Roshith Sreepury
അച്ഛനോടാണോ അമ്മയോടാണോ കൂടുതലിഷ്ടം എന്ന ചോദ്യം കഴിഞ്ഞാൽ എൺപതുകൾക്കു ശേഷം ജനിച്ച ഏതൊരു ശരാശരി മലയാളിയും കുട്ടിക്കാലത്ത് തന്നെ നേരിടേണ്ടി വരുന്നചോദ്യം .മമ്മൂട്ടിയോ മോഹൻലാലോ ? ഉത്തരം മാത്രം പോര .എന്തുകൊണ്ട് എന്ന വിശദീകരണവും നിർബന്ധമാണ് ..
സിനിമയ്ക്കായി മാത്രം സമർപ്പിച്ച ഏതെങ്കിലും നിമിഷങ്ങളിൽ ഏതൊരു മലയാളിയും തിരിച്ചറിയും ഇവരിലാരാണ് ജീവിതത്തിൽ വലുതെന്ന്. എൻ്റെ കാര്യത്തിൽ അതിനുത്തരം കിട്ടിയത് “ഉണ്ണികളെ ഒരു കഥ പറയാം” കണ്ട ഒരു ഞായറാഴ്ച്ച വൈകുന്നേരമായിരുന്നു . സ്വന്തം പ്രായമുള്ള അനാഥ കുട്ടികളുടെ ഇടയൻ അവസാന രംഗത്ത് മരിക്കുന്ന നേരം എങ്ങലടിച്ചു കരഞ്ഞ നാലാം ക്ലാസുകാരൻ മനസിലാക്കി, ഞാൻ ഈ മനുഷ്യൻ്റ ആളാണ് .തുടർന്നു കണ്ട ഉത്സവപ്പിറ്റേന്നും , സുഖമോദേവിയും നായകൻ മരിക്കുന്ന രംഗത്തിനപ്പുറത്തേക്ക് കാണാനാവാതെ പകുതിക്കു വെച്ച് നിർത്തിയപ്പോ, തിരിച്ചറിഞ്ഞു ,ഞാൻ ഭാവിയിൽ “യുദ്ധം” ചെയ്യേണ്ടത് ഇദ്ദേഹത്തിന്നു വേണ്ടിയാണ് .
ഇവർ തമ്മിൽ അടി കൂടിയാൽ ആരാണ് ജയിക്കുക എന്ന എൽപി സ്ക്കൂൾ കഞ്ഞിപ്പുരയിൽ വെച്ച് തുടങ്ങിയ ആ “യുദ്ധം” ,പല രൂപത്തിലും ഭാവത്തിലും പരിണാമം സംഭവിച്ച് ,കൗമാരവും, യൗവനവും കടന്ന് ,ബാലിശമെന്ന പരിഹാസങ്ങളെ അവഗണിച്ച് മെത്തേഡ് ആക്റ്റർ ,ബോൺ ആക്റ്റർ, എന്നൊക്കെയുള്ള ടെക്നിക്കൽ ടേമുകൾ വെച്ചുള്ള ഹൈടെക് രീതിയിലേക്ക് മാറിയിരിക്കുന്നെന്ന് മാത്രം .
Born actor / natural actor എന്നത് ഒരു വാക്യാലങ്കാരത്തിനപ്പുറം വിശകലനമുള്ളതായറിവില്ല ,എന്നാൽ method acting എന്നത് അഭിനയകലയുടെ തലതൊട്ടപ്പനായ സ്റ്റാൻസ്ലോവ്സ്കി സംഭാവന ചെയ്ത ഒരു നടന രീതിയാണ് .കഥാപാത്രത്തിൻ്റെ ആന്തരികമായ ചോദനകളേയും വൈകാരിക ഭാവങ്ങളേയും പൂർണ്ണമായി ശരീരത്തിലേക്കും ,ഉപബോധമനസിലേക്കും വരെ ആവാഹിക്കാൻ നടനെ അല്ലെങ്കിൽ നടിയെ ഒരു പരിശീലനം ചെയ്യിച്ചെടുക്കുന്ന രീതി . അതിനായി ചിലപ്പോൾ കഥാപാത്രത്തിൻ്റെ ജീവിതപരിസരങ്ങളെ വരെ പരിശീലിപ്പിച്ച് മെരുക്കിയെടുക്കുന്ന ഒന്ന് . ഹോളിവുഡിലെ പോൾ ന്യുമാനും അൽപാച്ചിനോയും മുതൽ ഇങ്ങിവിടെ നസ്രുദ്ദീൻ ഷായും നവാസുദ്ദീൻ സിദ്ദിഖിയും വരെ ഇത് പിൻ തുടർന്നിരുന്നതായി കാണാൻ കഴിയും
കൂടുതൽ സമയപരിധികൾ ആവശ്യമുള്ളതിനാൽ ലോകമെമ്പാടും തീയ്യറ്റർ ആർട്ടിസ്റ്റുകളാണ് സിനിമയേക്കാളും ഇത് പൂർണ തലത്തിൽ ഉപയോഗിക്കുന്നതത്രെ. സിനിമയ്ക്ക് മറ്റൊരു പാടു സാങ്കേതിക വൈദഗ്ദ്ധ്യങ്ങളുടെ അകമ്പടിയുള്ളതിനാൽ മറ്റൊരു രീതിയിലുള്ള light n behaving acting ആണ് കൂടുതൽ സ്വകാര്യമായിട്ടുള്ളത് .
Method acting നോട് കൂടുതൽ ചേർന്ന് നിൽക്കുന്ന അഭിനേതാക്കൾക്ക് നാടകീയമായ മുഹൂർത്തങ്ങൾ കൂടുതൽ കണിശതയോടെ ചെയ്യാനാവും .വോയ്സ് മോഡുലേഷനിലും ,മുഖത്തെ എക്സ്പ്രഷനിലും കൃത്യമായ നിയന്ത്രണങ്ങളുണ്ടാവും ,തന്നിൽ നിന്ന് പൂർണ്ണമായി വേറിട്ടു നിൽക്കുന്ന മറ്റൊരാളെ പ്രേക്ഷകന് അനുഭവിപ്പിക്കാനാവും .മമ്മൂട്ടി പ്രതിഭാസമാവുന്നത് അത്തരം രംഗങ്ങളിലാണ് .തനിയാവർത്തനത്തിലും ,വടക്കൻ വീരഗാഥയിലും ,വിധേയനിലും, മൃഗ യയിലും ,ഡാനിയിലും അംബേദ്ക്കറിലും ,സൂര്യമാനസത്തിലും,കഥ പറയുമ്പോളിലും ,മുന്നറിയിപ്പിലുമെല്ലാം ഇത്തരത്തിലെ അദ്ദേഹത്തിൻ്റെ പകരം വെക്കാനില്ലാത്ത പ്രകടനങ്ങൾ കാണാം .. അതിൽ വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ടത് അമരത്തിലെ അച്ചുട്ടിയും ,പൊന്തൻമാടയിലെ മാടയുമാണ് .
പണ്ടുമുതലേ ഉയർന്നു കേൾക്കുന്നതെങ്കിലും മമ്മൂട്ടി ഇൻറർവ്യൂസ് ചർച്ചയായ ഈ സമയത്തു കേട്ട വാദമാണ് മമ്മൂട്ടി ഓരോ സിനിമയിലും വ്യത്യസ്തനാണ്. എന്നാൽ മോഹൻലാൽ എല്ലാത്തിലും ലാൽ ആയി തന്നെയാണ് തോന്നുക അതു കൊണ്ട് നടനെന്ന നിലയിൽ ലാലിൻ്റെ നിലവാരം താഴെയാണെന്ന്..
എന്താണിതിൻ്റെ വസ്തുത ..
acting is behaving, natural actor ,born actor എന്നിങ്ങനെയുള്ള തോന്നലുകളിലെ വിശേഷണങ്ങളിൽ കുരുങ്ങിക്കിടക്കുന്ന മോഹൻലാലിനെ പറ്റി പറഞ്ഞാൽ അഭിനയമെന്നത് വെറുതെ അങ്ങ് പെരുമാറുകയല്ല , subtle ആയുള്ള പ്രകടനങ്ങളും ,loud acting ഉം ,അഭിനയകല ആവശ്യപ്പെടുന്ന കഥാപാത്രങ്ങളും അനായാസേന വരുന്നതാണെന്നു കാണാൻ കഴിയും ,പക്ഷേ അതെല്ലാം ആ കഥാപരിസരത്തെ കഥാപാത്രം താനായാൽ എങ്ങനെ പെരുമാറുമെന്ന് പ്രേക്ഷകന് സംശയ ഭേദമന്യേ അനുഭവിപ്പിക്കുന്ന രീതിയിലായിരിക്കും .
ഒരു പരിധിവരെ സിനിമയുൾപ്പടെയുള്ള മിക്ക കലാരൂപങ്ങളുടേയും ആത്യന്തിക ലക്ഷ്യമെന്നത് നമുക്കു അപരിചിതമായ ജീവിതത്തെ പകർത്തി നൽകുമ്പോഴുണ്ടാവുന്ന ആനന്ദമാണ് .അദ്ദേഹം ചെയ്യുമ്പോഴത് പരകോടിയിലെത്തും അതു കൊണ്ടാണ് താനുദ്ദേശിച്ച കഥാപാത്രം പരിധികൾ ഭേദിച്ച് മറ്റൊരു തലത്തിലേക്ക് പോകുന്നതായി ക്യാമറയ്ക്കു പിന്നിൽ നിൽക്കുന്ന ആൾക്കും ,തന്നെ കഥയിൽ ജീവിപ്പിച്ചതായl തിരശ്ശീലയ്ക്കു മുന്നിൽ നിക്കുന്ന പ്രേക്ഷകനും പലപ്പോഴും തോന്നുന്നത് .മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പ്രേക്ഷകൻ മമ്മൂട്ടി സീനുകളിൽ അദ്ദേഹം ആ കഥാപാത്രമായി അഭിനയിക്കുന്നതായി കണ്ടാസ്വദിക്കുകയും ,ലാൽ രംഗങ്ങളിൽ താനാകഥാ മേഖലയിൽ എങ്ങനെ പെരുമാറുമെന്ന് അനുഭവിക്കുകയും ചെയ്യും .ഇതിൽ ഏത് അനുഭൂതിയാണ് വ്യക്തിപരമായി കൂടുതൽ ആസ്വാദ്യകരമായത് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മളിലെ പ്രേക്ഷകൻ ആരോട് കൂടുതലടുത്തിരിക്കുന്നു എന്ന കാര്യം .
അതു കൊണ്ട് ലാൽ മിക്ക സിനിമകളിലും അദ്ദേഹമാണെന്നത് ശരിയാണെന്ന് തന്നെ അനുമാനിക്കാം .പക്ഷേ അതാണ് നവസിനിമ പിൻതുടരുന്ന രീതിയും .. അതൊരിക്കലും കുറഞ്ഞ വിലയിരുത്തലല്ല കാരണമിത് മോഹൻ ലാലിനെക്കുറിച്ചു മാത്രമല്ല മെർലിൻ ബ്രാൻഡോ ,ജാക്ക് നിക്കോൽ സൺ തുടങ്ങിയ ലോക പ്രശസ്ത നടൻമാരെ കുറിച്ചു കൂടിയുള്ള വിലയിരുത്തലാണ് .പലപ്പോഴും method acting തന്നെ പിൻ തുടരുന്നെങ്കിലും അവരെല്ലാം ഓരോ സിനിമയിലും അവരായിത്തന്നെയാണ് പ്രേക്ഷകനെ അനുഭവിപ്പിക്കുക .
രണ്ടാമത്തെ കാര്യം so called flexibility ആണ് . എല്ലാ കഥാപാത്രവും വഴങ്ങുക എന്നത് ലോകത്ത് ആർക്കും സാധ്യമായ ഒന്നല്ല .ശരീരത്തിൻ്റെ flexibility മമ്മൂട്ടിക്ക് കുറവാണെന്നും അതു കൊണ്ടാണ് ബോഡി പെർഫോമൻസസ് കൂടുതലുള്ള action/dance/song scenes വഴങ്ങാത്തതുമെന്നാണ് പൊതുവെ പറയാറുള്ളത് .അതിൽ വ്യക്തിപരമായി തോന്നിയിട്ടുള്ളത് flexibility മാത്രമല്ല ഒരു performance artist നു അവശ്യമായ താളബോധവും ,ടൈമിങ്ങും അദ്ദേഹത്തിന് പരിമിതമാണ് എന്നതാണ് . നടനകല ആവശ്യപ്പെടുന്ന വാനപ്രസ്ഥം ,കമലദളം ,ഇരുവർ , പാദമുദ്ര രാജശിൽപി പോലുള്ള സിനിമകളിൽ ലാൽ സമാനതകളില്ലാതാവുന്നതവിടെയാണ് .
അതിനും പ്രശ്നങ്ങളുണ്ട് ഡയലോഗ് ഡെലിവറിക്കപ്പുറം ശരീരഭാഷ വഴി പ്രേക്ഷകരോട് സംവദിച്ചിരുന്ന മിക്ക നടൻമാർക്കും ഒരു പ്രായം കഴിഞ്ഞാൽ അത് വഴങ്ങാതെ വരും ,അത് പ്രായമേറിയ ലാലിനു മാത്രമല്ല ജഗദീഷ് നെ പോലുള്ളവർക്കുമുണ്ട് .അവിടെയാണ് മമ്മൂട്ടിയെപ്പോലുള്ളവർ മങ്ങിപ്പോവുന്നില്ല എന്ന തോന്നലുണ്ടാക്കുന്നത് ,അന്നും ,ഇന്നും അദ്ദേഹം ആ രീതിയിലല്ല തൻ്റെ അഭിനയ സിദ്ധി വികസിപ്പിച്ചെടുത്തിട്ടുള്ളത് .
മൂന്നാമത്തെ കാര്യം professionalism ആണ് . താരതമ്യത്തിനതീതനായി മമ്മൂട്ടി ബഹുദൂരം മുന്നിലാണ് . ഏറ്റവും പ്രധാന ടൂളായ ശരീരത്തിൻ്റെ സംരക്ഷണം മുതൽ , ലോക സിനിമാ നിരീക്ഷണമടക്കം ഇൻഡസ്ട്രിയിലേക്കു വരുന്ന ജൂനിയർ നടൻമാരെഅങ്ങോട്ടു വിളിച്ചഭിനന്ദിക്കൽ വരെ അദ്ദേഹം കൃത്യമായി ചെയ്യുന്നു .
ഇപ്പുറത്തെ ആൾ നേരത്തെ രീതിയിൽ ഒരു കോക്കസിനകത്തു നിന്ന് അവരുടെ പ്ലാന്കൾകൾക്കനുസരിച്ചുള്ള ബ്രാൻഡ് മാത്രമായി ആഘോഷിക്കപ്പെടുന്നു. തൻ്റെ കൊട്ടിഘോഷിക്കപ്പട്ട സിനിമകൾ പോലും പൂർണ്ണമായി കാണാതിരുന്ന കാലത്തു നിന്നും ,തിരഞ്ഞെടുപ്പിൽ നിബന്ധനകൾ വെച്ചില്ലെങ്കിലും പ്രതിഭാധനരായിരുന്ന സംവിധായകരിൽ ഭദ്രമായിരുന്ന കാലത്തു നിന്നും ,ഇൻറർവ്യൂകൾ പരസ്യത്തിൻ്റെ ഭാഗമല്ലാത്ത കാലത്തു നിന്നും ,ഇപ്പൊഴും വണ്ടി കിട്ടാതെ നിൽക്കുന്നു ..ചുഴിഞ്ഞു നോക്കി വിലയിരുത്തപ്പെടുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകൾ ഭാവി നിർണ്ണയിച്ചേക്കാവുന്ന കാലമെത്തിയതറിയാതെ ബ്രാൻ്റ് വാല്യു മാത്രം വിജയക്കൊടി നാട്ടുന്ന സിനിമകളുടെ ഭാഗമായി അദ്ദേഹത്തിലെ നടനും ,പ്രൊഫഷണലും ചുരുങ്ങിപ്പോകുന്നു .
‘പുഴു’ വിലേക്കു വന്നാൽ ,എല്ലാവരും കണ്ടിരിക്കേണ്ട തീം എന്ന നിലയിലും ,സ്ക്കൂൾമേറ്റും നാട്ടുകാരിയുമായ രത്തീനയുടെ സിനിമ എന്ന നിലയിലും ഏറെ സന്തോഷം തോന്നിയ സിനിമയാണ് .,പക്ഷേ മമ്മൂട്ടി എന്ന പ്രതിഭ ഉണ്ടാക്കിയ സ്വാധീനത്തിന് കാര്യമായ വെല്ലുവിളി ഉയർത്തിതായി തോന്നിയില്ല എന്നാണ് വ്യക്തിപരമായ അനുഭവം ,അതിൻ്റെ അവസാനത്തെ പേരായി ഇപ്പൊഴും മുരിക്കിൻകുന്നത്ത് അഹമ്മദാജിയും (പാലേരി മാണിക്യം),സി.കെ രാഘവനും ( മുന്നറിയിപ്പ്) തന്നെ തുടരുന്നു ,പക്ഷേ നടന്നേക്കാളുപരി ഒരു പാട് മുന്നോട്ടു പോയതായി തോന്നിയത് , ഇൻറർവ്യൂ മറുപടികൾക്കു വരെ എത്ര മാർക്കറ്റുണ്ടെന്ന് തിരിച്ചറിയുന്ന ,”ഞാൻ so called born ആക്ടർ അല്ലല്ലോന്ന്” അങ്ങോട്ടു പറയുന്ന , മമ്മൂട്ടിയെന്ന പ്രൊഫഷണലാണ് .
ദിലീപ് ന് ഇഷ്ടമാവില്ലന്ന ഉറപ്പിനാൽ മഞ്ജു വാര്യർക്ക് സ്വന്തം സിനിമയിൽ ഇടം നൽകാതിരുന്ന കാലത്ത് നിന്നും ,ഫാൻസ് പാർവതിയെ പൊങ്കാലയിട്ട കാലത്ത് മൗനം ഭജിച്ചനുകൂലിച്ച കാലത്തു നിന്നും അദ്ദേഹം ഏറെ മുന്നോട്ടുവന്നിരിക്കുന്നു .,ന്യായീകരണമർഹിക്കാത്ത നെഗറ്റീവ് വേഷങ്ങൾക്കും കൈയടി കിട്ടുമെന്ന തിരിച്ചറിവിൽ കൂടുതൽ ഇമേജ് ബ്രേക്ക് ചെയ്യാൻ തയ്യാറാവുന്നു .ഇതൊക്കെ നേരത്തെ ചെയ്തിരുന്നെങ്കിൽ “അങ്കിൾ “സിനിമയിലൊക്കെ തൻ്റെ മകളെ പീഡിപ്പിക്കുമെന്ന തോന്നലുണ്ടാക്കാൻ ജോയ് മാത്യു എത്ര ടെൻഷനടിച്ചഭിനയിച്ചപ്പോഴും ,ഹേയ് ഞങ്ങടെ മമ്മുക്ക അങ്ങനെ ചെയ്യില്ലെന്നങ്ങോട്ടു ആശ്വസിപ്പിച്ച് കണ്ടോണ്ടിരുന്ന ന്ന പ്രേക്ഷകർ അന്നുണ്ടാവില്ലാരുന്നു എന്ന കാര്യമാണ് മനസിലേക്ക് വരുന്നത് .
ഇക്കാര്യത്തിൽ filim പ്രൊഫഷണലുകളുടെ തന്നെ വിശദീകരണമെടുത്താൽ ഫാസിലിൻ്റെ വാക്കുകളാണ് ഓർമ്മയിൽ തികട്ടുന്നത് ,,അദ്ദേഹം പറഞ്ഞതിങ്ങനെയാണ് “ബഹുമാനം കൂടുതൽ മമ്മൂട്ടിയോടാണ് ,,കാരണം ഒരു നടനു വേണ്ട കഴിവുകളിൽ പത്തിലെട്ടുമാർക്കുള്ള മാർക്കുള്ള മോഹൻലാലിനു മുന്നിൽ ,പത്തിലഞ്ചു മാർക്കുള്ള മമ്മൂട്ടി പിടിച്ചു നിന്നില്ലേ” എന്ന് ..
എന്തോ വ്യക്തിപരമായി പറഞ്ഞാൽ പണ്ടു മുതലേ ആഴ്ച്ചകളെടുത്തു പഠിച്ച് മാർക്കു വാങ്ങിക്കുന്ന കുട്ടിയേക്കാൾ ,തലേന്ന് രാത്രിമാത്രം പഠിച്ച് മാർക്കു വാങ്ങിക്കുന്ന കുട്ടിയോടാണ് കൂടുതൽ ആരാധന .അപ്പോഴുമോർക്കുന്നത്. തലേന്ന് മാത്രം പുസ്തകമെടുക്കുന്ന ആൾ ഒരു രണ്ടാഴ്ച്ചയെങ്കിലും നേരത്തെ പഠിക്കാൻ തുടങ്ങിയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നാണ് .
ഇനി രണ്ടു പേർക്കും എന്ത് മാർക്ക് ആണേലും അവർക്ക് കൊള്ളാം എന്നാണ് ചിന്തിക്കുന്നതെങ്കിൽ ,അതല്ല അപരനെ നമ്മിലേക്കു പടർത്തുന്ന എതൊരു കലാരൂപത്തിനും ഒരു ജനാധിപത്യ സമൂഹത്തിൽ വ്യക്തമായ പങ്കുണ്ടെന്നും ,അതിൽ തന്നെ ഏറ്റവും അപരോൻമുഖത്വം നൽകാൻ കഴിവുള്ള സിനിമ എന്ന ദൃശ്യകലയ്ക്ക് ,നമ്മളറിയാതെ തന്നെ നമ്മുടെ ചിന്തകളെ സ്വാധീനിക്കാൻ പറ്റുമെന്നും ,അത്തരത്തിലുള്ള ഒരു മാധ്യമത്തിൻ്റെ തലപ്പത്ത് കഴിഞ്ഞ നാൽ പത് വർഷമായി ഇരിക്കുന്ന ഇവർക്ക് നമ്മളെ നമ്മളാക്കിയതിനും ചെറുതല്ലാത്ത പങ്കുണ്ടെന്നുമുള്ള കൗതുകകരമായ തിരിച്ചറിവാണ് അവിടെയാണ് വീണ്ടും മമ്മൂട്ടിയോ മോഹൻലാലോ എന്ന ചോദ്യത്തിന് എത്ര കാലം കഴിഞ്ഞാലും നമ്മളറിയാതെ ചെവിയോർത്തു പോവുക .