ഒരച്ഛൻ മകളോട് ചെയ്ത ക്രൂരത വായിച്ചാൽ ജെനി ജനിക്കരുതായിരുന്നു എന്ന് നിങ്ങൾ നിസ്സംശയം പറയും

0
426

Roy Augustine

പാലക്കാട്ട് കാമുകൻ കാമുകിയെ 10 വർഷം ഒരു മുറിയിൽ ആരും അറിയാതെ ഒളിപ്പിച്ച് താമസിപ്പിച്ച വാർത്ത കണ്ടപ്പോഴാണ് ഒന്നര വയസ്സുമുതൽ 13 വയസ്സുവരെ ബാത്റൂമിലെ ക്ളോസെറ്റിൽ പൂട്ടിയിടപ്പെട്ട ഹതഭാഗ്യയായ ഒരു പെൺകുട്ടിക്കുറിച്ചുള്ള ഒരു ലേഖനം മുൻപ് കണ്ട കാര്യം ഓർമ്മിച്ചത്.

1960കളിൽ അമേരിക്കയിൽ നടന്ന സംഭവമായിരുന്നു അത്. ഒരു അച്ഛൻ തന്റെ ഒന്നര വയസ്സുള്ള മകളെ ഒരു ബാത്റൂമിലെ ക്ളോസെറ്റിൽ കെട്ടിവച്ചത് 11 വർഷമാണ്. ആ കുട്ടിക്ക് ഒന്നര വയസുള്ളപ്പോൾ ബാത്ത് റൂമിൽ കെട്ടിയിടാൻ തുടങ്ങിയിട്ട്, 13വയസ്സിൽ യാദൃശ്ചികമായി പൊലീസാണ് ആ കുട്ടിയെ കണ്ടെത്തി ആസ്പത്രിയിൽ പ്രവേശിപ്പിക്കുന്നത്. പോലീസ് കണ്ടെടുക്കുമ്പോൾ ഗുരുതരമായ ശാരീരിക, മാനസിക വൈകല്യങ്ങളുമായി അതി ദയനീയമായ അവസ്ഥയിലായിരുന്നു ആ കുട്ടി. രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിവിധ ശാസ്ത്രജ്ഞന്മാരുടെ പലവിവിധ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഇരയാകേണ്ടി വരികയെന്ന ദുര്യോഗം കൂടി ഹതഭാഗ്യയായ ആ കുട്ടിക്കുണ്ടായി. ഒടുവിൽ, US ഗവർമെന്റ് ആ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയും, ഗവർമെന്റിന്റെ പ്രത്യേക സംരക്ഷണയിൽ രഹസ്യ കേന്ദ്രത്തിൽ ഇപ്പോഴും പാർപ്പിച്ചിരിക്കുന്നു.

May be an image of one or more people, people standing, people playing musical instruments and outdoorsജെനി. അതാണ് അവൾക്ക് ഗവർമെന്റ് കൊടുത്തിരിക്കുന്ന പേര്. (യഥാർത്ഥ പേര് ഒരിക്കലും പുറത്തു വിട്ടിട്ടില്ല) അവളുടെ അച്ഛൻ ഒരു മെക്കാനിക്ക് ആയിരുന്നു. അവളുടെ അമ്മയ്ക്ക് കാഴ്ച്ചകുറവും, നാഡീ സംബന്ധമായ രോഗങ്ങളും മറ്റു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു.

ജെനിയുടെ അച്ഛന്റെ മാനസിക പ്രശ്നങ്ങളായിരുന്നു അവളെ ഈ ദുരവസ്ഥയിലേയ്ക്ക് തള്ളിയിട്ടത്. ദുർന്നടപ്പുകാരിയായ ഒരു സ്ത്രീയുടെ മകനായി പിറന്ന അയാൾ അമ്മയുമായി സ്ഥിരം കലഹിച്ചിരുന്നു. കഷ്ടപ്പാടുകളും അപമാനവും നിറഞ്ഞ അയാളുടെ ബാല്യം അയാളെ ആരുമായും ബന്ധമില്ലാത്ത ഉൾവലിഞ്ഞ സ്വഭാവക്കാരനാക്കുകയും കടുത്ത ദേഷ്യക്കാരനാക്കുകയും ചെയ്തു. ദുർന്നടപ്പുകാരിയുടെ മകൻ എന്ന ലേബൽ അയാളെ സഹപാഠികളുടെ സ്ഥിരമായ കളിയാക്കലുകൾക്കും മറ്റും ഇരയാക്കുകയും ചെയ്തു. ബാല്യകാലം മുഴുവൻ ദുരിതങ്ങളും അരക്ഷിതാവസ്ഥയും അനുഭവിച്ച അയാൾ പതിയെ കുട്ടികളെ വെറുക്കുന്നവനായി മാറി.

വിവാഹശേഷം ആദ്യ വർഷങ്ങൾ കുഴപ്പങ്ങൾ ഇല്ലാതെ കടന്നു പോയെങ്കിലും, പിന്നീട് അയാൾ ഭാര്യയെ അകാരണമായി ക്രൂരമായി മർദിക്കുകയും വീടിന് പുറത്ത് ഇറങ്ങുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. കാഴ്ച്ചക്കുറവും മറ്റു ആരോഗ്യ പ്രശ്നങ്ങളും മൂലം ഭാര്യയ്ക്ക് അയാളെ അനുസരിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു. കുട്ടികളെ തീരെ ഇഷ്ടമല്ലാതിരുന്ന അയാൾ കുട്ടികൾ വേണ്ടെന്ന നിലപാടിലായിരുന്നു. എങ്കിലും 5 വർഷങ്ങൾക്ക് ശേഷം ആ സ്ത്രീ ഗർഭം ധരിച്ചു. ഗര്ഭാവസ്ഥയിലുടനീളം ക്രൂരമായ മർദ്ദങ്ങൾ ഏറ്റുവാങ്ങിയ അവർ ഒരു പെൺകുട്ടിയെ പ്രസവിച്ചു.പ്രസവത്തിന് തൊട്ടുമുൻപ് പോലും അയാൾ ആ സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടാൽ ദേഷ്യം പിടിക്കുന്ന അയാൾ കുട്ടിയെ പലദിവസവും വീടിനു പുറത്തെ ഷെഡിലാണ് കിടത്തിയിരുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ന്യുമോണിയ ബാധിച്ച് ആ കുട്ടി മരിച്ചു.

അവരുടെ രണ്ടാമത്തേത് ഒരു ആണ്കുട്ടിയായിരുന്നു. ആ കുട്ടി ജനിച്ച് രണ്ടാം ദിവസം മരണത്തിനു കീഴടങ്ങി. പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം അവർക്ക് വീണ്ടും ഒരു ആൺകുട്ടി പിറന്നു. മറ്റു പ്രശ്നങ്ങളൊന്നും ആ കുട്ടിക്ക് ഇല്ലായിരുന്നെങ്കിലും അയാൾ ആ കുട്ടിയെ ശബ്ദിക്കാൻ അനുവദിച്ചിരുന്നില്ല. അതിനാൽ തന്നെ സംസാരിക്കാനള്ള ശേഷിപോലും ആർജിക്കാൻ തുടക്കത്തിൽ ആ കുട്ടിക്ക് കഴിഞ്ഞില്ല.
ആ കുട്ടിക്ക് 5 വയസ്സുള്ളപ്പോഴാണ് അവർക്ക് ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. അതായിരുന്നു ജെനി. ആ സമയമായപ്പോളേക്കും അയാൾ എല്ലാവരിൽനിന്നും ഉൾവലിയുകയും, സ്വന്തം കുടുംബത്തെ മറ്റുള്ളവരിൽ നിന്നും കർശനമായി അകറ്റി നിർത്താനും തുടങ്ങി. പുറം ലോകവുമായുള്ള എല്ലാ ബന്ധവും അയാൾ ഉപേക്ഷിക്കുകയും വീട്ടിൽനിന്നും പുറത്തിറങ്ങുന്നതിൽ നിന്നും എല്ലാവരെയും വിലക്കുകയും ചെയ്തു. മകനെ മാത്രമാണ് പുറത്തിറങ്ങാൻ വല്ലപ്പോഴുമെങ്കിലും അനുവദിച്ചിരുന്നത്.

തുടക്കത്തിൽ ജെനിക്ക് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിലും അവൾ നടക്കാൻ വൈകി. ഇത് മൂലം കുട്ടിക്ക് ബുദ്ധിവളർച്ച ഇല്ലെന്ന വിശ്വാസം അയാളിൽ ഉടലെടുത്തു. ജെനിക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് അയാളുടെ മുത്തശ്ശി ഒരു വാഹനമിടിച്ച് മരിക്കുന്നത്. അയാൾക്ക് ജീവിതത്തിൽ അല്പമെങ്കിലും അടുപ്പമുണ്ടായിരുന്ന മുത്തശ്ശിയുടെ മരണത്തോടെ അയാൾ കൂടുതൽ ദേഷ്യക്കാരനായി മാറി. ഇടിച്ച വാഹനത്തിന്റെ ഡ്രൈവർക്ക് താരതമ്യേന ചെറിയ ശിക്ഷ കിട്ടിയത് അയാളെ വീണ്ടും കോപാകുലനാക്കി. ഇത്തരം സംഭവങ്ങൾ അയാൾക്ക് സമൂഹത്തോട് മൊത്തത്തിൽ കടുത്ത പകയായി മാറുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു.സമൂഹം തന്റെ കുടുംബത്തെ മുഴുവൻ അപായപ്പെടുത്തുമെന്നും, തന്റെ കുടുംബത്തെ എങ്ങനെയെങ്കിലും അതിൽനിന്നും രക്ഷിക്കണമെന്നും അയാൾ തീരുമാനമെടുത്തു.

ജെനിക്ക് ബുദ്ധിവൈകല്യം ഉണ്ടെന്ന് വിശ്വസിച്ചിരുന്ന അയാൾ അവളെ സുരക്ഷിതയാക്കാനുള്ള ഏക മാർഗം അവളെ ഏതെങ്കിലും മുറിയിൽ കെട്ടിയിടുകയാണെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് ഒന്നരവയസ്സിൽ ജെനിയുടെ ദുരിതകരമായ ജീവിതത്തിനു തുടക്കമിടുന്നത്. ആദ്യമൊക്കെ അയാൾ ജെനിയെ രാവിലെ മുതൽ വൈകുന്നേരം വരെ ക്ളോസറ്റിൽ ഇരുത്തി അവിടെത്തന്നെ കെട്ടിവയ്ക്കുകയായിരുന്നു ചെയ്യുക. കൈയും കാലും മടക്കുകയോ നിവർത്തുകയോ ചെയ്യാൻ പറ്റാത്ത രീതിയിലുള്ള ഒരുതരം വസ്ത്രം അയാൾ ഭാര്യയെക്കൊണ്ട് തന്നെ ഉണ്ടാക്കിച്ചു. കമ്പികളും മറ്റും ചേർത്ത് ഉണ്ടാക്കിയ ആ ഉടുപ്പ് ഇടുവിച്ച് കഴിഞ്ഞാൽ കുട്ടിക്ക് കൈയോ കാലോ ചലിപ്പിക്കാൻ പറ്റുമായിരുന്നില്ല.കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നതും ആ ക്ളോസെറ്റിൽ ഇരുത്തിക്കൊണ്ടായിരുന്നു. രാത്രിയാവുമ്പോൾ എടുത്ത് ഒരു സ്ലീപ്പിങ് ബാഗിൽ പൊതിഞ്ഞ് കെട്ടി, തകരം കൊണ്ടുള്ള മൂടിയുള്ള ഒരു തൊട്ടിലിൽ കിടത്തും. അപ്പോഴും കുട്ടിക്ക് കൈകാലുകൾ ചലിപ്പിക്കാൻ സാധിക്കില്ല.

പിന്നീട് ഇയാൾ കുട്ടിയെ രാത്രിയും ക്ളോസെറ്റിൽ തന്നെ ഇരുത്താൻ തുടങ്ങി. ജെനി കരയുകയോ മറ്റോ ചെയ്താൽ ഒരു പലക കഷ്ണം കൊണ്ട് ക്രൂരമായി മർദ്ദിക്കുമായിരുന്നു. കുട്ടിയെ മാന്താനായി അയാള് നഖം നീട്ടി വളർത്തുകയും ചെയ്തിരുന്നു. കുട്ടി എന്തെങ്കിലും ശബ്ദമുണ്ടാക്കിയാൽ അയാൾ വന്ന് ബാത്റൂമിന്റെ കതകിൽ അടിച്ച് ബഹളമുണ്ടാക്കുകയും, പട്ടി കുരയ്ക്കുന്നതുപോലെ കുരച്ച് ബഹളം വയ്ക്കുകയും കതകിലും മറ്റും പൂച്ച മാന്തുന്ന രീതിയിൽ മാന്തുകയും ചെയ്യുമായിരുന്നു. അങ്ങേയറ്റം ഭയന്ന് നിലവിളിക്കുന്ന കുട്ടിയെ അയാൾ പലക കഷണം വച്ച് ക്രൂരമായി മർദിക്കും. ഈ പ്രക്രിയ കുറച്ച് നാൾ തുടർന്നപ്പോൾ ആ കുട്ടി ഒരു ശബ്ദവും ഉണ്ടാക്കാതെയിരിക്കാൻ ശീലിച്ചു. കാരണം താൻ ശബ്ദം പുറപ്പെടുവിച്ചാലാണ് പ്രശ്നങ്ങൾ ഉണ്ടാവുകയും തനിക്ക് അടി കിട്ടുകയും ചെയ്യുന്നതെന്ന് ആ കുഞ്ഞു മനസ്സ് തിരിച്ചറിഞ്ഞിരിക്കണം.

ജെനിയുടെ അച്ഛൻ അവൾക്ക് കൊടുത്തിരുന്നത് ഏറ്റവും അത്യാവശ്യം വേണ്ട ഭക്ഷണം മാത്രമാണ്. അതും ദ്രവരൂപത്തിലുള്ള ബേബിഫുഡ് മാത്രം. വിശന്ന് കരഞ്ഞാൽ കടുത്ത മർദ്ദനമായിരുന്നു അവൾക്ക് കിട്ടിയിരുന്നത്. ഭക്ഷണം കൊടുക്കാൻ ജെനിയുടെ അമ്മയെ ഒരിക്കലും അനുവദിച്ചിരുന്നില്ല. അയാൾ തന്നെയായായിരുന്നു ഭക്ഷണം കൊടുക്കുക. ഭക്ഷണം സ്പൂൺ കൊണ്ട് കോരി വളരെ സ്പീഡിലായിരുന്നു കൊടുത്തിരുന്നത്. നിമിഷങ്ങൾക്കുള്ളിൽ തുടരെത്തുടരെ സ്പൂണ്കൊണ്ട് ഭക്ഷണം കോരി വായിലൊഴിച്ച് കൊടുക്കുകയായിരുന്നു പതിവ്.

ജെനിക്ക് 13 വയസ്സാകുന്നതുവരെ ഈ പൂട്ടിയിടലും മർദ്ദനവും തുടർന്നു.
ജെനിക്ക് 13 വയസ്സുള്ളപ്പോൾ ജെനിയുടെ അമ്മയും അപ്പനും തമ്മിൽ വലിയ വഴക്കുണ്ടാവുകയും അയാൾ പുറത്ത് പോയ തക്കം നോക്കി ജെനിയുടെ അമ്മ ജെനിയെയും എടുത്തുകൊണ്ട് അവിടന്ന് രക്ഷപെടുകയുമായിരുന്നു. ജെനിയുടെ സഹോദരൻ അതിനൊക്കെ മുൻപ് തന്നെ വീടുവിട്ട് ഓടിപ്പോയിരുന്നു. ജെനിയെയും കൊണ്ട് വികലാംഗർക്കുള്ള സഹായത്തിന് അപേക്ഷിക്കാനായി ഗവർമെന്റ് ഓഫിസിൽ എത്തിയ അമ്മ, അന്ധത മൂലം മുറി മാറിക്കയറിയത് മറ്റൊരു ഡിപ്പാർട്ട്മെന്റിലേക്കായിരുന്നു. ജെനിയുടെ ദയനീയമായ അവസ്ഥ കണ്ട അധികൃതർ ഉടൻ പോലീസിൽ അറിയിക്കുകയും പോലീസെത്തി അമ്മയെയും പിന്നീട് അച്ഛനെയും അറസ്റ്റു ചെയ്യുകയും ജെനിയെ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കുട്ടികളുടെ ആസ്പത്രിയിൽ നടത്തിയ പരിശോധനകളിൽ ജെനി നേരിട്ട ദുരിതത്തിന്റെ ഏകദേശ ചിത്രം അധികൃതർക്ക് മനസ്സിലായി. അവയിൽ ചിലത് ഇങ്ങനെയായിരുന്നു.

അവൾക്ക് കണ്ണിന് കാഴ്ചയുണ്ടെങ്കിലും, 3 മീറ്ററിൽ കൂടുതൽ ദൂരെയുള്ള ഒരു വസ്തുവിലേയ്ക്ക് കണ്ണുകൾ ഫോക്കസ് ചെയ്യാൻ കഴിയുമായിരുന്നില്ല. അതിന് കാരണം അവളെ ഇരുത്തിയിരുന്ന ടോയ്‌ലെറ്റിൽ നിന്നും വാതിലിലേയ്ക്ക് 3 മീറ്ററായിരുന്നു ദൂരം. വര്ഷങ്ങളോളം ആ ഒരു ദൂരം മാത്രമാണ് അവളുടെ കണ്ണുകൾ ഫോക്കസ് ചെയ്തിട്ടുള്ളു.അവളുടെ എല്ലുകൾക്ക് വളർച്ച കുറവായിരുന്നു. വാരിയെല്ലുകൾക്ക് ശരീരത്തിന് വേണ്ട വലിപ്പം ഇല്ലായിരുന്നു.

അവൾക്ക് നിവർന്ന് നിൽക്കാനോ, കൈയോ കാലോ നിവർത്താനോ സാധിക്കുമായിരുന്നില്ല.
ഭക്ഷണം ചവയ്ക്കാൻ അറിയില്ല. കാരണം അവൾ ഒരിക്കൽ പോലും ചവച്ച് ഇറക്കേണ്ട ഭക്ഷണം കഴിച്ചിട്ടില്ല. ഇറക്കാൻ പറ്റാത്ത ഭക്ഷണം അവൾ വായിൽ തന്നെ വച്ചുകൊണ്ട് അലിയിക്കാൻ ശ്രമിക്കും. കുറെ സമയം എടുത്തിട്ടും അലിഞ്ഞില്ലെങ്കിൽ തുപ്പിയിട്ട് കൈകൊണ്ട് ഞെരിച്ച് ഉടച്ച് തിരിച്ച് വായിലിട്ട് ഇറക്കാൻ ശ്രമിക്കും. മലമൂത്രവിസർജനം നടക്കുന്നത് അവൾ അറിയുന്നുപോലുമുണ്ടായിരുന്നില്ല. അതിൽ അവൾക്ക് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു.

11 വർഷം നീണ്ടുനിന്ന ഒരു ദുരിതത്തിൽ നിന്നും അവൾ മോചിതയായെങ്കിലും അവളെ കാത്തിരുന്നത് വർഷങ്ങൾ നീണ്ടുനിൽക്കുന്ന, ഒരുപക്ഷെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു ദുരന്തമായിരുന്നു. അവളുടെ അമ്മയ്ക്ക് അന്ധതയും മറ്റു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതിനാൽ കോടതി അവളുടെ സംരക്ഷണ ചുമതല ഒരു അനാഥാലയത്തെ ഏൽപ്പിച്ചു. പക്ഷെ അവർ അവളുടെ കാര്യങ്ങൾ നോക്കാൻ ബുദ്ധിമുട്ടുകയും മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേയ്ക്ക് അവളെ സ്ഥിരമായി മാറ്റിക്കൊണ്ടിരിക്കേണ്ടി വന്നു. ചിലയിടങ്ങളിൽ അവൾക്ക് വീണ്ടും ക്രൂരമായ മർദ്ദനങ്ങളും ഏൽക്കേണ്ടി വന്നു. ഒരിക്കൽ ഒരു അഭയകേന്ദ്രത്തിൽ അവൾ ഛർദിച്ചപ്പോൾ അവിടത്തെ ജോലിക്കാർ അവളെ അതിക്രൂരമായി മർദ്ദിച്ചു. അതിനു ശേഷം അവൾ പേടിച്ച് വാ തുറക്കാതായി. സംസാരം ആംഗ്യഭാഷയിൽകൂടി മാത്രമാക്കി ചുരുക്കി. വാ തുറന്നാൽ ഛർദ്ദിക്കുമെന്ന ഭയം അവളെ പിടികൂടിയിരുന്നു.

ഇതിനിടെ, കേസ് നടക്കുന്നതിനിടയിൽ, “ലോകം ഒരിക്കലും മനസ്സിലാകില്ല” എന്ന ഒറ്റവരി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് അവളുടെ അച്ഛൻ സ്വയം വെടിയുതിർത്തത് ആത്മഹത്യ ചെയ്തു. ദുരന്തങ്ങൾ ഒന്നിന് പുറമെ ഒന്നായി വന്നുകൊണ്ടിരുന്നു. അതിനുപുറമെയാണ് അവളെ ഒരു പരീക്ഷണ വസ്തുവായി കണ്ട മനഃശാസ്ത്രഞ്ജരും, ശിശുരോഗ വിദഗ്ധരും, ഭാഷ ശാസ്ത്രജ്ഞരുമൊക്കെ അവളെ സ്ഥിരമായി പല പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയയാക്കാൻ ശ്രമിച്ചതും. അവർക്കെല്ലാം അതിനുള്ള അനുമതി ലഭിച്ചതോടെ അവളുടെ ജീവിതം വീണ്ടും ദുര്ഘടമായിക്കൊണ്ടിരുന്നു. അതോടെ കാലിഫോർണിയ സ്റ്റേറ്റ് ഗവർമെന്റ് അവളുടെ സംരക്ഷണം ഏറ്റെടുക്കുകയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോഴും അവൾ ഒരു അജ്ഞാത കേന്ദ്രത്തിൽ ഗവർമെന്റ് സംരക്ഷണയിൽ കഴിയുന്നു. അവൾ ജീവിച്ചിരിപ്പുണ്ടോ, സംസാരിക്കാൻ പഠിച്ചോ എന്നൊക്കെ പല വാർത്താലേഖകരും വാർത്ത ഏജൻസികളും ഗവർമെന്റിനോട് രേഖാമൂലം ചോദിച്ചെങ്കിലും ഇതുവരെ യാതൊരു വിവരവും ഗവർമെന്റ് പുറത്തു വിട്ടിട്ടില്ല. ജീവിച്ചിരിപ്പുണ്ടെങ്കിൽ ജെനിക്ക് ഇപ്പോൾ 60 വയസ്സിന് മുകളിൽ പ്രായമുണ്ടാവും.

photo courtesy – wikipedia
Source – Wikipedia (Genie – The Feral Child)