Entertainment
മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

ജയസൂര്യ, മഞ്ജു വാര്യർ, ശിവദാ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വന്ന മേരി ആവാസ് സുനോ എന്ന സിനിമയിലെ വളരെ ഗുരുതരമായ ശാസ്ത്രീയ പിഴവ് ചൂണ്ടിക്കാട്ടുന്ന ജൂനിയർ ഇ എൻ ടി കൺസൽട്ടൻറ് Roshith Sreepury. കുറിപ്പ് വായിക്കാം .
Roshith Sreepury
സിനിമകൾ എല്ലായ്പ്പോഴും യുക്തിഭദ്രമാകണമെന്ന് നിർബന്ധമില്ല .സിനിമകളിലെ കോടതി രംഗങ്ങളും ഹോസ്പിറ്റൽ രംഗങ്ങളുമൊന്നും നിത്യജീവിതവുമായി ബന്ധമില്ലാത്ത രീതിയിലെടുത്താലും പ്രേക്ഷകർ കണ്ണടച്ച് കഥയിലേക്കും , BGM ലേക്കുമൊക്കെ ശ്രദ്ധ പായിച്ച് അബദ്ധങ്ങളെ അങ്ങു ക്ഷമിച്ചെന്നിരിക്കും .പക്ഷേ അത്യന്തം റിയലിസ്റ്റിയ്ക്ക് ആയ കഥയുടെ പ്രധാന തന്തുവിൽ തന്നെ തെറ്റായ സന്ദേശം നൽകുന്ന യുക്തിസഹമല്ലാത്ത ഐഡിയ കൊണ്ടു വന്നാൽ അത് സാധാരണ പ്രേക്ഷകർക്ക് കല്ലുകടിയായില്ലെങ്കിൽ പോലും സാമൂഹികമായി പ്രാധാന്യമുള്ളതാവാം ..
കട്ട സ്പോയിലർ ഉണ്ട് ..
“മേരി ആവാസ് സുനോ” ഒരു മെഡിക്കൽ സബ്ജക്റ്റ് കൈകാര്യം ചെയ്യുന്ന ഇമോഷണൽ ഡ്രാമ മൂവി ആണ് .സ്ഥലത്തെ പ്രധാന റേഡിയോ ജോക്കിയും സർവോപരി ഉപദേശിയും ആയ നായകന് പെട്ടെന്നൊരു ദിവസം ശബ്ദം പോകുന്നു .ചോര തുപ്പി അവശ നിലയിലായ നായകനെ “ആ നിലവിളി ശബ്ദമിടോ,,” ലവലിൽ ആംബുലൻസിലെടുത്തോടുന്നു .പിന്നെയാണ് സീൻ. നായകനെ ഐസിയുവിൻ്റെ ബീപ് ശബ്ദത്തിലേക്കും ,മാസ്കിൻ്റെ ഉള്ളിലേക്കും പ്രതിഷ്ഠിച്ച ശേഷം ഡോക്റ്ററുടെ വേഷമിട്ട സുരേഷ് കുമാറിൻ്റെ മുഖത്തേക്ക് ക്യാമറ ഒറ്റപ്പോക്കാണ് . തൊട്ടടുത്ത സീനിൽ സംഭവിച്ചതെന്താണെന്ന് വിശ്വസിക്കാനാവാത്ത ഭാര്യയോട് ഡോക്റ്ററുടെ വിശദീകരണം …
“രോഗിയുടെ larynx (സ്വനപേടകം)എടുത്തു മാറ്റിയിരിക്കുന്നു…
രോഗിക്ക് ഇനി തൊണ്ടയിലുള്ള ദ്വാരത്തിലൂടെ മാത്രമേ ശ്വസിക്കാൻ കഴിയുള്ളൂ .അതുകൊണ്ട് സംസാരിക്കാനാവില്ല .. പുകവലികൊണ്ട് വന്നതാണിത് .”…
ശിവശങ്കരനോട് പ്രേമം തോന്നിപ്പിക്കാൻ പെരുവണ്ണാപുരം പപ്പൻ പണ്ട് ‘ലുക്കീമിയം’ കയ്യിലെഴുതി വെച്ച് കുഞ്ഞുലക്ഷ്മിയുടെ അടുത്ത് സെൻ്റിയടിക്കാൻ പോയ സീനാണ് ഓർമ്മ വന്നത് . ഏതു വിധേനയും നായകൻ്റെ larynx നീക്കം ചെയ്ത് പ്രേക്ഷകൻ്റെ സഹതാപം പിടിച്ചു വാങ്ങാൻ സംവിധായകൻ കണ്ടു പിടിച്ച ടെക്നിക്.. ലോകത്തെവിടെയും ചെയ്യാത്ത emergency laryngectomy സർജറി .കാരണം പറയാം .
Larynx എന്ന കഴുത്തിലെ മധ്യഭാഗത്തായുള്ള സ്വനപേടകം ശ്വാസകോശത്തിൻ്റെ കവാടമായ രണ്ടു സ്വനതന്തുക്കൾ (vocal cords ) ചേർന്നതാണ് . ശാസോച്ഛാസത്തിനനുസരിച്ച് അടയ്ക്കു കയും തുറക്കുകയും ചെയ്യുന്ന വലിച്ചുകെട്ടിയ രണ്ടു റിബൺ പോലുള്ള ഭാഗം .എയർ ഫ്ലോ അനുസരിച്ചുള്ള ഈ ഭാഗത്തിൻ്റെ വൈബ്രെഷൻ മൂലമാണ് ശബ്ദമുണ്ടാവുക .ഇതിൻ്റെ ചലനത്തിന് കുഴപ്പം സംഭവിച്ചാലാണ് ശബ്ദ വ്യത്യാസം അനുഭവപ്പെടുക .എന്നാൽ അതിപ്രധാനമായ മറ്റൊന്നു കൂടെയുണ്ട് ഇതിൻ്റെ ചലനശേഷി പെട്ടെന്നു നഷ്ടപ്പെട്ടാൽ ശ്വാസകോശത്തിൻ്റെ കവാടം കൂടിയാണ് അടഞ്ഞു പോവുക .അപ്പോൾ സിനിമയിൽ കാണിച്ച പോലെ ശബ്ദമില്ലായ്മയല്ല, പെട്ടെന്നുള്ള ശ്വാസം മുട്ടാണ് രോഗിക്കുണ്ടാവുക .
പുകവലി മൂലമാണെങ്കിൽ അർബുദമാണ് ഉണ്ടാനിടയുള്ള രോഗം ,അതും vocal cords ലെ ട്യൂമർ വളർച്ച കാരണം . അങ്ങനെയുള്ള ട്യൂമർ ഒറ്റ രാത്രി കൊണ്ട് രോഗിയുടെ ശബ്ദം കളയുമോ ? ???ഇല്ല .. ആഴ്ച്ചകളോ മാസങ്ങളോ എടുത്തുള്ള രോഗമായാണത് വളരുക . പതിയെയാണ് ശബ്ദത്തിനു മാറ്റം വന്നു തുടങ്ങുക . രോഗം അപ്പോൾ തന്നെ കണ്ടു പിടിക്കാനും ചികിത്സ തുടങ്ങാനും കഴിയും . അതിൽ തന്നെ ചികിത്സയെന്നത്
സിനിമയിൽ കാണിച്ച പോലെ larynx മൊത്തമായി അങ്ങ് മുറിച്ചുമാറ്റി പിറ്റേന്ന് ശബ്ദമില്ല കേട്ടോ ,എന്നങ്ങ് പറയുകയല്ല .ആദ്യം ബയോപ്സി ടെസ്റ്റ് ചെയ്ത് രോഗം ഡയനോസ് ചെയ്യും .റേഡിയോ തെറാപിയും അനുബന്ധ ചികിത്സകളും ആദ്യ സ്റ്റേജുകളിലുണ്ട് .ഇതൊന്നും ഫലിക്കാതെ പ്രോഗ്രസ് ചെയ്യുന്ന മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റേജിലാണ് total laryngectomy ഒക്കെ ചെയ്യുക . സർജറിക്കു മുൻപേ രോഗിക്ക് കൃത്യമായ കൗൺസെലിംഗും സമ്മതപത്രവുമൊക്കെ ഉണ്ടാവും .
ഇനി ഇതൊന്നുമല്ല പെട്ടെന്നു സംഭവിച്ച തളർച്ച (vocal cord paralysis)കൊണ്ടുള്ള ശബ്ദമാറ്റം ആണെന്നു വെച്ചോ ,അതിനും ചികിത്സ larynx എടുത്തു മാറ്റലല്ല . അതും പോട്ടെ ഇനി പെട്ടെന്നുള്ള സർജറി തന്നെ വേണ്ടി വന്നുന്ന് കരുത്വാ,, അത് ശബ്ദം നഷ്ടപ്പെട്ടതിനല്ല , ശ്വാസതടസ്സം മാറാനായി ശ്വാസനാളത്തിൽ ദ്വാരമുണ്ടാക്കുന്ന Tracheostomy എന്ന ഓപ്പറേഷനാണ് ചെയ്യുക . അങ്ങനെ തൽക്കാലത്തേക്ക് ശബ്ദം നഷ്ടപ്പെട്ടാലും വീണ്ടും ആ ദ്വാരമടയ്ക്കുമ്പോൾ ശബ്ദം തിരിച്ചു വരും . സിനിമയിൽ കാണിക്കും പോലെ electrolarynx / esophageal speech ഒന്നും വേണ്ടി വരില്ല . മർമ്മ പ്രധാന ഭാഗമായിട്ടും ഇതിൽ ഏതാണ് വന്ന രോഗമെന്നോ എന്താണ് ഡയഗ്നോസിസ് എന്നോ എവിടെയും പറഞ്ഞിട്ടില്ല .ക്യാൻസർ തന്നെയാണ് ഉദ്ദേശിച്ചതെന്ന് തോന്നുന്നു കാരണം തലയിൽ പപ്പടമൊട്ടിച്ച് മുടി പോയ രണ്ടു സീനൊക്കെ ഭീകരതയ്ക്കങ്ങു കുത്തിക്കേറ്റിയിട്ടുണ്ട് .🤧🤧
ഇതൊരു സയൻസ് ഫിക്ഷൻ മൂവിയല്ല .അത്യന്തം റിയലിസ്റ്റിക് ആയ വിഭാഗമാണ് . മൂക്കിൽ നിന്ന് ചോര വന്നാൽ അസുഖം കാൻസറാണെന്ന് ആളുകളെ കൊണ്ട് ചിന്തിപ്പിക്കുന്നതിന് പ്രാധാന പങ്ക് ‘പ്രേമാഭിഷേകം’ മുതൽ ‘ആകാശദൂതു’ വരെയുള്ള സിനിമകൾക്കുണ്ട് .”സിനിമയെ സിനിമയായി കണ്ടാ പോരെ “എന്ന ഉപദേശം എത്ര പൊള്ളയാണെന്ന് മനസിലാക്കാൻ ഇതു മാത്രം മതി .ചെറിയ തൊണ്ടവേദന വന്ന് ഒച്ചയടഞ്ഞാലോ ,തുപ്പലിൽ ചോര കണ്ടാലോ നാള laryngectomy ചെയ്യേണ്ടി വരുമെന്ന് കാണുന്നവര് ചിലപ്പോൾ ചിന്തിക്കാം .
“ക്യാപ്റ്റനും” ,”വെള്ള”വുമൊക്കെ അതി മനോഹരമാം വിധം ചെയ്ത്, സംസ്ഥാന അവാർഡു വരെ വാങ്ങിച്ച അതേ അണിയറ പ്രവർത്തകരായതുകൊണ്ടു തന്നെ തോന്നിയ നിരാശയിൽ പറയുകയാണ് ദയവായി പൊതുജനാര്യോഗ്യ പ്രാധാന്യമുള്ള മെഡിക്കൽ വിഷയത്തിലൊക്കെ ൽ കൈ വെയ്ക്കുമ്പോൾ കൃത്യമായ പ0നങ്ങൾക്കു ശേഷം മാത്രം ചെയ്യുക. ഒരു വൃക്ക രോഗിയുടെ കദനകഥ പറയാൻ , മൂത്രത്തിൽ പഴുപ്പായി ഹോസ്പിറ്റലിൽ പോയ ഒരാളെ കിഡ്നി രണ്ടും നീക്കം ചെയ്ത് നാളെ മുതൽ ഡയാലിസിസ് വന്നോ എന്ന രീതിയിലേക്ക് സിനിമ ഉണ്ടാക്കാതിരിക്കുക .
കാരണം സിനിമയെ സിനിമയായി മാത്രം കാണാനാവാത്ത പാതിവെന്ത അറിവുകളുമായി ജീവിക്കുന്ന ഒരു പാടാളുകളിലേക്കു കൂടിയാണ് നിങ്ങൾ കാഴ്ച്ചകളെത്തിക്കുന്നത് .സിനിമയോട് നീതി പുലർത്തുക എന്നാൽ സമൂഹത്തോട് നീതി പുലർത്തുക എന്നു കൂടിയാണ് ..🙏🙏
3,164 total views, 8 views today