കൊവിഡിന് മുന്‍പില്‍ മതങ്ങള്‍ പകച്ചു നില്‍ക്കുന്നു; ദൈവപുരകള്‍ പൂട്ടിയിട്ട് മത കച്ചവടക്കാർ ഓടിത്തള്ളി, ആചാരങ്ങളും പാരമ്പര്യങ്ങളും സൗകര്യം പോലെ ലംഘിക്കാം, ലംഘിച്ചാൽ ഒരു കോപ്പും ഇല്ല

234

Roy Mathew

കൊവിഡിന് മുന്‍പില്‍ മതങ്ങള്‍ പകച്ചു നില്‍ക്കുന്നു; ദൈവപുരകള്‍ പൂട്ടിയിട്ട് മത കച്ചവടക്കാർ ഓടിത്തള്ളി. ആചാരങ്ങളും പാരമ്പര്യങ്ങളും സൗകര്യം പോലെ ലംഘിക്കാം – ലംഘിച്ചാൽ ഒരു കോപ്പും വരില്ലെന്ന് നടത്തിപ്പുകാർ തന്നെ പറയുന്നു. സൗകര്യം പോലെ പ്രയോഗിക്കാം. വൈറസ് പടരുമെന്ന ഭീതിയില്‍ ദേവാലയങ്ങളിലേക്ക് വരേണ്ടെന്ന് പോലും നിര്‍ദേശം… വാട്ട് എ വണ്ടർ ഫുൾ മതങ്ങൾ ! ശാസ്ത്രത്തിന് മുന്‍പില്‍ മതങ്ങളും മനുഷ്യ ദൈവങ്ങളും ദേവാലയങ്ങളും വിറങ്ങലിച്ച്
നില്‍ക്കുകയാണ്. ലോകവ്യാപകമായി കൊവിഡ്-19 പടര്‍ന്ന് പിടിക്കുമ്പോള്‍ ഇതുവരെ പറഞ്ഞുപരത്തിയ വിശ്വാസങ്ങള്‍ക്കൊന്നും ഒരര്‍ത്ഥവുമില്ലെന്ന് തെളിയിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ആചാരാനുഷ്ടാനങ്ങളെക്കാള്‍ മനുഷ്യജീവനാണ് പ്രാധാന്യമെന്ന് മത മാഫിയകളും തിരിച്ചറിഞ്ഞു. മനുഷ്യൻ ജീവിച്ചിരുന്നാലല്ലേ വിശ്വാസ ഉഡായിപ്പുകൾ നടത്താനാവു എന്ന പരമ സത്യം ദൈവക്കച്ചവടക്കാർ തിരിച്ചറിഞ്ഞു. സ്തോത്രം!

മനുഷ്യരെ തമ്മില്‍ തല്ലിക്കുന്ന ആചാരപാരമ്പര്യങ്ങളെക്കാള്‍ ശാസ്ത്രത്തോട് സഹകരിച്ച് മനുഷ്യ സേവകരാകുക എന്ന പരമ സത്യം മനസ്സിലാക്കാനുള്ള ഒരു സാഹചര്യമാണ് കൊവിഡ് വൈറസ് വ്യാപനത്തിലൂടെ ലോകത്തിന് വന്നിരിക്കുന്നത്. അത്ഭുതധ്യാന ഗുരുക്കന്മാരും ചാത്തന്‍ സേവക്കാരും രോഗശാന്തി കച്ചവടക്കാരും പകച്ചു നില്‍ക്കുന്നിടത്താണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചും രോഗികളെ പരിചരിക്കുന്നത്. പള്ളി പിടിച്ചെടുക്കാൻ കോടാലി എടുക്കുന്നവരൊക്കെ കൊറോണ എന്ന് കേട്ടപ്പോഴെ കുപ്പായമൂരിക്കളഞ്ഞ് നാടുവിട്ടു.മതാചാരങ്ങള്‍ കാലാനുസൃതമായി മാറ്റണമെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കോവിഡ്-19-ന്റെ വ്യാപനം മൂലം തെളിയിക്കപ്പെട്ടത്.

ആചാരങ്ങള്‍ ഒന്നിനും അനിവാര്യമല്ലെന്ന് തെളിയിച്ച സംഭവങ്ങളാണ് ലോകം മുഴുവന്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദു, മുസ്ലീം,ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമാണ് മാറ്റം വന്നിരിക്കുന്നത്. പരമ്പരാഗതമായി നടന്നുവന്ന ഒട്ടുമിക്ക ചടങ്ങുകളും മാറ്റിവെക്കുകയോ, വേണ്ടെന്ന് വെക്കുകയോ ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ മതനേതാവും ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനുമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെ ജനങ്ങള്‍ പങ്കെടുക്കുന്ന കുര്‍ബാനയില്‍ നിന്ന് പോലും വിട്ട് നില്‍ക്കുകയാണ്. ഓണ്‍ലൈന്‍ വഴി കുര്‍ബാന കണ്ടാല്‍ മതിയെന്നാണ് വിശ്വാസികളോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനം. ഓൺലൈനും വീഡിയോയും ഉള്ളത് ഭാഗ്യം! കുര്‍ബാന കാണാത്തതിന്റെ പേരില്‍ വിശ്വാസികളെ ശിക്ഷിക്കുകയും അവര്‍ക്കെതിരെ മനുഷ്യത്വ രഹിതമായശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്ന കത്തോലിക്ക സഭയാണ് കൊവിഡ്-19 പകര്‍ച്ച വ്യാധി പകര്‍ന്നു പിടിച്ചപ്പോള്‍ സ്ഥാപനവത്കരിക്കപ്പെട്ട ആചാരങ്ങളില്‍ നിന്നും, അനുഷ്ടാനങ്ങളില്‍ നിന്നും പിന്മാറുന്നത്. ഇന്ത്യയിലെ എല്ലാ ക്രൈസ്തവ സഭകളും സമാനമായ നിര്‍ദേശങ്ങള്‍ വിശ്വാസികള്‍ക്കായി പുറപ്പെടുവിച്ചു കഴിഞ്ഞു. യേശുക്രിസ്തു ജനിച്ചുവെന്നവകാശപ്പെടുന്ന ബെത്‌ലഹേമിലെ തിരുപിറവി ദേവാലയം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായിട്ടാണ്. പാലസ്തീന്‍ ആരോഗ്യമന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രാര്‍ത്ഥിച്ച് അസുഖങ്ങള്‍ ഭേദപ്പെടുത്തുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാ മതവിശ്വാസികളുടെയും പ്രാര്‍ത്ഥനാലയങ്ങളും രോഗസൗഖ്യ കേന്ദ്രങ്ങളും താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ്.

ഇവയുടെ നടത്തിപ്പുകാര്‍ തന്നെ വൈറസ് ബാധയെ തുടര്‍ന്ന് ഒളിച്ചിരിക്കുകയോ നാടുവിടുകയോ ചെയ്തിരിക്കുകയാണ്. സ്വന്തം തടി രക്ഷിക്കാനുള്ള വെപ്രാളത്തേക്കാൾ വലുതല്ലല്ലോ അന്യൻ്റെ രക്ഷ. അതൊക്കെ വെറും പടം മാത്രം! 2020 മാര്‍ച്ച് 31 വരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഊട്ട്‌നേര്‍ച്ച, ധ്യാനങ്ങള്‍, വിശ്വാസപരിശീലന ക്ലാസുകള്‍, കണ്‍വെന്‍ഷനുകള്‍, തീര്‍ത്ഥാടനം ഇവയെല്ലാം ഒഴിവാക്കാന്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ ആവശ്യപ്പെട്ടു. കുര്‍ബാന മാത്രം പള്ളിയില്‍ നടത്തിയാല്‍ മതി. നാവില്‍ നല്‍കിയിരുന്ന കുര്‍ബാന അപ്പവും വീഞ്ഞും കൈയില്‍ നല്‍കിയാല്‍ മതി. സമാധാനം പരസ്പരം കൈമാറുന്നതിന്റെ ഭാഗമായുള്ള കൈയ്യസൂരി നല്‍കുന്നത് ഒഴിവാക്കി കൂപ്പ്‌കൈ ആശംസിച്ചാല്‍ മതിയെന്നാണ് ഒരു പ്രധാന നിര്‍ദേശം. ദേവാലയ വാതില്‍ക്കല്‍ ഹന്നാന്‍ വെള്ളം സൂക്ഷിക്കേണ്ടതില്ല. ദേവാലയത്തിലെ തിരുസ്വരൂപങ്ങള്‍ ഇവ തൊട്ടുമുത്തുകയോ, ചുംബിക്കുകയോ ചെയ്യരുത്. പകരം, കൈക്കൂപ്പി വണങ്ങിയാല്‍ മതി. കേരള സര്‍ക്കാരും ആരോഗ്യവകുപ്പും പറയുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നൊക്കെയാണ് സഭകളുടെ നിര്‍ദേശം. എൻ്റെ കർത്താവേ, ഇക്കാലമത്രയും ഈ കോപ്രായങ്ങൾ നടത്തിയിട്ട് വിശ്വാസികൾക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നല്ലേ ഇതിനർത്ഥം. ക്രിസ്തുവിനെ പത്രോസ് വെറും മൂന്ന് വട്ടമാണ് തളളിപ്പറഞ്ഞത്. ഇപ്പോഴത്തെ ദൈവ കച്ചവടക്കാര് മൂവായിരം വട്ടം തള്ളിപ്പറയും.ജനങ്ങളുടെ പോക്കറ്റടിക്കാൻ മാത്രം നടത്തുന്ന പിടിച്ചു പറി എന്നല്ലാതെ ക്രൈസ്തവ വിശ്വാസത്തിൽ ഇമ്മാതിരി ചടങ്ങുകൾക്കെന്ത് കാര്യം? ഇതൊക്കെ അപ്പച്ചൻ്റെ ഓരോ തമാശകൾ മാത്രം! കത്തോലിക്ക സഭ സംസ്ഥാനത്ത് നടത്തിവന്നിരുന്ന ധ്യാനകേന്ദ്രങ്ങള്‍ പൂര്‍ണമായി അടച്ചിരിക്കുകയാണ്. സമാന കച്ചവടങ്ങൾ നടത്തുന്ന മറ്റ് സഭകളുടേയും വട്ടായി, കൂട്ടായി , തങ്കു, പങ്കു ടീംസിൻ്റെ സ്വകാര്യ ഫ്രാഞ്ചൈസികളും അടഞ്ഞു കിടക്കുകയാണ്. തടി കേടായാൽ പിന്നെ ഇരുപ്പായി പോകുമെന്ന പേടി. ധ്യാനകേന്ദ്രങ്ങളിൽ നടത്തി വന്ന രോഗശാന്തിയും, കൗണ്‍സിലിംഗുമൊക്കെ പൂട്ടി കെട്ടി.ഇവയെല്ലാം താല്‍ക്കാലികമായി നിര്‍ത്തിയെന്നാണ് നടത്തിപ്പുകാരുടെ നിലപാട്. തീര്‍ത്ഥാടനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ ഓണ്‍ലൈനിലും, യൂട്യൂബിലും കണ്ടാല്‍ മതിയെന്നാണ് കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിന്റെ നിര്‍ദേശം.

സര്‍വ്വരോഗ സൗഖ്യവും മറ്റത്ഭുതങ്ങളും നടത്തുന്നുവെന്ന് അവകാശപ്പെട്ടിരുന്ന ആലപ്പുഴ കലവൂരിലെ കൃപാസനവും പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന അറിയിപ്പും വന്നുകഴിഞ്ഞു.  ഇക്കാലമത്രയും എന്തിന്റെ പേരിലാണ് ഇത്തരം ആചാരങ്ങള്‍ നടത്തിപോരുന്നതെന്നതിനെക്കുറിച്ച് കൃത്യമായ മറുപടിയോ, യുക്തിഭദ്രമായ കാര്യങ്ങളോ, മതനേതാക്കള്‍ക്ക് പറയാനില്ല. രോഗം പടരുന്ന അവസ്ഥയില്‍ ശാസ്ത്രത്തെ സമീപിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് പറയാതെ പറഞ്ഞ് വെക്കുകയാണ് മതനേതാക്കള്‍. മനുഷ്യൻ്റെ അജ്ഞതയേയും , നിസഹായതയേയും തുരന്ന് തിന്നുന്ന ഈ പരാന്ന ജീവികളുടെ തനി നിറം തിരിച്ചറിയാൻ പറ്റിയ നേരമാണിത്.

മാതാഅമൃതാനന്ദമയി അനുയായികള്‍ക്കും, വിശ്വാസികള്‍ക്കും നല്‍കി വന്നിരുന്ന ദര്‍ശനവും ആലിംഗനവും വേണ്ടെന്ന് വെച്ചിരിക്കുകയാണ്. മീന മാസ പൂജകള്‍ക്കായി ശബരിമലയിലേക്ക് ഭക്തരെത്തരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കി കഴിഞ്ഞു. അയ്യപ്പ ഭക്തര്‍ അവരുടെ യാത്ര മറ്റൊരു നടതുറപ്പ് സമയത്തേക്ക് മാറ്റിവെക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. അപ്പം അരവണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികള്‍, എഴുന്നെള്ളത്ത്, എന്നിവ ഒഴിവാക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടു.സ്ത്രീകൾ വന്നാൽ ആചാരങ്ങൾ കളങ്കപ്പെടുമെന്ന് വാദിച്ചവർ, ഇപ്പോൾ ഭക്തർ തന്നെ വരേണ്ടന്ന് പറയുന്നു.
ആർക്കും പരാതിയില്ല.-സമരമില്ല – നാമജപ ഘോഷയാത്രയുമില്ല – അടിപിടിയും അലമ്പുമില്ല. ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷൻ.

ഗുരുവായൂര്‍ അമ്പലത്തിലെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച പകര്‍ച്ച, പ്രസാദ ഊട്ട്, കലാപരിപാടികള്‍ എന്നിവ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഭക്തജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസ് പടരുന്നതിന്റെ പേരില്‍ ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും സൗദി അറേബ്യ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ വിലക്ക് ബാധകമാണ്. കൊറോണ വൈറസ് പടരുന്നത് തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുടെയും, ലോകാരോഗ്യ സംഘടനയുടെയും പിന്തുണ നല്‍കിയാണ് ഉംറ ആവശ്യങ്ങള്‍ക്കുള്ള പ്രവേശനവും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കുന്നതിനുമുള്ള താല്‍ക്കാലികമായ വിലക്കേര്‍പ്പെടുത്തിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി ലക്ഷകണക്കിന് ആള്‍ക്കാരാണ് ഉംറയ്ക്കും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നത്.അന്യൻ്റ കൂറ്റവും കുറവും ജാതകവശാൽ കണ്ടു പിടിക്കുന്ന ജോത്സ്യന്മാരും മഷിനോട്ടം ടീം സുമൊക്കെ കണ്ടം വഴി ഓടുകയാണ്. വെറുതെ ഇവരുടെ പിറകെ നടന്ന് ചെരുപ്പ് തേയ്ക്കുന്നതിൽ അർത്ഥ മില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയുക

Previous articleകൊറോണക്കാലത്തെ വാർത്താ സമ്മേളനം
Next articleഒരു ഈ ” സോപ്പ് ” കഥ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.