Rose Petal
തല്ലുമാലയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം ഒരു ഷോർട്ട് ഫിലിമിന് പോലും വകയില്ലാത്ത ഒരു ‘കഥക്ക്’ അസാധാരാണമായ ചലച്ചിത്ര ആവിഷ്കാരം നൽകി എന്നുള്ളതാണ്! ഈ ചിത്രത്തെ വർണശബളമായ (riot of colours) ഒരു അത്ഭുതകാഴ്ചയാക്കി അവതരിപ്പിക്കുന്നതിൽ സംവിധായകൻ ഖാലിദ് റഹ്മാനും ടീമും വിജയിച്ചിട്ടുണ്ട്. സംവിധായകന്റെ വന്യമായ ഭാവനയുടെയും കലാ-സാങ്കേതിക മികവിന്റെയും സമഞ്ജസ സമ്മേളനം (A an eclectic blend of director’s wild imagination and technical-artistic perfection) തല്ലുമാലയിൽ കാണാം. വസ്ത്രലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ, മാസ്മരികമായ ഗാനരംഗങ്ങൾ, ചടുലമായ ചുവടുവെപ്പുകൾ, എന്നിവ കണ്ണഞ്ചിപ്പിക്കുന്നവ തന്നെ. ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് എന്ന നിലക്ക് തല്ലുമാല തരുന്ന സംതൃപ്തി വലുതാണ്. അതുകൊണ്ട് തന്നെയിത് ബിഗ് സ്ക്രീൻ എക്സ്പീരിയൻസ് ആവശ്യപ്പെടുന്നു.
മണവാളൻ വസീം (ടോവിനോ) ഇൻറർനെറ്റിൽ തരംഗമാകുന്നത് സ്വന്തം കല്യാണത്തിന് തല്ലുണ്ടാക്കിയാണ്. തല്ല് ആണ് തല്ലുമാലയുടെ ആത്മാവ്. തല്ലിൽ തുടങ്ങി തല്ലിൽ തീരുന്ന തല്ലുമാല, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിൾ ബാരൽ, ആമേൻ എന്നീ സിനിമകളെ ചെറുതായി ഓർമിപ്പിക്കുന്നു.
ഇന്റർനെറ്റ് നൽകുന്ന നൈമിഷികതയിൽ (ephemera) അഭിരമിച്ചുകൊണ്ട്, തള്ളയെ തല്ലിയാലും വേണ്ടില്ല എങ്ങനെയും വൈറൽ ആയാൽ മതി എന്ന് പറഞ്ഞു നടക്കുന്ന യുവതലമുറയുടെ (the so-called millennials), വ്യഗ്രതകളും പങ്കപ്പാടുകളും തല്ലുമാല ഒപ്പിയെടുക്കുന്നുണ്ട്. എങ്കിലും, സിനിമ എന്തെങ്കിലും ഒരു രാഷ്ട്രീയമോ സ്റ്റെറ്റ്മെന്റോ മുന്നോട്ടു വെക്കുന്നുമില്ല. (എന്താണീ വൈറൽ എന്നത് വേറെ കാര്യം. എത്രപേർ കണ്ടാലാണ് ഒരു വീഡിയോ വൈറൽ ആവുക? എന്താണ് വൈറലിന്റെ മാനദണ്ഡം? ഇതിനൊന്നും നമ്മുടെ കയ്യിൽ ഉത്തരങ്ങളില്ല.)
മണവാളൻ വസീമായി ടോവിനോയും, വ്ളോഗർ ബീപാത്തുവായി കല്യാണി പ്രിയദർശനും നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു. ലുക് മാൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരുടെ അഭിനയവും അതുപോലെ തന്നെ മിന്നുന്നതായി. ഗാനങ്ങൾ മികച്ചു നിന്നു. പ്രത്യേകിച്ചും എടുത്തു പറയേണ്ടത് സലിം കുമാർ പ്രത്യക്ഷപ്പെടുന്ന ഗാനം. സലിം കുമാറിന് കുറച്ചു കൂടി സ്ക്രീൻ ടൈം കൊടുക്കാമായിരുന്നു. ജിംഷി ഖാലിദിന്റെ ക്യാമറ, അഷ്റഫ് ഹംസ/ മുഹ്സിൻ പാരാരി ടീമിന്റെ സ്ക്രിപ്റ്റിംഗ്/ഡയലോഗ്, എന്നിവ എടുത്തു പറയേണ്ടത് തന്നെ. Non-linear ആയ ആഖ്യാനരീതി ആദ്യപകുതിയിൽ ചെറിയ ആശയകുഴപ്പം ഉണ്ടാക്കുന്നുണ്ട് എങ്കിലും രണ്ടാം പകുതിയിൽ കാര്യങ്ങൾ ചടുലമായി നീങ്ങുന്നതും ക്ലൈമാസ് എത്തുംവരെയുള്ള (കല്യാണപ്പുരയിലെ) സംഭവഗതികളും നന്നായിട്ടുണ്ട്. മൊത്തം സിനിമാറ്റിക് എക്സ്പീരിയൻസിന് മാറ്റ് കുറക്കുന്നില്ലെങ്കിൽപോലും, ഫൈറ്റ് രംഗങ്ങൾ മിക്കയിടങ്ങളിലും ടിപ്പിക്കൽ ആയിപോകുന്നുണ്ട്. ഒറ്റയിടിക്കു തെറിച്ചു ദൂരെപോകുന്ന രംഗങ്ങൾ തെലുങ്ക് സിനിമകളെ അനുസ്മരിപ്പിക്കുന്നു.
പ്രിയദർശൻ പോലുള്ളവരുടെ മുഖ്യധാരാ സിനിമകളിൽ ടൈപ്പ്കാസ്റ് ചെയ്തു വെച്ചിട്ടുള്ള കോമാളി വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി, മലബാർ മധ്യവർഗ മുസ്ലിങ്ങളുടെ സമകാലീന ജീവിത പരിസരങ്ങളുടെ (milieu) നേർകാഴ്ച തല്ലുമാലയിൽ എടുത്തുപറയേണ്ട സംഗതിയാണ്. പച്ച ബെൽറ്റും തൊപ്പിയും താടിയും വെച്ച്, മലബാറിലെന്നല്ല ലോകത്തെവിടെയും നിലവിലില്ലാത്ത ഭാഷയും (പ്രിയദർശന്റെ മാത്രം സൃഷ്ടി) പറഞ്ഞുനടക്കുന്ന വിവരദോഷികളും നാലും അഞ്ചും കെട്ടുന്നവരുമായ കാരിക്കേച്ചറുകളിൽ നിന്നും വിഭിന്നമായി, മലബാറിലെ റിയലിസ്റ്റിക് ആയ ഭാഷാവകഭേദങ്ങളും (അളിയാക്ക, പെര, കണ്ടേക്കാരം…), ജീവിതചര്യകളും കലർപ്പേതുമില്ലാതെ തല്ലുമാലയിൽ കാണാം. പ്രിയദർശന്റെ മകൾ തന്നെ ഇതിലെ നായിക ആയി എന്നുള്ളത് കാലത്തിന്റെ ഒരു കാവ്യനീതി (poetic justice) ആവാം!
മൊത്തത്തിൽ യുവതലമുറയെ ആകർഷിക്കുന്നതും അവർക്കു കണക്ട് ചെയ്യാൻ പറ്റുന്നതുമായ ഒരു ചിത്രമാണ് തല്ലുമാല. സംവിധായകന്റെ കയ്യൊപ്പ് മൊത്തം ചലച്ചിത്ര അനുഭവത്തെ വ്യത്യസ്തമാക്കുകയും കാഴ്ചക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്യുന്നുണ്ട്. ആ നിലക്ക് ഇതൊരു സംവിധായകന്റെ സിനിമയാണ്.