Share The Article

Roshith Sreepury എഴുതുന്നു 

2013 ജനുവരി അവസാനവാരം ,ഞാനന്ന് പെരുമ്പാവൂരിൽ നിന്ന് തൃശൂരേക്കുള്ള കാർ യാത്രയിലായിരുന്നു .ഫോണിൽ സുഹൃത്തിന്റെ ശബ്ദം .
ഡോക്ടറേ എവിടാ ?,ഇന്ന് വീട്ടിൽ പോണാർന്നോ ? ഇല്ലങ്കീ, കൂട്ടുമഠം ,ഉത്സവത്തിന് വായോ .. ഇത്തവണ ഒന്നും രണ്ടുമല്ല എഴാ നയാണ് .. നായകൻ തെച്ചിക്കാട്ട് രാമചന്ദ്രനാ .. കേട്ടിട്ടില്ലേ ? ,ആനകളിലെ കീരിക്കാടൻ , ഏഷ്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ആന ..😳

 Roshith Sreepury
Roshith Sreepury

ഓഹ് ആണോ ?🤔 കേട്ടിട്ടുണ്ട്
ഇന്നില്ല വീട്ടിൽ ഒരത്യാവശ്യമുണ്ട് .നാളെ തിരിച്ച് വന്നിട്ട് വരാം .. ഞാൻ മറുപടിയും പറഞ്ഞു .
ഒരു മണിക്കൂർ തികഞ്ഞില്ല ,തൃശൂരിലെ വീട്ടിലെത്തുന്നതിന് മുൻപ് കോഴിക്കോട് നിന്ന് അമ്മയുടെ ഫോൺ ..
നീയെവിടെയാ .
അമ്പലത്തിലൊന്നുമല്ലല്ലോ ?
അല്ല .. എന്താ ?
പെരുമ്പാവൂര് ഉത്സവത്തിന് വന്ന ഒരാന ഇടഞ്ഞെന്ന് ടിവിയിൽ കാണിക്കുന്നു . എട്ടു പേരോളം ആശുപത്രിയിലാണത്രേ ….😳
പെട്ടെന്ന് തന്നെ സുഹൃത്തിനെ തിരിച്ചു വിളിച്ചു …
അതേ .. ഞാൻ പോയില്ല .. ഇവിടെ ആകെ പ്രശ്നമായി ,മൂന്നു പേര് തീർന്നെന്നാ കേട്ടത് ,😱അതിലൊരാള് …വീട്ടിനടുത്തുള്ള ..ശബ്ദം ഇടറിയതിനാൽ വാക്കുകൾ മുറിഞ്ഞ് അദ്ദേഹം ഫോൺ കട്ട് ചെയ്തു😪

പിറ്റേ ദിവസം ആശുപത്രിയിലെത്തിയപ്പോഴും കേട്ടത് ,ഇടഞ്ഞോടിയ ആനക്കിടയിൽ നിന്നും ,ഭയന്നോടിയ ആൾക്കൂട്ടത്തിനിടയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവരുടെയും ,അവരുടെ അടുപ്പക്കാരുടേയും നെടുവീർപ്പിൽ കുതിർന്ന അനുഭവസാക്ഷ്യങ്ങളാണ്. ടൗൺ മുഴുവനും ആ നടുക്കത്തിൽ ഞെട്ടി വിറങ്ങലിച്ചു നിന്നു,🙁🙁

ഉച്ചയോടെ താലൂക്ക് ഹോസ്പിറ്റൽ എം.എൽ.എ അടക്കമുളള പൗരപ്രമുഖരെ കൊണ്ടു നിറഞ്ഞു .ഭീതി തളം കെട്ടിയ കരഞ്ഞു കലങ്ങിയ കണ്ണുകളുള്ള ഒരു കൂട്ടം ആളുകൾ പോസ്റ്റ് മോർട്ടം റൂമിനടുത്ത് തിങ്ങിച്ചാരി നിന്നിരുന്നു .
ഡ്യൂട്ടി ദിവസമായതിനാൽ ചാർജ് എനിക്കും. ടേബിളിൽ കാത്തുകിടന്നിരുന്നത് വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ മൂന്ന് മൃതശരീരങ്ങളായിരുന്നു .മൂന്ന് പ്രായത്തിലുള്ള മൂന്ന് സ്ത്രീകൾ .ഒരാളെ ചവിട്ടിയരച്ചത് ,ഒരാളെ എടുത്തെറിഞ്ഞത് ,ഒരാൾ പരിഭ്രമിച്ചോടിയ ആൾക്കൂട്ടത്തിനിടയിൽപ്പെട്ട് ചതഞ്ഞമർന്നത്😳
മുഖം തിരിച്ചറിയാനാവാത്തതും ,തകർന്ന നെഞ്ചിൻ കൂടുള്ളതും കുടൽമാല വെളിയിൽ വന്നതുമായ മനുഷ്യ ശരീരങ്ങൾ .
അപകട മരണങ്ങളുടേതടക്കം പോസ്റ്റ്മോർട്ടങ്ങൾ പലതവണ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ,കണ്ട മാത്രയിൽ ഒന്നു കണ്ണു പൊത്തിപ്പോയത് ഇതാദ്യം. അത്രയ്ക്ക് ഭീഭത്സമായിരുന്നു ആ ദൃശ്യങ്ങൾ. 😔😔മരണത്തിനു തൊട്ടു മുൻപെ നിസ്സഹായരായ ആ സാധു സ്ത്രീകൾ അനുഭവിച്ച വേദനയുടെ ആഴം ബാക്കിയായ ആ ശരീരങ്ങളിലെ ഓരോ മുറിപ്പാടിലുമുണ്ടായിരുന്നു ..

അതെങ്ങനാ നാലാനനിൽക്കേണ്ടിടത്ത് ഏഴാനയെ തിരുകിക്കേറ്റിയാൽ ഇങ്ങനെയിരിക്കും ,.ആനയെക്കുറ്റം പറഞ്ഞിട്ട് കാര്യണ്ടോ .കൂടെയുണ്ടായ നഴ്സിങ്ങ് അസിസ്റ്റൻറ്ന്റെ ആത്മഗതം .ഇത് ഇതിനു മുമ്പേ ഏഴാളെ കൊന്നിട്ടുണ്ടത്രേ .കണ്ണിനാണെ കാഴ്ച്ചേം ഇല്ല .

തിടമ്പേന്തിയ രാമചന്ദ്രന് ഉയരം കൂടുതലായതിനാൽ ഗോപുരനട കടന്നില്ലെന്നും, അത് കൊണ്ട് വിഗ്രഹം തൊട്ടടുത്ത ആനയിലേക്ക് മാറ്റിവെച്ചപ്പോൾ ,തന്നെ അപമാനിച്ചതായി കരുതിയ രാമചന്ദ്രന്റെ ‘കുറുമ്പാ’ണ് കണ്ടതെന്നുമെല്ലാം ആനപ്രേമികളുടെ ന്യായീകരണ കഥകൾ പുറംമോടിയായി അപ്പൊഴേ എത്തിക്കഴിഞ്ഞിരുന്നു .

അല്ലെങ്കിലും നമുക്ക് നാട്ടാനയെന്നാൽ പ്രമാണിയായ ആണത്തത്തിന്റെ പ്രതീകമായ ഒരു മനുഷ്യനല്ലേ ?അതിന്റെ വികാരങ്ങളും വിചാരങ്ങളും നമുക്ക് പരിചിതനായ ഒരാളിന്റെ തല്ലേ ?എത്രയെത്ര ആനക്കഥകൾ ?.. തയ്യൽക്കാരനോട് വാശി തീർത്തതു മുതൽ ഗുരുവായൂർ കേശവൻ തുടങ്ങി ,വൈലോപ്പിളിയുടെ സഹ്യന്റെ മകനിൽ വരെ എത്ര ആനമനസുകൾ നമ്മൾ കേട്ടു പഴകിയതാ ?
ഇന്ത്യൻ ആനയും ,ആഫ്രിക്കൻ ആനയും തമ്മിൽ നമുക്കറിയാവുന്ന വ്യത്യാസം ഉടമയോട് സ്നേഹസമ്പനനും ഇണക്കമുള്ളവനുമാണ് ഇന്ത്യൻ ആനയെന്നല്ലേ ?

ഇണക്കം 🤔😏😏?? ആന മനുഷ്യനോടിണങ്ങുമോ ??

എന്താണിതിന്റെയൊക്കെ ശാസ്ത്രീയ പശ്ചാത്തലം ?
കാട്ടിലെ സ്വൈര്യ ജീവിതം നയിക്കുന്ന ,സഞ്ചാരശീലങ്ങളിൽ,ഇണ ചേരുന്നതിൽ ,,ഭക്ഷണ രീതികളിൽ ,ചൂടിനോടും ശബ്ദത്തോടും പ്രതികരിക്കുന്നതിൽ തുടങ്ങി എല്ലാത്തിലും ജൈവപരമായ ഒരു പാടു സവിശേഷതകളുള്ള ഒരു വന്യ ജീവിയാണെന്ന സത്യം മറച്ചുവെച്ച് ,അല്ലെങ്കിൽ സൗകര്യപൂർവ്വം തിരുത്തിയെഴുതിയാണ് കാട്ടിൽ വാരിക്കുഴി വെച്ച് പിടിച്ചും, ലോഹ മൂർച്ചയിൽ ക്രൂര പീഢനങ്ങളേൽപിച്ച് പേടിപ്പിച്ചും ,അനങ്ങിയാൽ അസഹ്യമായ വേദനകളുണങ്ങാത്ത വ്രണങ്ങളുണ്ടാകുമെന്ന് ഓർമ്മപ്പെടുത്തിയും “മെരുങ്ങിയ ആന”, “നാട്ടാന” , എന്ന സങ്കൽപത്തിലെത്തിക്കുന്നത് .പിന്നീടാണ് തടി പിടിക്കുന്ന ആന ,വിഗ്രഹമേന്തുന്ന ആന ഗജരാജൻ തുടങ്ങിയ ‘ വിശേഷണങ്ങളിലേക്ക് ഈ മൃഗത്തെ തള്ളിവിടുന്നത് .കേവലമൊരു വളർത്തു മൃഗത്തിൽ നിന്നും സമ്പത്തിന്റെയും ,ആഢ്യത്തത്തിന്റേയും ,ആഡംബരത്തിന്റെയും കെട്ടുകാഴ്ചയുടെ പ്രതീകമായി ഇതിനെ വളർത്തിക്കൊണ്ട് വരുന്നത്

മദമിളകിയ ആനയെന്നാൽ ചങ്ങലക്കിട്ട ഭ്രാന്തനായ ആനയെന്നാണ് പൊതുബോധം .എന്നാൽ മദമെന്നത് ആനയുടെ അഹങ്കാരമല്ല, ഇണചേരാനുള്ള ജൈവ പ്രക്രിയയുടെ ഒരു വകഭേദമാണെന്ന് നമ്മളിലെത്ര പേർക്കറിയാം ? രക്തത്തിലെ ടെസ്റ്റോസ്റ്റിറോൺ അൻപതിരട്ടിയിലധികമാവുകയും ,അതിന്റെ ആർജവത്തിൽ ശരീരത്തിൽ നിന്നും മറ്റു ആനകളുമായി സംവേദനം സാധ്യമാക്കുന്ന ഫിറോമോണുകളുണ്ടാവുകയും ചെയ്യുന്ന സമയമാണത്രെ ഇത് .ഇണ ചേരാൻ വെമ്പുന്ന പിടിയാനക്കൊഴികെ മറ്റു കൊമ്പനാനകൾക്ക് വരെ ആ ഗന്ധം ദുർഗന്ധമായി അനുഭവപ്പെടുകയും ,കാട്ടിലെ ആസമയത്ത് കൂട്ടത്തിലെ മറ്റ് ആനകൾ ഇതിനെ ഒറ്റപ്പെടുത്തുകയും ചെയ്യും .ഇതൊരുദാഹരണം മാത്രം ,ഇത്തരത്തിൽ നൂറുകണക്കിന് ശാസ്ത്രീയമായ വിശകലനങ്ങളാവശ്യമായ വസ്തുതകളെ ,തിരിച്ചറിയാനറിവില്ലാത്ത മനുഷ്യനാണ് തന്റെ വികാരങ്ങളുമായി കൂട്ടി വായിച്ച് ഇതിനെയെല്ലാം ആനയുടെ കുറുമ്പായും, തിടമ്പു മാറ്റുമ്പോഴത്തെ അഹങ്കാരമായും ,മെരുക്കലിന്റെ പോരായ്യ്മയുമായെല്ലാം ചിന്തിച്ച്, കഥകൾ നെയ്ത് നമ്മുടെ പൊതുബോധത്തിലേക്ക് കൂട്ടിച്ചേർക്കുന്നത്

ഇനി ഇതെല്ലാം അറിയാമെന്നിരിക്കട്ടെ ,എന്നാലും ഇതൊന്നും മനുഷ്യത്വത്തിന്റെ പേരിൽ വേണ്ടാമെന്നു വെക്കാവുന്ന നിലയിലല്ല കാര്യങ്ങളുടെ വളർച്ച .അത് ആനപ്രേമം കൊണ്ടോ ,ഉത്സവങ്ങൾ അന്യം നിന്നുപോകുമെന്ന സാംസ്ക്കാരിക ബോധം കൊണ്ടോ ഒന്നുമല്ല .ഇത് കോടികളുടെ പണമിടപാട് നടക്കുന്ന ഒരു ബിസിനസ് മേഖലയാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ്. ലോറിയിൽ പൊരിവെയിലത്ത് അമ്പലമുറ്റങ്ങൾ മാറി മാറി ഗജവീരമ്മാരെ തള്ളിക്കൊണ്ടു നടക്കുന്ന ലേലമുറപ്പിക്കുന്ന ഏജന്റ് മാരും ,ഉത്സവ സീസണായാൽ ഒരാനക്ക് മുടക്കിയ പണം എത്ര ഇരട്ടിയായി തിരിച്ചു കിട്ടുമെന്ന വ്യാധി പൂണ്ട ഉടമകളും ,ആനയെ പരിപാലിക്കുന്ന ജോലി മുതൽ പട്ടയും ,പട്ടടയും വരെ ഏർപ്പാടാക്കുന്ന തൊഴിലാളികളുമെല്ലാമായി കെട്ടു പിണഞ്ഞു കിടക്കുന്ന ഒരു സങ്കീർണ വ്യവസായ മേഖല .

റൈഫിൾ ലോബിയുടെ സ്വാധീനം കൊണ്ടാണ് എത്ര കൂട്ടക്കൊലപാതകങ്ങളുണ്ടായാലും തോക്കിന്റെ ലൈസൻസിങ്ങിൽ ട്രംപ് ഭരണകൂടം ഒന്നും ചെയ്യാത്തത് എന്ന സത്യം പോലെയാണ് ,എത്ര ആന ഇടഞ്ഞ മരണങ്ങളുണ്ടായാലും ഇതിനകത്തൊന്നും നിയന്ത്രണങ്ങളേർപ്പെടുത്താൻ ഒരു ഗവൺമെൻറിനും സാധിക്കാത്തത് .

ഇതൊന്നുമറിയാത്ത ഒരു വിഭാഗമാണ്
കെട്ടുകാഴ്ച്ചയുടെ ഹരം മോന്തി ,സംസ്ക്കാരത്തിന്റെയും പരമ്പരാചാരങ്ങളുടേയും സംരക്ഷക മുതലാളിമാരെന്ന ഭാവത്തിൽ ഇതിനെ എതിർക്കുന്നവർക്കെതിരെ ഉറഞ്ഞു തുള്ളുകയും ,ആന മുതലാളിമാർക്ക് സ്തുതി പാടുകയും ചെയ്യുന്നത്

ഞാൻ തെച്ചിക്കാട്ട്കാവ് രാമചന്ദ്രനെ കണ്ടിട്ടില്ല .പക്ഷെ അതിന്റെ കാൽപാടുകൾ കൊണ്ട് തലയോടു തകർന്ന ഒരു സാധു സ്ത്രീയെ കണ്ടിട്ടുണ്ട് .അതിന്റെ കൊമ്പിന്റെ മൂർച്ചയിലറ്റു പോയ കുടുംബങ്ങളുടെ ആർത്തലച്ചുള്ള കരച്ചിലു കണ്ടിട്ടുണ്ട്. കാടിന്റെ പച്ചപ്പിൽ സ്വൈര്യ ജീവിതം നയിക്കുന്ന ഒരുവന്യജീവിയെ പിടിച്ചുകെട്ടി കൊണ്ട് വന്ന്, അമ്പലത്തിലെയും പള്ളികളിലേയും നട്ടപ്പൊരിവെയിലത്ത് മണിക്കൂറുകളോളം നിർത്തി ,തലയിൽ ചുട്ടുപഴുത്ത ലോഹവും ,കാലിൽ വലിഞ്ഞുരയുന്ന ഇരുമ്പു ചങ്ങലയുമിടീച്ച് ,കാതിൽ ,വാദ്യങ്ങളുടെ ശബ്ദകോലാഹലമുണ്ടാക്കി ഭ്രാന്തെടുപ്പിക്കുന്നവരുടെ ‘ആനപ്രേമ’ത്തോട് അന്ന് തീർന്നതാ മൊതലാളീ പണ്ടുണ്ടായിരുന്ന ആ ബഹുമാനം .

ഇന്നീ ചരിത്രങ്ങളെല്ലാം കണ്ണടച്ചിരുട്ടാക്കി,” ഈ മേഖലയെ തകർക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന” അളിഞ്ഞ മറുവാദങ്ങളുമായി വീണ്ടുമീ ആനയെ ആൾക്കൂട്ടത്തിനിടയിലേക്ക് ഇറക്കിവിടാൻ മുറവിളി കൂട്ടുന്നവരോട് തോന്നുന്നത് ,ഒരു തരം വെറുപ്പാണ് ,..ആൾക്കൂട്ടത്തിനിടയിൽ ബോംബായി പൊട്ടിച്ചിതറാൻ ആഹ്വാനം നൽകുന്ന അതേ ആളുകളോടൊക്കെ തോന്നുന്ന കട്ടപിടിച്ച വെറുപ്പ് .

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.