റോയ് റിവ്യൂ…..
Muhammed Sageer Pandarathil
ചാപ്റ്റേഴ്സ്, അരികിൽ ഒരാൾ, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത റോയ് നിർമ്മിച്ചിരിക്കുന്നത് വൈബ്സോൺ മൂവീസിന്റെ ബാനറിൽ സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവരാണ്.ദേജാ വൂ എന്ന അവസ്ഥയിലൂടെ ജീവിക്കുന്ന റോയ് എന്ന ഒരു മുൻ കോളേജ് ലൈബ്രെറിയന്റെ ജീവിതത്തിൽ സംഭവിക്കുന്ന കുറച്ചു കാര്യങ്ങളാണ് ഈ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറായ ചിത്രത്തിലൂടെ സംവിധായകൻ പങ്കുവെക്കുന്നത്.
ഒരു മിഥ്യാധാരണ അഥവാ എന്തോ ഒരു കാര്യം മുൻപ് എപ്പോഴോ സംഭവിച്ചിട്ടുണ്ടെന്ന തോന്നലാണ് പുനരനുഭവമിഥ്യ അഥവാ ദേജാ വൂ. ഇത്തരം കാര്യങ്ങൾ ഒട്ടുമിക്ക ആളുകളിലും അവരുടെ ജീവിതത്തിൽ ഒരു തവണയെങ്കിലും വന്നു പോയിട്ടുണ്ടായിരിക്കും. എന്നാൽ വളരെ കുറച്ചാളുകളിൽ ഇത്തരം അവസ്ഥ അധികമായിരിക്കും. അങ്ങിനെയുള്ള ആളുകൾ അവരുടെ ക്രമവിരുദ്ധമായ അനുഭവങ്ങൾ നമ്മോട് പങ്കുവെക്കുമ്പോൾ സാധാരണകാരായ നമ്മൾക്കയാൾ ഒരു ഭ്രാന്തൻ മാത്രമായിരിക്കും.
കുട്ടികളുണ്ടാകില്ല എന്നകാരണത്താൽ ഭാര്യ ഉപേക്ഷിച്ചു പോകുകയും തന്റെ ക്രമവിരുദ്ധമായ അവസ്ഥ കാരണം ജോലിയും നഷ്ടമായ ശേഷമാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രമായ റോയിയുടെ ജീവിതത്തിലേക്ക് സിജ റോസിന്റെ കഥാപാത്രമായ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ
ടീന കടന്നുവരുന്നത്. അയാളുടെ ഈ അവസ്ഥ ശരിക്കും മനസിലാക്കി തന്നെയായിരുന്നു ടീന അയാളുടെ ജീവിതത്തിലേക്ക് വരുന്നത്. അതിനാൽ തന്നെ അവരുടെ ജീവിതം വളരെ നല്ല രീതിയിൽ തന്നെയായിരുന്നു മുന്നോട്ട് പോകുന്നത്.
അങ്ങിനെ ഇരിക്കുമ്പോഴാണ് വി കെ ശ്രീരാമന്റെ കഥാപാത്രമായ എഴുത്തുകാരൻ രാജഗോപാലിനെ കാണാതാകുന്നത്. ഇയാളുടെ ജീവിതകഥ ടീന എഴുതി തുടങ്ങിയതോടെ ഉണ്ടായ ഈ തിരോധാനം ടീനയുടെ തുടരേഴുത്തിനെ ബാധിച്ചു. ഇതേസമയമാണ് റോയിയോട് ഒരു കുട്ടി ഇയാൾ എവിടെ ഉണ്ടെന്ന് വന്ന് പറയുന്നത്. അതയാൾ ഉടനെതന്നെ ടീനയെ വിളിച്ചു പറയുന്നുണ്ട്. എന്നാൽ ഇത് കാര്യമാക്കാതെ അയാളോട് മരുന്ന് കഴിച്ച് ഉറങ്ങാൻ അവൾ പറയുന്നു. ഇത് അക്ഷരംപ്രതി അനുസരിക്കുന്ന അയാളിൽ നിന്ന് ആ സ്വപ്നത്തെ കുറിച്ചുള്ള ഓർമകളും മറന്നുപോകുന്നു.
എന്നാൽ പിറ്റേന്ന് ടീനയോട് അവളുടെ സഹപ്രവർത്തകൻ ആനന്ദ് മന്മഥന്റെ കഥാപാത്രമായ ടോണി അയാളുടെ ഒരു സുഹൃത്ത് രാജഗോപാലിനെ റോയ് പറഞ്ഞ സ്ഥലത്തുള്ള ഒരു ബസ്സിൽ വെച്ച് കണ്ടുവെന്ന് പറയുന്നതോടെ അവൾ റോയിയെ വിളിച്ച് ആ സ്വപ്നത്തെ പറ്റി തിരക്കുന്നു. എന്നാൽ അപ്പോഴേക്കും അയാൾ അത് മറന്നുപോയിരുന്നു. എന്നാൽ കുറച്ചു സമയത്തിനുശേഷം ടീനക്ക് തന്നെ ആ സ്ഥലം ഓർത്തെടുക്കാൻ സാധിക്കുന്നു. തുടർന്ന് അവൾ റോയ് കണ്ട സ്വപ്നത്തിൻ്റെ വേരുകൾ തേടി യാത്രയാകുന്നു.പിന്നീട് നമ്മൾ കാണുന്നത് ടീനയെ കാണാനില്ലെന്ന പരാതിയുമായി പോലീസിൽ പരാതിപ്പെടുന്ന റോയിയെയാണ്. എന്നാൽ, ഇയാളുടെ പുനരനുഭവമിഥ്യ അവസ്ഥ കാരണം പോലീസ് ശരിയായി അന്വേഷിക്കാതെ വരുന്ന സാഹചര്യത്തിൽ അയാൾ സ്വന്തമായി അന്വേഷണം ആരംഭിക്കുന്നു. ഇതിനിടെ രാജഗോപാലിനെ കണ്ടെത്തുന്നു. എന്നാൽ തീരെ അവശനായ അയാളുടെ സംസാരശേഷിപോലും നഷ്ടമായ അവസ്ഥയിലായിരുന്നു.
ആ സമയത്താണ് ടീനയുടെ ഡയറിയിൽ നിന്ന് അവൾ പോയ സ്ഥലത്തിന്റെ സൂചന ലഭിക്കുന്നത്. അപ്പോൾ അയാൾ നേരെത്തെ കണ്ട സ്വപ്നവും ഓർമ വരുന്നു. തുടർന്ന് അയാൾ ആ വഴി തേടി യാത്രയാകുന്നു. യാഥാർത്ഥ്യവും, മിഥ്യയും, സ്വപ്നവും എല്ലാം ചേർന്നുള്ള അയാളുടെ ആ അന്വേഷണ യാത്രയെ പിന്തുടർന്ന് പോലീസും അയാൾക്ക് പിറകെ പോകുന്നത്തോടെ തുടർന്നുള്ള രംഗങ്ങൾ പ്രേക്ഷകരെ കൂടുതൽ ഉദ്വേകജനകമാക്കുന്നുണ്ട്.
സോണി ലിവിലൂടെ ഡിസംബർ 9 മുതൽ പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളായ ഷൈന് ടോം ചാക്കോ, ഡോ റോണി ഡേവിഡ്, ജിൻസ് ഭാസ്കർ, വിജീഷ് വിജയൻ, റിയ സൈറ, അഞ്ജു ജോസഫ്, ബോബൻ സാമുവൽ എന്നിവരുടെ അഭിനയങ്ങളും എടുത്ത് പറയേണ്ടതാണ്.
ഗോപി സുന്ദറിൻ്റെ പശ്ചാത്തല സംഗീതവും ജയേഷ് മോഹൻ്റെ ഛായാഗ്രഹണവും, അതുൽ പി എമിന്റെ സംഗീതവും വി സാജൻ്റെ ചിത്രസംയോജനവും ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നുണ്ട്.