അവാർഡ് ദാനച്ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് കൈയ്യിൽ കിട്ടാത്തതിനാൽ കാവൽക്കാർ ഹാളിലേക്ക് കടക്കാൻ അനുമതി നൽകിയില്ല. വിഷമിച്ചു നിൽക്കുന്ന നാരായണനെ അപ്പോൾ ഭാഗ്യം തുണച്ചത്ത് നിർമ്മാതാവും, നടനുമായ കെ.ബാലാജിയുടെ രൂപത്തിലായിരുന്നു. അദ്ദേഹം ഹാളിൽ നിന്നും ഏതോ കാര്യത്തിനായി പുറത്തു വന്നപ്പോൾ നാരായണനെ കാണുകയും, അകത്തു പോകാതെ ഇവിടെ എന്താടോ നിൽക്കുന്നത്, അവിടെ നിന്റെ പേര് കുറെ നേരമായി അന്നൗൻസ് ചെയ്തുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ നാരായണൻ കാര്യം വ്യക്തമാക്കി. അങ്ങിനെ, കെ.ബാലാജി കാവൽക്കാരനോട് പറഞ്ഞാണ് നാരായണന് അകത്തേക്ക് കടക്കാനായതും, സമ്മാനം ഏറ്റുവാങ്ങാനായതും.
“കാരൈക്കുടി” നാരായണൻ “ടൂറിങ്ങ് ടാക്കീസ്” എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിനെ ആസ്പദമാക്കി തയ്യാറാക്കിയ ലേഖനമാണിത്.
ചിത്രങ്ങൾ: കടപ്പാട്