കുറച്ചു നാളായി പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്നതു. ബംഗാളിലും കേരളത്തിലും ദല്‍ഹിയിലുമൊക്കെ ഈ ബില്ലിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി, അവയൊക്കെ വലിയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. വലിയ പ്രതിഷേധങ്ങള്‍ ഉത്തര്‍പ്രദേശിലും ഉണ്ടായി, എന്നാല്‍ ആ പ്രതിഷേധങ്ങള്‍ വെളിച്ചം കാണാതെ അതിക്രൂരമായി അടിച്ചമര്‍ത്തുകയാണ് ഉണ്ടായത്.
.
പൌരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ദിനംപ്രതി വരുന്ന വാര്‍ത്തകള്‍ കാണുമ്പോഴൊക്കെ ഓര്‍മ്മ വരുന്നത്, കാണ്ട്ലായില്‍ വെച്ചു കണ്ട മനുഷ്യരെയാണ്. എന്റെ ഒരു കസിന് സിസ്റ്റര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കാശ്മീര്‍ യാത്രക്കിടയില്‍ ഞങ്ങളവിടെ പോവുന്നതു. കോഴിക്കോട് ആസ്ഥാനമാക്കി Our India Foundation എന്ന പേരില്‍ ഒരു ചാരിറ്റി സംഘടനയുണ്ട്, അവളതില്‍ സജീവമാണ്. അവര്‍ കാണ്ട്ലായില്‍ കുറച്ചു കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്, പറ്റുമെങ്കില്‍ അതു പോയൊന്നു കാണണമെന്നു മാത്രമാണ് അവളുടെ ആവശ്യം. താഴെ വീഴുന്ന കരിയില കുനിഞ്ഞു പെറുക്കിയെടുക്കാന്‍ മെനക്കെടാത്തവരോട് ഇതില്‍ കൂടുതല്‍ എന്തു ആവശ്യപ്പെടാന്‍! അതും അവഗണിക്കുന്നത് ശരിയല്ലല്ലോ എന്നോര്‍ത്ത് ഞങ്ങളവിടെ പോയി. എന്നെങ്കിലും കാശ്മീര്‍ യാത്രയെ കുറിച്ച് എഴുതുകയാണെങ്കില്‍, അന്നേരം ഇതിനെ കുറിച്ചും എഴുതാമെന്ന് കരുതി ഒഴപ്പി ഇട്ടിരുന്നതാണ്. കാശ്മീര്‍ യാത്രയെ കുറിച്ച് എഴുതലൊന്നും നടക്കുന്ന ലക്ഷണമില്ല, അതുകൊണ്ട് തല്ക്കാലം ഞാന്‍ കണ്ട കാണ്ട്ലായെ കുറിച്ച് ഇപ്പോള്‍ പറയാം.
.
ഉത്തര്‍പ്രദേശിലാണ് ഈ സ്ഥലം, മുസഫര്‍ നഗറില്‍ നിന്നും ഏതാണ്ട് അമ്പതു കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ഒരു ചെറിയ നഗരം. ലത്തീഫ് എന്നൊരു മലയാളി ചെറുപ്പക്കാരനാണ് അവിടെ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ലത്തീഫിന്റെ നമ്പറില്‍ വിളിച്ചു ഞങ്ങള്‍ വരുന്ന കാര്യം പറഞ്ഞു, അങ്ങേരാണെങ്കില്‍ ആഥിത്യമര്യാദയുടെ അങ്ങേത്തല. ഗൂഗിള്‍ മാപ്പമ്മച്ചിയുടെ തുണയുണ്ടായത് കൊണ്ട്, ഒട്ടും അലയാതെ ഞങ്ങള്‍ കാണ്ട്ലായില്‍ ലത്തീഫ് പറഞ്ഞ സ്ഥലത്ത് എത്തി. അവരവിടെ ഒരു സ്കൂള്‍ നടത്തുകയാണ്. സ്വന്തമായി കെട്ടിടം ഇല്ലാത്തതു കൊണ്ട് ഒരു മദ്രസയുടെ കെട്ടിടത്തിലാണ് സ്കൂള്‍ നടത്തുന്നത്. ഉയരം കൂടിയ മതില് കെട്ടിന്റെ വലിയ ഗേറ്റ് ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നു. അകത്തു വിശാലമായ വളപ്പിനുള്ളില്‍ രണ്ടുനില മദ്രസയും, പുരാതനമായ ഒരു ഈദ് ഗാഹും, വലിയൊരു പള്ളിയും. വെള്ളിയാഴ്ച്ച ഉച്ചക്ക് ജുമാ നിസ്കാരത്തിന്റെ സമയത്താണ് ഞങ്ങളവിടേക്ക് എത്തുന്നതു. ലത്തീഫ് ഞങ്ങളെ കാത്തു നില്‍ക്കുകയായിരുന്നു, അദ്ദേഹം നേരെ ഞങ്ങളെ പള്ളിയിലേക്ക് കൂട്ടികൊണ്ടു പോയി. (അടുത്ത സുഹൃത്തുക്കളോട്: നിങ്ങള്‍ക്ക് ഇതു അവിശ്വസനീയമായി തോന്നിയേക്കാം, പക്ഷെ വിശ്വസിക്കണം. ഞാന്‍ ലത്തീഫിന്റെ കൈ തട്ടി കുതറിയോടിയില്ല, അനുസരണയോടെ പോയി നിസ്കരിച്ചു
വര്‍ഷങ്ങള്‍ക്ക് ശേഷമാവും ഞാന്‍ പള്ളിയില്‍ പോയി നിസ്കരിച്ചതു. നിസ്കരിക്കുന്ന സമയത്ത് മുഴുവന്‍, ചെറുപ്പത്തില്‍ പള്ളിയില്‍ വെച്ചു കാണിച്ചിരുന്ന കുറുമ്പുകളെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു മനസ്സ് നിറയെ. അന്നൊക്കെ നിസ്കരിച്ചിരുന്ന സമയത്ത് നടത്തിയിരുന്ന ഒരു സാമൂഹ്യ പരീക്ഷണമുണ്ട്. നിസ്കാരം തുടങ്ങി എല്ലാവരും കൈകെട്ടി നില്ക്കുന്ന ആ നിശബ്ദ വേളയില്‍, വെറുതെ ഒന്നു ചെറുതായി ചുമക്കും. ഒട്ടും വൈകാതെ പല കോണുകളില്‍ നിന്നും എല്ലാ സഫ്ഫുകളില്‍(നിരകളില്‍) നിന്നും നിങ്ങള്‍ക്കാ ചുമയുടെ അനുരണനങ്ങള്‍ കേള്‍ക്കാന്‍ കഴിയും. ഇതേ പരീക്ഷണം, തറാവീഹ്( റമളാന്‍ മാസത്തില്‍ രാത്രി വൈകിയുള്ള) നമസ്കാരത്തിന് കോട്ടുവായ വച്ചു ശ്രമിച്ചാല്‍ കുറേക്കൂടി മെച്ചപ്പെട്ട റിസള്‍ട്ട് കിട്ടും. പരമാവധി ഇജ്ജാതി പരീക്ഷണങ്ങള്‍ക്കുള്ള ധൈര്യമേ അന്നെനിക്ക് ഉണ്ടായിരുന്നുള്ളൂ. നാട്ടിലെ കൊടികെട്ടിയ അലമ്പന്മാര് നിസ്കാരത്തില്‍ പങ്കുചേരാന്‍ പരമാവധി വൈകും, നിസ്കാരത്തിനിടക്ക് ആരും കാണാതെയുള്ള അല്ലറ ചില്ലറ തള്ളും പിച്ചുമൊക്കെ നടത്തും. ഇതിനപ്പുറമുള്ള ഒരലമ്പും നിസ്കാരത്തിനിടക്ക് നമ്മുടെ നാട്ടില്‍ ഞാന്‍ കണ്ടിട്ടില്ല, ഇപ്പോഴൊന്നും ഇത്ര പോലും അലമ്പില്ലെന്നാണ് അനുഭവസ്ഥര്‍ പറഞ്ഞതു. എന്നാലോ കാണ്ട്ലായിലെ ജുമാ നിസ്കാരത്തിനിടക്ക് അവിടത്തെ കുട്ടികുരങ്ങന്മാര് നടത്തുന്ന കരണം മറിക്ക് മുന്നില്‍ ഞാനാകെ ഇല്ലാണ്ടായി പോയി. നമ്മളൊന്നും ഒന്നുമല്ലടേയ്, ഒട്ടുമിക്ക പിള്ളേരും പള്ളിയിലേക്ക് കേറി വരുന്നത് തന്നെ മരകൊമ്പുകള്‍ വഴി ജനലിലൂടെയാണ്, ബാക്കി പറയേണ്ടല്ലോ.
ഇനി ഞാന്‍ പറയാന്‍ പോവുന്ന കാര്യങ്ങള്‍ പലതും, ലത്തീഫുമായുള്ള സംഭാഷണത്തില്‍ നിന്നും ഗ്രഹിച്ചിട്ടുള്ളവയാണ്. അയാളന്നു എന്നോട് പറഞ്ഞ കാര്യങ്ങള്‍ യഥാർത്ഥ വസ്തുതകള്‍ തന്നെയാണോ എന്നു ഞാന്‍ പുനപരിശോധിച്ചിട്ടില്ല. അതിന്റെ ഒരു ആവശ്യം ഉണ്ടെന്നു തോന്നിയില്ല. ലത്തീഫിന് പത്തു മുപ്പതു വയസ്സേ കാണൂ, എന്തൊരു ജീവിതമാണ് ഇക്കാലം കൊണ്ടയാള്‍ ജീവിച്ചു തീര്‍ത്തിരിക്കുന്നതു. അയാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഇവിടെ കൂടുതല്‍ വിശദീകരിക്കാന്‍ എനിക്ക് മടിയുണ്ട്, എന്നാല്‍ അതിനെ കുറിച്ചൊന്നുമറിയാതെ അയാളുടെ മഹത്വം നിങ്ങള്‍ക്ക് മനസിലാവാനും സാധ്യതയില്ല. ഏറ്റവും ചുരുക്കി ലത്തീഫിനെ കുറിച്ച് ഇത്രയും പറയാം, ദാരിദ്ര്യമാര്ന്ന ബാല്യത്തോട് ഒറ്റയ്ക്ക് നിന്നു പൊരുതി അത്യുന്നത വിദ്യാഭ്യാസം നേടിയ ആളാണ്. നേടാനുള്ള വാശി ലത്തീഫിന് വിദ്യാഭ്യാസ കാലത്തോടെ തീര്‍ന്നു. പിന്നീടയാള്‍ ജീവിച്ചതു മുഴുവന്‍ നേടാനല്ല, സമൂഹത്തിനു തിരിച്ചു നല്‍കാനായാണ്. ഈ തൊഴിലയാള് തിരഞ്ഞെടുത്തതും, എന്തിന് സ്വന്തം ഇണയെ തിരഞ്ഞെടുത്തപ്പോള്‍ പോലും അയാളുടെ മുന്‍ഗണന സാമൂഹ്യ സേവനമായിരുന്നു. ഇങ്ങിനെ ഒരാള്‍ക്ക് “തള്ളാ”ന് കഴിയില്ല, അറിയാതെ പോലും കളവു പറയാനും സാധ്യതയില്ല. അതുകൊണ്ടാണ് കാഷ്വലായ സംഭാഷണ മദ്ധ്യേ ലത്തീഫ് ഞങ്ങളോട് പറഞ്ഞ പല ഞെട്ടിക്കുന്ന സാമൂഹ്യാവസ്ഥകളും ഒരു ഫാക്റ്റ് ചെക്കും ചെയ്യാതെ നിങ്ങളോട് പറയാന്‍ ധൈര്യപ്പെടുന്നതും. ആകെയുള്ള ഭയം എന്റെ ഓര്‍മ്മ ശക്തിയെ കുറിച്ചോര്‍ക്കുമ്പോഴാണ്, ലത്തീഫ് പറഞ്ഞ ശരിയായ കണക്കുകള്‍ ഒരുപക്ഷെ എന്റെ മറവി കാരണം തെറ്റാന്‍ സാധ്യതയുണ്ട്.
.
ഇന്ത്യയില്‍ ഏറ്റവുമധികം മുസ്ലിങ്ങള്‍ ഉള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. യുപിയിലെ ജനസംഘ്യയുടെ ഇരുപതു ശതമാനത്തോളം മുസ്ലിങ്ങളാണ്. എന്നു വെച്ചാല്‍ സൌദി അറേബ്യയില്‍ ഉള്ളതിലധികം മുസ്ലിങ്ങള്‍ യുപിയിലുണ്ട്. ഇത്രയധികം മുസ്ലിങ്ങള്‍ ഉള്ള ഉത്തര്‍പ്രദേശിലാണ് ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താതെ 2014ല്‍ ബിജെപി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതും, വിജയിച്ചതും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ അന്നാദ്യമായാണ്, യുപിയില്‍ നിന്നും ഒരു മുസ്ലിം പ്രതിനിധി പോലും ഇല്ലാതെ പോയതു. അതൊരു പരീക്ഷണമായിരുന്നു, വിജയിച്ച ആ പരീക്ഷണം ബിജെപി തുടര്‍ന്നു. 2019ലും പേരിനൊരു മുസ്ലിം സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താതെ ബിജെപി തിരഞ്ഞെടുപ്പ് വിജയം കരസ്ഥമാക്കി. മുസ്ലിങ്ങള്‍ ജനസംഘ്യയുടെ നാല്‍പ്പതു ശതമാനത്തിലേറെയുള്ള മണ്ഡലങ്ങള്‍ യുപിയിലുണ്ട്, അവിടെപോലും മുസ്ലിങ്ങള്‍ പരാജയപ്പെടുകയാണ്. വര്‍ഗീയതക്കും, തീവ്രവാദത്തിനും, മതവിഭാഗീയതക്കുമൊക്കെ കുപ്രസിദ്ധിയാര്‍ജ്ജിച്ച മുസ്ലിം സമുദായത്തിന്റെ, മുസ്ലിങ്ങള്‍ ഏറ്റവുമധികമുള്ള സംസ്ഥാനത്തിന്റെ അവസ്ഥയാണിത്.
.
ശത്രുപക്ഷത്തു മുസ്ലിമെന്ന അപര നിര്‍മ്മിതിയെ പ്രതിഷ്ഠിക്കുക വഴിയാണ് ഈയൊരളവില്‍ ഹിന്ദു ഏകീകരണം ബിജെപിക്ക് സാധ്യമായതു. മുസ്ലിങ്ങളുടെ വംശീയ ഉന്മൂലനത്തിനായി ആഗ്രഹിക്കും വിധം വര്‍ഗീയവിദ്വേഷം ഭൂരിപക്ഷ മനസ്സുകളില്‍ പാകാന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അമ്പേ പരാജയപ്പെട്ട നോട്ടു നിരോധനത്തിന്റെ തിക്തഫലങ്ങള്‍ നേരിട്ടനുഭവിച്ചു കൊണ്ടിരുന്ന കാലയളവില്‍ നടന്ന തിരഞ്ഞെടുപ്പിലും യുപി ജനത യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നത്. മുസഫര്‍ നഗര്‍ കലാപത്തിനു ശേഷം ബിജെപി തുടര്‍ച്ചയായി യുപിയില്‍ വിജയിക്കുന്നതാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വക്കെതിരെ മതപരമായി ഐക്യപ്പെടാത്ത മുസ്ലിം സമുദായത്തിന്റെ വോട്ടുകള്‍ ഭിന്നിച്ചു പോവുന്നത് കൊണ്ടാണ് മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും മുസ്ലിം സ്ഥാനാര്ത്തികള് പരാജയപ്പെടുന്നത്. അതെസമയം മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും മുസ്ലിം സ്ഥാനാര്‍ഥിക്ക് അവസരം നല്‍കാത്ത ബിജെപിയുടെ വെള്ളം ചേര്‍ക്കാത്ത മുസ്ലിംവിരുദ്ദ നിലപാടുകള്‍, ബഹുഭൂരിപക്ഷം ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിലും അവര്‍ക്ക് മുതല്‍കൂട്ടാവുകയും ചെയ്യുന്നു. നാളേറെയായി മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭാഗീയമായി കൂട്ടുകൂടുന്നവരായി മുസ്ലിങ്ങളെ നാം ചിത്രീകരിക്കാന്‍ തുടങ്ങിയിട്ടു, എന്നാല്‍ സത്യകഥ അതല്ല.
.
ഹിന്ദുത്വ രാഷ്ട്രീയം തങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുന്ന അവസ്ഥ സംജാതമായിട്ടും എന്തുകൊണ്ടാണ് അവിടങ്ങളിലെ മുസ്ലിങ്ങള്‍ ഐക്യപ്പെടാത്തത്! ഇതിനൊരു പ്രധാന കാരണമായി “എനിക്ക്” തോന്നിയത് ജാതിയാണ്. അതെ കേട്ടത് ശരിയാണ്, മുസ്ലിങ്ങളിലെ ജാതി വ്യവസ്ഥയാണ് മുസ്ലിം ഐക്യത്തിന് വിഘാതമായി നില്‍ക്കുന്നത്. ശ്രേണികൃതമായൊരു ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല ഇസ്ലാം മതം. മറിച്ചു സാഹോദര്യമെന്ന (മതത്തിനകത്ത്) ആശയമാണ് ഇസ്ലാം മതത്തിന്റെ കാതല്‍. കേരളത്തിലും അറബികള്‍ക്ക് ഇടയിലുമൊക്കെ ഇസ്ലാം അങ്ങിനെ പ്രവര്‍ത്തിക്കുന്നതാണ് നാം കണ്ടിട്ടുള്ളതു. എന്നാല്‍ നോര്‍ത്തിന്ത്യയില്‍ അങ്ങിനെയല്ലെന്നുള്ളതാണ് വസ്തുത. അവിടെ ഇസ്ലാം സമുദായത്തിനിടയില്‍ ജാതി വളരെ ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ജന്മനാ ലഭിക്കുന്ന ജാതിയാണ് വ്യക്തിയുടെ തൊഴില്‍ അവകാശങ്ങള്‍ നിര്‍ണ്ണയിക്കുന്നതു. വിദ്യാഭ്യാസം, സമൂഹത്തിലെ പദവി, വിവാഹം, മരണം ഇതൊക്കെ ജാതിയുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുകയാണ്. ഗുജ്ജര്‍, അന്‍സാരി, ഖുറൈശി, താക്കൂര്‍, പത്താന്…. അങ്ങിനെ വിവിധങ്ങളായ ജാതികള്‍ മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്നുണ്ട്. “മതം മാറിയാലും ജാതി നിലനില്ക്കും” എന്നതൊക്കെ അക്ഷരാര്‍ത്ഥത്തില്‍ നോര്‍ത്ത് ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഇടയില്‍ നമുക്ക് കാണാന്‍ കഴിയും.
.
ഞാന്‍ പോയ കാണ്ട്ലാ നഗരം ഒരു മുസ്ലിം ഭൂരിപക്ഷ മേഖലയാണ്. അവിടത്തെ ജനസംഖ്യയുടെ ഏതാണ്ട് എഴുപതു ശതമാനത്തിലധികം മുസ്ലിങ്ങളാണ്, അവര്‍ക്കിടയില്‍ പതിനഞ്ചിലധികം ജാതികളുണ്ട്. നിവര്‍ത്തിയില്ലാത്ത ഘട്ടങ്ങളില്‍ മാത്രമാണ് ഈ ജാതികളിലുള്ളവര്‍ തമ്മില്‍ ഇടപെടുക. ഹിന്ദു-മുസ്ലിങ്ങളെ നമ്മുടെ നാട്ടില്‍ കണ്ടിട്ടില്ല, എന്നാല്‍ ബ്രാഹ്മണ-നസ്രാണികളെ പരിചയമുണ്ട്. ബ്രാഹ്മണ-നസ്രാണികളെ പോലെ മുസ്ലിം മതത്തിലേക്ക് ചേക്കേറിയ സവര്‍ണ്ണ ഹിന്ദുക്കള്‍ കാണ്ട്ലായിലുണ്ട്. ഗുജ്ജര്‍ എന്നൊക്കെ പറയുന്നത് അതുപോലെയുള്ള ഒരു ജാതിയാണ്, വലിയ സ്വത്തുള്ള കര്‍ഷക പ്രമാണിമാരാണ് ഇവര്‍. താക്കൂര്‍ എന്നു പറയുന്ന മുസ്ലിം ജാതിക്കാര്‍ രജപുത്രന്മാര് ആയിരുന്നത്രേ, ഇപ്പോ ജുദ്ധം ഒന്നുമില്ലാത്തത് കൊണ്ട് കച്ചോടം ചെയ്തു ബിരിയാണി അടിക്കുന്നു. മുഗള്‍ ഭരണകാലത്ത് ജാതി നിലനിര്‍ത്തി കൊണ്ടുതന്നെ മതം മാറാനുള്ള സൗകര്യം വല്ലതും അന്നത്തെ ചക്കരവരട്ടികള് ചെയ്തു കൊടുത്തു കാണണം. എന്തായാലും ഇങ്ങിനെയുള്ള സവര്‍ണ്ണ മുസ്ലിങ്ങള്‍, കീഴ്ജാതി മുസ്ലിങ്ങളോട് കൃത്യമായ അകലം പാലിക്കുന്നു. അവനു മുടി വെട്ടേണ്ട ആവശ്യമുണ്ടെങ്കില്‍ മുടി വെട്ടുന്ന നായി ജാതിയിലുള്ളവനെ സമീപിക്കും, കമ്പിളി തുന്നേണ്ട കാര്യമുണ്ടെങ്കില്‍ മാത്രം മന്‍സൂരിയുമായി ബന്ധപ്പെടും. അതല്ലാതെയുള്ള ഒരു കുശലം പറച്ചിലോ, ചിരിയോ ഒന്നുമില്ല. ഈ പറയുന്ന എല്ലാം മുസ്ലിം ജാതികളാണെന്നു മറക്കരുതേ. ഇന്റര്‍-ജാതി പ്രേമ വിവാഹമൊക്കെ ഈ സമൂഹം ഒരുവിധത്തിലും അംഗീകരിക്കില്ല. എന്തിന് പള്ളിയിലും, പള്ളിക്കാട്ടിലും (ശവമടക്കുന്നതിലും) വരെയുണ്ട് ജാതീയമായ വേര്‍തിരിവുകള്‍.
.
യുപിയില്‍ മുസ്ലിം സമുദായത്തിനകത്തു തന്നെയുള്ള വിവിധ ജാതികള്‍ തമ്മിലുള്ള അകല്‍ച്ച എത്രയാണെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ കഴിഞ്ഞോ എന്നെനിക്ക് ഉറപ്പില്ല. നമ്മുടെ നാട്ടിലും മുസ്ലിങ്ങള്‍ക്ക് ഇടയില്‍ തന്നെ വിവേചനങ്ങള്‍ ഉണ്ടല്ലോ? തങ്ങളും ഒസ്സാനും തമ്മില്‍ അന്തരമില്ലേ? ഇജ്ജാതി ചോദ്യങ്ങള്‍ കൊണ്ട് സാമാന്യവല്ക്കരിക്കാന് കഴിയുന്നതല്ല കേരളത്തിലെയും യുപിയിലേയും മുസ്ലിം സമുദായങ്ങള്‍. തന്റെ മകളെ ഒരു ഒസ്സാന്റെ മകനു മുനവറലി തങ്ങള്‍ നിക്കാഹു ചെയ്തു കൊടുത്താല്‍, കേരളത്തില്‍ നോ കോക്കനട്ട് ഈസ് ഗോയിങ്ങ് ടു വാക്ക്. മുനവറലിയുടെ മഹാമനസ്കതയെ ജനം വാഴ്ത്തി പാടുമെന്നല്ലാതെ, ഇവിടെ അതിന്റെ പേരില്‍ ഒരു കലാപവും നടക്കില്ല. അങ്ങിനെയല്ല യുപിയിലെ സാമൂഹ്യ വ്യവസ്ഥ. വധൂ വരന്മാര്ക്കും അവരുടെ രക്ഷിതാക്കള്‍ക്കും എതിര്‍പ്പില്ലെങ്കില്‍ കൂടിയും ഒരു ഇന്റര്‍-ജാതി വിവാഹം ഖാപ്പ് പഞ്ചായത്ത് അവിടെ അനുവദിക്കില്ല. അങ്ങിനെയൊരു പ്രേമവിവാഹം രണ്ടു ജാതികള്‍ തമ്മിലുള്ള ലഹളക്ക് തന്നെ കാരണമാവാം.
.
അപ്പോഴും ഒന്നുണ്ട്, ഹിന്ദു സമുദായത്തോളം കണിശമായി നിര്‍വചിച്ച ജാതി വ്യവസ്ഥയല്ല മുസ്ലിങ്ങള്‍ക്കിടയില്‍ ഉള്ളത്. മാത്രമല്ല വിവേചനത്തെ ന്യായീകരിക്കുന്ന ഒരു സൈദ്ധാന്തിക അടിത്തറ ഹിന്ദു മതത്തെ പോലെ ഇസ്ലാം മതം ഒരുക്കി കൊടുക്കുന്നുമില്ല. മുസ്ലിങ്ങളില്‍ നിലനില്‍ക്കുന്ന ജാതീയ വിവേചനങ്ങള്‍ ഹിന്ദുത്വയില്‍ നിന്നും കടംകൊണ്ട ഇസ്ലാമിനു വിരുദ്ദമായിട്ടുള്ള ആചാരങ്ങളാണ്. ഇതൊക്കെ വെറുതെ പറയാം എന്നേയുള്ളൂ, ആചരിക്കുന്ന അഥവാ പ്രയോഗവല്‍ക്കരിച്ച ഒന്നിനേയെ നാം പരിഗണിക്കേണ്ടതുള്ളൂ. അങ്ങിനെ നോക്കുമ്പോള്‍ മുസ്ലിങ്ങളിലെ ജാതി എന്നതൊരു യാദാര്‍ത്ഥ്യമാണ്, അതിനെയാണ് ലത്തീഫിനെ പോലെയുള്ളവര്‍ അഭിമുഖീകരിക്കേണ്ടതും മറികടക്കേണ്ടതും. അവിടെയൊരു നല്ല ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങുക എന്ന വളരെ ലളിതമായ ലക്ഷ്യമേ ലത്തീഫിനും കൂട്ടര്ക്കുമുള്ളൂ. അതിനുള്ള സാമ്പത്തിക സ്രോതസ്സും അവര്‍ തന്നെ കണ്ടെത്തും. എന്നിട്ടും അതൊരു ബാലികേറാമല ആവാന്‍ കാരണം അവിടത്തെ സാമൂഹ്യ അന്തരീക്ഷമാണ്. സ്കൂളില്‍ എല്ലാ ജാതിക്കാരും ഒരുമിച്ച് ഇരിക്കേണ്ടി വന്നേക്കും. ആരൊക്കെ എത്രയൊക്കെ പഠിക്കണം എന്നിത്ര നാളും തീരുമാനിച്ചിരുന്നത് ജാതിയാണ്. എല്ലാവര്ക്കും പഠിക്കാന്‍ കഴിയുന്നൊരു സ്കൂള്‍ വരുമ്പോള്‍ അപ്രസക്തമാവുന്നത് ആ ജാതി വ്യവസ്ഥയാണ്, മൂപ്പരാണ് നാളിതു വരെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. തീര്‍ച്ചയായും ആ അധികാര കേന്ദ്രങ്ങളില്‍ നിന്നും സ്കൂളിനെതിരെ പ്രതിരോധം ഉണ്ടാവും, ഉണ്ടായി.
.
അവിടത്തെ ഒരു മദ്രസയുടെ ഒന്നാം നിലയില്‍ തല്‍ക്കാലത്തേക്ക് സ്കൂള്‍ നടത്താനുള്ള അനുമതി ലത്തീഫിനും കൂട്ടര്‍ക്കും ലഭിച്ചു. ഭൌതിക വിദ്യാഭ്യാസം നേടുന്നതിനെ എതിര്‍ക്കുന്ന മദ്രസകളാണ് അധികവും എന്നിരിക്കെ, താല്ക്കാലികമെങ്കിലും ലഭിച്ച ഈ അനുമതി ഒരു ഭാഗ്യമാണ്. ഒരേ കെട്ടിടത്തിലെ രണ്ടു നിലകളിലായി കമ്മികളുടെയും സംഘികളുടെയും ഓഫിസ് പ്രവര്‍ത്തിക്കുന്നതിനു സമാനമാണ് ദറസ്സും സ്കൂളും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത്. എന്തായാലും തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി മെച്ചപ്പെട്ട രീതിയില്‍ ആ സ്കൂള്‍ ഇന്നവര്‍ നടത്തി വരുന്നു. ഇതിനിടയില്‍ അവിടെയടുത്ത് തന്നെ കുറച്ചു സ്ഥലം വാങ്ങിച്ചു, സ്വന്തമായി സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ച് തുടങ്ങി. ഒന്നാന്തരമൊരു കെട്ടിടമാണ് അവര്‍ സ്കൂളിനായി വിഭാവനം ചെയ്തിട്ടുള്ളതു. ആ ഭാഗത്ത് സര്‍ക്കാര്‍ സ്കൂളുകള്‍ ഉണ്ടെങ്കിലും, അവിടത്തെ അധ്യാപകരുടെയും പഠനരീതിയുടെയും നിലവാരം അതീവ ശോചനീയമാണത്രേ. അതുകൊണ്ടാണ് സ്വന്തമായൊരു സ്കൂള്‍ നിര്‍മ്മിക്കുക എന്ന ഒരാശയത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ബിജെപി ഭരിക്കുമ്പോള്‍ ഇങ്ങിനെയൊരു മുസ്ലിം മാനെജ്മെന്റ് സ്കൂള്‍ തുടങ്ങാനുള്ള അനുമതിക്കായി പ്രയാസപ്പെടേണ്ടി വന്നില്ലേ എന്നു ലത്തീഫിനോട് ഞാന്‍ ചോദിച്ചിരുന്നു. മുന്‍കാല അനുഭവങ്ങളെ വെച്ചു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും നടന്നതു ബിജെപി ഭരിക്കുമ്പോഴാണ് എന്നായിരുന്നു ലത്തീഫിന്റെ മറുപടി.
.
സ്കൂള്‍ സന്ദര്‍ശനത്തിനു ശേഷം ലത്തീഫ് ഞങ്ങളെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി. ഇപ്പോഴും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുന്ന കുറെയധികം കയ്ക്കുന്ന യാദാര്‍ത്ഥ്യങ്ങള്‍ നേരിട്ടു കണ്ടതവിടെയാണ്. നഗരത്തില്‍ നിന്നും കുറച്ചു മാറിയിട്ടുള്ള ഒരു പ്രദേശത്തെ ചേരിയിലേക്കാണ് ഞങ്ങള്‍ പോയതു. അധികം വലിപ്പം ഒന്നുമില്ല, ഒരു ലെവന്‍സ് ഫുട്ബാൾ ഗ്രൌണ്ടിന്റെ വലുപ്പമേ കാണൂ. അതില്‍ മുഴുവന്‍ ഒറ്റമുറി വീടുകള്‍ നിരനിരയായി പണിതിരിക്കുന്നു. ഇരുന്നൂറോളം കുടുംബങ്ങള്‍ അവിടെ താമസിക്കുന്നുണ്ട്. അവര്‍ക്ക് വെള്ളത്തിനായി രണ്ടോ മൂന്നോ ചാമ്പ് പൈപ്പുകള്‍ ലത്തീഫും കൂട്ടരും നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. അതിനു മുകളിലൂടെ 11KV ലൈന്‍ പോവുന്നുണ്ട്, പക്ഷെ അവര്‍ക്കാര്‍ക്കും വൈദ്യുതിയില്ല. ഇവരാരും ഈ നാട്ടുകാരല്ല, എല്ലാവരും മുസഫര്‍ നഗറില്‍ നിന്നുള്ളവരാണ്.
.
2013ലാണ് മുസഫര്‍ നഗര്‍ കലാപം നടക്കുന്നത്. ഉത്തര്‍പ്രദേശ് കണ്ട ഏറ്റവും രക്തപങ്കിലമായ ഒരു കലാപമായാണ് ഇന്നതിനെ വിലയിരുത്തുന്നത് , നൂറു കണക്കിന് മനുഷ്യര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. പതിനായിരങ്ങള്‍ ജീവനും കൊണ്ട് നാട് വിട്ടോടി പോയി. അഭയാര്‍ഥി കാംപുകളില്‍ മരിച്ചു വീണവര്‍ക്ക് കണക്കില്ല. ഒരു മുസ്ലിം പയ്യന് ജാട്ട് യുവതിയെ കമെന്റ് അടിച്ചതിനെ തുടര്‍ന്നാണ് ലഹള ആരംഭിക്കുന്നത്. അതൊരു നിമിത്തമായി എന്നേയുള്ളൂ, പരസ്പരം കൊന്നു തള്ളാനുള്ള വെറിയും പകയും കാലങ്ങളായി കുത്തി വെക്കപ്പെട്ടിട്ടുള്ളതാണ്. കമെന്റ് അടിച്ച പയ്യനെ, യുവതിയുടെ സഹോദരങ്ങള്‍ ചോദ്യം ചെയ്യുന്നു. ആ ചോദ്യം ചെയ്യലിനെ തുടര്‍ന്നുണ്ടായ കയ്യേറ്റത്തില്‍ മുസ്ലിം പയ്യന് മരിക്കുന്നു. ഇതല്ല, വണ്ടി തട്ടിയതുമായി ബന്ധപ്പെട്ട വഴക്കാണ് ലഹളയിലേക്കു നയിച്ചതെന്നും പറയുന്നുണ്ട്. കാര്യം എന്തായാലും കലാപം കൈ വിട്ടുപോയി, നൂറു കണക്കിന് സ്ത്രീകളെ ബലാല്‍സംഘം ചെയ്തതായി പറയപ്പെടുന്നു. എല്ലാ ലഹളകളിലും സംഭവിക്കുന്ന പോലെ ഈ കലാപത്തിലും ദുര്‍ബലരായ മനുഷ്യര്‍ പ്രാണഭയത്താല്‍ ജന്മദേശം ഉപേക്ഷിച്ചു പാലായനം ചെയ്തു. അന്നു മുസഫര്‍ നഗറില്‍ നിന്നും ഓടി പോയവരില്‍ ചിലരെയാണ് കാണ്ട്ലായില്‍ ഞങ്ങള്‍ കണ്ടതു.
.
നേരത്തെ പറഞ്ഞല്ലോ മഹാ ഭൂരിപക്ഷവും മുസ്ലിങ്ങള്‍ ഉള്ളൊരു സ്ഥലമാണ് കാണ്ട്ലാ. മുസഫര്‍ നഗറില്‍ നിന്നും അവിടേക്ക് പാലായനം ചെയ്തവര്‍ സ്വാഭാവികമായും മുസ്ലിങ്ങളാണ്. മനുഷ്യര്‍ മതഭേദമന്യ ഇടപഴകി ജീവിക്കാതെ, മതപോക്കറ്റുകളില് ജീവിക്കുന്നത് കൊണ്ടാണ്, അന്യമതത്തില്‍ ഉള്ളവരോട് അപരത്വം തോന്നുന്നതെന്ന് നാഴികക്ക് നാല്‍പ്പതു വട്ടം ഞാന്‍ പറയുമായിരുന്നു. മുസ്ലിങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഒരിടമാണ് കാണ്ട്ലാ, ലക്ഷണമൊത്ത ഒരു മതപോക്കറ്റ്. മുസഫര്‍ നഗറില്‍ നിന്നും അവിടേക്ക് ചേക്കേറിയവര്‍ പരിഗണിച്ചതും അതു തന്നെയാണ്. പക്ഷെ ഇതിലൊക്കെ ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ കഴിയുമോ? പണ്ട് പറഞ്ഞ ഐഡിയല്‍ ഡിക്ലറെറ്റിവ് സ്റ്റേറ്റ്മെന്റുകള്‍ നമ്മളെ തന്നെ നോക്കി കൊഞ്ഞനം കുത്തും, ആ ചേരിയിലങ്ങിനെ കാലുകുത്തി നില്ക്കുമ്പോള്.
.
ആ ചേരിയില്‍ നിന്നും വെറും അമ്പതു കിലോമീറ്റര്‍ ദൂരത്തിലാണ് അവരുടെ ജന്മദേശം. മുസഫര്‍ നഗറില്‍ അവര്‍ക്ക് വീടും കടകളും തൊഴിലും സ്വത്തുക്കളും ഒക്കെയുണ്ടായിരുന്നു. അവിടെ രണ്ടു നില വീട് ഉണ്ടായിരുന്ന ആളും വീടില്ലാതിരുന്ന ആളും, ഇന്നു ഈ ചേരിയിലെ ഒറ്റമുറി വീടിലാണ് താമസിക്കുന്നത്. കലാപം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇപ്പോഴും മുസഫര്‍ നഗറിലേക്ക് തിരിച്ചു പോവുന്നതിനെ കുറിച്ച് ഇവരാരും ചിന്തിക്കുന്നു പോലുമില്ല. അതിനുള്ള ധൈര്യം ഈ ആയുസ്സില്‍ അവര്‍ക്ക് ഉണ്ടാവുമെന്നു തോന്നുന്നില്ല. ഇത്രമാത്രം അരക്ഷിതാവസ്ഥ ഒരു കൂട്ടം മനുഷ്യരില്‍ ഉണ്ടാക്കണം എന്നുണ്ടെങ്കില്‍, എത്ര ഭീകരമായിരുന്നു ആ കലാപം എന്നോര്‍ത്തു നോക്കൂ.
.
അവിടെ വെച്ചു പരിചയപ്പെട്ട ഒരാളോട്, നിങ്ങള്‍ക്കിവിടെ കിടന്നു നരകിക്കാതെ നാട്ടിലേക്ക് തിരിച്ചു പൊയ്കൂടെ എന്നു ഞാന്‍ ചോദിച്ചിരുന്നു. ആ ചോദ്യത്തിലെ ക്രൂരത എനിക്കാ സമയത്ത് മനസിലാക്കാന്‍ പറ്റിയിരുന്നില്ല. എന്റെ ചോദ്യത്തിനു നേരിട്ടുള്ള മറുപടി അയാള്‍ പറഞ്ഞില്ല, ഒരുപക്ഷെ ആ കലാപത്തെ കുറിച്ച് ഓര്‍ക്കാന്‍ കൂടിയുള്ള ധൈര്യം അയാള്‍ക്ക് ഇപ്പൊഴുമുണ്ടാവില്ല. ചോദ്യത്തിനുള്ള മറുപടിയായി അയാള്‍ എന്നോട് പറഞ്ഞത് കേരളം മനോഹരമായ സ്ഥലമാണ് എന്നാണ് . കമ്പിളി വില്‍ക്കാനായി ഒന്നു രണ്ടു തവണ അയാള്‍ കേരളത്തില്‍ വന്നിട്ടുണ്ട്. മലയാളികള്‍ വളരെ നല്ല മനുഷ്യരാണ് എന്നാണയാള്‍ പറയുന്നത്. അയാള്‍ എന്നെ കളിയാക്കുകയാണോ എന്നായിരുന്നു എന്റെ സംശയം. പക്ഷെ അങ്ങിനെയല്ല. അന്യസംസ്ഥാന തൊഴിലാളികളെ അകറ്റി നിര്‍ത്തുന്ന, അവരെ കെട്ടിയിട്ടു തല്ലിക്കൊല്ലുന്ന മലയാളിയെ നല്ലവരായാണ് അയാള്‍ക്ക് അനുഭവപ്പെട്ടിട്ടുള്ളത്. അപ്പോള്‍ എത്ര മാത്രം കയ്പ്പേറിയ അനുഭവങ്ങളാവും മറ്റിടങ്ങളില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടാവുക.
.
കുറെ കുട്ടികളെ ആ ചേരിയില്‍ ഞാന്‍ കണ്ടു. ഇവരെ നിങ്ങളുടെ സ്കൂളില്‍ ചേര്‍ത്തു കൂടെ എന്നു ഞാന്‍ ലത്തീഫിനോട് ചോദിച്ചിരുന്നു. അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ലത്തീഫ് പറഞ്ഞപ്പോഴാണ് മനസിലായത്. ആദ്യത്തെ പ്രശ്നം ഭക്ഷണം തന്നെയാണ്, കുട്ടികള്‍ കൂടി പണിയെടുത്താലേ കുടുംബത്തില്‍ പട്ടിണി ഇല്ലാതെയാവൂ… അവരുടെ ഇത്തരം പ്രശ്നങ്ങള്‍ പലതും നമുക്ക് മനസിലാവില്ല, നേരിട്ടു കണ്ടാലും നമുക്കത് വിശ്വസിക്കാന്‍ പറ്റില്ല. അന്നവരെ കണ്ടപ്പോഴും, ഇപ്പോഴവരെ കുറിച്ച് എഴുതുമ്പോഴും ഒക്കെ വല്ലാത്തൊരു കുറ്റബോധം വരിഞ്ഞു മുറുകുന്നു. കൂടുതല്‍ ഒന്നും അവരെക്കുറിച്ച് ഇനി ഇപ്പോള്‍ എഴുതാനാവില്ല, നിര്‍ത്തുന്നു. ഈ മനുഷ്യരോടാണ് നാളെ ഈ രാഷ്ട്രം പൌരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുക, അവര്‍ എന്തു ചെയ്യും എന്നാണു!
.
അവര്‍ എന്തെങ്കിലും ചെയ്യട്ടേ! അവരെ കുറിച്ച് ഓര്‍ക്കാതെ ഇരുന്നാല്‍, പറയാതിരുന്നാല്‍, എഴുതാതിരുന്നാല്‍ വളരെ പെട്ടെന്നുതന്നെ അവരെ മറന്നു പോവും. അതാണ് കുറ്റബോധമില്ലാതെ ജീവിക്കാന്‍ നമുക്ക് നല്ലതും.