ഒരു കൊച്ചു മധ്യ യൂറോപ്യൻ രാജ്യം അങ്ങനെ കേരളത്തിൽ റഷ്യയോളം പ്രശസ്‌തമായി !

0
53

മലയാളിയുടെ ഡയലോഗുകളും തല തിരിഞ്ഞ ആക്ഷേപഹാസ്യവും കൊണ്ട് ഹിറ്റായ വാക്കുകൾ എത്രയെന്നറിയാമോ ? നിരക്ഷരരുടെ ഇടയിൽ പോലും അത്തരം വാക്കുകൾക്കുണ്ടായിരുന്ന പ്രചാരം സിനിമയിലെ ആക്ഷേപഹാസ്യങ്ങൾ വഴി സാധ്യമായതാണ്. Roosh Saeed ന്റെ കുറിപ്പ് വായിക്കാം

Roosh Saeed :

‘പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്’

ഒരു കൊച്ചു മധ്യ യൂറോപ്യൻ രാജ്യം അങ്ങനെ കേരളത്തിൽ റഷ്യയോളം പ്രശസ്‌തമായി !
ഹ്യുമർ സെൻസ് ഈസ് ദി ബെസ്റ്റ് സെൻസ് എന്ന ആപ്‌തവാക്യം സാഹിത്യത്തിലൂടെയും സിനിമയിലൂടെയും അന്വർത്ഥമാക്കിയവരാണ് മലയാളികൾ. മറ്റൊരു ഇന്ത്യൻ ഭാഷാ സിനിമകളിലും കാണാത്ത യൂണീക് സെൻസ് ഓഫ് ഹ്യുമർ മലയാള സിനിമകളിലുണ്ട്. മലയാള സിനിമകൾ മറ്റു ഭാഷാ-സംസ്കാര പരിസരങ്ങളിലേക്ക് പറിച്ചു നട്ട് റീമേക്ക് ചെയ്യപ്പെടുമ്പോൾ ഈ ഹാസ്യസൗഭഗം കൈമോശം വരുന്നു എന്നിടത്താണ് മലയാളിയുടെ നർമ്മബോധത്തിന്റെ കാതൽ.

May be an illustration of one or more people and textഗുണ്ടകൾക്ക് ശാസ്ത്രീയ നാമം നൽകാനും, ഉസ്താദ് അലവലാതി ഖാന്റെ അണ്ണാക്കിൽ മണ്ണുവാരിയിടാനും, മദ്ധ്യ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവിന് ശശി എന്ന് പേര് നൽകാനും നമുക്കേ കഴിയൂ. പ്രാദേശിക ഭാഷകളിൽ രജനിയുടെ വൺ ലൈനേഴ്‌സിനേക്കാൾ പ്രചാരം നേടിയിരുന്നു ‘പോ മോനെ ദിനേശാ’ യും ‘സവാരിഗിരിഗിരി ‘ യും. ഒരൊറ്റ വാക്കിന്റെ വരെ അർത്ഥതലങ്ങൾ മാറ്റിയെഴുതിയിട്ടുണ്ട് മലയാള സിനിമ. ‘എജ്യുക്കേഷൻ’ എന്ന ഇംഗ്ലീഷ് വാക്കിന് ഓക്സ്ഫോർഡ് ഡിക്ഷണറി പോലും നൽകാത്ത contextual interpretation ആണ് പ്രാഞ്ചിയേട്ടൻ നൽകിയത്. ‘കലങ്ങിയില്ല’ എന്ന വാക്കും ‘പരൂക്ഷ’ എന്ന പ്രയോഗവും അപ്പുക്കുട്ടനെയും അച്ചൂട്ടിയെയും ബന്ധപ്പെടുത്തിയല്ലാതെ നമുക്ക് സങ്കൽപ്പിക്കാൻ പോലും ആവില്ല. ‘അന്തർധാര’ എന്നത് മലയാളിയുടെ നാവിൽ കയറിക്കൂടിയിട്ട് മൂന്ന് പതിറ്റാണ്ടോളമായി.

എജ്യൂക്കേഷനു മുമ്പേ മമ്മൂക്ക പ്രശസ്തമാക്കിയവയാണ് സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും. സൈബർ കാലത്തെ ട്രോളന്മാർ ‘സെക്ഷ്വാലിറ്റി’ കൂടി ചേർത്ത് അതിനെ ആഘോഷിക്കുന്നു. സിദ്ധിക്ക് ലാലും, രഞ്ജിത്തും, ശ്രീനിവാസനും നൽകിയ സംഭാവനകൾ ഇവിടെ സ്മരിക്കുന്നു. ‘ഗുഷ് നൈറ്റ്’ എഴുതിയ പ്രതിഭാധനൻ തന്നെയാണ് മാഗിയുടെ സ്നേഹം യാചിക്കുന്ന അവിസ്മരണീയ ക്ലൈമാക്സ് ഡയലോഗും എഴുതിയത്.

സന്ദേശം, യോദ്ധ എന്നീ സിനിമകൾ ഇവിടെ എടുത്ത് പറയാതെ തരമില്ല. ഏതാണ്ട് എല്ലാ സംഭാഷണങ്ങളും quotable quotes ആണ്. ആക്ഷേപഹാസ്യത്തിന്റെ മറ്റൊരു തലം നമുക്ക് പരിചയപ്പെടുത്തിയ പഞ്ചവടിപ്പാലവും ഒരുവേള മുന്നിൽ നിൽക്കുന്നു. വില്ലത്തിക്ക് ‘ഗിഞ്ചിമൂട് ഗാന്ധാരി’ എന്നൊക്കെ പേരിടാൻ ഒരു മലയാളി എഴുത്തുകാരനേ ഒരു പക്ഷേ കഴിയൂ.

പറ്റിക്കപ്പെടുമ്പോൾ ‘ജോഷി ചതിച്ചാശാനേ’ എന്ന് പറഞ്ഞു സീൻ ലൈറ്റ് ആക്കാനും “ചെത്ത്”, “തേപ്പ്”, “തള്ള്” തുടങ്ങിയ ചെറുവാക്കുകൾ മലയാളിയുള്ളിടത്തെല്ലാം വാരി വിതറാനും നമ്മുടെ സിനിമക്ക് കഴിഞ്ഞു. നാടോടി നൃത്തത്തെ “മാങ്ങപറി, ചെളികുത്ത്’ എന്ന് വിഭാവനം ചെയ്ത കവിഭാവനക്ക് അഭിനന്ദനം, നമോവാകം!

മലയാളിയുടെ ഈ ‘തലതിരിഞ്ഞ’ ആക്ഷേപഹാസ്യ രസത്തെ ഇതുവരെ ഒരു വർമ്മ സാറിനും ഉപദേശിച്ചു നേരെയാക്കാനായിട്ടില്ല. ഉപദേശം കൊള്ളാമെന്നു സമ്മതിക്കുമെങ്കിലും അതിലും ഒരു ചെറിയ പ്രശ്നം അവൻ കണ്ടുപിടിക്കും. കാരണം അറിയാമല്ലോ.  മലം പരിശോധിക്കാൻ വിസമ്മതിക്കുന്ന ഇന്നസെന്റും, ‘ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ’ എന്ന പഴഞ്ചൊല്ല് കണ്ടുപിടിച്ച സലിം കുമാറും, തന്റെ ഗർഭം ഇങ്ങനല്ലെന്നു വെളിപ്പെടുത്തുന്ന ജഗതി ശ്രീകുമാറും മലയാളത്തിന്റെ തനിമയാണ്. ഈ ഗണത്തിൽ പെടുത്താവുന്ന എഴുത്തുകാരും നടന്മാരും മറ്റു ഭാഷകളിൽ വിരളമാണ്. പല പാവനായിമാരുടെയും അഭിനയം കണ്ടാൽ ശവമാണെന്നു തോന്നും. നാഗേഷിനെയും, പരേഷ് റാവലിനെയുമൊന്നും മറന്നു കൊണ്ടല്ല ഇതെഴുതുന്നത്.

തോൽക്കുന്നതിനു തൊട്ടു മുമ്പ് വരെ ആത്‌മവിശ്വാസം വളരെ നല്ലതാണ് എന്ന് തുടങ്ങിയ ഫിലോസഫിക്കൽ തിരിച്ചറിവുകൾ കേട്ടാൽ കൊക്രട്ടീസും അരിസ്റ്റോട്ടിലുമൊക്കെ അന്തം വിട്ടു പോകും. പണിയറിയാത്ത പണിക്കാരനെ വഴക്കു പറയാതെ അവനോട് ‘നീ പറിക്കുന്ന ആണിയെല്ലാം ആവശ്യമില്ലാത്തതായിരിക്കും’ എന്നു പറയുന്ന മാനേജ്‌മന്റ് വൈദഗ്ധ്യം സ്റ്റീവ് ജോബ്‌സിനെയും പിന്നിലാക്കും. ഭക്ത സിനിമകൾ അരങ്ങു വാണിരുന്ന തമിഴകത്തെയും , ആന്ധ്രയെയും ഞെട്ടിച്ചു “നോക്കി നിൽക്കാതെ തേങ്ങ ഉടക്ക് സാമീ” എന്ന് ആക്രോശിച്ചു പ്രാക്ടിക്കൽ ഭക്തിയുടെ വക്താവായി മലയാളി.പഞ്ചപാണ്ഡവന്മാർ നാലു പേരും കൂടി പണ്ട് കുന്തിയെയാണോ ദമയന്തിയെയാണോ കെട്ടിയത് എന്ന്‌ സംശയിച്ച മലയാളി ടീംസിനെ കുറ്റം പറയാനൊക്കുമോ ?

‘പരിഷ്ക്കാരി’ എന്ന പ്രയോഗത്തിന് മലയാളത്തിൽ ഒരു മുഖമേയുള്ളൂ. അത് ബെൽബോട്ടമിട്ട കുഞ്ചന്റേതാണ് . ഒരു കമ്പ്യുട്ടർ ഭാഷ ഒരേ സമയം ലളിതവും ശക്‌തവുമാണെന്ന് ന്യൂജൻ പിള്ളേർസ് കണ്ടെത്തി. ‘ചിൻ അപ് – ചിൻ ഡൗൺ’, ‘ചിൽ സാറാ ചിൽ’ എന്നീ ഇംഗ്ളീഷ് മൊഴിമുത്തുകളും അവർ കണ്ടു പിടിച്ചു.

പെട്ടെന്ന് ഓർമയിൽ ചിതറിത്തെറിച്ച ചില സംഭാഷണ ശകലങ്ങൾ അടുക്കും ചിട്ടയുമില്ലാതെ ഇവിടെ കുത്തിക്കുറിച്ചെന്നേ ഉള്ളൂ. ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന കെ.കെ ജോസഫുമാർ ഇവിടെ ഉണ്ടെന്നറിയാം. ബൈ ദ ബൈ, ഞാനീ പോളിടെക്നിക്കിലൊന്നും പഠിക്കാത്തതുകൊണ്ട് ഇത്രേ അറിയൂ.