Roy V T
ജെ.സി.ജോർജ്ജ്
കരിമ്പനയുടെ തിരക്കഥാകൃത്ത് എന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ പേര് ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത്. ജയൻ അഭിനയിച്ചതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് കരിമ്പന. ഐ.വി.ശശി – ജയൻ ടീം എന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു മുൻധാരണ അഗാധമായി മനസ്സിൽ പതിഞ്ഞു പോയതുകൊണ്ടാകാം ഐ.വി.ശശിയുടെയും ജയന്റെയും ആരാധകർ ഉൾപ്പെടെ പൊതുവേ മിക്കവരും കരിമ്പനയെ ഒരു കൊമേഴ്സ്യൽ ചിത്രമായി മാത്രമാണ് വിലയിരുത്തിയിട്ടുള്ളത്. പക്ഷെ, അതിനുമപ്പുറം ക്ലാസിക് സ്പർശമുള്ള ജീവിതഗന്ധിയായ ഒരു ചിത്രമായാണ് കരിമ്പന എന്റെ മനസ്സിൽ പതിഞ്ഞിട്ടുള്ളത്. തികച്ചും വ്യത്യസ്തമായ ഗ്രാമീണ പശ്ചാത്തലത്തിൽ അതീവ ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച പ്രതിഭാധനനാണ് ജെ.സി.ജോർജ്ജ്. കരിമ്പനയുടെ രചയിതാവ് ഇദ്ദേഹമാണെന്ന് പലരും ശ്രദ്ധിച്ചിട്ടില്ല എന്നു തോന്നുന്നു. ഐ.വി.ശശിയുടെ ചിത്രമായതുകൊണ്ട് ടി.ദാമോദരൻ എഴുതിയതായിരിക്കും എന്നൊരു തെറ്റിദ്ധാരണ പലർക്കും ഉണ്ടായിട്ടുണ്ട്. ടി.ദാമോദരൻ അന്തരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ വിശേഷങ്ങളുമായി ഇറങ്ങിയ ഒരു വെള്ളിനക്ഷത്രത്തിൽ ടി.ദാമോദരൻ രചിച്ച ചിത്രങ്ങളുടെ പട്ടികയിൽ ശരപഞ്ജരവും കരിമ്പനയും ഉൾപ്പെട്ടിരുന്നു. ആ തെറ്റ് ചൂണ്ടിക്കാണിച്ചുകൊണ്ട് അവ രണ്ടും ടി.ദാമോദരൻ എഴുതിയതല്ല എന്നും ശരപഞ്ജരം മലയാറ്റൂർ എഴുതിയ കഥയ്ക്ക് സംവിധായകൻ ഹരിഹരൻ തിരക്കഥയും കെ.ടി.മുഹമ്മദ് സംഭാഷണവും എഴുതിയതാണെന്നും, കരിമ്പനയുടെ രചയിതാവ് ജെ.സി.ജോർജ്ജ് ആണെന്നും ഞാൻ എഴുതിയ കത്ത് തൊട്ടടുത്ത ലക്കം വെള്ളിനക്ഷത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

70 – കളിൽ ഐ.വി.ശശിയുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന ജെ.സി.ജോർജ്ജ് 1977 – ൽ സുവർണരേഖയുടെ ബാനറിൽ മധു അമ്പാട്ട് നിർമ്മിച്ച്, ഗോവിന്ദൻ സംവിധാനം ചെയ്ത സരിത എന്ന ചിത്രത്തിനു വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിക്കൊണ്ടാണ് രചനാരംഗത്തേക്ക് പ്രവേശിക്കുന്നത്.
മധുവും, മോഹനും, വിധുബാലയും ആയിരുന്നു ആ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. തൊട്ടടുത്ത വർഷം വിൻസന്റ്, സുമിത്ര തുടങ്ങിയവരെ അണിനിരത്തി രൂപരേഖയുടെ ബാനറിൽ ജോർജ്ജ് വർഗ്ഗീസ് നിർമ്മിച്ച്, ചാൾസ് അയ്യമ്പിള്ളി സംവിധാനം ചെയ്ത ചക്രവർത്തിനി എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചതോടെ ജെ.സി.ജോർജ്ജിന് തിരക്കഥാകൃത്ത് എന്ന നിലയിൽ ചുവടുറപ്പിക്കാൻ സാധിച്ചു. തുടർന്ന് ഹസീനാ ഫിലിംസിന്റെ ബാനറിൽ ബനഡിക്ട് നിർമ്മിച്ച്, ബാൽത്തസാർ സംവിധാനം ചെയ്ത ഹേമന്തരാത്രി എന്ന ചിത്രത്തിനു വേണ്ടിയാണ് ജെ.സി.ജോർജ്ജ് തൂലിക ചലിപ്പിച്ചത്. സോമൻ, ജയൻ, ജയഭാരതി തുടങ്ങിയവരായിരുന്നു ഹേമന്തരാത്രിയിലെ പ്രധാന അഭിനേതാക്കൾ. 1980 – ലാണ് ജെ.സി.ജോർജ്ജിന്റെ രചനയിൽ രൂപംകൊണ്ട ഏറ്റവുംവലിയ ഹിറ്റായ കരിമ്പന പുറത്തു വന്നത്. പന കയറുന്ന കള്ള്ചെത്ത് തൊഴിലാളികളുടെ പച്ചയായ ജീവിതം ഹൃദയഹാരിയായി വരച്ചിട്ട എഴുത്തുകാരന് അതിലെ നായകനായ ജയൻ നല്കിയ സമ്മാനമായിരുന്നു താൻ നായകനാകുന്ന ചിത്രത്തിലൂടെ ജെ.സി.ജോർജ്ജിന് സ്വതന്ത്ര സംവിധായകനാകാനുള്ള അവസരം.
സൂപ്പർ താരമായ ജയന്റെ ഡേറ്റ് കിട്ടിയെങ്കിലും അന്നത്തെ ട്രെൻഡിനനുസരിച്ചുള്ള സ്ഥിരം ടൈപ്പ് പ്രതികാരകഥ ഒരുക്കാൻ തയ്യാറാകാതെ ഗ്രാമീണ പശ്ചാത്തലത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് ജയനു വേണ്ടി ജെ.സി.ജോർജ്ജ് സൃഷ്ടിച്ചത്. അതായിരുന്നു ‘കൊടുങ്കാറ്റിനു ശേഷം’. താത്തിരിയാട്ട് ഫിലിംസിന്റെ ബാനറിൽ പ്രഭാകരൻ താത്തിരിയാട്ട് നിർമ്മിച്ച് ജയൻ, സീമ, ബാലൻ.കെ.നായർ, അസീസ്, ജോണി, ശ്രീനിവാസൻ, ജലജ തുടങ്ങിയവർ വേഷമിട്ട കോമരത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് 1980 നവംബർ 16 – ന് മലയാള ചലച്ചിത്ര ലോകത്തെയും, പ്രേക്ഷക സമൂഹത്തെയും ഞെട്ടിച്ചുകൊണ്ട് ആ ദുരന്തവാർത്ത കേട്ടത്. ജയനെന്ന നായകൻ ഇല്ലാതായതോടെ പാതിവഴിയിൽ മുടങ്ങിയത് കൊടുങ്കാറ്റിനു ശേഷം എന്ന ചിത്രം മാത്രമായിരുന്നില്ല, ജെ.സി.ജോർജ്ജ് എന്ന സംവിധായകന്റെ മുന്നോട്ടുള്ള പ്രയാണം കൂടിയായിരുന്നു അവിടെ നിലച്ചത്.
ജയന്റെ സിനിമ എന്ന നിലയിൽ വിതരണക്കാരിൽ നിന്നും, തിയേറ്റർകാരിൽ നിന്നും വാങ്ങിയ വൻ തുക സിനിമയിൽ മുടക്കിയ നിർമ്മാതാവ് ആ ബാധ്യതകൾ വീട്ടാനായി പുതിയൊരു ചിത്രം പെട്ടെന്ന് തട്ടിക്കൂട്ടാൻ നിർബ്ബന്ധിതനായി. അതിന്റെ രചനയും സംവിധാനവും ജെ.സി.ജോർജ്ജിന് ഏറ്റെടുക്കേണ്ടതായി വന്നു. കാര്യമായ തയ്യാറെടുപ്പുകളില്ലാതെ അങ്ങനെ ധൃതി പിടിച്ചു ചെയ്ത ചിത്രമാണ് ‘കോമരം’. നെടുമുടി വേണു, മമ്മൂട്ടി, മാള, കലാരഞ്ജിനി, ബീന, ലളിതശ്രീ തുടങ്ങിയവർ അഭിനയിച്ച ആ ചിത്രത്തിൽ കൊടുങ്കാറ്റിനു ശേഷം എന്ന ചിത്രത്തിനുവേണ്ടി ജയനെ വച്ച് ചിത്രീകരിച്ച ഒരു സംഘട്ടനരംഗവും, ജയൻ, സീമ ജോഡിയായി അഭിനയിച്ച ശീതള ശരത് കാല സന്ധ്യയിൽ എന്ന ഗാനരംഗവും കൂട്ടിച്ചേർത്ത് 1982 – ൽ ജയൻ ചിത്രം എന്ന നിലയിൽ റിലീസ് ചെയ്യുകയായിരുന്നു. ജയനെ വീണ്ടും വെള്ളിത്തിരയിൽ കാണാനുള്ള കൗതുകം കൊണ്ട് കുറച്ചു പേർ കാണാൻ കയറി എന്നതൊഴിച്ചാൽ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാൻ ആ ചിത്രത്തിനു കഴിഞ്ഞില്ല.
ഒരു ഇടവേളക്കു ശേഷം വാണിജ്യ വിജയം ലക്ഷ്യമാക്കാതെ തികച്ചും തന്റെ ആത്മസംതൃപ്തി മാത്രം ലക്ഷ്യം വച്ച് രണ്ടു ചിത്രങ്ങൾ കൂടി ജെ.സി.ജോർജ്ജ് സംവിധാനം ചെയ്തു. അന്യ ഭാഷകളിൽ നിർമ്മിക്കപ്പെട്ട ആ രണ്ടു ചിത്രങ്ങൾക്കും കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ചലച്ചിത്ര നിർമ്മാണം അപൂർവ്വമായ കൊങ്കിണി ഭാഷയിലായിരുന്നു അതിലൊന്ന്. ‘ഏകാ നഗരാന്ത’ എന്ന ആ ചിത്രം നിർമ്മിച്ചത് തമിഴ്നാട്ടിലെ മന്ത്രിയായിരുന്ന സി.അരങ്ക നായകം ആയിരുന്നു. കൊങ്കിണി ബെൽറ്റുകളിൽ മാത്രമായി തിയേറ്ററുകളിൽ പ്രദർശനം നടത്തിയ ഏകാ നഗരാന്ത പലതവണ ദൂരദർശൻ ദേശീയ ചാനലിൽ പ്രദർശിപ്പിച്ചിട്ടുള്ളതാണ്. യേശുദാസ് പാടിയ കൊങ്കിണിപാട്ടുകൾ ആയിരുന്നു ആ ചിത്രത്തിന്റെ സവിശേഷത. അതിലെ പാട്ടുകൾ ഇഷ്ടപ്പെട്ട യേശുദാസ് അവയുടെ അവകാശം വാങ്ങി തന്റെ തരംഗിണിയിലൂടെ വിപണിയിൽ ഇറക്കിയിരുന്നു. ‘പടം’ എന്ന പേരിലൊരു തമിഴ് പടം ആയിരുന്നു ജെ.സി.ജോർജ്ജിന്റെ മറ്റൊരു അന്യഭാഷാ ചിത്രം. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കു പുറമേ ആ ചിത്രം നിർമ്മിച്ചതും ജെ.സി.ജോർജ്ജ് ആയിരുന്നു. കച്ചവട ചേരുവകൾ ഒഴിവാക്കിയുള്ളതും, താര രഹിതവുമായ പടം തിയേറ്ററിൽ റിലീസ് ചെയ്തിട്ടില്ല. അധികം വൈകാതെ ആ ചിത്രം YouTube – ലൂടെ പുറത്തുവരും എന്നാണ് അറിയാൻ കഴിഞ്ഞത്.