പെണ്ണായാൽ പൊന്നു വേണം’ എന്നതിൽ നിന്ന് ‘ട്രാൻസ് വുമണായാലും പൊന്നു വേണം എന്നതിലേക്കെങ്കിലും ….

46

റോഷിൻ എ റഹ്‌മാൻ

കോവിഡ് കാലത്തെ നവോത്ഥാനം

കഴിഞ്ഞ ദിവസമാണ് ഭീമ ജ്യുവല്ലറിയുടെ പുതിയ പരസ്യം കണ്ടത്. നിങ്ങളിൽ പലരും അത് കണ്ടിട്ടുണ്ടാകുമെന്നറിയാം. കാണാത്തവർക്കു വേണ്ടി – അതിൽ ഒരു ട്രാൻസ് വുമണിന്റെ ജീവിതമാണ് ഒന്നര മിനിറ്റിൽ കാണിക്കുന്നത്. ട്രാൻസ് വുമൺ എന്നാൽ, ആണിന്റെ ശരീരത്തോടെ ജനിച്ചുപോയ ഒരു പെണ്ണ്. അടുത്ത കാലത്തുവരെ നമ്മുടെയിടയിൽ പലരും അറപ്പോടെ അകറ്റി നിർത്തിയിരുന്ന വിഭാഗമാണ് ട്രാൻസ്ജെന്ററുകൾ. അവരുടെ ജീവിതം പറയുന്ന ചില സിനിമകളും ഡോക്യൂമെന്ററികളുമൊക്കെ ആ ചിന്താഗതിയെ ഒരു പരിധി വരെ മാറ്റി. ധാരാളം സംഘടനകൾ അവർക്കായി ശബ്ദിക്കാൻ ഉണ്ടായി. ആ നല്ല മാറ്റം ഇന്നും തുടരുന്നു.

ഇപ്പോഴും ട്രാൻസ് ഫോബിയയും queer ഫോബിയയും ഒക്കെ നമുക്കിടയിൽ നിലനിൽക്കുന്നുണ്ട് എന്നത് മറക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഭീമയുടെ വിപ്ലവകരമായ ഈ പരസ്യം. ‘പെണ്ണായാലും ട്രാൻസ് വുമണായാലും പൊന്ന് കൂടിയേ തീരൂ എന്നുണ്ടോ’ എന്ന തരത്തിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്; അതിൽ ഒരു പരിധി വരെ ന്യായവുമുണ്ട്. എങ്കിലും, വലിയൊരു ശരിയോടൊപ്പം അല്പം കച്ചവടം കലർത്തിയതിൽ തെറ്റു പറയാനാവില്ല എന്നാണ് എന്റെ അഭിപ്രായം. കാരണം, ഭീമ പുറത്തിറക്കിയത് ഒരു ഡോക്യൂമെന്ററിയോ ഷോർട്ട് ഫിലിമോ അല്ല, അവരുടെ സ്ഥാപനത്തിന്റെ പരസ്യമാണ്! ഈ പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത് മീര സാംഘിയ എന്ന ട്രാൻസ് വുമൺ ആണ് എന്നുള്ളതും വളരെ ശ്രദ്ധേയമായ കാര്യമാണ്. കാരണം, സാധാരണ ഗതിയിൽ ഇങ്ങനെയുള്ള പരസ്യങ്ങളിലൊക്കെ ‘വേഷംകെട്ടിക്കലുകൾ’ ആണല്ലോ നടത്താറുള്ളത്.

ഇവിടെ, ജന്മം കൊണ്ടും മനസ്സുകൊണ്ടും സ്ത്രീയായിട്ടുള്ള ഒരു വ്യക്തി അർഹിക്കുന്നതും അനുഭവിക്കുന്നതുമായ എല്ലാവിധ പ്രിവിലേജുകളും കുടുംബ ബന്ധങ്ങളും ഒരു ട്രാൻസ് വുമണും അർഹിക്കുന്നുണ്ട് എന്നത് ആ പരസ്യത്തിലെ അവസാനത്തെ വിവാഹ സീനിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം. ‘പെണ്ണായാൽ പൊന്നു വേണം’ എന്ന ചിന്താഗതിയിൽ നിന്ന് കുറഞ്ഞപക്ഷം ‘ട്രാൻസ് വുമണായാലും പൊന്നു വേണം’ എന്നതിലേക്കെങ്കിലും ഭീമ എത്തിയത് ഈ കോവിഡ് കാലം നമുക്കിടയിൽ അറിഞ്ഞോ അറിയാതെയോ വളർത്തിയെടുത്ത ‘രണ്ടാം നവോത്ഥാനത്തിന്റെ’ ഭാഗമാണെന്നത് നിസ്സംശയം പറയാം. നല്ല മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ…
NB: ഇതുമായി ബന്ധപ്പെട്ട് യൂട്യൂബിൽ ഇട്ട വീഡിയോ കണ്ട് സുഹൃത്ത് അഞ്ജു പറഞ്ഞതുപോലെ, തനിഷ്‌കിന്റെ പരസ്യമൊക്കെ ഉൾക്കൊള്ളുന്ന കാലത്തിലേക്ക് കൂടി നമ്മൾ വളരേണ്ടിയിരിക്കുന്നു..!