Roshna Melwin
‘അപ്പനിൽ’ ഞാൻ കണ്ട വൃദ്ധന്മാർ;
രണ്ട് ദിവസം മുൻപാണ് അപ്പൻ സിനിമ കണ്ടത്. ലൊക്കേഷനായി വീടും പരിസരവും മാത്രമുള്ള ഈ സിനിമ അവസാനിക്കുന്നത് വരെ പ്രേക്ഷകനെ പിടിച്ചിരുത്തും എന്നതിൽ യാതൊരു സംശയവുമില്ല. സിനിമ കാണുന്ന ഓരോ പ്രേക്ഷകന്റെയും ഹൃദയത്തിലെ വികാര വിചാരങ്ങളെ പിടിച്ചു കുലുക്കാൻ അതിലെ കഥാപാത്രങ്ങൾക്കായത് തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും മിടുക്ക് തന്നെ. സിനിമ ചിരിച്ചു കൊണ്ട് കണ്ട് തുടങ്ങിയെങ്കിലും എന്നിൽ കടുത്ത മാനസിക സമ്മർദ്ദം ചെലുത്താനും ഒരു തരം വെറുപ്പ് കൂട്ടുവാനും ഈ സിനിമയ്ക്ക് സാധിച്ചു എന്നതിൽ ഒരു തർക്കവുമില്ല.
ഈ സിനിമയിൽ മൂന്ന് വൃദ്ധന്മാരേ ഞാൻ ശ്രദ്ധിച്ചു. ആദ്യത്തെ വൃദ്ധൻ അപ്പൻ തന്നെ, ശിലായുഗത്തിലെ മനുഷ്യനെയാണ് ഇയാളിൽ ഞാൻ കണ്ടത്.
അതിജീവനത്തിനായുള്ള മനുഷ്യന്റെ ജന്മവാസന (Survival Instinct of humans) മാത്രമുള്ള മനുഷ്യൻ. വേട്ടയാടുകയും ശേഖരിയ്ക്കുകയും ചെയ്യുന്ന മനുഷ്യന്റെ പ്രതീകമാണയാൾ. അതുപോലെ തന്നെ നാട്ടിൽ നിന്നും കാട് കയ്യേറി അവിടുത്തെ മൃഗങ്ങളെ വേട്ടയാടി. ചിലത് രുചിച്ചും ശേഖരിച്ചും അവശിഷ്ടം മറ്റ് മൃഗങ്ങൾക്ക് എറിഞ്ഞു കൊടുത്തും വെട്ടിപ്പിടിച്ച് പലതും ഉണ്ടാക്കിയ മനുഷ്യൻ. സ്വന്തജീവന് വേണ്ടി എന്തും പറയാനും ചെയ്യാനും മടിയ്ക്കാത്തയാൾ. പറയുന്നത് പ്രവർത്തിക്കണമൊന്നുമില്ല, വാക്കിന് യാതൊരു വിലയുമില്ലാത്ത ഒരു മനുഷ്യൻ!
ബന്ധങ്ങൾക്ക് യാതൊരു വിലയും കൊടുക്കാത്തയാൾ, അതിലപ്പുറം രക്ത ബന്ധത്തെ കുറിച്ച് യാതൊരു പ്രതിബദ്ധതയുമില്ലാത്തയാൾ. സ്വന്തം ചോരയിൽ പിറന്നവരെ പോലും തരിമ്പും വാത്സല്യമില്ലാതെ അസഭ്യം കൊണ്ട് അഭിസംബോധന ചെയ്യുന്നയാൾ. സ്നേഹം എന്നത് ഇയാളിൽ ഉണ്ടോ എന്ന് പോലും കാണുന്ന പ്രേക്ഷകർക്ക് സംശയം തോന്നും. അയാൾ വെട്ടിപ്പിടിച്ചതും സമ്പാദിച്ചതും സ്വന്തമാക്കിയതുമെല്ലാം തലമുറയ്ക്ക് വേണ്ടിയല്ലായിരുന്നു അയാൾക്ക് വേണ്ടി മാത്രം, അതയാളുടെ മാത്രം മോഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു.
ഹൃദയത്തിലെ ആഗ്രഹങ്ങൾ തീർന്നിട്ടേ ഈ ഭൂമിയിലെ വാസം വെടിയൂ എന്ന് വാശിയുള്ളയാൾ. മനുഷ്യരുടെ ജീവിത ശൈലികളിലെ, ചിന്തകളിലെ, ബോധതലത്തിലെ പരിണാമങ്ങൾ സംഭവിക്കാത്ത മനുഷ്യൻ. മൃഗത്തെ പോലെ ചിന്തിക്കുന്ന ആദിമ മനുഷ്യന്റെ പ്രതിരൂപം. ഇയാളുടെ സ്വഭാവ സവിശേഷതകൾ ഇനിയുമുണ്ട്. വയസായ കാലത്ത് സ്വർഗം കിട്ടാൻ അല്ലെങ്കിൽ നല്ലൊരു മരണം ലഭിക്കാൻ ആഗ്രഹിച്ച് മിണ്ടാതെ ഒരു സ്ഥലത്ത് ഇരുന്നാൽ പോരെ ഈ കിളവന് എന്ന് വീണ്ടും വീണ്ടും കാണുന്നവർ പറഞ്ഞ് കൊണ്ടേയിരിക്കും. വയസ്സായാൽ ആഗ്രഹങ്ങൾ പാടില്ല എന്നല്ല, ആ ആഗ്രഹങ്ങൾ മറ്റുള്ളവർക്ക് വേദനയും ഉപദ്രവവും ആവുമ്പോൾ എന്ത് ചെയ്യും? മണ്ണ്, പെണ്ണ്, പൊന്ന് ഈ മൂന്നിനും മനുഷ്യർക്ക് ആഗ്രഹം കൂടുമെന്നാണല്ലോ. അടങ്ങാത്ത ഇച്ഛകളുടെയും ലൈംഗിക ആസക്തിയുടെയും കൂടാരമാണയാൾ. സ്ത്രീകളെ ഭോഗിക്കുക, വീട്ട് പണിക്ക് വേണ്ടിയും കുട്ടികളെ പ്രസവിച്ച് കൂട്ടുവാനും മാത്രമുള്ള ഉപകരണമായി കാണുന്നയാൾ. ഈ മനുഷ്യനെ സ്നേഹിക്കാനും സ്ത്രീ ജനങ്ങൾ ഉണ്ടെന്നതിൽ അത്യത്ഭുതം തോന്നി എനിക്ക്. ഒരു പക്ഷേ മുൻകാലത്ത് ജീവിച്ചിരുന്ന ജനങ്ങളിൽ പത്ത് ശതമാനം ഇങ്ങനെയാകാം. അതോ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതു പോലുള്ള ജന്മങ്ങൾ ഉണ്ടാവുമോ എന്തോ?
ദിവസവും വീട്ടുകാരുടെ പ്രാക്ക് കേട്ട് കിടക്കാനാണ് ഇങ്ങനെയുള്ളവരുടെ വിധി. സിനിമയിലെ ഇട്ടി എന്ന അപ്പന് എന്ത് കേട്ടാലും പരമ പുച്ഛവും ആര് എന്ത് പറഞ്ഞാലും പുല്ല് വില പോലും ഇല്ല.
ഇത്രയൊക്കെ ഇട്ടി ആണെങ്കിലും എപ്പോഴൊക്കെയോ അയാളുടെ കൺകോണിൽ വ്യസനം വന്ന് നിറയുന്നത് ഞാൻ കണ്ടു. അയാളുടെ പ്രവർത്തികളിലെ ശരികൾ മറ്റുള്ളവർക്ക് തെറ്റാണെന്നുള്ള സത്യം അയാൾ മനസ്സിലാക്കുന്നുണ്ട്. ആ തെറ്റിൽ നിന്ന് മനസ്സിൽ ഉരുവാകുന്ന കുറ്റബോധം ലവലേശം പോലും അയാളിലില്ല. മറിച്ച് മറ്റുള്ളവരെ അയാൾ ഭീതിപ്പെടുന്നുമുണ്ട്.
അയാളെ ഈ വിധത്തിൽ ആക്കിയെടുത്തത് എന്താകും ? എങ്ങനെ അയാൾക്ക് ഇത്ര ഹൃദയകാഠിന്യത വന്നു ചേർന്നു ? ഇങ്ങനെയൊക്കെ ഞാൻ ചിന്തിച്ചു. അയാളീ നിലയിൽ എത്തി ചേരാൻ കഠിന വഴികളിലൂടെ യാത്ര ചെയ്തിരിക്കണം. പാമ്പിന്റെ കൗശലവും കുറുക്കന്റെ കുടിലതയും തന്ത്രങ്ങളും കൊണ്ട് തന്നെയായിരിക്കണം. അങ്ങനെ ജീവിച്ച് കയറി വന്നത് കൊണ്ടാണ് അയാൾക്ക് സ്വന്തം ജീവൻ നിലനിർത്തുന്ന കാര്യത്തിൽ മാത്രം ചിന്ത വരുന്നത്!
അയാളുടെ കൂടെ ഇത്രകാലം നരക ജീവിതം നയിച്ച സ്വന്തം ഭാര്യ വരെ അയാളുടെ മരണം കാണാൻ ആഗ്രഹിക്കുന്നതിൽ അതിശയോക്തി തെല്ലുമില്ല. അപമാനവും ഭീതിയും നിരാശയും അരക്ഷിതാവസ്ഥയും മാത്രമായിരുന്നു അവരുടെ ജീവിതത്തിൽ. അവരുടെ മകനും അതേ അവസ്ഥയിലൂടെ കടന്ന് പോയി. അയാളുടെ മകനായി ജനിച്ച് പോയ കുറ്റത്തിന് നാട്ടിൽ മൊത്തം നാണം കെട്ടും ആത്മധൈര്യം ചോർന്ന് പോയ പേടിത്തൊണ്ടനായ അച്ഛനായി അയാൾ. ഇട്ടി എന്ന അപ്പനായി തകർത്തഭിനയിച്ച അലൻസിയർ പൂർണമായും ഈ കഥാപാത്രത്തെ മനുഷ്യ മനസ്സുകളിൽ വെറുപ്പിന്റെ വിത്ത് പാകി അതിനെ വടവൃക്ഷമാക്കുന്നതിൽ വിജയിച്ചിരിക്കുന്നു. ഇതു പോലുള്ള വൃദ്ധ ജനങ്ങൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ അവർക്ക് സുബോധവും നല്ല ബുദ്ധിയും കൊടുക്കണമേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
രണ്ടാമത്തെ വൃദ്ധനെ പറ്റി വർണ്ണിക്കുകയാണെങ്കിൽ ഇട്ടി മരിച്ചു കഴിഞ്ഞാൽ മൂക്കിൽ പഞ്ഞിവയ്ക്കുന്നത് അയാളാണെന്ന് പറയുമ്പോൾ തന്നെ അയാൾക്ക് ഇട്ടിയോടുള്ള വെറുപ്പ് എത്രമാത്രമാണെന്ന് നമുക്ക് ഊഹിക്കാൻ കഴിയും. ഇട്ടിയുടെ മരണം കണ്ടേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തിൽ ജീവിക്കുന്നയാളാണയാൾ. ഇട്ടി ഭയപ്പെടുന്ന രണ്ടാളിൽ ഒരുവൻ. ആകേ ഒരു സീനിലേ ഇദ്ദേഹം കടന്ന് വരുന്നുള്ളു എങ്കിലും ഉൾക്കിടലത്തോടെയല്ലാതെ ഇയാളെ കാണാൻ ഇട്ടിയ്ക്കും പ്രേക്ഷകനും കഴിയില്ല. ഒരു ഭീകരതയും കാണിക്കാതെ വല്ലാത്ത ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ബാലൻ മാഷിന് കഴിഞ്ഞിട്ടുണ്ട്. അയാളുടെ നോട്ടത്തിലും സംസാരത്തിലും നടപ്പിലും ഇരുപ്പിലും പ്രതികാരത്തിന്റെ അഗ്നി എരിയുന്നുണ്ട്. ജീവിതത്തിൽ അനുഭവിച്ച വലിയൊരു ആഘാതത്തിന്റെ കണക്ക് തീർക്കാൻ വെമ്പി നിൽക്കുന്ന ഒരു അഗ്നിഗോളമാണയാൾ. ഈ വൃദ്ധനെ നിങ്ങൾ കണ്ട് തന്നെ മനസിലാക്കണം, കൂടുതലെഴുതി ത്രില്ല് ഞാൻ കളയുന്നില്ല.
മൂന്നാമത്തെ വൃദ്ധൻ, ഇട്ടി ഏറ്റവും ഭയക്കുന്നയാൾ. ഇട്ടി കാരണം ജീവിതം തന്നെ മാറി മറിഞ്ഞ മനുഷ്യൻ. അയാളുടെ സ്വഭാവത്തെ പറ്റി സ്വയം പറഞ്ഞ് പേടിക്കുന്നുണ്ട് ഇട്ടി. ജീവിതവീഥിയിൽ ഭയാനകമായ ഇരുണ്ട അദ്ധ്യായം ഏറ്റുവാങ്ങിയയാൾ.കൊണ്ടും കൊടുത്തും വെട്ടിപ്പിടിച്ചും നേടിയവരാണ് ഈ മൂന്ന് വൃദ്ധന്മാരും. പല രീതിയിൽ പരസ്പര പൂരകങ്ങളാണ് ഇവർ. ജീവസുറ്റ, പച്ചയായ ജീവിതം നയിക്കുന്ന, കായിക ബലമുള്ള വാർധക്യത്തിലും വീര്യം കെടാത്ത, ക്ഷയിക്കാത്ത ആത്മബലമുള്ളവർ. നന്മ മരങ്ങളായ വൃദ്ധന്മാരെ ഈ സിനിമയിൽ നിങ്ങൾക്ക് കാണുവാനേ സാധിക്കുകയില്ല. ബാക്കിയെല്ലാം സിനിമ കണ്ട് മനസിലാക്കുക 🙂